യുപിയിലെ കടാശ്വാസം എന്ന കൺകെട്ടുവിദ്യ

യുപിയിലെ കടാശ്വാസം എന്ന കൺകെട്ടുവിദ്യ
April 17 04:55 2017

അബ്ദുൾ ഗഫൂർ
അധികാരമേറ്റ്‌ ആദ്യ മന്ത്രിസഭാ യോഗത്തിൽ സംസ്ഥാനത്തെ കാർഷിക കടങ്ങൾ എഴുതി തള്ളുമെന്നായിരുന്നു ഉത്തർ പ്രദേശ്‌ തെരഞ്ഞെടുപ്പിൽ ബിജെപി നൽകിയ പ്രധാന വാഗ്ദാനങ്ങളിൽ ഒന്ന്‌. ആദ്യ മന്ത്രിസഭാ യോഗത്തിലും തുടർന്നുള്ള തീരുമാനങ്ങളിലും അത്‌ സ്ഥാനം പിടിച്ചില്ലെങ്കിലും 15 ദിവസത്തിനുശേഷം ചേർന്ന യോഗത്തിൽ കാർഷിക വായ്പ എഴുതിത്തള്ളാൻ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള യുപി മന്ത്രിസഭ തീരുമാനിച്ചു. ഇപ്പോൾ അതിന്റെ പെരുമ ഉയർത്തിപ്പിടിച്ചാണ്‌ ബിജെപി എല്ലായിടത്തും പ്രചാരണം നടത്തുന്നത്‌.
ഈ പ്രഖ്യാപനത്തിന്റെ ആത്മാർഥതയും സത്യസന്ധതയും പരിശോധിക്കുന്നതിന്‌ മുമ്പ്‌ കഴിഞ്ഞ മാസം സുപ്രിം കോടതിയിൽ നിന്ന്‌ കാർഷികകടങ്ങളും കർഷക ആത്മഹത്യകളും സംബന്ധിച്ചുണ്ടായ ചില നിരീക്ഷണങ്ങളും നിർദ്ദേശങ്ങളും ഓർത്തെടുക്കേണ്ടതുണ്ട്‌.
ആയിരക്കണക്കിന്‌ കർഷകർ ആത്മഹത്യ ചെയ്യുമ്പോഴും ഗൗരവത്തോടെ പ്രശ്നത്തെ കാണാൻ തയ്യാറാകാത്ത കേന്ദ്ര സർക്കാർ നടപടിയെ മാർച്ച്‌ ആദ്യവാരത്തിലാണ്‌ സുപ്രിം കോടതി രൂക്ഷമായ ഭാഷയിൽ കുറ്റപ്പെടുത്തിയത്‌. ഇപ്പോൾ യുപിയിൽ കാർഷിക വായ്പകൾ എഴുതിത്തള്ളിയതിന്റെ പേരിൽ മേനി നടിക്കുന്ന ബിജെപിയെ സംബന്ധിച്ച്‌ രാജ്യം ഭരിക്കുന്ന കക്ഷിയെന്ന നിലയിൽ ഒരു കുറ്റപത്രമായിരുന്നു സുപ്രിംകോടതിയുടെ കുറ്റപ്പെടുത്തൽ. ഗുജറാത്തിൽ വർധിച്ചുവരുന്ന കർഷക ആത്മഹത്യകളുടെ പശ്ചാത്തലത്തിൽ സിആർഎഐ എന്ന സംഘടന നൽകിയ പൊതുതാൽപര്യ ഹർജി പരിഗണിക്കുകയായിരുന്നു സുപ്രിം കോടതി.
കർഷക പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്‌ മൂന്നാഴ്ചയ്ക്കുള്ളിൽ സമഗ്രമായ കർമ്മ പദ്ധതി ആവിഷ്കരിക്കണമെന്ന്‌ പരമോന്നത കോടതി അന്ന്‌ നിർദ്ദേശിച്ചിരുന്നതാണ്‌ എന്നാൽ കൂടുതൽ സമയമാവശ്യപ്പെടുകയാണ്‌ കേന്ദ്രം ചെയ്തത്‌. എന്നുമാത്രമല്ല വീണ്ടും ഈ കേസ്‌ മാർച്ച്‌ 27 ന്‌ പരിഗണിച്ചപ്പോഴും എന്തെങ്കിലും പദ്ധതി നിർദ്ദേശിക്കുകയായിരുന്നില്ല കേന്ദ്രം ചെയ്തത്‌.
