Thursday
24 Jan 2019

യൂണിയന്‍ ബജറ്റ് ജനങ്ങള്‍ക്ക് നല്‍കുന്നത് വട്ടപൂജ്യം

By: Web Desk | Thursday 1 February 2018 10:51 PM IST

യൂണിയന്‍ ബജറ്റ് 2018-19 അടുത്ത പൊതുതെരഞ്ഞെടുപ്പിനെ ലക്ഷ്യംവച്ചുള്ള അധര വ്യായമം മാത്രമാണെന്ന് വ്യാപകമായി വിലയിരുത്തപ്പെടുന്നു. പട്ടികജാതി-പട്ടികവര്‍ഗം മുതിര്‍ന്ന പൗരന്മാര്‍, കര്‍ഷകര്‍, വനിതകള്‍ തുടങ്ങി അധസ്ഥിത ജനവിഭാഗങ്ങള്‍ക്കുവേണ്ടി നിരവധി പ്രഖ്യാപനങ്ങള്‍ കൊണ്ട് ഊതിവീര്‍പ്പിക്കപ്പെട്ട ഒന്നാണ് നരേന്ദ്രമോഡി സര്‍ക്കാരിന്റെ അടുത്ത പൊതു തെരഞ്ഞെടുപ്പിനു മുമ്പുള്ള അവസാന ബജറ്റ്. നിലവിലുള്ളതും നേരത്തെ തന്നെ പ്രഖ്യാപിക്കപ്പെട്ടതും പരാജയപ്പെട്ടതുമായ പദ്ധതികള്‍ക്കും പരിപാടികള്‍ക്കും കൂടുതല്‍ തുക വകയിരുത്തുമെന്നും പ്രഖ്യാപനം ഉണ്ട്. അത്തരം പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ അസാധാരണമല്ല. അതാണ് എത് ബജറ്റിന്റെയും ജനകീയ മുഖം. എന്നാല്‍ ഏത് ബജറ്റും വിലയിരുത്തപ്പെടുന്നത് അത് പ്രഖ്യാപിക്കുന്ന സര്‍ക്കാരിന്റെ വരവ് ചെലവ് കണക്കുകളിലാണ്. അത് ഉള്‍ക്കൊള്ളുന്ന രണ്ടാംഭാഗത്തിന്റെ പ്രാഥമിക വിലയിരുത്തല്‍ അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ച ബജറ്റിന്റെ പൊള്ളത്തരങ്ങളാണ് തുറന്നുകാട്ടുന്നത്. ബജറ്റിന് മുന്നോടിയായി സര്‍ക്കാര്‍ പുറത്തുവിട്ട സാമ്പത്തിക സര്‍വേ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയുടെ യഥാര്‍ഥചിത്രം വരച്ചുകാട്ടുന്നുണ്ട്. നരേന്ദ്രമോഡിയും പ്രഭൃതികളും തുടര്‍ന്നുവരുന്ന വാചാടോപത്തിനപ്പുറം രാജ്യത്തിന്റെ സാമ്പത്തികനില ആഴമേറിയ കുഴപ്പത്തിലാണ്. സാമ്പത്തിക പരിഷ്‌കാരങ്ങളുടെ പേരില്‍ നടപ്പാക്കിയ നോട്ട് അസാധൂകരണം ചരക്ക് സേവന നികുതി എന്നിവ അതിനെ രൂക്ഷതരമാക്കി. കര്‍ഷകരുടെ യഥാര്‍ഥ വരുമാനത്തില്‍ യാതൊരു പുരോഗതിയും കൈവരിക്കാന്‍ നാലുവര്‍ഷത്തെ മോഡി ഭരണത്തില്‍ കഴിഞ്ഞില്ല. അത് തികഞ്ഞ സ്തംഭനാവസ്ഥയിലാണ്. വ്യാവസായിക ഉല്‍പാദനം കുത്തനെ തകര്‍ന്നു. പ്രസ്താവനകള്‍ക്കും കള്ളക്കണക്കുകള്‍ക്കും അപ്പുറം ദേശീയ വരുമാനം കൂപ്പുകുത്തി.

