റോബി കീൻ ബ്ലാസ്റ്റേഴ്സിൽ കളിച്ചേക്കും

റോബി കീൻ ബ്ലാസ്റ്റേഴ്സിൽ കളിച്ചേക്കും
June 18 04:45 2017

ന്യൂഡൽഹി: അയർലൻഡിന്റെ സ്റ്റാർ സ്ട്രൈക്കറായിരുന്ന റോബി കീൻ അടുത്ത സീസണിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ കളിക്കുമെന്ന്‌ സൂചന. കേരള ബ്ലാസ്റ്റേഴ്സുമായി താരം കരാറൊപ്പിടാൻ സാധ്യതയുണ്ടെന്ന്‌ ഒരു വെബ്സൈറ്റ്‌ റിപ്പോർട്ട്‌ ചെയ്തു.
അയർലൻഡിന്റെ റെക്കോർഡ്‌ ഗോൾസ്കോററായ കീൻ ഇംഗ്ലീഷ്‌ പ്രീമിയർ ലീഗിൽ ലിവർപൂളിനായും ടോട്ടൻഹാമിനായും ബൂട്ടുകെട്ടിയിട്ടുണ്ട്‌. നിലവിൽ ഒരു ക്ലബ്ബിന്റെയും ഭാഗമല്ലാത്ത മുപ്പത്തിയാറുകാരൻ മേജർ ലീഗ്‌ സോക്കറിലാണ്‌ അവസാനം കളിച്ചത്‌. ഈ വർഷം ജനുവരിയിൽ ലോസ്‌ ഏഞ്ചൽസ്‌ ഗാലക്സിക്ക്‌ വേണ്ടിയാണ്‌ കീൻ കളത്തിലിറങ്ങിയത്‌.
കേരള ബ്ലാസ്റ്റേഴ്സുമായി കരാർ നീട്ടാനൊരുങ്ങുന്ന പരിശീലകൻ സ്റ്റീവ്‌ കോപ്പൽ താരത്തെ കേരളത്തിലെത്തിക്കുമെന്നാണ്‌ കരുതുന്നത്‌. 20 വർഷത്തെ മത്സരപരിചയമുള്ള കീനിനിലൂടെ ബ്ലാസ്റ്റേഴ്സിന്റെ അറ്റാക്കിങ്‌ ശക്തിപ്പെടുത്താനാണ്‌ കോപ്പൽ ശ്രമിക്കുന്നത്‌. കഴിഞ്ഞ ദിവസം ബൾഗേറിയയിൽ നടന്ന മാഞ്ചസ്റ്റർ യുണൈറ്റഡ്‌ ഓൾ സ്റ്റാർ മത്സരത്തിൽ കീൻ ഗോൾ നേടിയിരുന്നു.
അയർലൻഡിനായി 146 മത്സരങ്ങൾ കളിച്ച കീൻ 68 ഗോളുകളാണ്‌ നേടിയത്‌. ടോട്ടനത്തിനായി 197 മത്സരങ്ങളിൽ നിന്ന്‌ 80 ഗോളുകളും ലിവർപൂൾ ജഴ്സിയിൽ 19 മത്സരങ്ങളിൽ നിന്ന്‌ അഞ്ചു ഗോളുകളും കീനിന്റെ അക്കൗണ്ടിലുണ്ട്‌.
കേരളത്തിന്റെ ആക്രമണ നിരയിൽ ഇറങ്ങിയ നേസണും ബെൽഫോർട്ടും ക്ലബിൽ അടുത്ത വർഷം ഉണ്ടാകില്ല എന്നു വ്യക്തമായിരുന്നു. ആരോൺ ഹ്യൂസ്‌, ഹോസു എന്നിവരും ബ്ലാസ്റ്റേഴ്സ്‌ നിരയിൽ ഉണ്ടാകില്ലെന്ന്‌ വ്യക്തമായിട്ടുണ്ട്‌.
പുതിയ സീസണിലേക്ക്‌ സി കെ വിനീതിനെയും സന്ദേശ്‌ ജിംഗാനെയും നിലനിർത്താനാണ്‌ ക്ലബ്‌ ശ്രമിക്കുന്നതെന്നും വാർത്തകളുണ്ടായിരുന്നു. രണ്ട്‌ കളിക്കാരെ മാത്രമാണ്‌ ഒരു ടീമിന്‌ നിലനിർത്താനാകുന്നത്‌. മൂന്നു സീസണുകളിൽ ടീമിലുണ്ടായിരുന്ന ഇഷ്ഫഖ്‌ അഹമ്മദ്‌, സന്ദീപ്‌ നന്ദി, ഗുർവീന്ദർ സിങ്‌ എന്നിവർ ഇത്തവണ ഉണ്ടാകില്ല. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിൽ കളിച്ച മലയാളി പ്രതിരോധനിരക്കാരൻ റിനോ ആന്റോ സൂപ്പർലീഗിലെ ബെംഗളൂരു ടീമിൽ കളിക്കാനാണ്‌ സാധ്യത. റിനോയെയും സുനിൽ ഛേത്രിയെയും നിലനിർത്താനാണ്‌ ബെംഗളൂരു ശ്രമിക്കുന്നത്‌.

  Categories:
view more articles

About Article Author