റസ്റ്റ്ഹൗസ് മതില്‍ ഇടിഞ്ഞുവീണ് എംഎന്‍ സ്മാരകത്തിന് തകരാര്‍

May 20 01:30 2017

 
കൊല്ലം: ചിന്നക്കട പിഡബ്ല്യുഡി റസ്റ്റ്ഹൗസ് മതില്‍ എംഎന്‍ സ്മാരക മന്ദിരത്തിലേയ്ക്ക് തകര്‍ന്നുവീണു. വ്യാഴാഴ്ച രാത്രിയിലെ കനത്ത മഴയിലാണ് മതില്‍ തകര്‍ന്നത്. ആളപായമില്ല. വലിയൊരു അപകടമാണ് ഒഴിവായത്. എംഎന്‍ സ്മാരക മന്ദിരത്തിന് തകരാര്‍ സംഭവിച്ചിട്ടുണ്ട്.
മതിലിന്റെ അവശേഷിച്ച ഭാഗവും തകര്‍ന്നുവീഴാന്‍ സാദ്ധ്യതയുണ്ട്. വിവരം അറിഞ്ഞ് പിഡബ്ല്യുഡി, റവന്യൂ അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു. എത്രയും വേഗം മതില്‍ പുനര്‍നിര്‍മ്മിക്കണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി എന്‍ അനിരുദ്ധന്‍ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.
വ്യാഴാഴ്ച രാത്രിയിലെ കനത്ത മഴയിലും കാറ്റിലും നഗരത്തില്‍ വ്യാപക നാശനഷ്ടം. കാറ്റില്‍ ജില്ലാ ആശുപത്രിയുടെ മുകളിലത്തെ നിലയില്‍ വെള്ളം കയറി. വാര്‍ഡിന് സമീപം ഭിത്തിയുടെ ഒരു ഭാഗത്ത് സ്ഥാപിച്ചിരുന്ന തകരഷീറ്റ് പറന്നുപോയതിനെ തുടര്‍ന്നാണ് വെള്ളം കയറിയത്. ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് താമരക്കുളത്ത് നിന്നെത്തിയ അഗ്നിശമന സേനാംഗങ്ങള്‍ വെള്ളം തേകി കളഞ്ഞു.
ആണ്ടാമുക്കത്തെ ക്രൈസ്തവ ദേവാലയത്തിന് മുന്നിലും ചിന്നക്കട മുസ്ലിം പള്ളിക്ക് മുന്നിലുമുള്ള കടകളുടെ ഷെഡ് കാറ്റില്‍ തകര്‍ന്നു. പായിക്കട റോഡിലും കടകളുടെ മുന്നില്‍ സ്ഥാപിച്ചിരുന്ന ബോര്‍ഡുകള്‍ കാറ്റില്‍ പറന്നു.

മരം വീണ് വീട് തകര്‍ന്നു
കടയ്ക്കല്‍: മരം വീണ് വീട് തകര്‍ന്നു. ചിതറ കിഴക്കുംഭാഗം പാപ്പാലയത്തില്‍ സലിമിന്റെ വീടാണ് തകര്‍ന്നത്. ശക്തമായ മഴയിലും കാറ്റിലും വീടിന് സമീപം നിന്ന കൂറ്റന്‍മരം ഒടിഞ്ഞുവീണാണ് വീട് തകര്‍ന്നത്.
ഹൃദ്രോഗബാധിതനായസലീമിന്റെ വീടിന്റെ അടുക്കളയും കിടപ്പുമുറിയുമാണ് തകര്‍ന്നത്. കിടപ്പാടം നഷ്ടമായതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് സലീമും കുടുംബവും.

  Categories:
view more articles

About Article Author