റബറിന്‌ ഭീഷണിയായി കൊടും വരൾച്ചയും

റബറിന്‌ ഭീഷണിയായി കൊടും വരൾച്ചയും
March 18 04:45 2017

കെ കെ രാമചന്ദ്രൻ പിള്ള
മറ്റ്‌ കൃഷിക്കാരുമായി തട്ടിച്ചുനോക്കുമ്പോൾ റബർ കൃഷിക്കാർ പൊതുവേ സമ്പന്നരും സന്തുഷ്ടരുമയിരുന്നതായികാണാം. എന്നാൽ കഴിഞ്ഞ കുറേക്കാലമായി അനുഭവപ്പെടുന്ന റബറിന്റെ വിലക്കുറവ്‌, സാമ്പത്തിക ഞെരുക്കം കാരണം റബർ ബോർഡിന്റെ കൃഷിവികസന പദ്ധതികൾ നടപ്പാക്കുന്നതിൽ ഉണ്ടായിരിക്കുന്ന മാന്ദ്യം തുടങ്ങി പലപ്രതിസന്ധികളും റബർ കൃഷിക്കാർ നേരിട്ടുകൊണ്ടിരിക്കുകയാണ്‌. ഈ സാഹചര്യത്തിൽ കൂനിന്മേൽ കുരു എന്നപോലെ വന്നുചേർന്നിരിക്കുന്ന കഠിനമായ വരൾച്ച കൃഷിക്കു മറ്റൊരു വലിയ ഭീഷണിയാണ്‌. വേനൽക്കാലത്ത്‌ റബർ നഴ്സറിയിലെ തൈകൾക്കും തോട്ടത്തിൽ നട്ടിരിക്കുന്ന ചെറു റബർ തൈകൾക്കും വെയിലടിയേറ്റ്‌ കടുത്ത നാശനഷ്ടങ്ങൾ ഉണ്ടാകാറുണ്ട്‌. വെയിലടി ഏൽക്കാൻ ഇടയായാൽ വലിയ മരങ്ങളുടെ പട്ടയ്ക്കും കേടുണ്ടാകും.
നഴ്സറിയിലെ തൈകളുടെ തണ്ടും തായ്‌വേരും തമ്മിൽ യോജിക്കുന്ന ഭാഗത്തിനു തൊട്ടുമുകളിലുള്ള പട്ട വെയിലടിയേറ്റ്‌ ഉണങ്ങാറുണ്ട്‌. ഇങ്ങനെ തണ്ടിനുചുറ്റുമുള്ള പട്ട ഉണങ്ങാൻ ഇടയായാൽ തൈ മുഴുവനായിത്തന്നെ ഉണങ്ങിനശിച്ചുപോകും. തൈയുടെ ചുറ്റുപാടുമുള്ള മണ്ണ്‌ വെയിലടിയേറ്റ്‌ ചൂടാകുന്നതുകൊണ്ടാണ്‌ ഇങ്ങനെ സംഭവിക്കുന്നത്‌. തൈകൾക്കു ചുറ്റും ഉണക്കചവറോ പുല്ലോ ഉപയോഗിച്ച്‌ പുതയിട്ടാൽ ഇങ്ങനെ മണ്ണ്‌ ചൂടായി തൈയ്ക്ക്‌ ഉണക്ക്‌ ബാധിക്കുന്നതു തടയാവുന്നതാണ്‌. കേരളത്തിലെ കായലുകളിലും തോടുകളിലും മറ്റും ധാരാളമായി കണ്ടുവരുന്ന ആഫ്രിക്കൻ പായൽ ഉണങ്ങിയതും ഇങ്ങനെ പുതയിടാൻ നല്ലതാണെന്ന്‌ റബർ ബോർഡ്‌ നടത്തിയ പരീക്ഷണങ്ങളിൽ നിന്നും മനസിലാക്കാൻ കഴിഞ്ഞിട്ടുണ്ട്‌. നഴ്സറിയിൽ ഒരു ചതുരശ്ര മീറ്റർ സ്ഥലത്ത്‌ പുതയിടാൻ ഏകദേശം അഞ്ച്‌ കിലോഗ്രാം ഉണങ്ങിയ ആഫ്രിക്കൻ പായൽ വേണ്ടിവരും. പുതയിടാൻ ഉപയോഗിക്കുന്ന ഉണക്കച്ചവർ തൈയുടെ തണ്ടിൽ നിന്നും അൽപം അകന്നിരിക്കാൻ ശ്രദ്ധിക്കണം.
