രണ്ട്‌ പെൺകുട്ടികളും കുറേ മനുഷ്യരും

രണ്ട്‌ പെൺകുട്ടികളും കുറേ മനുഷ്യരും
March 16 05:00 2017

എ വി ഫിർദൗസ്‌
പാലക്കാട്‌ ജില്ലയിലെ വാളയാറിനടുത്ത്‌ അട്ടപ്പള്ളം എന്ന സ്ഥലത്ത്‌ സഹോദരിമാരായ രണ്ട്‌ പെൺകുട്ടികൾ ഒരേവിധത്തിൽ ദുരൂഹമായ സാഹചര്യത്തിൽ രണ്ട്‌ മാസത്തെ വ്യാത്യാസത്തിനിടയിൽ മരണത്തിന്‌ ഇരകളായി. ഒറ്റമുറി വീടിന്റെ ഉയരംകൂടിയ മോന്തായത്തിൽ തൂങ്ങിനിൽക്കുന്ന വിധത്തിലാണ്‌ രണ്ട്‌ കുട്ടികളുടേയും മൃതശരീരം കാണാനിടയായത്‌. കൊലപാതകമാണ്‌ എന്ന്‌ സൂചിപ്പിക്കുന്ന വിധത്തിലാണ്‌ അന്വേഷണങ്ങൾ പുരോഗമിക്കുന്നത്‌. പതിമൂന്ന്‌ വയസുകാരിയായ മൂത്ത പെൺകുട്ടി മരണത്തിന്‌ വിധേയമായ ദിവസം ആ സംഭവം നേരിൽക്കണ്ട ആദ്യ ദൃക്സാക്ഷി കൂടിയാണ്‌ ഇളയപെൺകുട്ടി. രണ്ട്‌ കുട്ടികളും മാസങ്ങളോളം ക്രൂരമായ ലൈംഗിക പീഡനങ്ങൾക്കിരയായിരുന്നു എന്നാണ്‌ പൊലീസിന്റെ കണ്ടെത്തൽ. പീഡനത്തിന്‌ ഇരയാക്കിയ പ്രതികളെ പിടികൂടുകയും ചെയ്തിട്ടുണ്ട്‌. ഇനിയും കൂടുതൽ പേർ പ്രതിപ്പട്ടികയിൽ ഉൾപ്പെടാനുള്ള സാധ്യത നിലനിൽക്കുകയും ചെയ്യുന്നു. ആ വീടുമായി അടുത്ത ബന്ധം ഉണ്ടായിരുന്നവരും കുട്ടികളുടെ അച്ഛനമ്മമാരുടെ പരിചയക്കാരുമാണ്‌ പിടികൂടപ്പെട്ട പ്രതികൾ. നിത്യത്തൊഴിലെടുത്ത്‌ ജീവിക്കുന്ന ചുറ്റുപാടുകളിൽ ജീവിക്കുന്ന ഒരു കുടുംബമാണ്‌ ദുരിതത്തിനിരയായത്‌. പ്രതികൾ സാധാരണക്കാരും കൂലിപ്പണിക്കാരുമാണ്‌. ഒരാൾ അടുത്ത ബന്ധുവാണെങ്കിൽ മറ്റൊരാൾ അടുത്ത വീട്ടിൽ താമസിക്കുന്ന അന്യനാട്ടുകാരനാണ്‌. മദ്യവും ലഹരിയും വൈയക്തികങ്ങളായ പ്രശ്നകാലുഷ്യങ്ങളും ഇടചേർന്നു കിടക്കുന്ന ഒരു പശ്ചാത്തലം ഈ കിരാതമായ സംഭവത്തിനുണ്ട്‌ എന്നതാണ്‌ വിശകലനമർഹിക്കുന്ന പ്രധാന പ്രശ്നം. സ്വന്തം മക്കളെയോ അനുജത്തിമാരെയോ പോലെ ഈ പെൺകുട്ടികളെ കാണേണ്ടിയിരുന്ന മനുഷ്യർ ആ കുട്ടികളെ കേവലം ലൈംഗിക വസ്തുക്കൾ മാത്രമായിക്കരുതുന്ന സാഹചര്യം എങ്ങനെയുണ്ടായി എന്നത്‌ പഠന വിധേയമാക്കേണ്ടതുണ്ട്‌. ഒറ്റപ്പെട്ട ഒരു വീട്ടിൽ പെൺകുട്ടികളെ തനിച്ചാക്കി ജോലിക്കു പോകുന്ന മാതാപിതാക്കൾ സമൂഹത്തിലും ചുറ്റുപാടുമുള്ള മനുഷ്യരിലും അർപ്പിച്ചിരുന്ന വിശ്വാസമാണ്‌ തകർന്നില്ലാതായത്‌. കേരളത്തിൽ എവിടേയും എപ്പോഴും ഇത്തരത്തിൽ വി
ശ്വാസത്തകർച്ചകൾ സംഭവിക്കാനുള്ള സാധ്യത ഇന്ന്‌ നിലനിൽക്കുന്നതിന്‌ പ്രധാന കാരണം മദ്യവും താളംതെറ്റിയ മനുഷ്യചിന്തകളുമാണ്‌. സമൂഹത്തിന്‌ ചികിൽസയും മാർഗദർശനവും ആവശ്യമായി വരുന്ന സാഹചര്യങ്ങളും സന്ദർഭങ്ങളും കേരളത്തിൽ വർധിച്ചുകൊണ്ടിരിക്കുകയാണ്‌ എന്ന്‌ ഈ സംഭവം തെളിയിക്കുന്നു.
മക്കൾ സുരക്ഷിതരായിരിക്കണം എന്നാഗ്രഹിക്കുന്ന മാതാപിതാക്കൾ തീർച്ചയായും ചില മുൻകരുതലുകൾ എടുക്കേണ്ടത്‌ ആവശ്യമാണ്‌. അപരിചിതർക്കും സ്വഭാവദൂഷ്യമുള്ളവർക്കും വീടകങ്ങളിൽ പ്രവേശനം നൽകാതിരിക്കണം. പ്രത്യേകിച്ച്‌ മദ്യത്തിന്‌ അടിമകളായി താളം തെറ്റിയ ജീവിതം നയിക്കുന്നവരെ കൂടുതൽ കരുതിയിരിക്കണം. അവർ എത്ര സ്നേഹത്തോടെ പെരുമാറിയാലും അവർക്കുള്ളിൽ ഒളിഞ്ഞിരിക്കുന്ന ചെകുത്താൻമനസ്‌ ചില സന്ദർഭങ്ങളിൽ പുറത്തുചാടി എന്നുവരാം. ആൺകുട്ടികൾ പോലും ക്രൂരമായ ലൈംഗികാതിക്രമങ്ങൾക്കിരയാക്കപ്പെട്ടുകൊണ്ടിരിക്കുന്ന വർത്തമാനകാലത്ത്‌ പെൺകുട്ടികളോട്‌ അപരിചിതരോ പരിചിതരോ ആയ സ്വഭാവ ഭൂഷ്യമുള്ളവർ കാണിക്കുന്ന അടുപ്പവും വാൽസല്യവും സംശയാസ്പദമായിത്തന്നെ കാണേണ്ടതുണ്ട്‌. ഒഴിഞ്ഞുകിട്ടുന്ന