ലണ്ടൻ ഭീകരാക്രമണം: പന്ത്രണ്ട്‌ പേർ അറസ്റ്റിൽ

ലണ്ടൻ ഭീകരാക്രമണം: പന്ത്രണ്ട്‌ പേർ അറസ്റ്റിൽ
June 05 04:45 2017
  • ലണ്ടനെ ഞെട്ടിച്ച്‌ ഭീകരാക്രമണം: ഏഴ്‌ മരണം
  • മൂന്ന്‌ ഭീകരരെ പൊലീസ്‌ വെടിവെച്ചുകൊന്നു
  • പന്ത്രണ്ട്‌ പേർ അറസ്റ്റിൽ

ലണ്ടൻ: ബ്രിട്ടൻ തലസ്ഥാനമായ ലണ്ടനിൽ ഭീകരാക്രമണ പരമ്പര. ആക്രമണത്തിൽ ഏഴ്‌ പേർ കൊല്ലപ്പെട്ടു. പൊലീസുമായുള്ള ഏറ്റുമുട്ടലിനിടെ മൂന്ന്‌ അക്രമികളെ വധിച്ചു. പൊതുതെരഞ്ഞെടുപ്പിന്‌ നാല്‌ ദിവസം മാത്രം ബാക്കിനിൽക്കെയാണ്‌ രാജ്യത്തെ നടുക്കിയ ആക്രമണപരമ്പരയുണ്ടായത്‌.
കാൽനടയാത്രക്കാർക്കിടയിലേക്കു വാൻ ഓടിച്ചുകയറ്റിയും കഠാര ഉപയോഗിച്ചുമാണ്‌ ആക്രമണം നടത്തിയത്‌. ലണ്ടൻ ബ്രിഡ്ജിലെ കാൽനടയാത്രക്കാർക്കിടയിലേക്കാണു വാൻ ഓടിച്ചുകയറ്റിയത്‌. കത്തിക്കുത്തിൽ ബറോ മാർക്കറ്റിൽ നിരവധിപ്പേർക്കു പരുക്കേറ്റു. 48 പേരെ പരിക്കുകളോടടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭീകരാക്രമണമാണെന്ന്‌ ലണ്ടൻ പൊലീസ്‌ സ്ഥിരീകരിച്ചു. നഗരത്തിലെങ്ങും അതീവ ജാഗ്രതയാണ്‌. ആക്രമണത്തിനുശേഷം ലണ്ടനിലെ വിവിധയിടങ്ങളിൽ നടന്ന റെയ്ഡിൽ 12 പേരെ അറസ്റ്റ്‌ ചെയ്തു.
ആക്രമണം നടത്തിയ മൂന്ന്‌ ഭീകരരേയും എട്ട്‌ മിനിറ്റിനുള്ളിൽ പോലീസ്‌ കൊലപ്പെടുത്തി. കൊല്ലപ്പെട്ടവർ വ്യാജ ബോംബുകൾ ധരിച്ചിരുന്നു. പരിശോധനയിൽ ഇത്‌ സ്ഫോടക വസ്തുക്കളല്ലെന്ന്‌ തിരിച്ചറിഞ്ഞു. ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ചാവേർ ഭീഷണിയുൾപ്പടെയുള്ള പദ്ധതികളും ഇവർ ആസൂത്രണം ചെയ്തിരുന്നതായി പൊലീസ്‌ സംശയിക്കുന്നു. ശനിയാഴ്ച പ്രാദേശിക സമയം രാത്രി 10ന്‌ ശേഷമാണ്‌ ലണ്ടൻ ബ്രിഡ്ജിലെ ആക്രമണം. വെളുത്ത വാനിൽ അമിതവേഗതയിൽ പാഞ്ഞെത്തിയ ഭീകരർ ലണ്ടൻ ബ്രിഡ്ജിൽ നിന്നിരുന്ന മുപ്പതോളം പേരുടെ മേൽ ഓടിച്ചുകയറ്റിയശേഷം കൈവരിയിൽ ഇടിച്ച്‌ നിർത്തി ഓടി രക്ഷപെടുകയായിരുന്നു.
പാലത്തിനോട്‌ ചേർന്നുള്ള ബറോ മാർക്കറ്റ്‌ വാരാന്ത്യ ആഘോഷങ്ങൾക്ക്‌ പ്രശസ്തമാണ്‌. 11.15 ഓടെയാണ്‌ ഇവിടെ ആക്രമണം നടന്നത്‌. ബറോ മാർക്കറ്റിൽ പകൽ സമയത്തേക്കാൾ തിരക്കാണ്‌ രാത്രിയിൽ. അക്രമികൾ കണ്ണിൽ കണ്ടവരെയെല്ലാം കുത്തി വീഴ്ത്തുകയായിരുന്നു. ഒരു റസ്റ്റോറന്റിനുള്ളിൽ കയറിയും ആക്രമണം നടത്തി. അക്രമികളെ തടയാനെത്തിയ ഒരു പൊലീസുകാരനും കുത്തേറ്റു. ഇയാളുടെ പരുക്ക്‌ ഗുരുതരമാണ്‌.
മിനിറ്റുകൾക്കുള്ളിൽ അക്രമികളെ വകവരുത്താൻ പൊലീസിന്‌ സാധിച്ചെങ്കിലും ഇതിനിടയിൽ വൻ നാശനഷ്ടം ഉണ്ടാക്കാൻ അക്രമികൾക്ക്‌ കഴിഞ്ഞു. ലണ്ടൻ ബ്രിഡ്ജ്‌ ഒരു രാത്രി മുഴുവൻ ഒഴിപ്പിച്ചിടുമെന്ന്‌ ബ്രിട്ടിഷ്‌ ട്രാൻസ്പോർട്ട്‌ പൊലീസ്‌ അറിയിച്ചു. ലണ്ടൻ ബ്രിഡ്ജ്‌ റയിൽവേ സ്റ്റേഷനും അടച്ചു. പ്രധാനമന്ത്രി തെരേസ മേ സ്ഥിതിഗതികൾ വിലയിരുത്തി. നടന്നത്‌ ഭീകരാക്രമണമാണെന്നും രാജ്യം തീവ്രവാദ ഭീഷണിയിലാണെന്നും തെരേസ മേ അടിയന്തര കോബ്രാ യോഗത്തിന്‌ ശേഷം പറഞ്ഞു.
വ്യാഴാഴ്ചയാണ്‌ ബ്രിട്ടനിലെ പൊതുതെരഞ്ഞടുപ്പ്‌ നടക്കുക. തെരഞ്ഞെടുപ്പ്‌ അലങ്കോലപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ്‌ ആക്രമണം എന്നാണ്‌ വിലയിരുത്തൽ. കഴിഞ്ഞയാഴ്ച മാഞ്ചസ്റ്ററിലെ അരീനയിൽ സംഗീതനിശയ്ക്കിടെയുണ്ടായ ഭീകരാക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടിരുന്നു.

  Categories:
view more articles

About Article Author