പന്തലിട്ട്‌ തണൽ നൽകി വളർത്തിയ പോളിത്തീൻ കൂട തൈകൾ തോട്ടത്തിൽ നടുന്നതിന്‌ മുമ്പ്‌ തണൽ ക്രമമായി കുറച്ച്‌ തൈകൾക്ക്‌ വെയിലിനെ ചെറുക്കാനുള്ള ശക്തി ഉണ്ടാക്കാതിരുന്നാൽ അവ തോട്ടത്തിൽ നടുമ്പോൾ വെയിലടി ഏറ്റ്‌ ഇലകൾക്ക്‌ ഉണക്ക്‌ ഏൽക്കാനുള്ള സാധ്യത കൂടുന്നു. ഇലയിൽ വെയിലടി ഏറ്റ ഭാഗം വെള്ള നിറത്തിൽ കടലാസുപോലെ ആയിത്തീരും. കഠിനമായി വെയിലടി ഏറ്റ തളിരിലകൾ ചുരുണ്ടുകൂടി പൊഴിഞ്ഞുപോകാറുണ്ട്‌.
പല തോട്ടങ്ങളിലും ആദ്യവർഷം അനവധി തൈകൾ വേനൽക്കാലത്ത്‌ ഉണങ്ങിപ്പോകാറുണ്ട്‌. ഇതുമൂലം രണ്ടാമത്തെയും മൂന്നാമത്തെയും വർഷങ്ങളിൽ ഇടപോക്കേണ്ടതായി വരുന്നു. മിക്ക ചെറുകിട തോട്ടങ്ങളിലും തൈകളുടെ വളർച്ചയിൽ ഐകരൂപ്യം ഇല്ലാതെ വരുന്നതിന്റെ മുഖ്യകാരണം ഇതാണ്‌. ഇതുമൂലം തോട്ടം വച്ചുപിടിപ്പിക്കാനുള്ള ചെലവ്‌ വർധിക്കുകയും തോട്ടത്തിൽ ടാപ്പിങ്‌ തുടങ്ങാൻ കാലതാമസം ഉണ്ടാവുകയും ചെയ്യും. ഇത്‌ ഒഴിവാക്കാൻ തൈകൾ നടുന്ന വർഷം വേനൽക്കാലം ആരംഭിക്കുന്നതോടുകൂടി ഉണക്കച്ചവറോ പുല്ലോ, ഉണങ്ങിയ ആഫ്രിക്കൻ പായലോ ഉപയോഗിച്ച്‌ തൈകളുടെ ചുറ്റും ചവറുവയ്ക്കുകയും മുളകൊണ്ടോ ഓലമെടഞ്ഞോ ഉണ്ടാക്കിയ കൂടകൾ ഉപയോഗിച്ചു തണൽ നൽകുകയും വേണം.
തോട്ടത്തിലെ പ്രായംകുറഞ്ഞ മരങ്ങൾക്ക്‌ ചിലപ്പോൾ വെയിലടിയേറ്റ്‌ അവയുടെ തെക്കുഭാഗത്തേയോ തെക്ക്‌ പടിഞ്ഞാറു ഭാഗത്തേയോ തറ നിരപ്പിന്‌ തൊട്ടുമുകളിലുള്ള പട്ട ഉണങ്ങിപ്പോകാറുണ്ട്‌. ചിലപ്പോൾ ഈ ഭാഗത്തുനിന്നും റബർ കറ ഒലിച്ചിറങ്ങുന്നതായും കാണാം. പലപ്പോഴും ഉണങ്ങി തടിയോട്‌ ഒട്ടിപ്പിടിക്കുന്ന പട്ടയ്ക്ക്‌ കുന്തമുനയുടെ ആകൃതി ആയിരിക്കും ഉള്ളത്‌. ഉണങ്ങിയ പട്ടയിൽ ‘ഡിപ്ലോഡിയ’ എന്ന ഒരുതരം കുമിൾ പ്രവേശിച്ച്‌ വളർന്ന്‌ വർധിക്കുന്നതുകൊണ്ട്‌ പട്ടയ്ക്കുണ്ടാകുന്ന കേട്‌ കൂടുതൽ വ്യാപിക്കാൻ ഇടയാകും. കുറെ കഴിയുമ്പോൾ ഉണങ്ങിയപട്ട വെടിച്ചുകീറി അടർന്ന്‌ പോകും. പട്ട അടർന്നുപോയ ഭാഗത്തെ തടി തവിട്ടുനിറമോ കറുത്ത നിറമോ ആയിത്തീരുന്നു. വേണ്ട സംരക്ഷണ നടപടികൾ സ്വീകരിക്കാതിരുന്നാൽ ഉണക്കേറ്റ മരം മുഴുവനായി ഉണങ്ങിപ്പോവുകയോ ഉണക്കേറ്റ ഭാഗത്തുവച്ച്‌ കാറ്റത്ത്‌ ഒടിഞ്ഞുപോവുകയോ ചെയ്യും.