ഇരകൾക്കുമേൽ ചാടിവീഴാൻ പാകത്തിൽ ഹിംസ്ര ജന്തുക്കൾ കാത്തിരിക്കുന്ന കാലമാണിത്‌. കേരളത്തിൽ സമീപകാലത്തായി ഇത്തരം കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വർധിച്ചുവരികയാണ്‌. ബാർ നിരോധനത്തെത്തുടർന്ന്‌ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവിധ തരത്തിലുള്ള ലഹരിവസ്തുക്കളുടെ ഉപഭോഗം വർധിച്ചിട്ടുണ്ട്‌. സാധാരണ തൊഴിലാളികളുടെ ലഹരിശീലങ്ങളിൽ വന്ന മാറ്റങ്ങൾ കുറ്റകൃത്യങ്ങളെ വളർത്തുന്ന വിധത്തിൽ അപകടകരങ്ങളാണ്‌. കേരളത്തെ ഇന്നത്തെ അവസ്ഥയിൽ കുറ്റകൃത്യങ്ങളുടെ വൈചിത്ര്യങ്ങളിലേയ്ക്ക്‌ നയിക്കുന്നതിൽ കഴിഞ്ഞ ഗവൺമെന്റിന്റെ തലതിരിഞ്ഞ മദ്യനയത്തിനുള്ള പങ്ക്‌ പഠനവിധേയമാക്കപ്പെടണം. ഇപ്പോൾ ഇത്തരം സംഭവങ്ങളുടെ പേരിൽ എൽഡിഎഫ്‌ സർക്കാരിനെതിരേ കുരച്ചുചാടുന്ന പ്രതിപക്ഷം സ്വന്തം ചെയ്തിയുടെ ഉത്തരവാദിത്വത്തിൽ നിന്ന്‌ ഒഴിഞ്ഞുമാറരുത്‌. ഒഴിഞ്ഞ പ്രദേശങ്ങളെയും വെളിമ്പറമ്പുകളെയും ഇടവഴി മൂലകളേയും മദ്യപൻമാരുടേയും സാമൂഹ്യദ്രോഹികളുടേയും താവളമാക്കി മാറ്റുന്നതിൽ യുഡിഎഫ്‌ ഗവൺമെന്റിന്റെ നയങ്ങൾ വഹിച്ച പങ്ക്‌ വലുതാണ്‌. ഇത്തരം സാഹച
ര്യങ്ങളെ ആശ്രയിച്ചുതന്നെയാണ്‌ കുട്ടികൾക്കെതിരായ പീഡനങ്ങളുടെ വർധനവ്‌ ഉണ്ടായിട്ടുള്ളതും. പകൽ ഒഴിഞ്ഞ ഇടങ്ങളിലിരുന്ന്‌ മദ്യപിക്കുന്ന ക്രിമിനലുകൾ ഒറ്റയ്ക്ക്‌ സഞ്ചരിക്കുന്ന കുട്ടികളേയും വീട്ടിൽ ആളില്ലാത്ത തക്കം നോക്കി വീടുകളുടെ പരിസരങ്ങളിൽ കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികളേയും വേട്ടയാടുന്നു. വാളയാർ അട്ടപ്പള്ളത്തെ സംഭവത്തിലും ഇത്തരത്തിലുള്ള ചില സാഹചര്യങ്ങൾ കാരണങ്ങളായി കണ്ടെത്താവുന്നതാണ്‌.
