റബർ കർഷകരോട്‌ കേന്ദ്രം കരുണ കാണിക്കുക

May 19 04:55 2017

കേരളത്തിന്റെ കാർഷിക സമ്പദ്ഘടനയിൽ നിർണായക പങ്കുള്ളതാണ്‌ റബർ. റബറിൽ നിന്നുള്ള വരുമാനം കർഷകരെ മാത്രമല്ല പ്രദേശങ്ങളെയും അത്‌ താങ്ങിനിർത്തിയിട്ടുണ്ട്‌. സംസ്ഥാനത്തിന്റെ സമ്പദ്ഘടനയ്ക്കും അടുത്തകാലംവരെ അത്‌ വലിയ സഹായമായിരുന്നിട്ടുണ്ട്‌. അതുകൊണ്ടുതന്നെ റബർ കർഷകന്‌ കാർഷികമേഖലയിൽ ‘വരേണ്യ’ പരിഗണന ലഭിച്ചിരുന്നു. എന്നാൽ കേരളത്തിന്റെ മണ്ണിൽ നിന്ന്‌ നാളികേരമെന്നപോലെ റബറും നാടുനീങ്ങേണ്ട സ്ഥിതിയിലാണ്‌ കാര്യങ്ങൾ മുന്നേറുന്നത്‌. നല്ല വില ലഭിച്ചിരുന്ന റബറിന്‌ പല കാരണങ്ങളാൽ വിലയിടിയുന്ന സ്ഥിതിയുണ്ടായി. ഇതുകാരണം കർഷകർ മാത്രമല്ല പതിനായിരക്കണക്കിന്‌ തൊഴിലാളികളും ദുരിതത്തിലായി.
വിലത്തകർച്ചയുടെ സാഹചര്യത്തിൽ കർഷകരെ സഹായിക്കുന്നതിന്‌ മുൻ സർക്കാർ വിലസ്ഥിരത ഫണ്ട്‌ പ്രഖ്യാപിച്ചെങ്കിലും അത്‌ കർഷകർക്ക്‌ സഹായകമാകും വിധത്തിൽ വിനിയോഗിക്കപ്പെട്ടില്ല. അതുകൊണ്ടുതന്നെ കർഷക ദുരിതം തുടരുകയായിരുന്നു. അതിനിടെയാണ്‌ നേരിയ പ്രതീക്ഷ നൽകിക്കൊണ്ട്‌ റബർ വില നേരിയ തോതിലെങ്കിലും ഉയരുന്ന സ്ഥിതിയുണ്ടായത്‌. എന്നാൽ വീണ്ടും വിലത്തകർച്ച നേരിടുകയാണ്‌ കർഷകർ. കഴിഞ്ഞ ഫെബ്രുവരിയിൽ കിലോയ്ക്ക്‌ 160 രൂപയ്ക്കു മുകളിൽ വരെ വില എത്തിയിരുന്നുവെങ്കിലും മാർച്ച്‌ മാസത്തോടെ ആഭ്യന്തര വിപണിയിൽ വില കുറയുന്ന സ്ഥിതിയുണ്ടായി. ഇപ്പോൾ വീണ്ടും 130 രൂപയ്ക്കടുത്തായിരിക്കുകയാണ്‌ ഒരു കിലോ റബറിന്റെ വില. കാലവർഷം കൂടി അടുത്തെത്തിയതോടെ കർഷകരുടെ മനസിൽ തീയാളുകയാണ്‌. റബർ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിന്‌ സംസ്ഥാന സർക്കാർ വിലസ്ഥിരതാ ഫണ്ട്‌ ക്രിയാത്മകമായി വിനിയോഗിക്കുന്നതിന്‌ ശ്രമിക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ ഫലപ്രദമായ ഇടപെടലുകളുണ്ടാകേണ്ടത്‌ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നാണ്‌. അതിന്‌ അവർ തയ്യാറാകുന്നില്ല. എന്നുമാത്രമല്ല കർഷകരെ സഹായിക്കുന്നതിന്‌ നിലവിലുള്ള പരിമിതമായ സൗകര്യങ്ങൾ പോലും ഇല്ലാതാക്കുകയാണ്‌ കേന്ദ്രം.
അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്‌ റബർ ബോർഡിന്റെ കോട്ടയത്തെ ഓഫീസ്‌ അടച്ചുപൂട്ടാനുള്ള തീരുമാനം. റബറിനുള്ള സബ്സിഡി നിർത്തലാക്കാനും നീക്കമുണ്ട്‌. ഇതുരണ്ടും പത്തുലക്ഷത്തിലധികം വരുന്ന കേരളത്തിലെ റബർ കർഷകരെ ദോഷകരമായി ബാധിക്കുന്ന തീരുമാനമാണ്‌. ഏറ്റവും കൂടുതൽ റബർ കർഷകരുള്ള ജില്ല എന്ന നിലയിലാണ്‌ കോട്ടയത്ത്‌ രണ്ടു മേഖലാ ഓഫീസുകൾ ആരംഭിച്ചത്‌. ഇതിലൊന്ന്‌ അടച്ചുപൂട്ടുന്നതോടെ ആയിരക്കണക്കിന്‌ കർഷകർ ചങ്ങനാശേരിയിലെ മേഖലാ ഓഫീസിനെ ആശ്രയിക്കേണ്ട അവസ്ഥയുണ്ടാകും. അത്‌ കർഷകർക്കുണ്ടാക്കുന്ന പ്രയാസങ്ങൾ വളരെയധികമായിരിക്കും. എന്നുമാത്രമല്ല പരിമിതമായ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും വലിയ കാലതാമസമാണുണ്ടാകാനിടയുള്ളത്‌.
