രാജ്യത്ത്‌ ആഭ്യന്തര വളർച്ചാനിരക്ക്‌ കുറഞ്ഞു

രാജ്യത്ത്‌ ആഭ്യന്തര വളർച്ചാനിരക്ക്‌ കുറഞ്ഞു
January 08 03:30 2017

സ്വന്തം ലേഖകൻ
ന്യൂഡൽഹി: നോട്ടുനിരോധനമില്ലായിരുന്നുവെങ്കിലും രാജ്യത്തെ ആഭ്യന്തര വളർച്ചാ നിരക്ക്‌ പിറകോട്ട്‌ പോകുമായിരുന്നുവെന്ന്‌ വിദഗ്ധർ. നിരോധനം നടപ്പിലാകുന്നതിന്‌ മുമ്പുള്ള കണക്കുകൾ തന്നെ ഇതിനുള്ള സൂചനകൾ നൽകുന്നുണ്ടെന്നാണ്‌ പ്രമുഖ സാമ്പത്തിക വിദഗ്ധരുടെ പക്ഷം. നോട്ടുനിരോധനം വളർച്ചയെ പ്രതികൂലമായി ബാധിച്ചുവെന്നത്‌ ശരിയാണ്‌. എന്നാൽ സാമ്പത്തിക മാനേജ്മെന്റിന്റെ പരാജയവും ഉൽപ്പാദനത്തിൽ വന്ന ഇടിവുമെല്ലാമാണ്‌ സാമ്പത്തിക വളർച്ച പിറകോട്ടടിപ്പിക്കാനിടയാക്കിയത്‌.
കഴിഞ്ഞ വർഷത്തെ സാമ്പത്തിക വളർച്ചാ നിരക്ക്‌ 7.6 ശതമാനമായിരുന്നുവെന്നും ഇത്തവണ അതിലും ഉയരുമെന്നും കേന്ദ്ര സർക്കാർ മേനിനടിക്കുന്ന ഘട്ടത്തിലാണ്‌ ഈ വർഷത്തെ നിരക്ക്‌ 7.1 ൽ നിൽക്കുമെന്ന പ്രവചനമുണ്ടായത്‌. അതിന്‌ കാരണം നോട്ടുനിരോധനം മൂലമുണ്ടായ താൽക്കാലിക പ്രതിസന്ധിയാണെന്നും അത്‌ ഉടൻ തന്നെ മറികടക്കുമെന്നും ഈ വർഷം നേരത്തേ പ്രതീക്ഷിച്ച വളർച്ച തന്നെ കൈവരിക്കുമെന്നും സർക്കാർ വൃത്തങ്ങൾ അവകാശപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. അതിനിടയിലാണ്‌ കണക്കുകൾ കെട്ടിച്ചമച്ചതാണെന്നും യഥാർഥത്തിൽ നോട്ടുനിരോധനത്തിന്‌ മുമ്പ്‌ തന്നെ തിരിച്ചടി ദൃശ്യമായിരുന്നുവെന്നും വിദഗ്ധർ അഭിപ്രായപ്പെട്ടിരിക്കുന്നത്‌.
സർക്കാരിന്റെ ചെലവുകളിൽ നിന്നും ആദ്യ രണ്ടുപാദങ്ങളിൽ തന്നെ പ്രതീക്ഷിത ബജറ്റ്‌ കമ്മിയുടെ 80 ശതമാനത്തോളം പിന്നിട്ട സാഹചര്യത്തിലും വളർച്ചാ നിരക്കു പ്രതികൂലമാകുമെന്ന കാര്യത്തിൽ സംശയമില്ല. അതുപോലെ തന്നെ കാർഷിക മേഖലയിലുണ്ടായ തിരിച്ചടിയും സാമ്പത്തിക വളർച്ചയെ വിപരീത ദശയിലേയ്ക്ക്‌ നയിച്ചിട്ടുണ്ടെന്നാണ്‌ പ്രമുഖ സാമ്പത്തിക വിദഗ്ധരെല്ലാം അഭിപ്രായപ്പെട്ടിരിക്കുന്നത്‌.
വളർച്ച കണക്കാക്കുന്നതിൽ പ്രധാന സൂചകമായി ഉപയോഗിക്കുന്ന ഉൽപാദന വളർച്ച സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ തന്നെ വീഴ്ച ആരംഭിച്ചിരുന്നു. സെപ്റ്റംബർ വരെയുള്ള ആദ്യ രണ്ടു പാദങ്ങളിൽ 8.1 ശതമാനമുണ്ടായിരുന്നത്‌ മൂന്നാം പാദത്തിന്റെ തുടക്കത്തിൽ (ഒക്ടോബർ) തന്നെ താഴോട്ട്‌ പോയിത്തുടങ്ങുകയും 6.7 ൽ എത്തുകയും ചെയ്തുവെന്നാണ്‌ കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ വിഭാഗത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്‌. മുൻ വർഷം ഉൽപാദന വളർച്ചാ നിരക്ക്‌ 7.4 ശതമാനമായിരുന്നത്‌ ഈ വർഷം 9.3 ലെത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്‌. എന്നാൽ രണ്ടാം പകുതിയിൽ തന്നെ തകർച്ച ആരംഭിച്ചുവെന്നാണ്‌ വ്യക്തമാകുന്നത്‌.
ആദ്യ രണ്ടു പാദങ്ങളിൽ വളർച്ച കുതിക്കുകയാണെന്നായിരുന്നു കേന്ദ്ര സർക്കാർ പ്രചരിപ്പിച്ചിരുന്നത്‌. പിന്നീട്‌ യഥാർഥ കണക്കുകൾ പുറത്തുവന്നതോടെ സർക്കാർ അത്‌ സമ്മതിച്ചില്ലെങ്കിലും സർക്കാരിന്‌ കുഴലൂതുന്ന സാമ്പത്തിക വിദഗ്ധരെ കൊണ്ട്‌ നോട്ടുനിരോധനം കൊണ്ടാണത്‌ സംഭവിച്ചതെന്നും അവസാന പാദത്തിൽ പഴയ സ്ഥിതിയിലേയ്ക്ക്‌ തിരിച്ചു കയറുമെന്നും പ്രചരിപ്പിക്കുകയായിരുന്നു. അതെല്ലാം പൊള്ളയാണെന്നാണ്‌ പുതിയ വെളിപ്പെടുത്തലുകളിൽ നിന്ന്‌ വ്യക്തമാകുന്നത്‌.
വ്യവസായ വളർച്ച മുൻവർഷം 7.4 ശതമാനമായിരുന്നത്‌ ഈ വർഷം 5.2 ശതമാനത്തിലും സേവന മേഖലാ വളർച്ച 10.3 ൽ നിന്ന്‌ 8.9 ശതമാനത്തിലും ഇടിയുമെന്നാണ്‌ പുതിയ കണക്കുകൾ. ഇതെല്ലാം ഒക്ടോബറിലെ നിരക്കുകൾ വച്ചാണ്‌ കണക്കാക്കിയിരിക്കുന്നത്‌.
‘നോട്ടു നിരോധനത്തിന്റെ ഫലമായല്ല വളർച്ചാ നിരക്ക്‌ കുറഞ്ഞത്‌. എല്ലാ സൂചകങ്ങളുടെയും ഒക്ടോബർ വരെയുള്ള വിശദമായ വിവരങ്ങൾ ലഭ്യമാണ്‌. അതിൽതന്നെ വളർച്ചാ നിരക്കു താഴോട്ടുപോകുമെന്നതിന്റെ സൂചനകളുണ്ട്‌. നോട്ടുനിരോധനത്തിന്റെ പ്രത്യാഘാതങ്ങളാകട്ടെ ഇനിയും നീണ്ടു നിൽക്കുകയും ചെയ്യും.’ പ്രമുഖ സാമ്പത്തിക വിദഗ്ധൻ ടിസിഎ ആനന്ദ്‌ അഭിപ്രായപ്പെട്ടു.

view more articles

About Article Author