റിസർവ്വ്‌ ബാങ്കിന്റെ പരസ്പര വിരുദ്ധമായ ഉത്തരവുകൾ ജനങ്ങളെ വലയ്ക്കുന്നു

റിസർവ്വ്‌ ബാങ്കിന്റെ പരസ്പര വിരുദ്ധമായ ഉത്തരവുകൾ ജനങ്ങളെ വലയ്ക്കുന്നു
January 11 03:55 2017

ബേബി ആലുവ
കൊച്ചി: അസാധുവായ നോട്ട്‌ റിസർവ്വ്‌ ബാങ്ക്‌ ഓഫീസുകളിൽ നിന്ന്‌ മാറിയെടുക്കുന്നത്‌ സംബന്ധിച്ച്‌ റിസർവ്വ്‌ ബാങ്ക്‌ സ്വീകരിക്കുന്ന പരസ്പര വിരുദ്ധവും ജനങ്ങളെ ദുരിതത്തിലാക്കുന്നതുമായ നടപടികൾക്കെതിരെ ആക്ഷേപം ശക്തവും വ്യാപകവുമാകുന്നു. ഡിസംബർ 30നുശേഷം ആർ ബി ഐ ഓഫീസുകൾ വഴി അസാധുവായ നോട്ടുകൾ മാറിയെടുക്കാൻ സൗകര്യമുണ്ടാകുമെന്ന്‌ നേരത്തെ നൽകിയ ഉറപ്പിന്‌ കടകവിരുദ്ധമായി പുതിയ ഉത്തരവ്‌ പുറപ്പെടുവിച്ചതിനെതിരെ ബാങ്ക്‌ ജീവനക്കാരുടെ സംഘടനകളും പ്രവാസി മലയാളികളുടെ കൂട്ടായ്മകളും റസിഡന്റ്സ്‌ അസോസിയേഷനുകളുമൊക്കെ രൂക്ഷമായ വിമർശനവുമായി രംഗത്തെത്തിക്കഴിഞ്ഞു.
നവംബർ 8 മുതൽ ഡിസംബർ 30 വരെയുള്ള കാലയളവിൽ വിദേശത്തായിരുന്ന ഇന്ത്യക്കാർക്കു മാത്രമേ പുതിയ റിസർവ്വ്‌ ബാങ്ക്‌ ഉത്തരവനുസരിച്ച്‌ ആർബിഐ ഓഫീസുകളിൽ നിന്നു ഡിസംബർ 30 നുശേഷം അസാധുവായ നോട്ടുകൾ മാറിയെടുക്കാൻ സാധ്യമാകൂ. ഇത്‌ ആർ ബി ഐയുടെ നേരത്തെയുള്ള ഉറപ്പിന്‌ നേർവിപരീതമാണ്‌. വിദേശത്തായിരുന്ന ഇന്ത്യക്കാർക്ക്‌ മാർച്ച്‌ 31 വരെയും വിദേശ ഇന്ത്യക്കാർക്ക്‌ (എൻ ആർ ഐ) ജൂൺ 30 വരെയുമാണ്‌ ഈ സൗകര്യം അനുവദിച്ചിരിക്കുന്നത്‌. അതു തന്നെ, ആർ ബി ഐയുടെ ചെന്നൈ, മുംബൈ, കൊൽക്കത്ത, ഡൽഹി, നാഗപ്പൂർ ശാഖകൾ വഴിമാത്രം. തിരുവനന്തപുരത്തും കൊച്ചിയിലും റിസർവ്വ്‌ ബാങ്കിന്റെ ഓഫീസുകളുണ്ടെങ്കിലും നേരത്തെ പറഞ്ഞ വിഭാഗത്തിൽപ്പെടുന്ന ഒരു മലയാളിക്ക്‌ കാര്യം നടക്കണമെങ്കിൽ കേരളത്തിനു പുറത്തുള്ള സ്ഥലങ്ങളിലെ ഏതെങ്കിലും ആർ ബി ഐ ഓഫീസിനെ ആശ്രയിക്കണം.
വിദേശ ഇന്ത്യക്കാർക്കും വിദേശത്തായിരുന്ന ഇന്ത്യക്കാർക്കും മാർച്ച്‌ 31 വരെയും ജൂൺ 30 വരെയും അസാധു നോട്ടുകൾ മാറുന്നതിന്‌ സമയം അനുവദിച്ചുകൊണ്ട്‌ ഉത്തരവ്‌ പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും ഈ വിഭാഗത്തെ സംബന്ധിച്ചിടത്തോളം കടലാസിൽ കാണുന്നതുപോലെ എളുപ്പമൊന്നുമല്ല കാര്യങ്ങൾ. വിമാനത്താവളങ്ങളിലെ എമിഗ്രേഷൻ വിഭാഗങ്ങൾ തുടങ്ങി ആർ ബി ഐ ഓഫീസുകൾ വരെ അനേകം നൂലാമാലകളും കടമ്പകളുമുണ്ട്‌. എന്തുകൊണ്ട്‌ ഇത്രയധികം പണം കൈവശം സൂക്ഷിച്ചു, അവ മാറാൻ എന്തുകൊണ്ട്‌ ഇത്രവൈകി എന്നു തുടങ്ങുന്ന ഒട്ടേറെ ചോദ്യങ്ങൾക്ക്‌ ബോധ്യപ്പെടുന്ന സമാധാനം പറയണം. ഇതിനു പുറമെ, ഡിസംബർ 30നു ശേഷം ആർ ബി ഐയുടെ തിരുവനന്തപുരത്തോ കൊച്ചിയിലോ ഉള്ള ഓഫീസുകളിൽ അസാധുവായ നോട്ട്‌ മാറാനുള്ള സൗകര്യം കിട്ടും എന്നു വിശ്വസിച്ചിരുന്ന ജനങ്ങൾ വെട്ടിലുമായി.