മേഖലാ ഓഫീസുകളിൽ 26 എണ്ണം സ്ഥിതി ചെയ്യുന്നത്‌ കേരളത്തിലാണ്‌. ചെലവ്‌ ചുരുക്കലെന്ന പേരിൽ അടുത്ത ഘട്ടമായി കാസർകോട്‌, മണ്ണാർക്കാട്‌, ഈരാറ്റുപേട്ട, തിരുവനന്തപുരം, ശ്രീകണ്ഠാപുരം, തലശേരി ഓഫീസുകളും അടച്ചുപൂട്ടുമെന്നാണ്‌ പുറത്തുവന്നിരിക്കുന്ന വാർത്തകൾ. ഒരു ജില്ലയിൽ ഒന്ന്‌ എന്ന രീതിയിൽ ഓഫീസുകൾ സംയോജിപ്പിച്ച്‌ എണ്ണം കുറക്കാനും തീരുമാനമുണ്ട്‌.
ഇപ്പോൾ പ്രവർത്തിക്കുന്ന ഓഫീസുകൾ നിർത്തലാക്കുന്നതോടെ ആയിരക്കണക്കിന്‌ ജീവനക്കാരുടെ ഭാവിയും ആശങ്കയിലാണ്‌. പുനർ വിന്യസിക്കുമെന്ന്‌ പറയുന്നുണ്ടെങ്കിലും പറയപ്പെടുന്ന കാരണം ചെലവു ചുരുക്കലായതിനാൽതന്നെ വിരമിക്കൽ പദ്ധതി പ്രഖ്യാപിച്ച്‌ ഒഴിവാക്കാനും തീരുമാനമുണ്ടാകുമെന്ന ആശങ്ക ജീവനക്കാർക്കിടയിലുണ്ട്‌. അല്ലാത്തപക്ഷം രാജ്യത്തിന്റെ വിദൂരമേഖലയിലേയ്ക്ക്‌ സ്ഥലംമാറ്റം വാങ്ങി പോകേണ്ട സാഹചര്യവും ജീവനക്കാരെ സംബന്ധിച്ചുണ്ടാകും.
സബ്സിഡികൾ നിർത്തലാക്കുന്നതിന്റെ മുന്നോടിയായി കഴിഞ്ഞ രണ്ടു വർഷമായി ഇതിനായുള്ള അപേക്ഷകൾ സ്വീകരിക്കുന്നില്ല. എന്നുമാത്രമല്ല റബർ ബോർഡിന്‌ ലഭിച്ചുകൊണ്ടിരുന്ന കേന്ദ്ര ഫണ്ടും ഗണ്യമായി വെട്ടിക്കുറയ്ക്കുകയുണ്ടായി. പ്രതിവർഷം 200- 230 കോടി ലഭിച്ചിരുന്ന സ്ഥാനത്ത്‌ ഇപ്പോൾ 130 കോടി മാത്രമാണ്‌ ലഭിക്കുന്നത്‌. ഇങ്ങനെ എല്ലാ തരത്തിലും കർഷകരെ ദ്രോഹിക്കുന്ന നിലപാടാണ്‌ കേന്ദ്രം സ്വീകരിക്കുന്നത്‌.
സംസ്ഥാനത്തിന്റെ വിദേശ നാണ്യവിഹിതത്തിൽ വലിയൊരു പങ്കു നൽകുന്ന കൃഷിയാണ്‌ റബർ. അതിനാണ്‌ കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന ജനവിരുദ്ധ – കർഷക വിരുദ്ധ നയങ്ങളുടെ ഫലമായി കടയ്ക്കൽ കത്തിവീഴുന്നത്‌. അതുകൊണ്ട്‌ എല്ലാവരുടെയും വിഷയമായി ഇതിനെ സമീപിക്കുന്നതിന്റെ ഭാഗമായി സർവകക്ഷി നിവേദക സംഘത്തെ ഡൽഹിയിലേയ്ക്ക്‌ അയക്കുന്നതിന്‌ സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുകയാണ്‌. കക്ഷി രാഷ്ട്രീയത്തിനപ്പുറം ഈ വിഷയം ഉന്നയിക്കപ്പെടണം. കേരളത്തിന്റെ അവശേഷിക്കുന്ന കാർഷിക വരുമാനവും ഇല്ലാതാക്കാനുള്ള നീക്കങ്ങളാണ്‌ ഇതിനു പിന്നിലുള്ളത്‌. ഈ സാഹചര്യത്തിൽ റബർ കർഷകർക്ക്‌ നീതി ലഭിക്കാനും അവർക്ക്‌ ലഭിക്കാനുള്ള ആനുകൂല്യങ്ങൾ നേടിയെടുക്കാനും മേഖലാ ഓഫീസുകൾ പൂട്ടാനുള്ള നീക്കത്തിനെതിരെയും കേരളം ഒറ്റക്കെട്ടായി നിലകൊള്ളണം.

  Categories:
view more articles

About Article Author