രണ്ടുദിനം മുൻപേ മഴയെത്തും, ഇക്കുറി മെയ്‌ 30

രണ്ടുദിനം മുൻപേ മഴയെത്തും, ഇക്കുറി മെയ്‌ 30
May 19 03:55 2017

പ്രദീപ്‌ ചന്ദ്രൻ
കൊല്ലം: കേരളത്തിൽ തെക്കുപടിഞ്ഞാറൻ കാലവർഷം ഇത്തവണ രണ്ടുദിവസം മുൻപേ എത്തും. കാലവർഷത്തിനു മുന്നോടിയായി രൂപപ്പെട്ട ന്യൂനമർദ്ദം മെയ്‌ 14 ഓടെ ആൻഡമാൻ വഴി ബംഗാൾ ഉൾക്കടലിലൂടെ കേരളതീരത്ത്‌ പ്രവേശിച്ചുകഴിഞ്ഞു. ആൻഡമാൻ കടലിൽ സാധാരണ ഗതിയിൽ മെയ്‌ 20 ഓടെ മാത്രമേ ന്യൂനമർദ്ദം രൂപപ്പെടുകയുള്ളു. സ്ഥിതിഗതികൾ അനുകൂലമായതോടെ കേരളത്തിൽ മെയ്‌ 30ന്‌ തന്നെ കാലവർഷം ആരംഭിക്കുമെന്ന്‌ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. സാധാരണഗതിയിൽ ജൂൺ ഒന്നിനാണ്‌ കേരളത്തിൽ മഴ തുടങ്ങുന്നത്‌.
കഴിഞ്ഞ വർഷം കാർമേഘങ്ങൾ ശക്തികുറഞ്ഞാണ്‌ കേരള തീരത്തെത്തിയത്‌. എന്നാൽ ഇക്കുറി നല്ല മഴ ലഭിക്കുമെന്നാണ്‌ കാലാവസ്ഥ ഏജൻസികൾ പറയുന്നത്‌. കഴിഞ്ഞ അഞ്ച്‌ വർഷമായി ജൂൺ അഞ്ചിന്‌ ശേഷം മാത്രമേ കേരളത്തിൽ കാലവർഷം ആരംഭിക്കാറുള്ളൂ. 2013 മാത്രമാണ്‌ ഇതിന്‌ അപവാദം.
ആൻഡമാൻ നിക്കോബാറിൽ മെയ്‌ 16ഓടെ എത്തിയ കാലവർഷം 29ന്‌ കേരളത്തിൽ എത്തുമെന്നാണ്‌ ‘സ്കൈമെറ്റി’ന്റെ പ്രവചനം. കാലവർഷത്തിനു മുന്നോടിയായി കേരളത്തിന്റെ പല ഭാഗങ്ങളിലും മഴ ശക്തിപ്പെട്ടിട്ടുള്ളത്‌ നല്ലൊരു സൂചനയാണെന്ന്‌ കരുതപ്പെടുന്നു. മെയ്‌ 25ന്‌ ശേഷം മഴ കനക്കുന്നതോടെ കാലവർഷത്തിന്റെ പ്രവേശനം സുഗമമാകുമെന്നാണ്‌ വിലയിരുത്തൽ.
‘എൽനിനോ’ പ്രതിഭാസത്തെ ശിഥിലീകരിക്കുന്ന ‘ഇന്ത്യൻ ഓഷൻ ഡൈപോൾ’ എന്ന ഘടകത്തിന്റെ സാന്നിദ്ധ്യമാണ്‌ മികച്ച കാലവർഷത്തിന്‌ അനുകൂലമായിട്ടുള്ളത്‌. ഇന്ത്യൻ മഹാസമുദ്രത്തിന്റെ പടിഞ്ഞാറൻ ഭാഗങ്ങളിൽ ചൂട്‌ കൂടുകയും കിഴക്കുഭാഗത്ത്‌ തണുപ്പേറുകയും ചെയ്യുന്നതാണ്‌ ഡൈപോളിന്റെ പോസിറ്റീവ്‌ ഘടകം. രാജ്യത്തിന്റെ കിഴക്ക്‌ ഭാഗത്തെ ബംഗാൾ ഉൾക്കടലിനും പടിഞ്ഞാറ്‌ അറേബ്യൻ സമുദ്രത്തിന്റെയും ഊഷ്മാവിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളാണ്‌ ഇന്ത്യൻ ഓഷൻ ഡൈപോളിനെ നിയന്ത്രിക്കുന്നത്‌. ‘ഇന്ത്യൻ നിനോ’ എന്നാണ്‌ ഇതിനെ അറിയപ്പെടുന്നത്‌. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ മഴയുടെ ശക്തി കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്നത്‌ ഇതിന്റെ ഏറ്റക്കുറച്ചിലുകൾക്ക്‌ അനുസൃതമായാണ്‌.
തെക്കുപടിഞ്ഞാറൻ കാലവർഷത്തിലൂടെയാണ്‌ രാജ്യത്തിന്‌ ആവശ്യമായ മഴയുടെ എഴുപത്‌ ശതമാനവും ലഭിക്കുന്നത്‌. കാലവർഷം മെച്ചപ്പെടുന്നതോടെ കാർഷിക ഉൽപ്പാദനം മെച്ചപ്പെടുകയും അതുവഴി സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുകയും ചെയ്യും. മെച്ചപ്പെട്ട മഴ ലഭിക്കുന്നതോടെ വരും മാസങ്ങളിൽ പണപ്പെരുപ്പത്തിന്റെ തോത്‌ കുറയുമെന്ന്‌ സാമ്പത്തിക വിദഗ്ദ്ധർ ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്‌.

പ്രവചനം മഴ എത്തിയത്‌
2012 ജൂൺ 1 ജൂൺ 5
2013 ജൂൺ 3 ജൂൺ 1
2014 ജൂൺ 5 ജൂൺ 6
2015 മേയ്‌ 30 ജൂൺ 5
2016 ജൂൺ 7 ജൂൺ 8

  Categories:
view more articles

About Article Author