യുദ്ധമെന്ന്‌ ചൈനീസ്‌ പത്രം

യുദ്ധമെന്ന്‌ ചൈനീസ്‌ പത്രം
July 04 03:00 2017

ബീജിങ്‌: സിക്കിമിലെ അതിർത്തിതർക്കത്തിൽ തങ്ങളുടെ പരമാധികാരം സംരക്ഷിക്കാൻ യുദ്ധത്തിനും മടിക്കില്ലെന്ന്‌ ചൈനീസ്‌ ഔദ്യോഗിക പത്രം.
“ഇന്ത്യ – ചൈന തർക്കം ശരിയായവിധം കൈകാര്യം ചെയ്തില്ലെങ്കിൽ യുദ്ധം ഉണ്ടായേക്കും.” സർക്കാർ ഉടമയിലുള്ള ഗ്ലോബൽ ടൈംസ്‌ വിദഗ്ധരെ ഉദ്ധരിച്ചുകൊണ്ട്‌ പറഞ്ഞു. ചൈന അതിന്റെ പ്രദേശങ്ങളിലെ അവകാശം യുദ്ധത്തിലൂടെയാണെങ്കിലും നിലനിർത്തണമെന്ന്‌ ഗ്ലോബൽ ടൈംസിന്റെ ലേഖനത്തിലും മുഖപ്രസംഗത്തിലും പറഞ്ഞു.
ജമ്മു കശ്മീർ മുതൽ അരുണാചൽപ്രദേശ്‌ വരെ നീളുന്ന ഇന്ത്യ – ചൈനയുടെ 3488 കിലോമീറ്റർ അതിർത്തിയിൽ 220 കിലോമീറ്റർ സിക്കിമിലാണ്‌.
സിക്കിമിലെ ഡോക്കാ ലായിൽ റോഡ്‌ നിർമ്മിക്കുന്നതിനെ ചൈന എതിർക്കുന്നതു മുൻ ഇന്ത്യാ ഗവൺമെന്റുകളുടെ കാലത്തുണ്ടാക്കിയ നിലപാടിൽ നിന്നുള്ള പിന്നോക്കം പോക്കാണെന്നും ഇന്ത്യ ഈ മേഖല വിട്ടുപോകണമെന്നും ചൈന ആവശ്യപ്പെട്ടതോടെ അതിർത്തിയിലെ വാക്ത്തർക്കം ശക്തമായി.
ഇന്തോ – ചൈന അതിർത്തിയിലെ സിക്കിം പ്രദേശം കൃത്യമായി വേർതിരിക്കപ്പെട്ടതാണെന്നും ചൈനീസ്‌ വിദേശമന്ത്രാലയ വക്താവ്‌ ഗെങ്ങ്‌ ഷുയാങ്ങ്‌ പറഞ്ഞു.
ചൈനയുടെ മേഖലയിൽ കടന്നു ചൈനീസ്‌ സേനയുടെ സാധാരണ പ്രവർത്തികളെ തടസപ്പെടുത്തുന്നത്‌ അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനവും സമാധാന ഭഞ്ജനവുമാണെന്നു ഷുയാങ്ങ്‌ പത്രസമ്മേളനത്തിൽ പറഞ്ഞു.
ഭൂട്ടാൻ, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളുടെ അതിർത്തി സംഗമിക്കുന്ന ഇവിടെ ജൂൺ 6 മുതലാണ്‌ ഇന്ത്യയും ചൈനയും തർക്കം തുടങ്ങിയത്‌.
വാക്പോര്‌ മൂർഛിക്കുന്നതിന്റെ സൂചനയായി പ്രതിരോധമന്ത്രി അരുൺ ജെയ്റ്റ്ലിയുടെ പ്രസ്താവനയ്ക്കു മറുപടിയായി ചൈനയും വ്യത്യസ്തമാണെന്നു ഗെങ്ങ്‌ ഷുയാങ്ങ്‌ പറഞ്ഞു. 