കർഷക ആത്മഹത്യാ പ്രശ്നത്തിനാണ്‌ അതീവ പ്രാധാന്യം നൽകേണ്ടതെന്നും ആത്മഹത്യക്കുശേഷം കുടുംബത്തിന്‌ നഷ്ടപരിഹാരം നൽകുകയെന്നത്‌ യഥാർഥ പരിഹാരമല്ലെന്നും ചീഫ്‌ ജസ്റ്റിസ്‌ ജെ എസ്‌ ഖേഹാർ, ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്‌, സഞ്ജയ്‌ കെ കൗൾ എന്നിവരടങ്ങിയ ബെഞ്ച്‌ അഭിപ്രായപ്പെട്ടിരുന്നു.
ബാങ്കുകളിൽ നിന്ന്‌ വായ്പയെടുക്കുന്ന കർഷകരാണ്‌ തിരിച്ചടക്കാൻ ഗതിയില്ലാതാകുമ്പോൾ ആത്മഹത്യ ചെയ്യുന്നത്‌. എത്രയോ ദശകങ്ങളായി കർഷക ആത്മഹത്യകൾ രാജ്യത്ത്‌ നടക്കുന്നുണ്ടെങ്കിലും അതിന്‌ പരിഹാരം കാണുന്നതിന്‌ സമഗ്രപദ്ധതി ആവിഷ്കരിക്കാത്തത്‌ അൽഭുതപ്പെടുത്തുന്നുവെന്നും കോടതി അഭിപ്രായപ്പെടുകയുണ്ടായി. മാർച്ച്‌ 27 ന്‌ ഹർജി വീണ്ടും പരിഗണിച്ച സുപ്രിംകോടതി നാലാഴ്ചയ്ക്കുള്ളിൽ വിശദീകരണം നൽകാൻ ആവശ്യപ്പെട്ടിരിക്കുകയാണ്‌.
ഇപ്പോൾ കാർഷിക വായ്പ എഴുതിത്തള്ളുന്നുവെന്നതിന്റെ പേരിൽ രാജ്യമാകെ വീമ്പിളക്കി നടക്കുന്ന ബിജെപി കേന്ദ്രത്തിലെ ഭരണമുപയോഗിച്ച്‌ ഈ പദ്ധതി രാജ്യവ്യാപകമായി നടപ്പിലാക്കുമെന്ന്‌ പറയാനുള്ള ആർജവം കാട്ടുമോ. അടുത്ത തവണ ഈ ഹർജി പരിഗണിക്കുമ്പോൾ അങ്ങനെയൊരു പ്രഖ്യാപനം കോടതിയെ അറിയിക്കാൻ മോഡി സർക്കാരിന്‌ സാധിക്കുമോ.
ഇനിയിപ്പോൾ യുപിയിലെ കടമെഴുതിത്തള്ളൽ വിഷയത്തിലേയ്ക്ക്‌ വരിക. അതിന്‌ ഒരു കൺകെട്ടു വിദ്യയുടെ സമാനതയുണ്ട്‌. സംസ്ഥാനത്തെ ചെറുകിട കർഷകരുടെ ഒരു ലക്ഷം രൂപ വരെയുള്ള വായ്പകളാണ്‌ എഴുതി തള്ളുകയെന്നാണ്‌ പ്രഖ്യാപിച്ചിരിക്കുന്നത്‌. 2016 മാർച്ചിന്‌ മുമ്പെടുത്ത വായ്പകൾ മാത്രമേ പദ്ധതിയിൽ ഉൾപ്പെടുത്തുകയുള്ളൂ. എന്നുമാത്രമല്ല കേവലം മന്ത്രിസഭാ തീരുമാനംകൊണ്ട്‌ നടപ്പിലാക്കാവുന്ന തീരുമാനമല്ല കാർഷിക വായ്പ എഴുതിത്തള്ളുകയെന്നുള്ളത്‌.