രാജ്യത്തെ പൗരന്മാരെ നിന്ദിക്കുന്നതും അവരുടെ ആത്മാഭിമാനം വ്രണപ്പെടുത്തുന്നതുമായി ആർ ബി ഐയുടെ പുതിയ ഉത്തരവെന്നാണ്‌ ഈ രംഗത്തെ വിദഗ്ധരുടെ വിലയിരുത്തൽ. രാജ്യത്തെ പൗരന്മാരോട്‌ യാതൊരു ഉത്തരവാദിത്വവുമില്ലെന്നമട്ടിൽ ട്രഷറികളുടെയും ദേശസാത്കൃത ബാങ്കുകളുടെയും സഹകരണ ബാങ്കുകളുടെയും പ്രവർത്തനങ്ങളെ തകിടം മറിച്ചിരിക്കുകയാണ്‌ കേന്ദ്ര സർക്കാരും റിസർവ്വ്‌ ബാങ്കുമെന്ന നിശിതമായ വിമർശനം നോട്ട്‌ അസാധുവാക്കിയ നടപടികൾക്ക്‌ പിന്നാലെതന്നെ ശക്തമായി ഉയർന്നു കഴിഞ്ഞതാണ്‌.
ആർ ബി ഐയുടെ നിരുത്തരവാദപരമായ പുതിയ ഉത്തരവ്‌ അടിയന്തരമായി പിൻവലിക്കണമെന്നും ഡിസംബർ 30നു ശേഷം റിസർവ്വ്‌ ബാങ്ക്‌ ഓഫീസുകളിൽ കറൻസി മാറുവാൻ സൗകര്യമുണ്ടാകുമെന്ന ആദ്യത്തെ ഉറപ്പ്‌ പാലിക്കണമെന്നുമാണ്‌ പൊതുവെ ഉയരുന്ന ആവശ്യം. നോട്ടുകൾ മാറാനുള്ള അവകാശവും അത്‌ മാറിയെടുക്കാനുള്ള സൗകര്യവും പരിമിതപ്പെടുത്തിയ നടപടി യാതൊരു വിധത്തിലും നീതികരിക്കാനാവാത്തതാണെന്ന്‌ ബാങ്ക്‌ ജീവനക്കാരുടെ വിവിധ സംഘടനകളും കുറ്റപ്പെടുത്തി.
അതേസമയം, സംസ്ഥാനത്തെ ഗ്രാമീണ മേഖലകളിൽ നോട്ടുക്ഷാമം രൂക്ഷമായിത്തന്നെ തുടരുകയാണെന്നാണ്‌ റിപ്പോർട്ടുകൾ. 24000 രൂപ ആഴ്ചയിലൊരിക്കൽ ബാങ്കുകളിൽ നിന്ന്‌ പിൻവലിക്കാമെന്ന്‌ പ്രഖ്യാപനമുണ്ടെങ്കിലും പലയിടത്തും അതിനു കഴിയുന്നില്ല. വടക്കൻ കേരളത്തിലെ ഗ്രാമീണ മേഖലകളിൽ നേരത്തെ തന്നെ സ്ഥിതി രൂക്ഷമാണ്‌. എ ടി എമ്മുകൾ പലയിടത്തും അടഞ്ഞുകിടക്കുന്നു. യന്ത്രത്തകരാറുകൾ മൂലം പ്രവർത്തനം കാര്യക്ഷമമായി നടക്കാത്തവയും അനവധി. മറ്റു ബാങ്കുകളിലെ ഇടപാടുകാർക്ക്‌ ഇവിടെ നിന്ന്‌ പണമെടുക്കാനുള്ള സൗകര്യവുമില്ല എന്നെഴുതിക്കാണിക്കുന്ന ദേശസാത്കൃത ബാങ്കുകളുടെ എടിഎമ്മുകളുമുണ്ട്‌. സാമ്പത്തിക അനിശ്ചിതത്വത്തെക്കുറിച്ചുള്ള ഇടപാടുകാരുടെ ചോദ്യങ്ങൾക്ക്‌ മറുപടി പറയാൻ കഴിയാതെ കുഴങ്ങുകയാണ്‌ ബാങ്കുകളിലെയും ട്രഷറികളിലെയും ജീവനക്കാർ.

  Categories:
view more articles

About Article Author