റബർ വിപണിയിൽ പുത്തനുണർവ്വ്‌

റബർ വിപണിയിൽ പുത്തനുണർവ്വ്‌
December 23 04:50 2016

ജോമോൻ വി സേവ്യർ
തൊടുപുഴ: അന്താരാഷ്ട്ര വിലയുടെ ചുവടു പിടിച്ചു ആഭ്യന്തര വിപണിയിൽ റബ്ബർ വില ഉയരുന്നത്‌ കർഷകർക്ക്‌ പ്രതീക്ഷ നൽകുന്നു. ആഗോള തലത്തിൽ റബ്ബറിന്റെ വില നിശ്ചയിക്കുന്ന ബാങ്കോക്ക്‌ വിപണിയിൽ വില ഉയർന്നതാണ്‌ നാട്ടിലും റബ്ബർ വില ഉയരാൻ കാരണമായിരിക്കുന്നത്‌.
കഴിഞ്ഞ മൂന്ന്‌ വർഷത്തിനിടയിലെ ഉയർന്ന വിലയാണ്‌ ഇപ്പോൾ അന്താരാഷ്ട്ര വിപണിയിൽ ലഭിക്കുന്നത്‌. ആർ എസ്‌ എസ്‌ 4നു 155 രൂപയാണ്‌ ബാങ്കോക്ക്‌ മാർക്കറ്റിൽ ഇന്നലത്തെ വില. കഴിഞ്ഞ ആഴ്ച 162 രൂപ വിലയെത്തിയ അന്താരാഷ്ട്ര വില പെട്ടെന്ന്‌ 155ലേക്ക്‌ താഴുകയായിരുന്നു. ഇതനുസരിച്ചു നാട്ടിൽ ഇന്നലെ ആർ എസ്‌ എസ്‌ 4ന്റെ വില 137 രൂപയിൽ എത്തി.
ക്രൂഡ്‌ ഓയിലിന്റെ വില ഉയർന്നതും ചൈന ഇറക്കുമതി വർധിപ്പിച്ചതുമാണ്‌ അന്താരാഷ്ട്ര വില വർധിക്കാൻ കാരണം. അന്താരാഷ്ട്ര വില വർധിച്ചതോടെ ഇന്ത്യയിലെ ടയർ കമ്പനികൾ ഇറക്കുമതി ഗണ്യമായി കുറച്ചിരിക്കുകയാണ്‌. ഇതും നാട്ടിൽ വില ഉയരാൻ കാരണമായിട്ടുണ്ട്‌. വരും ദിവസങ്ങളിൽ വില ഇനിയും ഉയരുമെന്നാണ്‌ വ്യാപാരികൾ പറയുന്നത്‌.
എന്നാൽ അന്താരാഷ്ട്ര വിലയുടെ തോതിന്‌ അനുസരിച്ചു നാട്ടിൽ വില വർധിക്കാത്തതിന്‌ കാരണം ടയർ ലോബിയുടെ ഇടപെടലാണെന്ന്‌ പ്രമുഖ റബ്ബർ വ്യപാരികൾ പറയുന്നു. ഇറക്കുമതി നിർത്തിയിട്ടും നാട്ടിൽ നിന്നും റബ്ബർ വാങ്ങാൻ ടയർ കമ്പനികൾ തയാറാകുന്നില്ല. ഇതാണ്‌ അന്താരാഷ്ട്ര വിലക്കനുസരിച്ചു നാട്ടിൽ വില ഉയരാത്തതിനു കാരണം. മുൻ വർഷങ്ങളിൽ അന്താരാഷ്ട്ര വിലയേക്കാൾ ഉയർന്ന വില ആഭ്യന്തര വിപണിയിൽ ലഭിച്ചിരുന്നു ഇപ്പോഴത്തെ അന്താരാഷ്ട്ര വില അനുസരിച്ചു 200 രൂപയിൽ കൂടുതൽ ഒരു കിലോ റബ്ബറിന്‌ നാട്ടിൽ ലഭിക്കണ്ടതാണ്‌ എന്നാൽ വ്യാപാരം നടക്കാത്തതുകൊണ്ട്‌ വില ഉയരുന്നില്ല.
ടാപ്പിംഗ്‌ സീസൺ ആരംഭിച്ചതോടെ കൂടുതൽ റബ്ബർ വിപണിയിൽ എത്തുമെന്ന പ്രതിക്ഷയിലാണ്‌ ടയർ കമ്പനികൾ. എന്നാൽ നോട്ട്‌ പ്രതിസന്ധിയെ തുടർന്ന്‌ റബ്ബർ വിറ്റാലും രൊക്കം പണം ലഭിക്കാത്തതു കൊണ്ട്‌ ചെറുകിട കർഷകർ പോലും റബ്ബർ വിൽക്കാൻ തയാറാകുന്നില്ല. ഇത്‌ ആഭ്യന്തര വിപണിയിലേക്കുള്ള റബ്ബറിന്റെ വരവിനെയും ബാധിച്ചിട്ടുണ്ട്‌.
50,000 ടൺ റബ്ബറാണ്‌ ഒരു ദിവസം രാജ്യത്തെ ടയർക്കമ്പനികൾക്ക്‌ ആവശ്യമായിട്ടുള്ളത്‌. ഇറക്കുമതിയിലൂടെ സംഭരിച്ച റബ്ബർ ഒരുമാസത്തേക്കുള്ളത്‌ മാത്രമേ ടയർ കമ്പനികളുടെ കൈവശമുള്ളു. അത്‌ കൊണ്ട്‌ തന്നെ വരും ദിവസങ്ങളിൽ ആഭ്യന്തര വിപണിയിൽ നിന്നും റബ്ബർ വാങ്ങാൻ ടയർ കമ്പനികൾ നിർബന്ധിതരാകും. ഇത്‌ വില വർധിക്കാൻ കാരണമാകും. ലോകത്തെ റബ്ബർ ഉദ്പാദക രാജ്യങ്ങളായ തായ്‌ലന്റ്‌, മലേഷ്യ, സിംഗപ്പൂർ എന്നിവിടങ്ങളിലെ കയറ്റുമതി കുറഞ്ഞതും ഇന്ത്യൻ റബ്ബറിന്റെ ഡിമാന്റ്‌ വർധിക്കാൻ കാരണമാകും.

  Categories:
view more articles

About Article Author