1962-ൽ അരുണാചൽ പ്രദേശിനെച്ചൊല്ലിയുള്ള അവകാശതർക്കത്തിൽ ഇന്ത്യയും ചൈനയും ഏറ്റുമുട്ടിയതിനെ പരാമർശിച്ചു ഇന്ത്യ അന്നത്തേതിനെക്കാൾ വളരെ വ്യത്യസ്തമാണെന്നു ജയ്റ്റ്ലി ചൈനയെ ഓർമ്മിപ്പിച്ചിരുന്നു. “2017-ലെ ഇന്ത്യ വ്യത്യസ്തമാണെന്ന്‌ അദ്ദേഹം പറഞ്ഞതു ശരിയാണ്‌. ചൈനയും വ്യത്യസ്തമാണ്‌”-ഷുയാങ്ങ്‌ പറഞ്ഞു. തങ്ങളുടെ പ്രദേശത്തിന്റെ അവകാശത്തിനായി “വേണ്ട നടപടികൾ” സ്വീകരിക്കുമെന്ന്‌ ഷുയാങ്ങ്‌ അവകാശപ്പെട്ടു.
സിക്കിം ഭാഗത്തെ അതിർത്തി 1890-ൽ ഗ്രേറ്റ്‌ ബ്രിട്ടനും ചൈനയും തമ്മിൽ നടന്ന കൺവൻഷനിൽ നിർണയിച്ചതാണെന്നും 1959-ൽ ജവഹർലാൽ നെഹ്‌റു ചൈനീസ്‌ പ്രധാനമന്ത്രി ചൗ എൻ ലായ്ക്കുള്ള ഒരു കത്തിൽ ഇത്‌ അംഗീകരിച്ചിട്ടുണ്ടെന്നും തുടർ സർക്കാരുകളും ഈ നിലപാട്‌ തുടരുകയാണെന്നും ഷുയാങ്ങ്‌ പറഞ്ഞു. ഇന്ത്യാ – ചൈന നയതന്ത്രബന്ധം തുറവുള്ളതും സുഗമവുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈയാഴ്ച ജർമ്മനിയിലെ ഹാംബർഗിൽ ജി 20 ഉച്ചകോടിയിൽ കണ്ടുമുട്ടുമ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോഡിയും ചൈനീസ്‌ പ്രസിഡന്റ്‌ ഷി ജിൻപിങ്ങും ഇതു ചർച്ചചെയ്യാനിടയുണ്ടോ എന്ന ചോദ്യത്തിനു “ഇപ്പോൾ അതേക്കുറിച്ച്‌ അറിയില്ല”-എന്നായിരുന്നു മറുപടി. ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്‌ അജിത്‌ ഡോവൽ ജൂലൈ 26-ന്‌ ബീജിങ്ങിൽ ബ്രിക്സ്‌ രാജ്യങ്ങളുടെ – ബ്രസീൽ, ഇന്ത്യ, ചൈന, റഷ്യ, സൗത്ത്‌ ആഫ്രിക്ക – എൻഎസ്‌എകളുടെ യോഗത്തിൽ പങ്കെടുക്കുമ്പോൾ ഇക്കാര്യം ചൈനയുടെ സുരക്ഷാ ഉപദേഷ്ടാവ്‌ യാങ്ങ്‌ ജിയെച്ചിയുമായി ചർച്ച ചെയ്യുമെന്നാണ്‌ കരുതപ്പെടുന്നത്‌.
ഇതിനിടെ, സിക്കിമിലെ ഇന്ത്യൻ ബങ്കറുകൾ ചൈന തകർത്തപ്പോൾ ബുൾഡോസറുകൾ ഉപയോഗിച്ചിട്ടില്ലെന്നു കരസേന വ്യക്തമാക്കി. മാത്രവുമല്ല, ഇതു 1962-ന്‌ ശേഷമുള്ള ഏറ്റവും സുദീർഘമായ അതിർത്തി സംഘർഷവുമല്ല. ബുൾഡോസർ ഉപയോഗിച്ചിട്ടില്ല, ഇരുസൈന്യവും തമ്മിൽ ശാരീരികമായ ഏറ്റുമുട്ടലും ഉണ്ടായിട്ടില്ല, കരസേനാ വക്താവ്‌ പറഞ്ഞു. ബുൾഡോസർ ഉപയോഗിച്ചുവെന്ന്‌ ഒരു സീനിയർ സർക്കാർ ഉദ്യോഗസ്ഥൻ നേരത്തെ പറഞ്ഞിരുന്നു.

  Categories:
view more articles

About Article Author