റൊണാൾഡോ റയൽ വിടുന്നു

റൊണാൾഡോ റയൽ വിടുന്നു
June 17 04:45 2017

മാഡ്രിഡ്‌: പോർച്ചുഗീസ്‌ സൂപ്പർതാരം ക്രിസ്റ്റിയാനോ റൊണോൾഡോ സ്പാനിഷ്‌ വമ്പൻമാരായ റയൽ മാഡ്രിഡ്‌ വിടുന്നുവെന്ന്‌ സൂചനകൾ. വിടാതെ പിന്തുടരുന്ന നികുതി വെട്ടിപ്പ്‌ കേസാണ്‌ റയൽ വിടാൻ റൊണാൾഡോയെ പ്രേരിപ്പിക്കുന്നതെന്ന്‌ സ്പാനിഷ്‌ ഫുട്ബോൾ മാധ്യമമായ മാർക റിപ്പോർട്ട്‌ ചെയ്തു. വാർത്ത പുറത്തുവന്നതോടെ ഇംഗ്ലീഷ്‌ പ്രീമിയർ ലീഗിലെ മുൻനിര ക്ലബുകൾ റൊണാൾഡോക്കായി നീക്കം ശക്തമാക്കിയിട്ടുണ്ട്‌.
റയൽ പ്രസിഡന്റായ ഫ്ലെറെന്റിനോ പെരസിനെയും ക്ലബ്‌ ഡയറക്ടർ ജോസ്‌ എയ്ഞ്ചൽ സാഞ്ചസിനെയും ക്ലബ്‌ വിടുന്ന കാര്യം റൊണാൾഡോ അറിയിച്ചുകഴിഞ്ഞതായാണ്‌ റിപ്പോർട്ട്‌.
റയൽ വിടുന്ന റൊണാൾഡോ ഇംഗ്ലീഷ്‌ പ്രീമയർ ലീഗിലെ തന്റെ പഴയ ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കോ ഫ്രഞ്ച്‌ ക്ലബ്‌ പാരിസ്‌ സെന്റ്‌ ജർമെനിലേക്കോ മൊണോക്കോയിലേക്കോ ചേക്കേറുമെന്നാണ്‌ കരുതപ്പെടുന്നത്‌.
180 മില്യൺ യൂറോയാണത്രെ (ഏകദേശം 1200 കോടി രൂപ) റൊണാൾഡോയ്ക്ക്‌ റയൽ വിലയിട്ടിരിക്കുന്നത്‌. ട്രാൻസ്ഫർ ഫീസിന്‌ പുറമെ റൊണാൾഡോയുടെ വേതനമടക്കം 400 മില്യൺ യൂറോയോളം ടീമിന്‌ ചിലവ്‌ വരുമെന്നാണ്‌ കരുതപ്പെടുന്നത്‌. ആ തുക നൽകാൻ തയ്യാറാകുന്ന ക്ലബുകൾക്ക്‌ റൊണാൾഡോയെ വിട്ടുനൽകാനാണ്‌ റയലിന്റെ തീരുമാനം.
അതെസമയം റയലുമായുളള റൊണാൾഡോയുടെ പ്രശ്നങ്ങൾ ഒത്തുതീർക്കാനും ക്ലബ്‌ ശ്രമിക്കുന്നുണ്ട്‌. നികുതി വെട്ടിപ്പ്‌ കേസിൽ ക്ലബിൽ നിന്ന്‌ വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ല എന്നതാണ്‌ റൊണാൾഡോയുടെ പരാതി. ഇത്‌ പരിഹരിക്കാനാണ്‌ റയൽ അധികൃതരുടെ ഇപ്പോഴത്തെ ശ്രമം.
ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കെതിരെ 14.7 ദശലക്ഷം യൂറോയുടെ (ഏകദേശം 106 കോടി രൂപ) നികുതി വെട്ടിപ്പു കേസ്‌ ആണ്‌ ഇപ്പോൾ നിലവിലുളളത്‌. 2011-14 കാലയളവിൽ നാലു കേസുകളിലായി റൊണാൾഡോ ഇത്രയും തുക വെട്ടിച്ചെന്നാണു കേസ്‌. 2010ൽ രണ്ടു കമ്പനി മാതൃകകൾക്കു രൂപം നൽകി വരുമാനം മറച്ചുവയ്ക്കാൻ റൊണാൾഡോ ശ്രമിച്ചെന്നു മാഡ്രിഡിലെ പബ്ലിക്‌ പ്രോസിക്യൂട്ടർ ഓഫിസ്‌ കണ്ടെത്തിയിരുന്നു.

  Categories:
view more articles

About Article Author