രാഷ്ട്രപതി തെരഞ്ഞെടുപ്പ്‌ പത്രിക സമർപ്പിക്കുന്നവർ പണം കറൻസിയായി നൽകണമെന്ന്‌ കേന്ദ്രം

രാഷ്ട്രപതി തെരഞ്ഞെടുപ്പ്‌ പത്രിക സമർപ്പിക്കുന്നവർ പണം കറൻസിയായി നൽകണമെന്ന്‌ കേന്ദ്രം
June 19 04:46 2017

ന്യൂഡൽഹി: പ്രസിഡന്റ്‌ തിരഞ്ഞെടുപ്പിന്‌ നാമ നിർദ്ദേശ പത്രിക സമർപ്പിക്കുന്നവർ പണം കറൻസിയായി നൽകണമെന്ന്‌ കേന്ദ്രസർക്കാർ. ഡിജിറ്റൽ പണമിടപാട്‌ പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേന്ദ്രസർക്കാരിന്റെ ശ്രമങ്ങൾക്കിടെയാണ്‌ കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുള്ള ഈ നിർദേശം. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവർ സമർപ്പിക്കേണ്ട 15,000 രൂപ പണമായി നൽകണമെന്നും കാർഡായി നൽകരുതെന്നുമാണ്‌ കേന്ദ്രനിർദേശം.
നാമനിർദേശ പത്രികകൾക്കൊപ്പം സമർപ്പിക്കുന്ന നോട്ടുകൾ പരിശോധിക്കുന്നതിനായി ബാങ്ക്‌ അധികൃതരുടെ സാന്നിധ്യമുണ്ടാകുമെന്ന്‌ സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നു. റിസർവ്വ്‌ ബാങ്കിൽ പണമടച്ചതിന്റെ രസീതാണ്‌ നാമനിർദേശ പത്രികയ്ക്കൊപ്പം സമർപ്പിക്കേണ്ടത്‌. ചെക്കായോ കാർഡായോ സ്ഥാനാർത്ഥികളെ പണമടയ്ക്കാൻ അനുവദിക്കില്ലെന്നാണ്‌ സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്‌.
16 പേരാണ്‌ രാഷ്ട്രപതി സ്ഥാനത്തേയ്ക്ക്‌ മത്സരിക്കാൻ നാമനിർദേശ പത്രിക സമർപ്പിച്ചിട്ടുള്ളത്‌. ഇതിൽ ഏഴെണ്ണം മതിയായ രേഖകളില്ലാത്തതിനാൽ അസാധുവായി. ശേഷിക്കുന്ന പ്രസിഡന്റ്‌ സ്ഥാനാർത്ഥികൾക്കാണ്‌ ഈ ചട്ടങ്ങൾ ബാധകമായിരിക്കുക. ജൂലൈ 17 ന്‌ നടക്കുന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ജൂലൈ 20നാണ്‌ നടക്കുക. സാധാരണ രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എല്ലാതവണയും 80 മുതൽ 90 വരെ സ്ഥാനാർഥികൾ രംഗത്തുവരാറുണ്ട്‌. ഇതിൽ ഭൂരിഭാഗം പേരും സ്വയം പിന്മാറുകയോ സൂക്ഷ്മപരിശോധനയിൽ തള്ളിപ്പോകുകയോ ചെയ്യാറാണ്‌ പതിവെന്ന്‌ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു. നിലവിൽ സ്ഥാനാർഥികൾ തങ്ങളുടെ പത്രികയോടൊപ്പം പേര്‌ നിർദേശിച്ച എംഎൽഎമാരോ എം പിമാരോ ആയ 50 പേരുടെയും പിന്താങ്ങിയ 50 പേരുടെയും പട്ടിക സമർപ്പിക്കേണ്ടതുണ്ട്‌. എന്നാൽ, ഇതുവരെ പത്രിക നൽകിയവരിൽ ആരും ഈ പട്ടിക സമർപ്പിച്ചിട്ടില്ല.

  Categories:
view more articles

About Article Author