കേടുവന്ന ഭാഗത്തെ ഉണങ്ങിയ പട്ട ചുരണ്ടിക്കളഞ്ഞശേഷം ആ ഭാഗത്ത്‌ ‘ഇൻഡോഫിൽ എം-45’ എന്ന കുമിൾ നാശിനി പത്ത്‌ ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന അനുപാതത്തിൽ കലർത്തി പുരട്ടണം. പുരട്ടിയ കുമിൾ നാശിനി ഉണങ്ങിയ ശേഷം അവിടെ മുറിവുണങ്ങാൻ സഹായിക്കുന്ന പെട്രോളിയം ഉൽപന്നങ്ങളിൽ ഏതെങ്കിലുമൊന്നു പുരട്ടണം. അതിനു മുകളിൽ വെള്ള പൂശുകയും വേണം.
ഏകദേശം അഞ്ചുവർഷം പ്രായം ആകുമ്പോഴേക്ക്‌ റബർ മരങ്ങളുടെ ഇലച്ചിലുകൾ വളർന്നു കൂട്ടി മുട്ടുകയും അപ്പോൾ തോട്ടത്തിൽ തണൽ കിട്ടുകയും ചെയ്യും. എന്നാൽ ഇങ്ങനെ ഇലച്ചില്ലുകൾ വളർന്നു മുട്ടി തോട്ടത്തിൽ തണൽ കിട്ടുന്നതു വരെയുള്ള ആദ്യത്തേ അഞ്ചുവർഷം റബർ മരങ്ങളുടെ തവിട്ടു നിറത്തിലുള്ള പട്ടയിൽ വേനൽക്കാല ആരംഭത്തോടെ വെള്ള പൂശേണ്ടതാണ്‌. മരങ്ങളുടെ ഇലച്ചിലുകൾ കൂട്ടിമുട്ടിയതിനുശേഷവും തോട്ടത്തിന്റെ അതിരുകളിൽ നിൽക്കുന്ന മരങ്ങളിൽ വെയിലടി ഏൽക്കാൻ സാധ്യതയുള്ളതിനാൽ തുടർന്നുള്ള വർഷങ്ങളിലും അവയിൽ വെള്ളപൂശേണ്ടതാണ്‌. വെളുത്ത പ്രതലം ചൂടിനെ അകറ്റാൻ സഹായിക്കുന്നതു കൊണ്ടാണ്‌ ഇങ്ങനെ ചെയ്യുന്നത്‌. വെള്ള പൂശാൻ നീറ്റുകക്കയോ ചൈനാ ക്ലേയോ ആണ്‌ ഉപയോഗിക്കുന്നത്‌. ചൈനാ ക്ലേകൊണ്ട്‌ വെള്ളപൂശിയാൽ കിട്ടുന്നതിനേക്കാൾ വെളുപ്പു നിറം നീറ്റുകക്ക ഉപയോഗിച്ചാൽ കിട്ടും. അതുകൊണ്ട്‌ വെള്ള പൂശാൻ നീറ്റുകക്ക ഉപയോഗിക്കുന്നതാണ്‌ ഉത്തമം. ചൈനാ ക്ലേ ഉപയോഗിച്ചു വെള്ളപൂശിയ ശേഷം മഴ പെയ്താൽ അതു ഒലിച്ചുപോകാനും സാധ്യതയുണ്ട്‌. പല കർഷകരും വെള്ളപൂശാൻ ഉപയോഗിക്കുന്ന നീറ്റുകക്കയിൽ കുറച്ച്‌ തുരിശു കൂടി ചേർക്കുക സാധാരണമാണ്‌. എന്നാൽ ഇതിന്റെ ആവശ്യമില്ല.
(ലേഖകൻ റബർ ബോർഡിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥനാണ്‌)
കൂടുതൽ വിവരങ്ങൾക്ക്‌
ഫോൺ: 0471-2572060
മൊബെയിൽ: 8281436560

  Categories:
view more articles

About Article Author