യോജിച്ച ബഹുജന പ്രക്ഷോഭങ്ങൾക്കു രൂപം നൽകുക

യോജിച്ച ബഹുജന പ്രക്ഷോഭങ്ങൾക്കു രൂപം നൽകുക
May 17 04:55 2017

രാജ്യത്ത്‌ മോഡി സർക്കാരിന്റെയും സംഘപരിവാർ ശക്തികളുടെയും വർധിച്ചുകൊണ്ടിരിക്കുന്ന വർഗീയ ഫാസിസ്റ്റ്‌ കടന്നാക്രമണങ്ങൾക്കെതിരെ ഇടതുപാർട്ടികളുടെയും മതേതര ജനാധിപത്യ പ്രസ്ഥാനങ്ങളുടെയും വിശാലാടിസ്ഥാനത്തിലുള്ള ഐക്യനിര വളർത്തിക്കൊണ്ടുവരുന്നതിന്‌ മുൻകയ്യെടുക്കാൻ സിപിഐ ദേശീയ എക്സിക്യൂട്ടീവ്‌ യോഗം തീരുമാനിച്ചു.
ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലുമുണ്ടായ വിജയത്തിനും ഗോവയിലും മണിപ്പൂരിലും കുതിരക്കച്ചവടത്തിലൂടെ അധികാരം കയ്യടക്കിയതിനും ശേഷം മോഡി സർക്കാരിനെയും വിവിധ സംസ്ഥാന സർക്കാരുകളെയും ഉപയോഗിച്ച്‌ ആർഎസ്‌എസ്‌ നേരിട്ട്‌ ഫാസിസ്റ്റ്‌ കടന്നാക്രമണങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്‌. ജാതി – മത ധ്രുവീകരണമുണ്ടാക്കുന്നതിനായി ഏതുവിധത്തിലുള്ള കടന്നാക്രമണങ്ങളും നടത്താൻ ആർഎസ്‌എസിന്‌ കീഴിലുള്ള സംഘടനകൾക്ക്‌ എല്ലാ സ്വാതന്ത്ര്യവും അനുവദിച്ചിരിക്കുകയാണ്‌.
ബിജെപി അധികാരത്തിലെത്തിയതിനുശേഷം ഉത്തർപ്രദേശിലാകെ തീപടരുകയാണ്‌. ദളിതർക്കോ ന്യൂനപക്ഷങ്ങൾക്കോ സ്ത്രീകൾക്കോ നേരെ അതിക്രമങ്ങളില്ലാത്ത ഒരു ദിവസവും ഉണ്ടാകുന്നില്ല. ആർഎസ്‌എസ്‌ സംഘടനകളുടെ അക്രമങ്ങൾക്കു നേരെ പൊലീസും അധികാരികളും  മൗനം പാലിക്കുകയോ ഒത്താശ ചെയ്തു കൊടുക്കുകയോ ആണ്‌ ചെയ്യുന്നത്‌.
മോഡി സർക്കാരിന്റെയും സംഘപരിവാറിന്റെയും വർധിച്ചുവരുന്ന അതിക്രമങ്ങൾക്കെതിരെ ഇടതു മതേതര ജനാധിപത്യ പാർട്ടികൾ മാത്രമല്ല എല്ലാ ബഹുജന സംഘടനകളും പൊതുസമൂഹവും പ്രമുഖ വ്യക്തികളും ഒത്തുചേരണമെന്ന്‌ എക്സിക്യൂട്ടീവ്‌ അഭിപ്രായപ്പെട്ടു. വിഭാഗീയ അജൻഡകൾ ഉയർത്തി ജനങ്ങളുടെ ശ്രദ്ധ തിരിച്ച ശേഷം നരേന്ദ്ര മോഡി സർക്കാർ വിനാശകരമായ നവ ഉദാരവൽക്കരണ സാമ്പത്തിക നയത്തിന്റെ  ബാക്കി ഭാഗങ്ങൾ കൂടി പൂർത്തീകരിക്കാനുള്ള ശ്രമത്തിലാണ്‌. വില കുതിച്ചുയർന്നുകൊണ്ടിരിക്കുന്നു, വിദ്യാഭ്യാസവും ആരോഗ്യപരിപാലനവും പോലുള്ള പൊതുസേവനങ്ങൾ സാധാരണക്കാരന്‌ എത്തിച്ചേരാനാകാത്തവിധത്തിലായിരിക്കുന്നു. ഫാസിസ്റ്റ്‌ കടന്നാക്രമണങ്ങൾക്കെതിരെ ഇടതു മതേതര ജനാധിപത്യ കൂട്ടായ്മ വളർത്തുന്നതോടൊപ്പം തന്നെ മറ്റ്‌ ഇടതുപാർട്ടികളും ബഹുജനസംഘടനകളുമായി ചേർന്ന്‌ കർഷകരുടെയും തൊഴിലാളികളുടെയും കർഷക തൊഴിലാളികളുടെയും യുവജന വിദ്യാർഥികളുടെയും സാമൂഹ്യ – സാമ്പത്തിക ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട്‌ പ്രക്ഷോഭങ്ങൾ വളർത്തിക്കൊണ്ടുവരണം.
ഇന്ത്യയെ രക്ഷിക്കുക, ഇന്ത്യയെ മാറ്റുക എന്ന മുദ്രാവാക്യമുയർത്തി കന്യാകുമാരിയിൽ നിന്നും ഹുസൈനിവാലയിലേയ്ക്ക്‌ ലോങ്മാർച്ച്‌ നടത്താനുള്ള എഐവൈഎഫ്‌ എഐഎസ്‌എഫ്‌ തീരുമാനത്തെ എക്സിക്യൂട്ടീവ്‌ സ്വാഗതം ചെയ്തു. മാർച്ച്‌ വിജയിപ്പിക്കുന്നതിന്‌ പാർട്ടി ഘടകങ്ങൾ എല്ലാവിധ സഹായങ്ങളും നൽകണം.

