രോഗ ചികിത്സയിലെ സ്ത്രീവിരുദ്ധത

രോഗ ചികിത്സയിലെ സ്ത്രീവിരുദ്ധത
May 30 04:45 2017

വലിയശാല രാജു
ആധുനിക ജനാധിപത്യ സമ്പ്രദായത്തിൽ സ്ത്രീപുരുഷസമത്വം ലോകത്തെല്ലായിടത്തും അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്‌. അതനുസരിച്ച്‌ മനുഷ്യാവകാശങ്ങളും തുല്യമാണ്‌. മതാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ചില രാജ്യങ്ങളിൽ മാത്രമാണ്‌ സ്ത്രീകൾക്ക്‌ ചില നിയന്ത്രണങ്ങളുള്ളത്‌. അത്‌ വളരെ കുറച്ചിടങ്ങളിൽ മാത്രമേ ഉള്ളു.
പക്ഷേ, ലോകത്ത്‌ തുല്യനീതി അംഗീകരിച്ചിട്ടുള്ള ബഹുഭൂരിപക്ഷ രാജ്യങ്ങളിലും സൂഷ്മതലത്തിൽ പരിശോധിച്ചാൽ പുരുഷമേധാവിത്വമാണ്‌ നിലനിൽക്കുന്നത്‌. അത്‌ കുടുംബബന്ധങ്ങളിൽ മാത്രമല്ല, ശാസ്ത്രസാങ്കേതിക രംഗങ്ങളിൽപ്പോലും ഇതാണ്‌ അനുഭവം. നാം നിർദോഷമായി കരുതുന്ന ചികിത്സാരംഗത്തുപോലും യോഗനിർണയം, ചികിത്സാരീതി എന്നിവയിലെല്ലാം പുരുഷ കേന്ദ്രീകൃതമായ ആസൂത്രണങ്ങളാണുള്ളത്‌. സ്ത്രീ-പുരുഷലിംഗ വ്യത്യാസങ്ങൾ രോഗാവസ്ഥയിൽ ശരീരത്തിലുണ്ടാക്കുന്ന സവിശേഷമായ മാറ്റങ്ങൾ കണക്കിലെടുത്തുകൊണ്ടുള്ള പരിശോധനയും മരുന്ന്‌ നിർദേശിക്കലും നിലവിൽ പ്രാബല്യത്തിലില്ല. പ്രത്യേക ശരീരഘടനമൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ തീർച്ചയായും വേറിട്ട്‌ പരിഗണിക്കപ്പെടേണ്ടതാണ്‌. എന്നാൽ സ്ത്രീയിലും പുരുഷന്മാരിലും പൊതുവിൽ കാണപ്പെടുന്ന രോഗങ്ങളുടെ ലിംഗപരമായ പ്രത്യേകതകൾ പലപ്പോഴും അവഗണിക്കുകയാണ്‌ ചെയ്യുന്നത്‌.
ദഹനക്രിയ സ്ത്രീകളിലും പുരുഷന്മാരിലും വ്യത്യസ്തമാണ്‌. ഔഷധങ്ങളുടെ സ്വീകരണവും ശരീരത്തിൽ ഒരേരീതിയിലായിരിക്കില്ല. വേദനയോട്‌ സ്ത്രീക്കും പുരുഷന്മാർക്കുമുള്ള പ്രതികരണവും വ്യത്യസ്ഥമാണ്‌. ഹൃദയാഘാതം പോലുള്ള രോഗലക്ഷണങ്ങളിൽപ്പോലും ലിംഗവ്യത്യാസം വ്യക്തമായി കാണാൻ കഴിയും.
സ്ത്രീകളുടെ ആർത്തവവും ഗർഭധാരണവും പ്രസവവുമായി ബന്ധപ്പെട്ട്‌ ഹോർമോണുകളുടെ പ്രവർത്തനവും അവരുടെ രോഗാവസ്ഥയുമായി നേരിട്ട്‌ ബന്ധപ്പെട്ടതാണ്‌. പ്രത്യുൽപ്പാദനഘട്ടത്തിൽ ഹോർമോണുകളുടെ സഹായമുള്ളതുകൊണ്ട്‌ ഹൃദയാഘാതം പോലുള്ള രോഗങ്ങൾ സ്ത്രീകളിൽ കുറവായാണ്‌ കാണപ്പെടുന്നത്‌. കൗമാര-യൗവ്വന കാലഘട്ടത്തിൽ പുരുഷന്മാരെക്കാൾ ആരോഗ്യം സ്ത്രീകളിലാണ്‌ മെച്ചപ്പെട്ടിരിക്കുന്നത്‌. മാത്രമല്ല പുകവലി, മദ്യപാനം പോലുള്ള ദുശീലങ്ങൾ പുരുഷന്മാരിൽ പലവിധ രോഗാവസ്ഥകൾക്ക്‌ കാരണമാകുകയോ അതുമൂലമല്ലാത്ത രോഗങ്ങളെപ്പോലും സ്വാധീനിക്കുകയും ചെയ്യും. എന്നാൽ സ്ത്രീകളിൽ ഇത്തരം ദുശീലങ്ങൾ തുലോം കുറവാണ്‌. അതുകൊണ്ട്‌ രോഗനിർണയത്തിലും ചികിത്സയിലും ഇത്‌ വളരെ പ്രധാനമാണ്‌.
