യുവേഫ ചാമ്പ്യൻസ്‌ ലീഗ്‌ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക്‌ ഹാട്രിക്‌; റയൽ മാഡ്രിഡ്‌ സെമിഫൈനലിൽ

യുവേഫ ചാമ്പ്യൻസ്‌ ലീഗ്‌ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക്‌ ഹാട്രിക്‌; റയൽ മാഡ്രിഡ്‌ സെമിഫൈനലിൽ
April 20 04:44 2017

മാഡ്രിഡ്‌: യുവേഫ ചാമ്പ്യൻസ്‌ ലീഗ്‌ രണ്ടാം പാദ ക്വാർട്ടറിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഹാട്രിക്‌ നേടിയ മത്സരത്തിൽ റയൽ മാഡ്രിഡ്‌ സെമിഫൈനലിൽ കടന്നു. ബയേൺ മ്യൂണിക്കിനെ രണ്ടിനെതിരെ നാലു ഗോളുകൾക്ക്‌ റയൽ കീഴടക്കി.
എവേ മത്സരത്തിൽ 2-1ന്റെ വിജയം നേടിയതിന്റെ ആത്മവിശ്വാസവുമായാണ്‌ റയൽ കളത്തിലിറങ്ങിയത്‌. റയലിന്റെ മൈതാനമായ സാൻറിയാഗൊ ബർണബ്യുവിൽ നടന്ന പോരാട്ടത്തിന്റെ 53ാ‍ം മിനിറ്റിലാണ്‌ ആദ്യ ഗോൾ പിറന്നത്‌. റയലിന്റെ കാസെമിറോയുടെ ഫൗളിന്‌ പിഴയായി ലഭിച്ച പെനാൽറ്റി മ്യൂണിക്ക്‌ താരം റോബർട്ട്‌ ലെവൻഡോസ്കി ഗോളാക്കി. എന്നാൽ 76ാ‍ം മിനിറ്റിൽ റൊണാൾഡോ സമനില പിടിച്ചു. തൊട്ടടുത്ത മിനിറ്റിൽ റാമോസ്‌ സെൽഫ്‌ ഗോൾ വഴങ്ങിയതോടെ ബയേൺ ലീഡ്‌ പിടിച്ചു.
ഒരു ഗോളിന്റെ ലീഡോടെ മുന്നേറിയ ബയേൺ 84ാ‍ം മിനിറ്റിൽ പത്തുപേരായി ചുരുങ്ങി. ചിലിയൻ സ്ട്രൈക്കർ അർതുറോ വിദാൽ ചുവപ്പുകാർഡു കണ്ടു പുറത്തായതോടെയായിരുന്നു ഇത്‌. ഇതോടെ റയൽ ഉണർന്നു കളിച്ചു. അധികസമയത്തേക്ക്‌ നീണ്ട കളിയിൽ 104, 109 മിനിറ്റുകളിൽ റൊണാൾഡോയും 112ാ‍ം മിനിറ്റിൽ അസെൻസിയോയും ഗോൾ നേടിയതോടെ ബയേണിന്റെ പതനം പൂർത്തിയായി.
ഇതോടെ രണ്ടു പാദങ്ങളിൽ നിന്നുമായി 63ന്റെ ജയത്തോടെ റയൽ സെമിയിൽ പ്രവേശിച്ചു. ഹാട്രിക്‌ ഗോളിനൊപ്പം ലീഗിൽ 100 ഗോൾ നേടുന്ന ആദ്യ താരമെന്ന നേട്ടവും റൊണാൾഡോയെ തേടിയെത്തി.
മറ്റൊരു മത്സരത്തിൽ ലെസ്റ്റർ സിറ്റിയെ സമനിലയിൽ തളച്ച അത്ലറ്റിക്കോ മാഡ്രിഡും സെമിഫൈനലിൽ കടന്നു. ഇരുടീമും ഓരോ ഗോൾ വീതം അടിച്ച സമനില പാലിച്ചു. ഇതോടെ രണ്ടു പാദങ്ങളിൽ നിന്നുമായി 2-1ന്റെ ജയത്തോടെ അത്ലറ്റിക്കോ സെമിയിൽ പ്രവേശിച്ചു.