തൊഴിലില്ലായ്മ, വിശേഷിച്ചും യുവജനങ്ങള്‍ക്കിടയില്‍, സര്‍വകാല റെക്കോഡ് സ്ഥാപിച്ചിരിക്കുന്നു. സാമാന്യ ജനങ്ങളുടെ നികുതിഭാരം കുത്തനെ ഉയര്‍ത്തിയിട്ടും നികുതിവരുമാനത്തില്‍ ശ്രദ്ധേയമായ യാതൊരു നേട്ടവും രേഖപ്പെടുത്താനായില്ല. എന്നാല്‍ നികുതി, തീരുവ ഇളവുകളും കിട്ടാക്കടം എഴുതിത്തള്ളലുമടക്കം കോര്‍പറേറ്റ്, അതിസമ്പന്ന പ്രീണനം നിര്‍ബാധം തുടരുന്നു. ഈ പശ്ചാത്തിലാവണം ഇക്കൊല്ലത്തെ യൂണിയന്‍ ബജറ്റ് വിലയിരുത്തപ്പെടേണ്ടത്.

രാജ്യത്തെ മഹാഭൂരിപക്ഷം വരുന്ന കര്‍ഷകരുടെയും ഗ്രാമീണജനതകളുടെയും നിലനില്‍പിന്റെ അസ്തിവാരം കാര്‍ഷിക മേഖലയാണ്. കാര്‍ഷികോല്‍പന്നങ്ങളുടെ മിനിമം താങ്ങുവില സ്വാമിനാഥന്‍ കമ്മിഷന്റെ നിര്‍ദേശാനുസരണം മൊത്തം കാര്‍ഷിക ചെലവും അതിന്റെ 50 ശതമാനം അധികവും കൂട്ടി നിശ്ചയിക്കുമെന്ന് മോഡിയും ബിജെപിയും തെരഞ്ഞെടുപ്പുകാലത്ത് ആവര്‍ത്തിച്ചു പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ നാലു വര്‍ഷത്തെ ഭരണത്തിനിടയില്‍ ആ ദിശയില്‍ ചെറുവിരല്‍ അനക്കുന്നതില്‍പോലും അവര്‍ ദയനീയ പരാജയമായിരുന്നു. ഇപ്പോള്‍ ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത് 2022 ല്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയാകുമെന്നാണ്. ഇതുസംബന്ധിച്ച് അശോക് ദല്‍വായ് കമ്മിറ്റി നിര്‍ദേശിച്ചിരുന്നത് ആ ലക്ഷ്യപ്രാപ്തിക്ക് 6.4 ലക്ഷം കോടി രൂപ നിക്ഷേപം വേണ്ടിവരുമെന്നാണ്. എന്നാല്‍ ഇക്കൊല്ലത്തെ ബജറ്റില്‍ കാര്‍ഷിക മേഖലയ്ക്ക് വകയിരുത്തിയിരിക്കുന്ന തുകയിലെ വര്‍ധന കേവലം 4,845 കോടി രൂപ മാത്രമാണ്. അത് നല്‍കുന്ന സൂചന കര്‍ഷക വരുമാനം ഇരട്ടിയാക്കുമെന്ന പ്രഖ്യാപനം സമീപഭാവിയിലൊന്നും സാക്ഷാല്‍ക്കരിക്കാവുന്ന സ്വപ്‌നം അല്ലെന്നുതന്നെയാണ്. വിദ്യാഭ്യാസ രംഗത്ത് ഗുണമേന്മ ഉറപ്പുവരുത്തുന്ന നിരവധി പ്രഖ്യാപനങ്ങള്‍ ബജറ്റ് പ്രസംഗത്തില്‍ വിവരിക്കുന്നുണ്ട്. അവിടെയും ആ ലക്ഷ്യം കൈവരിക്കുന്നതിന് ആവശ്യമായ വിഭവശേഷി വകയിരുത്തുന്നതിനോ കൃത്യമായ ഒരു കര്‍മ പദ്ധതി മുന്‍വെയ്ക്കുവാനോ ബജറ്റിന് കഴിഞ്ഞിട്ടില്ല. ഉദാഹരണത്തിന് ‘ബ്ലാക്ക് ബോര്‍ഡി’ന് പകരം’ ‘ഡിജിറ്റല്‍ ബോര്‍ഡെ’ന്ന സങ്കല്‍പം മാത്രം പരിശോധിക്കുക. ദേശീയ വിദ്യാഭ്യാസ ദൗത്യത്തിനായി ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത് 31,212 കോടി രൂപയാണ്. മുന്‍വര്‍ഷത്തേക്കാള്‍ കേവലം 3000 കോടി രൂപയുടെ മാത്രം വര്‍ധന. സ്‌കൂള്‍ പ്രായത്തിലുള്ള ദശലക്ഷക്കണക്കിന് കുട്ടികള്‍ സ്‌കൂളിന് പുറത്തുനില്‍ക്കെയാണ് ഇതെന്ന് പ്രത്യേകം ഓര്‍ക്കുക. രാജ്യത്തെ 38 ശതമാനം സ്‌കൂളുകളിലും നാമമാത്ര വൈദ്യുതി ബന്ധംപോലുമില്ലാത്തിടത്താണ് ജയ്റ്റ്‌ലി ഡിജിറ്റല്‍ ബോര്‍ഡിനെപ്പറ്റി വീമ്പിളക്കുന്നത്.

