യോഗി ആദിത്യനാഥ്‌ യോഗിയോ…???

April 04 04:50 2017

രാജഗുരുക്കന്മാരുടെ ഭാഗമായാണ്‌ ആർഷഭാരതത്തിൽ യോഗിമാർ ഉണ്ടായിരുന്നത്‌. നമ്മുടെ സനാതനധർമ്മമെന്ന പിൽക്കാല ഹിന്ദുധർമ്മം അതാണ്‌ അനുശാസിക്കുന്നത്‌. ഉദരനിമിത്തം ബഹുകൃത വേഷം കെട്ടുന്ന കപടയോഗിമാരെ വിശ്വസിക്കരുതെന്ന്‌ ഭജഗോവിന്ദത്തിൽ ശങ്കരാചാര്യരും പറയുന്നുണ്ട്‌. ഇതാണ്‌ ഭാരതീയ പാരമ്പര്യം എന്നിരിക്കെ യോഗി ആദിത്യനാഥ്‌ ഉത്തർപ്രദേശ്‌ മുഖ്യമന്ത്രിയായത്‌ എന്ത്‌ ഹിന്ദുത്വമാണ്‌.
അധികാരത്തിനുവേണ്ടി രാജാപാർട്ട്‌ കെട്ടുന്ന ആദിത്യനാഥിന്‌ എന്തു യോഗിപാരമ്പര്യമാണ്‌ ഉള്ളത്‌. പാരമ്പര്യം അറിയാത്ത പരിവാറിന്റെ കലികാല ഹിന്ദുത്വത്തിന്റെ പൊയ്മുഖമാണ്‌ യോഗി ആദിത്യനാഥ്‌. ഹിന്ദു സേവകൻ അധികാരദാഹം കൊണ്ട്‌ ഹിന്ദു ഉടമസ്ഥനാകുമ്പോഴുള്ള വികൃതമുഖമാണിത്‌. ഇത്‌ പവിത്രസനാതനധർമ്മത്തെ പരിഹസിക്കലാണ്‌.
അധികാരലക്ഷ്യത്തോടെ പരിവാർ ശക്തികൾ ഇത്‌ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. പവിത്രമായ സന്ന്യാസജീവിതത്തിനു എന്തിനാണ്‌ ട്രേഡ്‌ യൂണിയൻ. ഹിന്ദു ധർമ്മം അറിയാത്ത ഉദരനിമിത്തം ബഹുകൃതവേഷം കെട്ടുന്നവരുടെ സംഘടിത സന്യാസി യൂണിയൻ പരിഹാസ്യം തന്നെയാണ്‌. ശ്രീരാമകൃഷ്ണ പ്രസ്ഥാനം ഒരിക്കലും ഇതിൽ ചേർന്നിട്ടില്ലെന്നത്‌ ശ്രദ്ധേയമാണ്‌.
അഗ്നിശുദ്ധി നേടിയ ഗുരുവര്യന്മാരാണ്‌ എല്ലാം ഉപേക്ഷിച്ച സന്യാസികൾ. അഗ്നിയുടെ നിറംതന്നെയാണ്‌ കാവി. ഇത്ര പരമഗുരുവായ ഒരാൾ അധികാരരാഷ്ട്രീയത്തിന്റെ മസിൽപ്പിടുത്തക്കാരനാക്കുന്നത്‌ സന്യാസവും ഹിന്ദു പാരമ്പര്യവും അറിയാത്തതൂകൊണ്ടുതന്നെയാണ്‌. അവർക്ക്‌ ഭൗതിക ജീവിതമോഹം തീർന്നിട്ടില്ല. ഇത്തരക്കാരെ കുറിച്ചാണ്‌ എം പി നാരായണപിള്ള ‘ഒരാൾക്ക്‌ എത്രമിഘമിരുന്താൽ’ എന്ന കഥ എഴുതിയിട്ടുള്ളത്‌. ഇത്തരക്കാരാണ്‌ മതങ്ങളുടെ മാതാവായ ഹിന്ദുമതം എന്ന വിവേകാനന്ദ ദർശനത്തെ വക്രീകരിച്ചത്‌ എന്നത്‌ അക്ഷന്തവ്യമല്ല.
