റോഡ് സുരക്ഷ വാരാചരണം തുടങ്ങി; അരൂര്‍-ചേര്‍ത്തല പാതയില്‍ പരിശോധന

January 11 01:51 2017

 

ആലപ്പുഴ: ജില്ലാതല റോഡുസുരക്ഷ വാരാചരണം സിവില്‍ സ്‌റ്റേഷനിലെ ദേശീയസമ്പാദ്യഭവന്‍ ഹാളില്‍ ജില്ലാ കലക്ടര്‍ വീണ എന്‍ മാധവന്‍ ഉദ്ഘാടനം ചെയ്തു. റോഡു സുരക്ഷ സര്‍ക്കാരിന്റെ മാത്രം ഉത്തരവാദിത്തമായി കാണരുതെന്ന് അവര്‍ പറഞ്ഞു. രാജ്യത്ത് ജനങ്ങള്‍ക്ക് വാങ്ങല്‍ ശേഷി കൂടിയതിനൊപ്പം വാഹനങ്ങളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. ഇതനുസരിച്ച് റോഡു സൗകര്യം കൂടിയില്ല. ഡ്രൈവര്‍മാരുടെയുള്‍പ്പെടെ റോഡു മര്യാദയും കുറഞ്ഞിട്ടുണ്ട്. കാല്‍നടയാത്രികരോട് ഒരു സഹാനുഭൂതിയും കാണിക്കുന്നില്ല. ഇത്തരം കാര്യങ്ങളില്‍ ബോധവത്ക്കരണത്തിനൊപ്പം നമ്മുടെ സുരക്ഷിതത്വത്തിനായുള്ള പരിശോധനകളെ അംഗീകരിക്കാനുള്ള മനസും ജനങ്ങള്‍ കാണിക്കണമെന്ന് കലക്ടര്‍ ആവശ്യപ്പെട്ടു. റോഡപകടങ്ങളില്‍ 95 ശതമാനവും ഡ്രൈവര്‍മാരുടെ അശ്രദ്ധയും ജാഗ്രതക്കുറവും മൂലമാണെന്നാണ് പഠനമെന്ന് റോഡു ബോധവത്ക്കരണ റാലി ഫഌഗ് ഓഫ് ചെയ്ത ജില്ലാ പൊലീസ് മേധാവി വി എം മുഹമ്മദ് റഫീഖ് പറഞ്ഞു.റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ എബി ജോണ്‍ ആധ്യക്ഷത വഹിച്ച യോഗത്തില്‍ ചേര്‍ത്തല ജോയിന്റ് ആര്‍ ടി ഒ ഷാജി മാധവന്‍ സ്വാഗതവും കുട്ടനാട് ജോയിന്റ് ആര്‍ ടി ഒ. എന്‍ സുമേഷ് നന്ദിയും പറഞ്ഞു.
ഈ മാസം 15 വരെയുള്ള വാരാചരണ വേളയില്‍ വിവിധ പരിപാടികളാണ് മോട്ടോര്‍ വാഹന വകുപ്പ് ആസൂത്രണം ചെയ്തിട്ടുള്ളത്. സംസ്ഥാനത്തെ ആദ്യത്തെ നാലുവരിപ്പാതയായ അരൂര്‍-ചേര്‍ത്തല ദേശീയപാതയില്‍ പൊലീസ് വകുപ്പിന്റെ സഹകരണത്തോടെ വിപുലമായ പരിശോധനയും ബോധവത്ക്കരണ പരിപാടികളും ഇക്കാലയളവില്‍ നടത്തും. കേരളത്തില്‍ ദേശീയപാത ഏറ്റവും കൂടുതല്‍ ദൂരം കടന്നുപോകുന്ന (110 കിലോ മീറ്റര്‍) ജില്ലകളിലൊന്നാണ് ആലപ്പുഴ. അരൂര്‍-ചേര്‍ത്തല നാലുവരിപ്പാതയാണെങ്കിലും ഏറ്റവും അപകടം പിടിച്ച മേഖലകളില്‍ ഒന്നുമാണ്. എങ്കിലും സംസ്ഥാനത്തെ വാഹനാപകടങ്ങളില്‍ അഞ്ചാം സ്ഥാനമാണ് ജില്ലക്കുള്ളത്.
2020 വര്‍ഷത്തോടെ റോഡപകടങ്ങള്‍ കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് റോഡ് സുരക്ഷ വാരാചരണത്തിന് 2011ല്‍ തുടക്കമിട്ടത്. അടുത്ത വര്‍ഷം മുതലേ ഇതിന്റെ ഫലം കണ്ടുതുടങ്ങി. വാരാചരണത്തിനുമപ്പുറം 365 ദിവസവും വകുപ്പും പൊലീസും സുരക്ഷക്രമീകരണവും പരിശോധനയും നടത്തി വരുന്നു. എങ്കിലും റോഡുപയോഗിക്കുന്നവര്‍ പ്രത്യേകിച്ച ഡ്രൈവര്‍മാര്‍ ശ്രദ്ധയും ജാഗ്രതയും മര്യാദയും കൈവിടുന്നതാണ് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകുന്നതെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.
പല മേഖലകളിലായി ഡ്രൈവര്‍മാര്‍ക്ക് ബോധവത്ക്കരണം വാരാചരണ വേളയില്‍ സംഘടിപ്പിക്കുന്നുണ്ട്. വിദ്യാര്‍ഥികള്‍, തുടങ്ങി ജീവിതത്തിന്റെ സമസ്ത മേഖലയില്‍യുള്ളവരെയും ഉള്‍ക്കൊള്ളുന്നതരത്തിലുള്ള ബോധവത്കരണ പരിപാടികളും നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി നഗരത്തില്‍ ബോധവത്ക്കരണ റാലി സംഘടിപ്പിച്ചിരുന്നു. മോട്ടോര്‍ ഡ്രൈവിങ് സ്‌കൂള്‍ അധികൃതര്‍, സ്റ്റുഡന്റ് പൊലീസ് കേഡറ്റ്‌സ് തുടങ്ങിയവരുടെ സഹകരണത്തോടെയായിരുന്നു റാലി.

  Categories:
view more articles

About Article Author