ലഹരി കീഴ്പ്പെടുത്തുന്ന ബാല്യ കൗമാരങ്ങൾ

ലഹരി കീഴ്പ്പെടുത്തുന്ന ബാല്യ കൗമാരങ്ങൾ
April 20 04:45 2017

അനുകൃഷ്ണ എസ്‌
തലസ്ഥാനത്തെ ഒരു പേരുകേട്ട സ്കൂളിൽ പത്താം തരത്തിൽ പഠിക്കുന്ന മകന്‌ സ്കൂളിൽ പോകുന്നതിനു മുമ്പ്‌ എന്നും അമ്മ കൈമടക്ക്‌ കൊടുക്കും. മകനോടുള്ള വാത്സല്യം കാരണം വഴിച്ചിലവിനുള്ളതു കൂടാതെ കുറച്ചധികം പണമാണ്‌ നൽകുന്നത്‌. കൊടുത്തയച്ച കാശ്‌ അവൻ എങ്ങനെ ചെലവഴിച്ചെന്ന്‌ മാതാവ്‌ ചോദിച്ചിട്ടില്ല. പിന്നെ പിന്നെ കൊടുക്കാറുള്ളതിനേക്കാൾ അധികം തുക മകൻ അമ്മയോട്‌ ആവശ്യപ്പെടാൻ തുടങ്ങി. തുകയുടെ തോതേറി വന്നപ്പോൾ അമ്മക്കൊരാകാംശ തോന്നി, ഇവനീ കാശുകൊണ്ട്‌ എന്താണ്‌ ചെയ്യുന്നതെന്ന്‌. മകനോടു തന്നെ ആദ്യം തിരക്കി. ഉത്തരങ്ങളിൾ പാകംചേരാതെ വന്നപ്പോൾ അമ്മ അന്വേഷണം മുറുക്കി. ഒടുവിൽ എത്തിനിന്നത്‌ നഗരം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഒരു വലിയ കഞ്ചാവ്‌ മാഫിയയിലാണ്‌. ഇത്‌ ഒരു കഥയല്ല.. കഥാപാത്രങ്ങൾ ഒരമ്മയും മകനും മാത്രവുമല്ല. നമ്മളിൽ ഓരോരുത്തരും അറിഞ്ഞും അറിയാതെയും ഇതുപോലുള്ള കഥയിലെ കഥാപാത്രങ്ങളാകുന്നുണ്ട്‌, അല്ലെങ്കിൽ സാക്ഷിയാകുന്നുണ്ട്‌. പല സന്ദർഭങ്ങളിൽ… ലഹരി വസ്തുക്കളുടെ ഉപയോഗം മാരകവ്യാധിപോലെ സമൂഹത്തെ അപ്പാടെ കവർന്നെടുക്കുന്ന കാഴ്ച്ചകൾക്കാണ്‌ നിരന്തരം നാം സാക്ഷിയായിക്കൊണ്ടിരിക്കുന്നത്‌. കുടുംബ ബന്ധങ്ങളുടെ അസ്ഥിരത്വവും സമൂഹത്തിന്റെ ചൂഷണമനോഭാവവും കൂടി കെട്ടിപ്പടുത്ത ഒരു സാമ്രാജ്യമാണിത്‌. ഈ സാമ്രാജ്യത്തിൽ വസിക്കാൻ പ്രായം മാനദണ്ഡമേയല്ല. പൂമ്പാറ്റകൾക്കു പിന്നിൽ ഓടി നടന്നിരുന്ന ഒരു വർണ്ണാഭമായ ബാല്യകാലത്തിന്റെ സ്മരകണകൾപോലും നാളെയ്ക്കായില്ലാത്ത ഒരു തലമുറയാണ്‌ വരാനിരിക്കുന്നത്‌. പ്ലാവിലത്തൊപ്പിയും ഓലപ്പന്തുമായി കളിക്കേണ്ട പ്രായത്തിൽ ഞരമ്പുകളിൽ കുത്തിനിറയ്ക്കുന്ന ലഹരിയുടെ ഉന്മാദം സിരകളെയപ്പാടെ കാർന്നുതിന്നുന്നു. ശരിയും തെറ്റും വേർതിരിച്ചെടുക്കാനുള്ള വിവേചന ബുദ്ധി നഷ്ടമാകുന്നതോടെ വീടിനും സമൂഹത്തിനും അവൻ(അവൾ) അസുരവിത്താകുന്നു. പെറ്റമ്മയെ ലൈഗികവേഴ്ച്ചക്കുപയോഗിക്കുമ്പോൾ അവൻ അറിയുന്നില്ല, തനിക്കു ജീവൻ പകുത്തു നൽകിയ ശരീരമാണിതെന്ന്‌. ഉന്മാദം അവന്റെ കാഴ്ച്ചയ്ക്ക്‌ ഏൽപ്പിച്ച മങ്ങലിനാൽ അവൻ ഒന്നും കാണില്ല, കേൾക്കില്ല, അറിയില്ല…ഒടുവിൽ ഉന്മാദാവസ്ഥയിൽനിന്ന്‌ കീഴ്പ്പോട്ടിറങ്ങുമ്പോഴാണ്‌ പെറ്റമ്മയുടെ നെഞ്ചുപൊട്ടിയുള്ള നിലവിളി അവൻ കേൾക്കുന്നത്‌. എന്തു പ്രയോജനം? നിരന്തരം ഇത്തരത്തിലുള്ള വാർത്തകൾക്ക്‌ കാതോർത്ത്‌ കാതുകൾക്കുവരെ തഴമ്പുണ്ടായിരിക്കുന്നു. എവിടെയാണ്‌ സമൂഹം അധഃപതിച്ചു തുടങ്ങിയത്‌? മാനുഷികതയെ അപ്പാടെ കവർന്നു തിന്നുന്ന ആ കാളകൂടവിഷം എവിടെയാണ്‌ കലർത്തിയത്‌?
നമുക്ക്‌ തുടങ്ങേണ്ടത്‌ സ്കൂൾ ബാഗുകളിൽ നിന്നാണ്‌. പാഠ പുസ്തകങ്ങളും ചോറ്റുപാത്രവും സ്നാക്സ്‌ ബോക്സും മാത്രമുണ്ടായിരിക്കേണ്ട ഒരു എൽകെജികാരന്റെ സ്കൂൾ ബാഗിൽനിന്നാണ്‌ നാം അന്വേഷണം തുടങ്ങേണ്ടതും, തുടച്ചെറിയേണ്ടതും….. താന്തോന്നിത്തരങ്ങളാണ്‌ കൗമാരത്തിന്റെ മുഖച്ഛായ. പണ്ട്‌ അച്ഛനോ അമ്മാവനോ വലിച്ചെറിഞ്ഞ സിഗരറ്റു വലിച്ച്‌ ആളാവാൻ ശ്രമിച്ചിരുന്ന കൗമാരക്കാരല്ല ഇന്ന്‌. സൗകര്യങ്ങളുടെയും പണത്തിന്റെയും ധാരാളിത്തം കൊണ്ട്‌ കുറച്ചുകൂടി അപകടമേറിയ ഒരു കൗമാരമാണ്‌ നമ്മുടെ കുട്ടികളുടേത്‌. പെട്ടെന്നൊരു സുപ്രഭാതത്തിൽ പൊട്ടിമുളക്കുന്നതല്ല ലഹരി വസ്തുക്കളോടുള്ള ആസക്തി. അറിയാനുള്ള ആകാംക്ഷ, കിട്ടുമെന്ന്‌ കേട്ടിട്ടുള്ള ഉന്മാദാവസ്ഥ, സമപ്രായക്കാരുടെ പ്രേരണ, ബോറടി മാറ്റാൻ, വിഷാദം മാറ്റാൻ, വീട്ടിലെ പ്രശ്നങ്ങൾ മറക്കാൻ, ക്ഷീണം മാറ്റാൻ, അധികമായി ലഭിക്കുന്ന പോക്കറ്റ്‌ മണി എന്തു ചെയ്യണമെന്നറിയാതെ നടക്കുന്നവർ… എന്നിങ്ങനെ ലഹരിവസ്തുക്കളിലേക്ക്‌ ശ്രദ്ധ മാറാൻ കാരണങ്ങൾ നിരവധിയാണ്‌.