കേന്ദ്രമന്ത്രി ഉമാഭാരതിയും ഇത്തരം ഒരു സന്ന്യാസിനിയാണ്‌. സമ്പാദ്യം ഇരുന്നൂറ്റിയിരുപത്‌ കോടി രൂപ. ഇത്‌ സന്ന്യാസമോ സമ്പാദ്യമോ എന്ന്‌ ഹൈന്ദവധർമ്മം അറിയുന്നവർ ചിന്തിക്കട്ടെ. ഇവിടെ തുടങ്ങുന്നു യോഗിയുടെ ഭോഗിവേഷം. ഇനി മറ്റൊരാൾ ആയുർവേദത്തെ വ്യവസായമാക്കി പതജ്ഞലിയിലൂടെ കോടികൾ കൊയ്യുന്നു. ആയുർവേദം വ്യാപാരമോ മരുന്ന്‌ നിർമ്മാണം വ്യവസായമോ ആണോ. ഇതാണ്‌ കലികാല യോഗിത്വം.
യോഗി ആദിത്യനാഥിന്റെ തീവ്രകർമ്മങ്ങൾ സമാധാനിയായ ഒരു യോഗിക്ക്‌ ചേർന്നതായിരുന്നില്ല. ആ അക്രമ ഹിന്ദുത്വമാണ്‌ വിക്രമഹിന്ദുക്കൾക്ക്‌ ബോധ്യപ്പെട്ടത്‌. ഉള്ള ഭരണംകൊണ്ട്‌ ഉമാഭാരതിയെപ്പോലെ ആദിത്യനാഥ്‌ കോടികൾ സമ്പാദിക്കുമായിരിക്കും. കൊടി എടുത്തവനൊക്കെ കോടികൾ സമ്പാദിക്കുന്നതാണല്ലോ ഇന്ത്യൻ ജനാധിപത്യം.
ഇപ്പോൾ തന്നെ ഉത്തർപ്രദേശിൽ ഏതാണ്ട്‌ മാംസാഹാര നിരോധനമായി. ശരീരപുഷ്ടിക്ക്‌ മാംസാഹാരം കഴിക്കാമെന്നു പറഞ്ഞ സ്വാമി വിവേകാനന്ദൻ ഇതിനു മുമ്പേ സമാധിയായത്‌ നന്നായി. ചാതുർവർണ്യബ്രാഹ്മണ്യമാണ്‌ പരിവാർ ഇന്ന്‌ ഹിന്ദുത്വമായി ചുമലിലേറ്റി നടക്കുന്നതെന്ന്‌ അവർ തിരിച്ചറിയുമ്പോഴേയ്ക്കും ഇന്ത്യയിൽ ചോരപ്പുഴകളും മാംസപർവതങ്ങളും രൂപപ്പെട്ടിരിക്കും. അങ്ങനെ ഉണ്ടാകരുതേ എന്ന്‌ പ്രാർത്ഥിക്കുന്നു.
യോഗി ഭോഗിയാകുന്ന ഹിന്ദുത്വം ഭയാനകമാണ്‌. നിർബന്ധ സസ്യഭക്ഷണം പോലെ നാളെ നിർബന്ധ സന്ന്യാസവും കടന്നുവരുമോ. ആപത്ക്കരമായ ഒരു ഘട്ടത്തിലൂടെയാണ്‌ സന്ന്യാസവും സംസ്കാരവും രാഷ്ട്രീയവും കടന്നുപോകുന്നത്‌. നമുക്ക്‌ വിവേകത്തിന്റെ നിലക്കണ്ണാടി നഷ്ടമാവുകയാണ്‌. ആധുനിക ഇന്ത്യയെക്കുറിച്ചുള്ള നമ്മുടെ സ്വപ്നങ്ങളാണ്‌ ഈ വർഗീയ വിഷക്കാറ്റിൽ തകർന്നടിയുന്നത്‌. ഒപ്പം ലോകമാന്യമായ നമ്മുടെ സനാതന സംസ്കാരവും. എലിയെത്തുരത്താൻ വിവാഹം കഴിച്ച സന്ന്യാസി ഒരു നല്ല കഥയാണ്‌, കാര്യവും.

എൻ രാജൻ നായർ

view more articles

About Article Author