ജയ്റ്റ്‌ലിയുടെ ബജറ്റ് ലോകത്തെ ഏറ്റവും വലിയ ആരോഗ്യപരിപാടിയെപ്പറ്റിയും വമ്പുപറയുന്നു. രാജ്യത്തെ ദരിദ്രകുടുംബങ്ങളില്‍പ്പെട്ട അമ്പതു കോടി പാവങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം ആരോഗ്യ-ചികിത്സാ പരിരയ്ക്ഷയ്ക്കായി നല്‍കുമെന്നാണ് വാഗ്ദാനം. വിദേശ ബാങ്ക് നിക്ഷേപങ്ങളിലുള്ള കരിംപണം തിരികെ കൊണ്ടുവന്ന് ഓരോ പൗരന്റെയും ബാങ്ക് അക്കൗണ്ടില്‍ 15 ലക്ഷം രൂപ വീതം നിക്ഷേപിക്കുമെന്ന നരേന്ദ്രമോഡിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനത്തിന്റെ പിന്‍തുടര്‍ച്ചയായിരിക്കും ഇതെന്ന് ആര്‍ക്കും സംശയം വേണ്ട. കഴിഞ്ഞവര്‍ഷത്തെ ബജറ്റില്‍ ദേശീയ ആരോഗ്യസുരക്ഷാ പദ്ധതി വഴി ഒരു ലക്ഷം രൂപ വീതമാണ് ഒരു കുടുംബത്തിന് ചികിത്സാ സഹായമായി പ്രഖ്യാപച്ചിരുന്നത്. ആ പദ്ധതിക്ക് അന്തിമരൂപം നല്‍കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് രണ്ട് മാസങ്ങള്‍ക്ക് മുമ്പാണ് സര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചത്. അത്യന്തം കരുതല്‍ അര്‍ഹിക്കുന്ന കുഞ്ഞുങ്ങള്‍പോലും ഈയാംപാറ്റ കണക്കെ ചത്തൊടുങ്ങുന്ന മെഡിക്കല്‍ കോളജുകളും സര്‍ക്കാര്‍ ആശുപത്രികളുമുള്ള രാജ്യത്താണ് ധനമന്ത്രി ആവശ്യമായ ബജറ്റ് വകയിരുത്തല്‍ പോലുമില്ലാതെ വിടുവായത്തം വിളമ്പുന്നത്. ഇത് ആര്‍ക്കെങ്കിലും പ്രതീക്ഷ നല്‍കുന്നെങ്കില്‍ അത് ആരോഗ്യചികിത്സാ ഇന്‍ഷുറന്‍സ് രംഗത്തെ സ്വകാര്യ കുത്തകകള്‍ക്കും ചികിത്സ വന്‍കച്ചവടമാക്കിയ കോര്‍പറേറ്റുകള്‍ക്കും മാത്രമാണ്. പൊതു തെരഞ്ഞെടുപ്പു മാത്രം ലക്ഷ്യമാക്കി മോഡി സര്‍ക്കാര്‍ ബജറ്റിന്റെ പേരില്‍ ജനങ്ങളെ വഞ്ചിക്കുകയാണ്. ഈ ബജറ്റ് ജനങ്ങള്‍ക്ക് നല്‍കുന്നത് വട്ടപൂജ്യവും കോര്‍പറേറ്റുകള്‍ക്ക് നല്‍കുന്നത് രാഷ്ട്ര സമ്പത്തുമാണ്.