യുദ്ധാന്തരീക്ഷം തുടരുന്നു; ഉത്തരകൊറിയൻ മിസെയിൽ പരീക്ഷണം പരാജയം

യുദ്ധാന്തരീക്ഷം തുടരുന്നു; ഉത്തരകൊറിയൻ മിസെയിൽ പരീക്ഷണം പരാജയം
April 17 04:45 2017

സോൾ: ഉത്തര കൊറിയ ഇന്നലെ പുലർച്ചെ നടത്തിയ മിസെയിൽ പരീക്ഷണം പരാജയപ്പെട്ടു. വിക്ഷേപിച്ചയുടനെ മിസെയിൽ പൊട്ടിത്തെറിച്ചെന്ന്‌ യുഎസ്‌ പസിഫിക്‌ കമാൻഡും ദക്ഷിണകൊറിയയും അറിയിച്ചു.
അമേരിക്കയുമായി യുദ്ധാന്തരീക്ഷം നിലനിൽക്കുന്ന സാഹചര്യത്തിൽ രാജ്യത്തിന്റെ കിഴക്കൻ തീരത്തെ സിൻപോയിലായിരുന്നു പരീക്ഷണം. മുഖ്യ സഖ്യകക്ഷിയായ ചൈനയുടെ ഉപദേശം പോലും തള്ളിയായിരുന്നു നടപടി. ഉത്തര കൊറിയ വീണ്ടും മിസെയിൽ പരീക്ഷണം നടത്തിയെന്ന്‌ ദക്ഷിണ കൊറിയൻ സൈനിക വൃത്തങ്ങളാണ്‌ ആദ്യം അറിയിച്ചത്‌. പിന്നീട്‌ അമേരിക്കൻ സൈന്യം ഇതു ശരിവയ്ക്കുകയും ചെയ്തു. പക്ഷേ ഏതുതരം മിസെയിലാണു പരീക്ഷിച്ചതെന്നു വ്യക്തമല്ല. അതേസമയം, അത്‌ ഭൂഖണ്ഡാന്തര മിസെയിലല്ലെന്നാണു യുഎസിന്റെയും ദക്ഷിണ കൊറിയയുടെയും വിലയിരുത്തൽ.
ഉത്തര കൊറിയ വീണ്ടും പ്രകോപനമുണ്ടാക്കുന്നതിനെ ആശങ്കയോടെയാണ്‌ ലോകം കാണുന്നത്‌. ആണവപരീക്ഷണങ്ങളെ എതിർക്കുന്നവർക്കുള്ള മൂന്നാര്റിയിപ്പെന്ന നിലയിൽ തലസ്ഥാനമായ പ്യോങ്ങ്യാങ്ങിൽ ഉത്തര കൊറിയ സൈനിക പരേഡ്‌ നടത്തിയിരുന്നു. ഭൂഖണ്ഡാന്തര മിസെയിലുകൾ ഉൾപ്പെടെ വൻ ആയുധശേഖരം പ്രദർശിപ്പിച്ചായിരുന്നു പരേഡ്‌. ഈ പ്രകോപനത്തെത്തുടർന്ന്‌, ഓസ്ട്രേലിയൻ തീരത്തേക്കു പോവുകയായിരുന്ന യുഎസ്‌ വിമാനവാഹിനിക്കപ്പൽ വ്യൂഹം യുഎസ്‌എസ്‌ കാൾ വിൻസൻ ഉത്തര കൊറിയൻ മേഖലയിലേക്കു തിരിച്ചു നീങ്ങിത്തുടങ്ങിയിട്ടുണ്ട്‌.

  Categories:
view more articles

About Article Author