മാനുവൽ നോയർക്കു പരിക്കേറ്റു
മാഡ്രിഡ്‌: : യുവേഫ ചാമ്പ്യൻസ്‌ ലീഗിൽ റയൽ മാഡ്രിഡുമായുള്ള മത്സരത്തിനിടെ ബയേൺ മ്യുണിക്കിന്റെ വല കാക്കുന്ന മാനുവൽ നോയർക്കു ഇടതു കണങ്കാലിന്‌ പരിക്കേറ്റു. ഈ സീസൺ പൂർണമായി ചികിത്സക്കും വിശ്രമത്തിനും വേണ്ടി മാറ്റിവയ്ക്കേണ്ടി വരുമെന്നാണ്‌ സൂചന.
മൂന്നാഴ്ച മുമ്പ്‌ ഇതേ കാലിനു ഓപ്പറേഷൻ കഴിഞ്ഞു വിശ്രമത്തിനു ശേഷം തിരിച്ചത്തിയതായിരുന്നു ലോക ഒന്നാം നമ്പർ ഗോളിയായ നോയർ.
നൂറ്റി പത്താം മിനിറ്റിലെ റൊണാൾഡോയുടെ മൂന്നാമത്തെ ഗോളിനിടയിലാണ്‌ അപകടം സംഭവിച്ചത്‌. പരിക്കു കണക്കിലെടുക്കാതെ അവസാനം വരെ ബാറിന്‌ കീഴിൽ നിന്നത്‌ പ്രശ്നം കൂടൂതൽ സങ്കീർണമാക്കി.
മ്യുനിക്കിൽ തിരിച്ചെത്തിയാൽ ഉടൻ താരത്തെ വിദഗ്ധ ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കും.


റയലിനോട്‌ ക്ഷമ ചോദിച്ച്‌ ബാഴ്സലോണ
ബാഴ്സ: മിനി എൽ ക്ലാസിക്കോയിൽ നടന്ന സംഭവത്തിന്റെ പേരിൽ റയലിനോട്‌ ക്ഷമ ചോദിച്ച്‌ ബാഴ്സലോണ. ബാഴ്സ കുട്ടികളുടെ പ്രവൃത്തി സ്പോർട്ട്സ്മാൻ സ്പിരിറ്റിനു ചേർന്നതായില്ലെന്ന്‌ വിമർശനമുയർന്നതിനെത്തുടർന്നാണ്‌ ക്ലബ്‌ മാപ്പു പറഞ്ഞത്‌.അണ്ടർ12 ടീമുകളുടെ മൽസരത്തിൽ ഗോൾ നേടിയ റയൽ മഡ്രിഡ്‌ താരങ്ങൾ ആഘോഷിക്കുന്നതിനിടെ ബാഴ്സ താരങ്ങൾ ഒഴിഞ്ഞ പോസ്റ്റിൽ പോയി ഗോളടിക്കുകയായിരുന്നു.
മഡ്രിഡിലെ പരിശീലന മൈതാനത്തു നടന്ന കളിയുടെ ആദ്യ പകുതിയിലായിരുന്നു വിവാദം. ഗോൾ നേടിയ റയൽ കളിക്കാരെല്ലാം ആഘോഷിക്കുന്നതിനു വേണ്ടി കോർണർ ഫ്ലാഗിനടുത്തേക്ക്‌ നീങ്ങി. അവസരം മുതലെടുത്ത്‌ ബാർസയുടെ ഒരു കുട്ടിത്താരം പന്തുമായി ഓടിക്കയറി ഒഴിഞ്ഞ ഗോൾപോസ്റ്റിലേക്കിട്ടു. ഗോൾ അനുവദിക്കാതിരുന്ന റഫറിയോട്‌ തർക്കിക്കുകയും ചെയ്തു.

  Categories:
view more articles

About Article Author