റബ്ബർവില കുത്തനെയിടിഞ്ഞു

റബ്ബർവില കുത്തനെയിടിഞ്ഞു
June 07 04:50 2017

സ്വന്തം ലേഖകൻ
കോട്ടയം: റബ്ബർവില കുത്തനെയിടിഞ്ഞു. കഴിഞ്ഞ മൂന്നു മാസങ്ങൾക്കിടെ ഒരു കിലോ റബ്ബറിന്‌ 46 രൂപയാണ്‌ ഇടിഞ്ഞു താണത്‌.
ആർഎസ്‌എസ്‌ നാല്‌ റബ്ബർ 118 രൂപയ്ക്കാണ്‌ ഇന്നലെ വ്യാപാരം നടന്നത്‌. 121 രൂപയാണ്‌ റബ്ബർബോർഡ്‌ രേഖപ്പെടുത്തിയത്‌. മഴ ശക്തമായതോടെ ഉൽപ്പാദനം നാമമാത്രമായ കർഷകന്‌ ഇരുട്ടടിയായിരിക്കുകയാണ്‌ നിലവിലുള്ള റബ്ബർ വിലത്തകർച്ച.
അദ്ധ്യയന വർഷത്തിന്‌ തുടക്കം കുറിച്ച സമയത്തുള്ള വിലയിടിവ്‌ വൻ പ്രതിസന്ധിയാണ്‌ ഇടത്തരം കുടുംബങ്ങളിൽ ഉണ്ടാക്കിയിരിക്കുന്നത്‌. പഠനാവശ്യങ്ങൾക്കായി തുക കണ്ടെത്താൻ സംഭരിച്ച്‌ വച്ച റബ്ബർ വിൽപ്പനയ്ക്കെത്തുന്ന അവസരത്തിലാണ്‌ വില കുത്തനെയിടിഞ്ഞത്‌.
വിലയിടിവ്‌ റെയ്ൻ ഗാർഡിങ്‌ പ്രവർത്തനങ്ങളെയും ബാധിച്ചു.ഭൂരിപക്ഷം കർഷകരും റെയ്ൻ ഗാർഡിങ്‌ പ്രവർത്തനങ്ങളോട്‌ മുഖം തിരിച്ചു. റബ്ബർ കയറ്റുമതി നിലവിൽ നാമമാത്രമാണ്‌. എന്നാൽ ടയർ കമ്പനികളുടെ ഇറക്കുമതി വൻതോതിൽ തുടരുകയുമാണ്‌. എസ്‌എംആർ 20 റബ്ബർ കിലോയ്ക്ക്‌ 115-120 രൂപ നിരക്കിൽ ഇറക്കുമതികളുള്ള കരാറിൽ ഒപ്പുവച്ചതായി രേഖകളുണ്ടെന്ന്‌ കർഷക സംഘടനകൾ വ്യക്തമാക്കുന്നു. വരും മാസങ്ങളിലും വില ഇടിക്കാൻ വ്യവസായികൾ സംഘടിത നീക്കം നടത്തുമെന്ന സൂചനയുമുണ്ട്‌.
രണ്ടുമാസം മുമ്പ്‌ കുതിച്ചുയർന്ന അന്താരാഷ്ട്ര വിലയും കുറഞ്ഞു. ബാങ്കോക്ക്‌ വില തിങ്കളാഴ്ച നാലാംഗ്രേഡ്‌ റബ്ബറിന്‌ 116 രൂപയാണ്‌ രേഖപ്പെടുത്തിയത്‌. ഒരാഴ്ച മുമ്പ്‌ വില 135 രൂപയായിരുന്നു.

  Categories:
view more articles

About Article Author