യുപിയിൽ ദളിതർക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നു

യുപിയിൽ ദളിതർക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നു
May 12 04:55 2017

രാഷ്ട്രീയതന്ത്രങ്ങൾ
റാഹിൽ നോറാ ചോപ്ര
‘യുപിയിൽ ജീവിക്കണമെങ്കിൽ യോഗി യോഗി എന്ന്‌ പറഞ്ഞുകൊണ്ടിരിക്കണം’ എന്നതാണ്‌ ഇപ്പോഴത്തെ മുദ്രാവാക്യം. എന്നാൽ ഉദ്യോഗസ്ഥ വൃന്ദത്തിലും രാഷ്ട്രീയ മേഖലയിലും പരക്കുന്ന കിംവദന്തി തീരുമാനങ്ങളെടുക്കുന്നതിൽ യോഗിക്ക്‌ ഒരു അധികാരവുമില്ലെന്നാണ്‌. നയപരവും ഭരണപരവുമായ ഓരോ തീരുമാനങ്ങളെടുക്കുമ്പോഴും പാർട്ടി നേതൃത്വത്തോട്‌ അനുമതി വാങ്ങിയിരിക്കണമെന്നാണ്‌ പറയപ്പെടുന്നത്‌.
ഉത്തർ പ്രദേശിൽ സർക്കാർ ഉണ്ടായതിനു ശേഷമുള്ള ഒരു മാസത്തിലധികമായി ദളിതർക്കും മുസ്ലിങ്ങൾക്കുമെതിരായ അതിക്രമങ്ങൾ വർധിച്ചിരിക്കുകയാണ്‌. ആദ്യത്തെ പൂവാല വിരുദ്ധ സ്ക്വാഡുതന്നെ ആൺകുട്ടികളെയും പെൺകുട്ടികളെയും പീഡിപ്പിക്കുന്ന കാര്യത്തിൽ വാർത്തകളിൽ നിറഞ്ഞുനിന്നുവെങ്കിൽ ഇപ്പോൾ എല്ലാ ദിവസവും ദളിതർക്കും മുസലിങ്ങൾക്കുമെതിരായ അതിക്രമങ്ങൾ സർവസാധാരണമായിരിക്കുകയാണ്‌.
ജാതീയമായ സംഘർഷത്തിന്റെ ഫലമായി ഉത്തർപ്രദേശിന്റെ ഉത്തര – പടിഞ്ഞാറൻ മേഖലയിലെ സഹറംപൂരിൽ ഒരാൾ മരിച്ചത്‌ സമീപദിവസങ്ങളിലാണ്‌. സംഘർ്ഷത്തിനിടെ 25 ദളിത്‌ ഭവനങ്ങളാണ്‌ തകർക്കപ്പെട്ടത്‌. ഈ അക്രമസംഭവങ്ങളോട്‌ പ്രതികരിച്ചുകൊണ്ട്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ പറഞ്ഞത്‌, സംസ്ഥാനത്ത്‌ ഓരോ ആളും ഒരുതരത്തിലുള്ള വിവേചനവുമില്ലാതെ സുരക്ഷിതരായിരിക്കുമെന്ന്‌ ആത്മവിശ്വാസത്തോടെ പറയാൻ സാധിക്കുമെന്നും നിയമവും ചട്ടവും മാത്രമായിരിക്കും സർക്കാരിന്റെ പ്രഥമ പരിഗണനയെന്നുമായിരുന്നു.
മറുവശത്താകട്ടെ അഖില ഭാരതീയ ദളിത്‌ – മുസ്ലിം മഹാസംഘത്തിന്റെ ദേശീയ പ്രസിഡന്റ്‌ സുരേഷ്‌ ഖാനോജിയ അതിക്രമങ്ങളെ ശക്തമായ ഭാഷയിൽ അപലപിക്കുകയും സഹറംപൂർ പൊലീസ്‌ എസ്പിയെ സസ്പെൻഡ്‌ ചെയ്ത്‌ സമഗ്രമായ അന്വേഷണം നടത്തണമെന്ന്‌ മുഖ്യമന്ത്രിയോട്‌ ആവശ്യപ്പെടുകയും ചെയ്തു. ദളിത്‌ കുടുംബങ്ങൾക്ക്‌ പൂർണ സംരക്ഷണം നൽകണമെന്നും മരിച്ചയാളുടെ കുടുംബത്തിനും പരിക്കേറ്റവർക്കും നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനിടയിൽ തന്നെ യുവവാഹിനിയുടെ പ്രവർത്തകർ മുസ്ലിം പള്ളികൾക്കു മുന്നിലൂടെയും അവർ കൂടുതലായി അധിവസിക്കുന്ന പ്രദേശങ്ങളിലൂടെയും പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി പ്രകടനം നടത്തുകയും ചെയ്യുന്നുണ്ട്‌.

