രാജ്യം നെഞ്ചോട്‌ ചേർത്ത സുന്ദരി: എയിഡ്സ്‌ ബാധിതയിൽ നിന്ന്‌ സുന്ദരി പട്ടത്തിലേക്ക്‌

രാജ്യം നെഞ്ചോട്‌ ചേർത്ത സുന്ദരി: എയിഡ്സ്‌ ബാധിതയിൽ നിന്ന്‌ സുന്ദരി പട്ടത്തിലേക്ക്‌
April 21 04:50 2017

അനു ദിവാകർ
രോഗത്തിന്റെ കാഠിന്യത്തെക്കുറിച്ചോ അപകടാവസ്ഥയെക്കുറിച്ചോ തിരിച്ചറിയാൻ കഴിയാത്ത പ്രായത്തിൽ അവൾ എച്ച്‌ഐവി പോസിറ്റീവ്‌ ആണെന്ന്‌ തിരിച്ചറിഞ്ഞു. അവഗണനയും വേദനയും സഹിച്ച്‌ ബാല്യവും കൗമാരവും പിന്നിട്ട്‌ യൗവ്വനത്തിലേക്ക്‌ അവൾ നടന്നുകയറിയത്‌ നേട്ടങ്ങളിലേക്കായിരുന്നു. ഇന്നവൾ കൈപ്പിടിയിലൊരുക്കിയിരിക്കുന്നത്‌ രാജ്യത്തിന്റെ സൗന്ദര്യപട്ടമാണ്‌. ആഫ്രിക്കൻ രാജ്യമായ ഡെമോക്രാറ്റിക്‌ റിപ്പബ്ലിക്‌ ഓഫ്‌ കോംഗോ സ്വദേശിയായ ഹൊഴ്സെല്ലി സിൻഡ വാ എംബോംഗോയാണ്‌ ആ യുവതി.
എയിഡ്സ്‌ ബാധിതയായി ജനിച്ച സിൻഡ എച്ച്‌ഐവി പോസിറ്റീവ്‌ ആണെന്ന്‌ തിരിച്ചറിയുന്നത്‌ 11-മത്തെ വയസിലാണ്‌. പ്രതിസന്ധികളെ ചിരിച്ചുകൊണ്ട്‌ നേരിട്ട സിൻഡ പതിനൊന്ന്‌ വർഷങ്ങൾക്കിപ്പുറം മിസ്സ്‌ കോംഗോ യു കെ 2017 പട്ടം സ്വന്തമാക്കി.
ബ്രിട്ടനിലെ സ്റ്റാൻഫോർഡ്‌ ഹാളിൽ നടന്ന ചടങ്ങിൽ കോംഗോയുടെ സുന്ദരിയായി സിൻഡയെ പ്രഖ്യാപിക്കുമ്പോൾ നിറഞ്ഞൊഴുകുകയായിരുന്നു ആ കണ്ണുകൾ. പതിനൊന്ന്‌ വർഷമായി അനുഭവിച്ച ദുരിതങ്ങൾ അവളുടെ കണ്ണിൽ നിന്ന്‌ ഒഴുകികൊണ്ടെയിരുന്നു. ബ്രിട്ടനിൽ ഫൈൻ ആർട്ട്സ്‌ വിദ്യാർഥിനിയാണ്‌ സിൻഡ.
ഡെമോക്രാറ്റിക്‌ റിപ്പബ്ലിക്‌ ഓഫ്‌ കോംഗോയിൽ നിന്നുള്ള ഏറ്റവും സൗന്ദര്യമുള്ള വനിതയെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ, 2006ലാണ്‌ മിസ്‌ കോംഗോ യു കെ സൗന്ദര്യമത്സരം ആരംഭിച്ചത്‌.സ്വന്തം രാജ്യത്തേക്ക്‌ തിരികെ പോകണമെന്നും എച്ച്‌ ഐ വിയെയും എയ്ഡ്സിനെയും കുറിച്ചുള്ള ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കണമെന്നുമാണ്‌ സിൻഡയുടെ ആഗ്രഹം. എച്ച്‌ ഐ വി ബാധിതയാണെന്ന്‌ തിരിച്ചറിഞ്ഞ നിമിഷം ഏറെ വേദനാജനകമായിരുന്നെന്ന്‌ സിൻഡ പറയുന്നു. എച്ച്‌ഐവി, എയിഡ്സ്‌ അവസ്ഥയില്ലാത്ത ലോകമാണ്‌ സ്വപ്നം കാണുന്നതെന്നും അതിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുമെന്നും സിൻഡ പറഞ്ഞു. ഓരോ വർഷവും ആഫ്രിക്കൻ രാജ്യങ്ങളിലെ ആയിരകണക്കിന്‌ ആളുകൾക്കാണ്‌ എച്ച്‌ ഐ വി, എയ്ഡ്സ്‌ ബാധയിലൂടെ ജീവൻ നഷ്ടമാകുന്നത്‌. ഐക്യരാഷ്ട്ര സംഘടന പുറത്തുവിട്ട കണക്കു പ്രകാരം ഡെമോക്രാറ്റിക്‌ റിപ്പബ്ലിക്‌ ഓഫ്‌ കോംഗോയിൽ മാത്രം 370000 എച്ച്‌ ഐ വി ബാധിതരുണ്ട്‌.

view more articles

About Article Author