ആർത്തവകാലത്ത്‌ ഹോർമോൺ നിലയിലുള്ള മാറ്റങ്ങൾ കാരണം സ്ത്രീകളിൽ രോഗത്തിന്റെ സ്വഭാവത്തിൽ വലിയ പ്രത്യേകതകൾ കാണാറുണ്ട്‌. എന്നാൽ പുരുഷന്മാരിൽ ഇത്‌ ബാധകമല്ല. പക്ഷേ മിക്കപ്പോഴും ചികിത്സ ഇത്‌ കണക്കിലെടുത്തുകൊണ്ടല്ല.
ഇതിന്‌ ഏറ്റവും വലിയ ഉദാഹരണമായി ചൂണ്ടിക്കാട്ടാവുന്നതാണ്‌ അപസ്മാര ചികിത്സ. ആർത്തവകാലത്ത്‌ ഇതിനുള്ള ചികിത്സ സ്ത്രീകളിൽ ഒരിക്കലും ഫലപ്രദമായി കണ്ടുവരുന്നില്ല. ലിംഗവ്യത്യാസം പരിഗണിക്കാതിരിക്കുന്നതാണ്‌ അതിന്‌ കാരണം. ഗർഭസ്ഥകാലം മുതൽ മരണം വരെ സ്ത്രീയും പുരുഷനും എങ്ങനെ വ്യത്യസ്ഥരായിരിക്കുന്നുവെന്ന്‌ അവർക്ക്‌ മരുന്ന്‌ നിർദ്ദേശിക്കുന്ന ഓരോ ഡോക്ടറും പൂർണമായി മനസിലാക്കിയിരിക്കേണ്ടതാണ്‌. ഒരേ രോഗംതന്നെ സ്ത്രീകളിലും പുരുഷന്മാരിലും എങ്ങനെ വ്യത്യസ്ത രീതിയിൽ രോഗലക്ഷണങ്ങൾ ഉണ്ടാക്കുന്നുവെന്ന്‌ മനസിലാക്കിവേണം ഡോക്ടർമാർ രോഗനിർണയവും ചികിത്സയും നടത്താൻ. പുരുഷന്മാർക്ക്‌ കൊടുക്കുന്ന പല മരുന്നുകളും സ്ത്രീകൾക്ക്‌ ഫലപ്രദമായി പ്രവർത്തിക്കണമെന്നില്ല. അവരുടെ ശാരീരിക അവസ്ഥയാണ്‌ അതിനുകാരണം. സ്തനാർബുദം 95 ശതമാനവും സ്ത്രീകളിലാണ്‌. പുരുഷന്മാരിൽ ഇത്‌ അപൂർവമാണ്‌. ഇതിന്റെ ചികിത്സപോലും പുരുഷ കേന്ദ്രീകൃതമായ രീതിയിലാണ്‌ ഇന്ന്‌ വൈദ്യശാസ്ത്രം കൈകാര്യം ചെയ്യുന്നത്‌.
എന്നാൽ ആർത്തവകാലം കഴിയുന്നതോടെ ഇക്കാര്യത്തിലുള്ള സ്ത്രീ-പുരുഷ വ്യത്യാസം അപ്രത്യക്ഷമാകുന്നതായാണ്‌ കാണുന്നത്‌. എന്നാൽ അപ്പോഴും രോഗനിർണയത്തിലും അതിന്റെ ചികിത്സയിലും സ്ത്രീയും പുരുഷനും തുല്യമാകുന്നില്ല. കൗമാര-യവ്വനകാലത്ത്‌ പുരുഷന്മാരെക്കാൾ ആരോഗ്യനിലവാരം മെച്ചപ്പെട്ടിട്ടുള്ള സ്ത്രീകൾ പ്രായമാകുമ്പോൾ പുരുഷന്മാരെക്കാൾ രോഗാവസ്ഥ വർധിച്ചതായി കാണുന്നു. ആർത്തവകാലത്തെ ചില ഹോർമോണുകളുടെ സംരക്ഷണം സ്ത്രീകൾക്ക്‌ അതിന്റെ വിരാമത്തോടെ നഷ്ടപ്പെടുന്നതാണ്‌ അതിന്‌ പ്രധാന കാരണം. ചികിത്സയിൽ ഇത്‌ പ്രധാന ഘടകമാണ്‌. മാത്രമല്ല, ഒന്നോ രണ്ടോ പ്രസവശേഷം സ്ത്രീകളുടെ ആരോഗ്യത്തിൽ കാതലായ മാറ്റങ്ങൾ കണ്ടുതുടങ്ങുന്നു. ഇത്‌ രോഗത്തിന്റെ സ്വഭാവത്തിലും വ്യതിയാനം ഉണ്ടാക്കും. ഡോക്ടർ-രോഗി ബന്ധത്തിന്റെ തലത്തിലും സ്ത്രീപുരുഷഭേദങ്ങൾ കണക്കിലെടുത്തുവേണം രോഗിയുമായി ആശയവിനിമയം നടത്തേണ്ടത്‌. രോഗശമനത്തിന്‌ മൗനസികഘടനയും ഒരു പ്രധാന ഘടകമാണ്‌.