വെങ്കയ്യ നായിഡു ഉപരാഷ്ട്രപതി സ്ഥാനാർഥി?
ബിജെപിയുടെ ബുദ്ധി രാക്ഷസന്മാർ കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡുവിനെ ഉപരാഷ്ട്രപതി സ്ഥാനാർഥിയാക്കാൻ ആലോചിക്കുന്നു. ഇതിലൂടെ ആന്ധ്രയിലും തെലങ്കാനയിലും 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മെച്ചമുണ്ടാക്കാമെന്നാണ്‌ ബിജെപി ബുദ്ധിജീവികൾ ഉദ്ദേശിക്കുന്നത്‌.
ബിഹാറും പഞ്ചാബുമൊഴികെയുള്ള ഉത്തരേന്ത്യയിലെ പ്രമുഖ സംസ്ഥാനങ്ങളിൽ മേൽക്കൈ ഉറപ്പിച്ച ബിജെപി അടുത്ത ലക്ഷ്യം വയ്ക്കുന്നത്‌ തെന്നിന്ത്യൻ സംസ്ഥാനങ്ങളെയാണ്‌.
അതുകൊണ്ടുതന്നെ തെന്നിന്ത്യയിലെ അധികാരമുറപ്പിക്കുന്നതിനായി നരേന്ദ്ര മോഡിയും ആർഎസ്‌എസും വെങ്കയ്യ നായിഡുവിന്റെ പേർ നിർദ്ദേശിക്കുമെന്നാണ്‌ വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്ന്‌ അറിയുന്നത്‌.
സുഷമ സ്വരാജ്‌, നജ്മ ഹെപ്തുള്ള, ഹുകുംദേവ്‌ നാരായൺ യാദവ്‌ എന്നീ പേരുകളും പരിഗണിക്കപ്പെടുന്നുണ്ട്‌. എന്നാൽ നജ്മ ഹെപ്തുള്ളയുടെ പേരിനും പ്രാമുഖ്യമുണ്ടെന്ന ഊഹാപോഹവുമുണ്ട്‌. മുത്തലാഖ്‌ വിഷയത്തിന്റെ ഘട്ടത്തിൽ നജ്മയെ സ്ഥാനാർഥിയാക്കുന്നത്‌ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ മുസ്ലിം വനിതകളുടെ വോട്ട്‌ കൂടുതലായി ബിജെപിക്ക്‌ ലഭിക്കാനിടയാക്കുമെന്നതാണിതിനുകാരണം. രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്‌ പൂർത്തിയാകുന്നതോടെ മന്ത്രിസഭ അഴിച്ചുപണിക്കും സാധ്യതയുണ്ട്‌.

