രൂപയുടെ വില കുറയേണമേ; പ്രവാസികൾ പ്രാർഥിക്കുന്നു

രൂപയുടെ വില കുറയേണമേ; പ്രവാസികൾ പ്രാർഥിക്കുന്നു
April 29 04:45 2017

കെ രംഗനാഥ്‌
ദുബായ്‌: രൂപയുടെ മൂല്യം ഉയർന്നത്‌ ഇന്ത്യൻ സമ്പദ്ഘടനയ്ക്ക്‌ നന്നെങ്കിലും അതിന്റെ വില കുറയണമേയെന്ന്‌ പ്രവാസികൾ പ്രാർത്ഥിക്കുന്ന വിചിത്രാവസ്ഥ. ഡോളറുമായി ഇന്ത്യൻ രൂപയുടെ വിനിമയ മൂല്യം ഏറ്റവുമധികം കുതിച്ചുകയറിയ 2015 ഓഗസ്റ്റ്‌ 10ന്‌ ഒരു ഡോളറിന്‌ 63.87 രൂപയായിരുന്നത്‌ ഇന്നലെ 64.11 എന്ന റെക്കോഡ്‌ ഉയരത്തിലെത്തി. ഇതോടെ ആറ്‌ ഗൾഫ്‌ രാജ്യങ്ങളിൽ തൊഴിലെടുക്കുന്ന ദശലക്ഷക്കണക്കിന്‌ ഇന്ത്യക്കാരുടെ കാര്യം അവതാളത്തിലായി. രൂപയുടെ മൂല്യം താണുനിന്നപ്പോൾ കൂടുതൽ പണം നാട്ടിലേയ്ക്ക്‌ അയക്കാൻ കഴിഞ്ഞിരുന്നത്‌ ഇപ്പോൾ തകിടം മറിഞ്ഞിരിക്കുന്നു. ഈ വർഷം രൂപയുടെ മൂല്യത്തിൽ 5.5 ശതമാനം വർധനവുണ്ടായതുമൂലം നാട്ടിലേയ്ക്ക്‌ അയക്കുന്ന പണത്തിൽ അത്രയും ശതമാനം കുറവുണ്ടാകും.
അതല്ലെങ്കിൽ പഴയ തുക തന്നെ മാറ്റമില്ലാതെ കുടുംബത്തിന്‌ അയക്കണമെങ്കിൽ പ്രവാസികൾ കൂടുതൽ മുണ്ടുമുറുക്കിയുടുക്കേണ്ടി വരുമെന്നാണ്‌ അബുദാബിയിലെ ഒരു സെക്യൂരിറ്റി കമ്പനി ഉദ്യോഗസ്ഥരായ തൊടുപുഴയിലെ ജോണും മംഗലാപുരം സ്വദേശി രവിയും ഒരു സൂപ്പർമാർക്കറ്റിലെ തൊഴിലാളിയായ തമിഴ്‌നാട്‌ തഞ്ചാവൂർ സ്വദേശി അരുമനായകവും പറഞ്ഞത്‌. രൂപയുടെ വിലയിടിയുമെന്ന പ്രതീക്ഷയിൽ പലരും മെയ്‌ മാസത്തിൽ നാട്ടിലേയ്ക്ക്‌ പണം അയക്കുന്നത്‌ ജൂണിലേയ്ക്ക്‌ മാറ്റിവച്ചിരിക്കുന്നുവെന്നാണ്‌ പ്രവാസികൾ അറിയിച്ചത്‌. നാട്ടിൽ വിദ്യാലയങ്ങൾക്ക്‌ അവധിക്കാലമായതിനാൽ വിദ്യാഭ്യാസച്ചെലവില്ലെന്ന ആശ്വാസമുണ്ടെങ്കിലും പ്രവാസി മലയാളികളിൽ നല്ലൊരു പങ്കും വായ്പാക്കയങ്ങളിൽ മുങ്ങിക്കിടക്കുന്നവരായതിനാൽ തിരിച്ചടവിനും സാധാരണ കുടുംബങ്ങളിലെ നിത്യച്ചെലവുകൾക്കുമുള്ള പണം അയക്കാതിരിക്കാനുമാവില്ല.
വിദേശനിക്ഷേപത്തിന്‌ മോഡി സർക്കാർ ഇന്ത്യൻ വാതിലുകൾ മലർക്കെ തുറന്നിട്ടിരിക്കുന്നതിനാൽ രാജ്യത്തേയ്ക്ക്‌ നിക്ഷേപരൂപത്തിലുള്ള ഡോളറിന്റെ പ്രവാഹശക്തിയേറും. ഇത്‌ രൂപയുടെ മൂല്യം പിന്നെയും ഉയർത്താനാണ്‌ സാധ്യതയെന്നാണ്‌ വിദേശനാണയ വിനിമയ സ്ഥാപനമായ എക്സ്പ്രസ്‌ മണിയുടെ മേധാവി സുധീഷ്ഗിരിയാൻ ‘ജനയുഗ’ത്തോട്‌ പറഞ്ഞത്‌. പ്രവാസികൾ പ്രത്യേകിച്ചും മലയാളികൾ നാട്ടിലേയ്ക്ക്‌ പണം അയക്കുന്നത്‌ വൈകിപ്പിക്കുന്നുവെന്ന്‌ യുഎഇ എക്സ്ചേഞ്ച്‌ മേധാവി വൈ സുധീർ കുമാർഷെട്ടിയും സ്ഥിരീകരിച്ചു.
ജൂണിൽ മഴക്കാലം ഒന്നു വന്നോട്ടെ അപ്പോഴറിയാം ഡോളറിന്റെ ഇന്ത്യയിലേയ്ക്കുള്ള പ്രവാഹ തോത്‌. ഡോളറിന്റെ ഒഴുക്ക്‌ ജൂണിൽ കുറയും. രൂപയുടെ വിലയിടിയുകയും ചെയ്യും. അതോടെ നാട്ടിലേയ്ക്ക്‌ കൂടുതൽ പണം അയക്കാനും കഴിയും എന്ന ദുബായിലെ ഒരു സ്ഥാപനമുടമയായ അജ്ഞലിനായരുടെ ഉള്ളിലിരിപ്പ്‌ തന്നെയാണ്‌ മിക്ക ഇന്ത്യൻ പ്രവാസികളുടെയും മനോഗതി.

view more articles

About Article Author