സ്ത്രീ-പുരുഷ ലിംഗവ്യത്യാസങ്ങൾ രോഗാവസ്ഥയിൽ ശരീരത്തിലുണ്ടാക്കുന്ന സവിശേഷമായ മാറ്റങ്ങൾ കണക്കിലെടുത്തുകൊണ്ടുള്ള രോഗനിർണയവും ചികിത്സയും പൊതുവിൽ ഇന്ന്‌ പ്രാബല്യത്തിലില്ല. പുരുഷ കേന്ദ്രീകൃതമായ സമൂഹത്തിന്റെ കാഴ്ചപ്പാടുകളാണ്‌ ചികിത്സാരംഗത്തും വഹിക്കുന്നു എന്നതാണ്‌ പ്രധാന കാരണം. ആധുനിക വൈദ്യശാസ്ത്രത്തിൽ ഇതൊരു വലിയ കുറവുതന്നെയാണ്‌. ലിംഗപരമായ വ്യത്യാസം പരിഗണിക്കപ്പെടാത്തതുകൊണ്ട്‌ മിക്കപ്പോഴും രോഗചികിത്സയും രോഗമുക്തിയും കീറാമുട്ടിയായിത്തീരുകയും ചെയ്യുന്നു. അതായത്‌ ഒന്നുകൂടി വ്യക്തമായി ചൂണ്ടിക്കാണിക്കുകയാണെങ്കിൽ സ്ത്രീ-പുരുഷ ലൈംഗികാവയവങ്ങളുമായി ബന്ധപ്പെട്ടുകൊണ്ടല്ലാതെതന്നെ ലിംഗവ്യത്യാസം ചികിത്സയിൽ ഗൗരവമായി പരിഗണിക്കേണ്ട ഒരു യാഥാർത്ഥ്യമായി ആധുനിക കാലഘട്ടത്തിൽ അവശേഷിക്കുന്നു. പുരുഷ മേധാവിത്വത്തിലധിഷ്ഠിതമായ രോഗചികിത്സ അവസാനിപ്പിക്കേണ്ടത്‌ മനുഷ്യസമൂഹത്തിന്റെ ആരോഗ്യപരമായ വളർച്ചയ്ക്ക്‌ അത്യന്താപേക്ഷിതമാണ്‌.
ഇന്നിപ്പോൾ ഇത്തരം ചർച്ചകൾ വൈദ്യശാസ്ത്രരംഗത്ത്‌ വ്യാപകമായി നിലനിൽക്കുന്നു. അതുകൊണ്ട്‌ ജെൻഡർ മെഡിസിനെക്കുറിച്ച്‌ ധാരാളം ചർച്ചചെയ്യപ്പെടുന്നു. വൈദ്യശാസ്ത്ര സംവാദത്തിന്റെ മുഖ്യധാരയിലേയ്ക്ക്‌ ഇന്നിപ്പോൾ ജെൻഡർ മെഡിസിനും വന്നിട്ടുണ്ട്‌. ഇതിനി വളരെയധികം മുന്നോട്ടുപോകേണ്ടതുണ്ട്‌. ഇന്ത്യൻ മെഡിക്കൽരംഗത്ത്‌ ഇത്തരം ചർച്ചകൾ ഇന്ന്‌ ശൈശവാവസ്ഥയിൽ മാത്രമാണ്‌. 18, 19 നൂറ്റാണ്ടുകളിൽ നിലനിന്ന സ്ത്രീ അടിമത്വത്തിന്റെ ഫ്യൂഡൽ കാഴ്ചപ്പാടുകൾ മുഴുവനായി പറിച്ചെറിഞ്ഞുകൊണ്ടേ ആധുനിക വൈദ്യശാസ്ത്രത്തിന്‌ ഇനി മുന്നോട്ടുപോകാൻ കഴിയൂ.

  Categories:
view more articles

About Article Author