തീരുമാനം നടപ്പിലാക്കുന്നതു സംബന്ധിച്ച്‌ നിരവധി സംശയങ്ങൾ ഇതിനകം തന്നെ ഉയർന്നിട്ടുണ്ട്‌. ഒരു ലക്ഷം രൂപ വരെയുള്ള കാർഷിക വായ്പകളെ പരിധിയിൽ ഉൾപ്പെടുത്തിയത്‌ ചെറുകിട – നാമമാത്ര കർഷകർക്ക്‌ ഗുണം ലഭിക്കാനാണ്‌ എന്നാണ്‌ സർക്കാർ വാദം. എന്നാൽ ഒരു ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക്‌ കർഷകർ പ്രധാനമായും ആശ്രയിക്കുന്നത്‌ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളെയോ വ്യക്തിഗത ഇടപാടുകാരെയോ ആണ്‌. പൊതു ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന്‌ വായ്പയെടുക്കണമെങ്കിൽ തിരിച്ചടയ്ക്കുമെന്നുറപ്പു നൽകിയിരിക്കണം. പ്രകൃതിക്ഷോഭം, സംഭരണ സംവിധാനത്തിന്റെ അപര്യാപ്തത എന്നിവ കാരണം പൊതു ധനകാര്യ സ്ഥാപനങ്ങൾ പൊതുവേ ചെറുകിട – നാമ മാത്ര കർഷകർക്ക്‌ വായ്പ നൽകുന്നതിൽ വിമുഖരാണ്‌. ലഭിക്കണമെങ്കിൽ തന്നെ മതിയായ രേഖകളും സമർപ്പിക്കണം. നടപടി ക്രമങ്ങളുടെ നൂലാമാലകൾ വേറെയും. അതുകൊണ്ടുതന്നെ സാധാരണ കർഷകർക്കൊന്നും സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യം ലഭിക്കില്ല. കാരണം മതിയായ രേഖകൾ സമർപ്പിക്കാനാവില്ലെന്നതു തന്നെ. ഇതൊക്കെ കൊണ്ടുതന്നെ സർക്കാരിന്റെ കണക്കുകളിൽ രണ്ടുകോടി 15 ലക്ഷം കർഷകർക്ക്‌ ഇതിന്റെ ആനുകൂല്യം ലഭിക്കുമെന്ന്‌ പറയാമെന്നല്ലാതെ ഫലത്തിൽ ചെറിയൊരു ശതമാനത്തിന്‌ മാത്രമേ ഗുണം ചെയ്യൂ.
എന്നുമാത്രമല്ല ഇതിനായുള്ള തുക കണ്ടെത്തുന്നതിന്‌ കിസാൻ റിലീഫ്‌ ബോണ്ടുകൾ ഇറക്കുമെന്നാണ്‌ പറഞ്ഞിരിക്കുന്നത്‌. അതും ഈ പദ്ധതിയുടെ ഭാവിയെ കുറിച്ച്‌ സംശയങ്ങൾ ഉണ്ടാക്കുന്നതാണ്‌. യഥാർഥത്തിൽ കർഷകരുടെ വായ്പ എഴുതി തള്ളണമെങ്കിൽ 60,000 ത്തിലധികം കോടി രൂപ ആവശ്യമാണ്‌. അതിന്‌ പകരം ഇത്തരത്തിലുള്ള ബോണ്ടുകളിലൂടെ തുക സമാഹരിക്കുമെന്നാണ്‌ പറഞ്ഞിരിക്കുന്നത്‌ ഏഴുലക്ഷം കർഷകരുടെ വായ്പ എഴുതി തള്ളുന്നതിന്‌ 5630 കോടി രൂപയാണ്‌ നീക്കിവച്ചിട്ടുള്ളത്‌. ഇപ്പോഴത്തെ കണക്കനുസരിച്ച്‌ ഉത്തർപ്രദേശിൽ രണ്ടേ കാൽ കോടിയോളം കർഷകരാണുള്ളത്‌. അതിൽ 78 ശതമാനത്തിലധികം ചെറുകിട – നാമമാത്ര കർഷകരാണ്‌.
ദേശീയ സാമ്പിൾ സർവേ പ്രകാരം 1.7 കോടി ലക്ഷം കർഷകരാണ്‌ ചെറുകിട – നാമമാത്ര വിഭാഗത്തിൽപ്പെട്ടവരായി ഉത്തർ പ്രദേശിലുള്ളത്‌. ഇവരിൽ 53 ശതമാനവും (ഒരേക്കറിന്‌ താഴെ ഭൂമിയുള്ളവർ) സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന്‌ കടമെടുത്തവരാണ്‌.