കേരളത്തിന്റെ പല പ്രദേശങ്ങളിലും ദരിദ്ര കുടുംബങ്ങൾ ഇന്നും ജിവിക്കുന്നത്‌ അരക്ഷിതമായ സാഹചര്യങ്ങളിലാണ്‌. പണിയെടുത്ത്‌ ജീവിക്കുന്ന സാധാരണക്കാർക്കുപോലും അന്തിയുറങ്ങാൻ സുരക്ഷിതമായ ഇടങ്ങളില്ല. പെരുമ്പാവൂരിൽ ജിഷ കൊല്ലപ്പെട്ടപ്പോൾ ആ പെൺകുട്ടി താമസിച്ചിരുന്ന വീടിന്റെ അരക്ഷിതാവസ്ഥ മാധ്യമങ്ങളിൽ വാർത്തയാവുകയുണ്ടായി. വാളയാർ അട്ടപ്പള്ളത്ത്‌ രണ്ട്‌ പെൺകുട്ടികൾ ജീവിച്ചിരുന്ന വീടിന്റെ ചിത്രവും കേരളം കണ്ടു. മാതാപിതാക്കൾ ദിവസവും പണിയെടുക്കുന്നുണ്ട്‌. അവർ കിട്ടുന്ന കൂലിയിൽ ഗണ്യമായ പങ്കും മ
ദ്യപിച്ചു തീർക്കുകയും വൈകിട്ട്‌ വീട്ടിലെത്തിയാൽ മദ്യപ്പുറത്ത്‌ തമ്മിൽ കലഹിക്കുകയും ചെയ്തിരുന്നതായാണ്‌ നാട്ടുകാരുടെ ദൃക്സാക്ഷി വിവരണം. മദ്യത്തിന്റെ പേരിലുള്ള വിരുന്നുകാരും സൗഹൃദങ്ങളുമൊക്കെ ആ ചെറിയ വീട്ടിൽ വരികയും രാപ്പാർക്കുകയും ചെയ്തിരുന്നു. പുറത്തുനിന്നുള്ളവർക്ക്‌ മദ്യപിക്കാൻ അവസരമൊരുക്കി കൊടുത്തിരുന്നതായും സമീപവാസികൾ പറയുന്നുണ്ട്‌. ഇത്തരമൊരു സാഹചര്യത്തിൽ രണ്ട്‌ പെൺകുട്ടികൾ സുരക്ഷിതരായിരിക്കുമെന്ന്‌ ആർക്കാണുറപ്പ്‌ പറയാൻ കഴിയുക. ആ വീടിന്റേയും കുടുംബത്തിന്റേയും അരക്ഷിതത്വത്തിന്റെ ഇരകൾ തന്നെയാണ്‌ ആ പാവം പെൺകുട്ടികൾ. ദിവസക്കൂലിക്ക്‌ പണിയെടുത്ത്‌ മാന്യമായി ജീവിക്കുന്ന ലക്ഷക്കണക്കിന്‌ മനുഷ്യർ കേരളത്തിലുണ്ട്‌. അവരുടെ ജീവിതത്തെ സുരക്ഷിതമായി മുന്നോട്ടു കൊണ്ടുപോകുന്നത്‌ അവരുടെ ശ്രദ്ധയും കരുതലും തന്നെയായിരിക്കും. മക്കളുള്ള മാതാപിതാക്കൾ സ്വന്തം ആത്മശാന്തിക്കായി മദ്യത്തെ ആശ്രയിക്കുകയും മനംമറന്ന്‌ ഉറങ്ങുകയും ചെയ്യുമ്പോൾ കുട്ടികളുടെ ജീവിതം കാട്ടുനായ്ക്കൾ കൊത്തിപ്പറിക്കുമെന്നുറപ്പാണ്‌. സ്വന്തം വീടിന്റെ ചുമരുകൾക്കുള്ളിൽ അന്യർക്ക്‌ പ്രവേശനം നിയന്ത്രിക്കുകയും കുട്ടികളെക്കരുതി സ്വന്തം സ്വഭാവദൂഷ്യങ്ങളവസാനിപ്പിക്കുകയും ചെയ്യാൻ അട്ടപ്പളത്തെ പെൺകുട്ടികളുടെ മാതാപിതാക്കൾ മനസ്‌ വച്ചിരുന്നെങ്കിൽ ഈ ദുരനുഭവം ഉണ്ടാകുമായിരുന്നില്ല. ആർക്കും എപ്പോഴും അതിക്രമിച്ചു കടന്നുചെന്ന്‌ ക്രൂരകൃ
ത്യങ്ങൾ ചെയ്യുവാൻ പാകത്തിൽ ആ കുടുംബത്തിന്റെ കെട്ടുറപ്പ്‌ ശിഥിലമായിരുന്നു. സദാ മദ്യത്തിന്റെ ലഹരിയിൽ ജീവിക്കുന്ന വ്യക്തികളെ സൗഹൃദത്തിന്റേയും പരിചയത്തിന്റേയും പേരിൽ വീടുകളിലേയ്ക്ക്‌ കൂട്ടിക്കൊണ്ടുപോകുന്നവർ സാധാരണക്കാരായാലും അസാധാരണക്കാരായാലും അവർ കരുതിയിരിക്കണമെന്ന ഒരു പാഠവും ഈ സംഭവത്തിൽ നിന്ന്‌ കേരളീയ സമൂഹം പഠിക്കേണ്ടിയിരിക്കുന്നു.
