‘രാമലീല’ പെട്ടിക്കകത്താവും

‘രാമലീല’ പെട്ടിക്കകത്താവും
July 12 04:45 2017

ഷാജി ഇടപ്പള്ളി
കൊച്ചി: ജനപ്രിയ നായകൻ ക്വട്ടേഷനിൽ കുടുങ്ങി പിടിക്കപ്പെട്ടതോടെ നാടെങ്ങും ജനരോഷം ഇരമ്പുന്നു. ദിലീപിനെ പൊലീസ്‌ അറസ്റ്റു ചെയ്തതോടെ ആരാധകർ ഉൾപ്പെടെയുള്ളവരും യുവജന സംഘടനകളും ആലുവയിലെ ദിലീപിന്റെ വസതി, ഇടപ്പള്ളിയിലെ ദേ പുട്ട്‌ എന്ന സ്ഥാപനം, കാക്കനാട്‌ കാവ്യയുടെ ഉടമസ്ഥതയിലുള്ള ലഷ്യ എന്നിവിടങ്ങളിലേക്ക്‌ മാർച്ച്‌ നടത്തി.
ദിലീപിനെ അറസ്റ്റ്‌ ചെയ്തു ആലുവ പൊലീസ്‌ ക്ലബിൽ കൊണ്ടുവന്നപ്പോഴും തുടർന്ന്‌ മജിസ്ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കാൻ വേങ്ങൂരിൽ കൊണ്ടുചെന്നപ്പോഴും ജനങ്ങൾ തിരുട്ടു റാസ്കൽ എന്നുവിളിച്ച്‌ കൂവലോടെയാണ്‌ എതിരേറ്റത്‌. ചാലക്കുടിയിൽ ദിലീപിന്റെ ഡി സിനിമാസ്‌ തീയറ്ററിലേക്കും കോഴിക്കോട്‌ ദേ പുട്ട്‌ എന്ന സ്ഥാപനത്തിലേക്കും പ്രതിഷേധ പ്രകടനങ്ങൾ നടന്നു. താരസംഘടനയും സിനിമ മേഖലയിൽ ദിലീപ്‌ അംഗമായ സംഘടനകളും ഇന്നലെ കളംമാറ്റിചവിട്ടി. ഇതോടെ ഒരു സംഘടനയിലും അംഗമല്ലാത്ത ദിലീപ്‌ കേവലം നടനും കാണിയുമായി.
ദിലീപിനെ അറസ്റ്റ്‌ ചെയ്യുമെന്ന അഭ്യൂഹങ്ങൾ പരന്നതോടെ ദിലീപിനെ നായകനാക്കി ചിത്രീകരിച്ച രാമലീലയുടെ റിലീസിങ്‌ മാറ്റിയിരുന്നു. ഈ ചിത്രത്തിനായി ടോമിച്ചൻ മുളകുപാടം 30 കോടി രൂപയാണ്‌ മുതൽമുടക്കിയിട്ടുള്ളത്‌. റിലീസ്‌ ചെയ്യാൻ ഇപ്പോൾ ആലോചന നടത്തുന്നുണ്ടെങ്കിലും നാട്ടിൽ ഉയർന്നിട്ടുള്ള പ്രതിഷേധം ഭയന്ന്‌ വീണ്ടും മറ്റീവ്ക്കാനാണ്‌ സാധ്യത.
ഗോകുലം ഗോപാലൻ കോടികൾ ചിലവഴിച്ച്‌ ദിലീപിനെ നായകനാക്കി ഇറക്കാനിരുന്ന കുമാര സംഭവം എന്ന സിനിമയുടെ ചിത്രീകരണം പൂർണമായും മുടങ്ങുന്ന അവസ്ഥയിലാണ്‌. ദിലീപിനെ നായകനാക്കി രാമചന്ദ്ര ബാബു സംവിധാനം ചെയ്യുന്ന പ്രൊഫസർ ഡിങ്കൻ ബിഗ്‌ ബജറ്റ്‌ ചിത്രമാണ്‌. 50 ലക്ഷത്തോളം ഇതിനകം ചിലവഴിച്ചു. അതെങ്ങിനെ മുന്നോട്ടുപോകുമെന്ന്‌ യാതൊരു നിശ്ചയവുമില്ലെന്ന സ്ഥിതിയാണ്‌.
നവാഗത സംവിധായകരുടെ പ്രതീക്ഷകളും ഇതോടെ പ്രതിസന്ധികളിലാവുകയാണ്‌. ഞാനാരാമോൻ, ഇതാണോ വലിയ കാര്യം, ഈ പറക്കും തളിക- രണ്ടാംഭാഗം, സദ്ദാംശിവൻ, വാളയാർ പരമശിവം, പിക്‌ പോക്കറ്റ്‌ എന്നിങ്ങനെ ദിലീപിനെ നായകനാക്കി അണിയറ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്ന ചിത്രങ്ങളും നിർമ്മാതാക്കൾ ഉപേക്ഷിക്കേണ്ട സ്ഥിതിയാണ്‌.

  Categories:
view more articles

About Article Author