ബോണ്ടു വഴി സമാഹരിക്കുന്ന തുക ഇതിനായി വിനിയോഗിച്ചാലും 80 ലക്ഷം ഉൾപ്പെട്ടെന്നു വരും. അതിന്‌ പക്ഷേ പ്രായോഗികമായ പ്രശ്നങ്ങളുണ്ട്‌. ബോണ്ടുകളിലൂടെ ഇത്രയധികം പണം സമാഹരിക്കുമ്പോൾ പലിശയായി നൽകേണ്ടി വരുന്ന തുക എങ്ങനെ കൈകാര്യം ചെയ്യുമെന്നതാണത്‌. 6.5 – 7 ശതമാനം പലിശ നൽകാൻ തീരുമാനിച്ചാൽ പോലും 2000 ത്തിലധികം കോടി രൂപ ആയിനത്തിൽ മാത്രം വേണ്ടി വരും. കൃഷിയും അനുബന്ധ മേഖലകൾക്കുമായി ഉത്തർപ്രദേശിന്റെ 2015-16 വർഷത്തെ ബജറ്റിൽ നീക്കിവച്ചിരിക്കുന്നത്‌ കേവലം 6,221. 2 കോടി രൂപമാത്രമാണെന്നതും ശ്രദ്ധേയമാണ്‌. ഇതിൽ നിന്നുവേണം ഈ പലിശബാധ്യത ഏറ്റെടുക്കേണ്ടത്‌. അങ്ങനെ വന്നാൽ കാർഷിക മൂലധന ചെലവ്‌ ഗണ്യമായി കുറയുകയാണ്‌ ചെയ്യുക. ഫലത്തിൽ കടമെഴുതിത്തള്ളുക എന്നത്‌ പ്രചരണത്തിൽ മാത്രം ഒതുങ്ങുമെന്നർഥം.
അല്ലെങ്കിൽ കേരളത്തിൽ മുൻ എൽഡിഎഫ്‌ സർക്കാർ നടപ്പിലാക്കിയതുപോലെ കടാശ്വാസ കമ്മിഷൻ നിയമത്തിന്റെ അടിസ്ഥാനത്തിൽ ഈ പദ്ധതി നടപ്പിലാക്കണം. അതിനായി ബജറ്റ്‌ വിഹിതം നീക്കിവയ്ക്കുകയും വേണം.
ഉത്തർപ്രദേശിലെ കാർഷിക പ്രശ്നങ്ങൾ പരിഹരിക്കാൻ കടമെഴുതിത്തള്ളുമെന്ന കേവല പ്രസ്താവന കൊണ്ടു സാധിക്കില്ലെന്നാണ്‌ കണക്കുകൾ സൂചിപ്പിക്കുന്നത്‌. വൈദ്യുതിയും ജലസേചനവുമാണ്‌ കൃഷിക്ക്‌ പ്രധാന തടസമായി നിൽക്കുന്നത്‌. കഴിഞ്ഞ പത്തു വർഷത്തിനിടയിൽ ജലസേചനത്തിൽ വലിയ കുറവാണുണ്ടായിരിക്കുന്നത്‌. 2001 ൽ 14.49 ദശലക്ഷം ഹെക്ടറിൽ ജലസേചന സൗകര്യമുണ്ടായിരുന്നുവെങ്കിൽ 2010-11 ആയപ്പോൾ അത്‌ 13.43 ദശലക്ഷം ഹെക്ടറിലേയ്ക്ക്‌ ചുരുങ്ങി.
ഇതിന്‌ പുറമേയാണ്‌ ഗോസംരക്ഷണത്തിന്റെ പേരിൽ നടക്കുന്ന കടന്നാക്രമണങ്ങൾ. അത്‌ ക്ഷീര – മാംസ മേഖലയെ പ്രതികൂലമായി ബാധിക്കുന്നു. പോത്തിറച്ചി കയറ്റുമതിയിൽ 43 ശതമാനവും ഉത്തർപ്രദേശിൽ നിന്നാണ്‌. അധികൃതവും അനധികൃതവുമായ 29,000 ത്തിലധികം മാംസ വ്യാപാരശാലകൾ യുപിയിലുണ്ട്‌.
ഒരുലക്ഷം കുടുംബങ്ങളെങ്കിലും ഇതുകൊണ്ട്‌ ഉപജീവനം നടത്തുന്നുണ്ട്‌. അവരെയെല്ലാം പട്ടിണിക്കിടുകയും രണ്ടേ കാൽ കോടി വരുന്ന കർഷകരെ പറ്റിക്കുന്നതിനുള്ള കടാശ്വാസ പ്രഖ്യാപനം നടത്തുകയും ചെയ്താണ്‌ യുപി സർക്കാർ മുന്നോട്ടുപോകുന്നത്‌. ആത്മാർഥതയുണ്ടെങ്കിൽ സുപ്രിം കോടതി നിർദ്ദേശിച്ചതനുസരിച്ച്‌ സമഗ്രമായ കടാശ്വാസ പദ്ധതിക്ക്‌ കേന്ദ്ര ഭരണമാണ്‌ രൂപം നൽകേണ്ടത്‌. അതിന്‌ മാതൃകയായി കേരളത്തിൽ ഒരു നിയമമുണ്ടുതാനും.

  Categories:
view more articles

About Article Author