ഭരണകൂട സ്ഥാപനങ്ങളും നിയമപാലകരും സാമൂഹ്യപ്രവർത്തകരും പൊതുസമൂഹവും ഉൾപ്പെട്ട ഒരു സുരക്ഷിതവലയം തീർക്കേണ്ടത്‌ ഇന്നിന്റെ ആവശ്യമാണ്‌. കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങളിൽ മദ്യത്തിനും മയക്കുമരുന്നിനുമുള്ള പങ്കാളിത്തം തിരിച്ചറിയുകയും പ്രതിരോധിക്കുകയും വേണ്ടതാണ്‌. അതോടൊപ്പം തന്നെ ഗാർഹികസാഹചര്യങ്ങളിൽ സുരക്ഷിതത്വം ഉറപ്പുവരുത്തുവാനുള്ള സംവിധാനങ്ങളും വേണം. കുട്ടികൾ ഒറ്റയ്ക്ക്‌ സഞ്ചരിക്കുകയോ താമസിക്കുകയോ ചെയ്യുന്ന പരിസരങ്ങളിൽ ജാഗ്രത ആവശ്യമാണ്‌. മദ്യപൻമാരുടെ വിളയാട്ടമുള്ള പ്രദേശങ്ങളിൽ രക്ഷിതാക്കൾ കുട്ടികളെ ഒറ്റയ്ക്കാക്കി പോകുന്നത്‌ ഒഴിവാക്കാൻ ബോധവൽക്കരണം ആവശ്യമാണ്‌. ഇത്തരം ഘട്ടങ്ങളിൽ ബന്ധുവീടുകളിൽ കുട്ടികളെ ഏൽപ്പിക്കുകയാണ്‌ ഒരു പരിധിവരെയെങ്കിലും സുരക്ഷതരീതി. കേരളത്തിലെ പല സ്ഥലങ്ങളിലും മദ്യശാലകൾ മാറ്റിസ്ഥാപിക്കുന്നതിനെതിരായി ജനകീയ പ്രക്ഷോഭങ്ങൾ നടന്നുവരുന്നുണ്ട്‌. മദ്യശാലകൾക്കു ചുറ്റുമായി തമ്പടിക്കുന്ന സാമൂഹ്യദ്രോഹികൾ പ്രദേശങ്ങളിൽ സമാധാന ജീവിതം തകർക്കുമെന്ന ചിന്തയാണ്‌ ഇത്തരം എതിർപ്പുകൾക്ക്‌ കാരണം. അനുഭവങ്ങൾ ആ ചിന്തയെ സാധൂകരിക്കുകയും ചെയ്യുന്നുണ്ട്‌. മദ്യപാനത്തിനെതിരായ ബോധവൽക്കരണത്തോടൊപ്പം തന്നെ മദ്യപാനികൾക്ക്‌ ഒരു പ്രവർത്തനരീതി ശാസ്ത്രം കൂടി മുന്നോട്ടുവെക്കേണ്ട രീതിയിലാണ്‌ കേരളത്തിന്റെ പോക്ക്‌. മദ്യപർക്കും കുട്ടികൾക്കുമിടയിൽ ഒരകലം ആവശ്യമായി വന്നിരിക്കുന്നു. സമീപകാലത്ത്‌ റിപ്പോർട്ട്‌ ചെയ്യപ്പെട്ട കുട്ടികൾക്കെതിരായ എല്ലാ പീഡനങ്ങളിലും മദ്യമാണ്‌ പ്രധാന വില്ലനായി പ്രത്യക്ഷപ്പെട്ടത്‌. സ്വന്തം വീട്ടിലുള്ള മക്കളെ മറന്ന്‌ മദ്യപൻമാർ നാട്ടിലെ മക്കളെ വേട്ടയാടാനിറങ്ങുന്നത്‌ കേരളീയ സമൂഹം ചെന്നുപെട്ടിരിക്കുന്ന വലിയ പ്രതിസന്ധിയുടെ ചിത്രമാണ്‌. ബാറുകൾ ഇല്ലാതായതോടെ പകൽ മുഴുവൻ മദ്യശാലകൾക്കും ബിവറേജ്‌ ഷോപ്പുകൾക്കും ചുറ്റുമായി തമ്പടിക്കുന്നവരുടെ സംഖ്യ വർധിക്കാനിടയായിട്ടുണ്ട്‌ എന്ന യാഥാർത്ഥ്യം ഇതോടെ ചേർത്തുവച്ച്‌ ചിന്തിക്കേണ്ടതാണ്‌. മുഴുവൻ സമയ മദ്യജീവികളുടെ ഒരു പുതിയ വർഗത്തിന്റെ ആവിർഭാവത്തിന്‌ വഴിയൊരുക്കിയത്‌ യുഡിഎഫ്‌ ഗവൺമെന്റിന്റെ തെറ്റായ മദ്യനയം തന്നെയാണ്‌. കേരളത്തിൽ ഇന്നരങ്ങേറുന്ന മദ്യജന്യ കുറ്റകൃത്യങ്ങളെ മുൻനിർത്തി സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്താൻ വെമ്പുന്ന പ്രതിപക്ഷം സ്വന്തം മണ്ടത്തരത്തിന്‌ ഒരു നാടും ജനതയും വില നൽകിക്കൊണ്ടിരിക്കയാണ്‌ എന്ന സത്യം മറച്ചുപിടിക്കാൻ ശ്രമിക്കുന്നത്‌ തികച്ചും വ്യർഥമായ ശ്രമം മാത്രമാണ്‌.
കേരളത്തിന്റെ അതിർത്തിക്കുള്ളിൽ ജീവിക്കുന്ന അരക്ഷിത തൊഴിലാളി കുടുംബങ്ങളെക്കുറിച്ചും അവരുടെ ജീവിത സാഹചര്യങ്ങളെക്കുറിച്ചും ഒരു പഠനം നടത്തി അവർക്കാവശ്യമായ ദിശാബോധം പകർന്നു നൽകുകയും അവരുടെ ജീവിത സാഹചര്യങ്ങളിൽ മാറ്റം വരുത്തുകയും ചെയ്യേണ്ടതുണ്ട്‌. കിട്ടുന്ന വരുമാനം മുഴുവൻ മദ്യത്തിനായി ചെലവഴിച്ച്‌ സുരക്ഷിതത്വമില്ലാത്ത ചുമരുകൾക്കുള്ളിൽ കുടുംബത്തെ താമസിപ്പിക്കുന്നവർ ഇന്നുമുണ്ട്‌. നമ്മുടെ സാമൂഹ്യക്ഷേമ പദ്ധതികളിൽ പലതും ഇന്നും സമൂഹത്തിന്റെ അടിത്തട്ടുകളിൽ എത്തുന്നില്ല. ഓരോ വ്യക്തിയുടേയും ക്ഷേമവും സുരക്ഷിതത്വവും അതാത്‌ വ്യക്തികളിൽത്തന്നെയാണ്‌ ഏറ്റവുമാദ്യമായി നിക്ഷിപ്തമായിരിക്കുന്നത്‌. എന്നാലിക്കാര്യം അവരിൽ പലരും മറന്നുപോകുന്നുവെന്നതുകൊണ്ട്‌ അവരെ ഓർമിപ്പിക്കേണ്ടത്‌ ഭരണകൂട സ്ഥാപന-സംവിധാനങ്ങളുടെ ബാധ്യതയാണ്‌. സാമൂഹ്യ ബന്ധങ്ങളേയും വ്യക്തികളും ചുറ്റുപാടുകളുമായുള്ള വിനിമയങ്ങളേയും സജീവമാക്കിക്കൊണ്ട്‌ അരക്ഷിത ജീവിത സാഹചര്യങ്ങളിൽ ജീവിക്കുന്ന മനുഷ്യരെ മാറ്റങ്ങളിലേയ്ക്ക്‌ കൊണ്ടുവരാൻ കഴിയുന്നതാണ്‌. ഇതിനുള്ള സ്ഥിരവും ശാസ്ത്രീയവുമായ സംവിധാനങ്ങൾ ഉണ്ടാവണം. വീടുകളിൽ ഒറ്റപ്പെട്ടുപോകുന്ന കുട്ടികൾക്ക്‌ ഒന്നിച്ച്‌ സുരക്ഷിതമായി പകൽ കഴിയാനുള്ള സ്ഥാപനങ്ങളെക്കുറിച്ചും ചിന്തിക്കണം. നഗരങ്ങളിലെ ഡേകെയർ സ്ഥാപനങ്ങൾ പോലെ ഗ്രാമങ്ങളിലും ഉൾനാടുകളിലും സാധാരണ കുടുംബങ്ങളിലെ കുട്ടികൾക്കായുള്ള സ്ഥാപനങ്ങളും ഉണ്ടാവണം.
അതാത്‌ പ്രദേശങ്ങളിലെ സാഹചര്യങ്ങൾക്കും ചുറ്റുപാടുകൾക്കും അനുസൃതമായി ഇത്തരം സ്ഥാപനങ്ങൾ സ്ഥാപിക്കാൻ സർക്കാർ മുൻകൈയെടുക്കണം. വാളയാർ അട്ടപ്പള്ളത്തെ രണ്ട്‌ കൊച്ചുപെൺകുട്ടികൾക്ക്‌ പകലിൽ സുരക്ഷിതമായി കഴിയാനുള്ള ഒരു സാഹചര്യം ഉണ്ടായിരുന്നെങ്കിൽ അവരെ നോട്ടം വച്ച്‌ പിച്ചിച്ചീന്തുവാൻ ചില നരാധമൻമാർ കാത്തിരിക്കുമായിരുന്നില്ലല്ലോ. ഒറ്റയ്ക്കാകുന്ന കുട്ടികളെ ഇരകളാക്കുവാൻ ചുവന്ന കണ്ണുകളുമായി കേരളത്തിന്റെ മുക്കുമൂലകളിൽ നരഭോജികൾ കാത്തിരിക്കുന്നുണ്ട്‌. കേരളത്തിലെവിടേയും എന്നും എപ്പോഴും ഇത്തരത്തിൽ ഇനിയും പെൺകുട്ടികൾ വേട്ടയാടപ്പെട്ടു എന്നുവരാം. കരുതൽ എല്ലാ തലത്തിലും വേണ്ടതുണ്ട്‌. രാഷ്ട്രീയ മുതലെടുപ്പുകൾക്കായുളള അവസരം കാത്തിരിക്കാതെ രംഗത്തിറങ്ങുകയാണ്‌ സാമൂ
ഹ്യബോധമുള്ള പാർട്ടികൾ ചെയ്യേണ്ടത്‌. മരണവീടുകളിലെ കരച്ചിലുകളെ മൊബെയിൽഫോണിന്റെ റിങ്ങ്ടോണാക്കി മാറ്റാനാണ്‌ ചില ദുഷ്മനസ്കരുടെ ശ്രമം.

  Categories:
view more articles

About Article Author