നാഗ്പൂർ – മുംബൈ- സമൃദ്ധി മാർഗ്ഗ്‌ പദ്ധതി ഉപേക്ഷിക്കാൻ തയ്യാറാകണമെന്ന്‌ സർക്കാരിനോട്‌ ആവശ്യപ്പെടുന്നു. ഇതിനെതിരെ മഹാരാഷ്ട്രയിൽ കർഷകർ നടത്തുന്ന പോരാട്ടത്തെക്കുറിച്ച്‌ വിലയിരുത്തുകയും സമരത്തിൽ സജീവ പങ്ക്‌ വഹിക്കുന്ന കിസാൻസഭയെ അഭിനന്ദിക്കുന്നു.
കേരളം, തമിഴ്‌നാട്‌, തെലങ്കാന, ആന്ധ്രപ്രദേശ്‌ എന്നീ സംസ്ഥാനങ്ങളിൽ അനുഭവപ്പെടുന്ന അസാധാരണമായ വരൾച്ച നേരിടുന്ന സാഹചര്യത്തിലും കർഷക ആത്മഹത്യകളിലും ഉൽക്കണ്ഠ രേഖപ്പെടുത്തിയ എക്സിക്യൂട്ടീവ്‌ കർഷകരെ സഹായിക്കുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന്‌ കേന്ദ്ര സർക്കാരിനോട്‌ ആവശ്യപ്പെടുന്നു.
ന്യായവില നൽകി സംഭരിക്കാനുള്ള സർക്കാർ പദ്ധതികളുടെ അഭാവവും വ്യാപാരികളുടെയും ഇടനിലക്കാരുടെയും ചൂഷണവും മൂലം പല സംസ്ഥാനങ്ങളിലും മുളക്‌ ഉൾപ്പെടെയുള്ള കാർഷികോൽപ്പന്നങ്ങൾക്കുണ്ടായിരിക്കുന്ന വിലയിടിവിൽ യോഗം ഉൽക്കണ്ഠ രേഖപ്പെടുത്തി.

കശ്മീർ പ്രശ്നത്തിന്‌  രാഷ്ട്രീയ പരിഹാരം കാണണം
ജമ്മു കശ്മീരിൽ സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രശ്നപരിഹാരത്തിന്‌ നടപടി സ്വീകരിക്കണം. കശ്മീരിലേത്‌ രാഷ്ട്രീയ പ്രശ്നമാണെന്നും അതിന്‌ രാഷ്ട്രീയ പരിഹാരമാണ്‌ ആവശ്യമെന്നും യോഗം വിലയിരുത്തി. കശ്മീർ താഴ്‌വരയിലെ ജനങ്ങൾക്കിടയിൽ എതിർപ്പ്‌ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഭരണഘടനയുടെ 370 ാ‍ം വകുപ്പിനെ അടിസ്ഥാനമാക്കിയും  കശ്മീർ ജനതയെ വിശ്വാസത്തിലെടുത്തും ബന്ധപ്പെട്ട എല്ലാവരുമായും ചർച്ച നടത്താൻ സർക്കാർ തയ്യാറാകണം. അതിലൂടെ മാത്രമേ താഴ്‌വരയിലെ സമാധാനും സാധാരണ സ്ഥിതിയും നിലനിർത്താൻ സാധിക്കൂ.

ബസ്തറിലെ സ്ഥിതിഗതികൾ
ചത്തീസ്ഗഡിലെ സുക്മയിൽ മാവോയിസ്റ്റ്‌ അക്രമവും 25 സിആർപിഎഫ്‌ സൈനികർ മരിക്കാനിടയാക്കിയ സംഭവവും ശക്തമായ ഭാഷയിൽ അപലപിക്കുമ്പോൾ തന്നെ അവിടെയുള്ള ആദിവാസികളോട്‌ കേന്ദ്ര – സംസ്ഥാന സർക്കാർ കൈക്കൊള്ളുന്ന സമീപനങ്ങൾ പുനഃപരിശോധിക്കണം. മാവോയിസ്റ്റുകളുടെ പേരിൽ പ്രദേശത്തെ ആദിവാസികളെയും സിപിഐ പ്രവർത്തകരെയും ആദിവാസി മഹാസഭ പ്രവർത്തകരെയും ലക്ഷ്യം വയ്ക്കുന്ന ചത്തീസ്ഗഡ്‌ സർക്കാരിന്റെയും സുരക്ഷാ സൈന്യത്തിന്റെയും നടപടി ഉപേക്ഷിക്കണം. നക്സൽ പ്രശ്നം വെറും ക്രമസമാധാന പ്രശ്നമായി മാത്രം കണ്ടുകൂടെന്നും ഉന്നയിക്കപ്പെടുന്ന സാമൂഹ്യ – സാമ്പത്തിക വിഷയങ്ങൾ പരിഹരിക്കുന്നതിലുള്ള ദീർഘകാല പദ്ധതികൾ അവിഷ്കരിക്കുകയാണ്‌ വേണ്ടത്‌.

  Categories:
view more articles

About Article Author