കോൺഗ്രസ്‌ ദളിത്‌-ന്യൂനപക്ഷ മേഖലയിൽ ശ്രദ്ധയൂന്നുന്നു!
ദളിത്‌ – ന്യൂനപക്ഷ വിഭാഗങ്ങളുടെ മേഖലയിൽ കൂടുതൽ ശ്രദ്ധ ചെലുത്താൻ കോൺഗ്രസ്‌ ഹൈക്കമാന്റ്‌ ആലോചിക്കുന്നു. കർണാടക പിസിസി ദളിത്‌ വിഭാഗത്തിന്റെ സമിതിയുടെ അധ്യക്ഷനായി എഫ്‌ എച്ച്‌ ജാക്കപ്പനവരയെ നിയമിച്ചതിന്‌ പിന്നാലെ എഐസിസിയുടെ ദളിത്‌ സെല്ലിന്റെ പ്രധാനി കെ രാജുവിനെ നീക്കാൻ പോകുന്നതായും വാർത്തകളുണ്ട്‌. രാജുവിന്റെ പ്രവർത്തനരീതികളിൽ രാഹുലിന്‌ താൽപര്യം കുറവായതും നീക്കത്തിന്‌ കാരണമായി പറയുന്നുണ്ട്‌. പകരം ഹരിയാന പിസിസി അധ്യക്ഷൻ അശോക്‌ തവാർ ദളിത്‌ സെൽ ചെയർമാനായി നിയമിക്കപ്പെടും. സെൽജ കുമാരി, രൺദീപ്‌ സർജേവാല എന്നിവരിലൊരാളായിരിക്കും അശോക്‌ തവാറിന്‌ പകരം ഹരിയാന പിസിസി അധ്യക്ഷനാകുക.
ന്യൂനപക്ഷ വിഭാഗത്തിന്റെ മേധാവി ഖുർഷിദ്‌ അഹമ്മദ്‌ സെയ്ദിന്റെ പ്രവർത്തനങ്ങളിലും രാഹുൽ തൃപ്തനല്ലത്രെ. ന്യൂനപക്ഷ വിഭാഗത്തിന്റെ മുൻ മേധാവി ഇംമ്രാൻ കിഡ്വായി, യൂത്ത്‌ കോൺഗ്രസ്‌ മുൻ വർക്കിങ്‌ പ്രസിഡന്റ്‌ ഫസ്ലു മസൂദ്‌ എന്നിവരാണ്‌ പകരക്കാരായി ചർച്ച ചെയ്യപ്പെടുന്നത്‌. ഇതിന്‌ പുറമേ ന്യൂനപക്ഷ വിഭാഗത്തെ നയിക്കുന്നതിനായി പുതുമുഖത്തെയും അന്വേഷിക്കുന്നുണ്ട്‌.

സോണിയ യെച്ചൂരിയിലൂടെ പട്നായിക്കിലേക്ക്‌?
ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക്കും രാജീവ്‌ ഗാന്ധിയും സോണിയാ ഗാന്ധിയും ഒരുകാലത്ത്‌ ഒത്തിരി സൗഹൃദം പുലർത്തിയവരായിരുന്നു. ചുറ്റുപാടുമുള്ള കാര്യങ്ങളുൾപ്പെടെ പലതും പങ്കുവച്ചവരുമായിരുന്നു.
പിന്നീട്‌ ഇവരുടെ രാഷ്ട്രീയ രംഗപ്രവേശത്തോടെ പരസ്പര സൗഹൃദത്തിൽ വളരെയധികം വിടവുണ്ടായി. പിന്നീട്‌ ആ സൗഹൃദം കൂട്ടിയോജിപ്പിക്കപ്പെട്ടുമില്ല. എന്നാൽ ഇപ്പോൾ ആ സ്ഥിതി വിശേഷത്തിനൊരു മലക്കം മറിയൽ സംഭവിച്ചിരിക്കുന്നു. ജൂലൈയിൽ നടക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്റെ പൊതുസ്ഥാനാർഥിയെ പിന്തുണയ്ക്കാൻ നവീനിനോട്‌ സംസാരിക്കണമെന്ന്‌ സോണിയ സീതാറാം യെച്ചൂരിയോട്‌ ആവശ്യപ്പെട്ടു. അതിന്റെ അടിസ്ഥാനത്തിൽ യെച്ചൂരി പട്നായിക്കുമായി ചർച്ച നടത്തുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചുകഴിഞ്ഞു. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ നവീൻ പട്നായിക്കിന്റെ ബിജെഡിക്ക്‌ 32,000 ഇലക്ട്രൽ വോട്ടുകളാണുള്ളത്‌.
(ഐപിഎ)

  Categories:
view more articles

About Article Author