ജോജോ ആൻഡ്‌ സെറ്റ്‌, ജോയിന്റ, മരിജു, ഇല, സ്റ്റഫ്‌, സാധനം എന്നൊക്കെ കുട്ടികൾ കോഡുഭാഷയിൽ വിളിക്കുന്ന മയക്കു മരുന്ന്‌, പുകയില, ലഹരിവസ്തുക്കൾ എന്നിവ കുട്ടികൾക്കിടയിൽ വളരെ വ്യാപകമാവുകയാണ്‌. ആൺകുട്ടികൾ മാത്രമല്ല നമ്മുടെ പെൺകുട്ടികളും ഒട്ടും സുരക്ഷിതരല്ല. ഗേൾസ്‌ ഹോസ്റ്റലുകളിൽ ഫോൺ വഴി ഓർഡർ എടുത്ത്‌ ലഹരി മരുന്നുകൾ എത്തിക്കുന്ന സംഘങ്ങളുണ്ട്‌. കൂടുതൽ കാശ്‌ കൊടുത്താൽ സാധനം ഹോസ്റ്റലിനുള്ളിൽ കിട്ടുന്നുമുണ്ട്‌. സോഷ്യൽ മീഡിയകളും ഇതിന്‌ കാരണമാകുന്നുണ്ട്‌. ഇത്തരത്തിലുള്ള ഗ്രൂപ്പിൽ പെട്ടാൽ അവർ ചെയ്യുന്നതെല്ലാം ഹീറോയിസമാണെന്നും ചെയ്യാതിരുന്നാൽ മോശക്കാരാകുമെന്നും തെറ്റിദ്ധരിക്കുന്നു. മയക്കുമരുന്നിന്റെ ‘കിക്കി’നെക്കുറിച്ചും താൻ പരീക്ഷിച്ച പുതിയ ‘സ്റ്റഫു’ കളെക്കുറിച്ചുമെല്ലാം സോഷ്യൽ മീഡിയകളിൽ പോസ്റ്റ്‌ ചെയ്യുന്നത്‌ മറ്റു സമപ്രായക്കാർക്കിടയിൽ ഹീറോ പരിവേഷം നൽകുമെന്ന്‌ ചിലരെങ്കിലും കരുതുന്നു.
സ്കൂളുകളും ഹോസ്റ്റലുകളും കേന്ദ്രീകരിച്ച്‌ മയക്കു മരുന്നിന്റെ റാക്കറ്റുകൾ പ്രവർത്തിക്കുന്നുണ്ടെന്നാണ്‌ നഗരത്തിലെ പ്രമുഖ ഡോക്ടർമാർ ഒരേ സ്വരത്തിൽ പറയുന്നത്‌. സ്കൂൾ യൂണിഫോമിന്റെ മറവിൽ മയക്കുമരുന്ന്‌ കച്ചവടം വ്യാപകമാണ്‌. ഒരിക്കൽ ഉപയോഗിച്ചു കഴിഞ്ഞാൽ അതിന്റെ പേരിൽ ബ്ലാക്മെയിൽ ചെയ്ത്‌ കൂട്ടുകാരെക്കൂടി സംഘത്തിൽ പെടുത്താൻ നിർബന്ധിക്കും. വലയിൽ പെട്ടുപോകുന്ന കുട്ടി, ആരോടും പറയാൻ കഴിയാതെ അനുസരിക്കുകയും ചെയ്യും.
ആയിരം കൈകളുള്ള നീരാളിയെപ്പോലെ ലഹരി മാഫിയ കുട്ടികളെ വരിഞ്ഞു മുറുക്കുന്നു. കൗമാരത്തിലേക്ക്‌ കാലൂന്നുന്ന മക്കളുള്ളവർക്ക്‌ പത്തു കണ്ണും കാതും ഉണ്ടായാൽ പോലും മതിയാവില്ല എന്നു തോന്നിപ്പോവുന്ന കാര്യങ്ങളാണ്‌ കാണേണ്ടി വരുന്നത്‌. സംഘടിതവും ശക്തവുമായ മയക്കുമരുന്ന്‌ മാഫിയയാണ്‌ കേരളത്തിൽ പ്രവർത്തിക്കുന്നത്‌. കുട്ടികളെ മാത്രമല്ല സ്കൂൾ-കോളജ്‌ ജീവനക്കാരെയും എന്തിന്‌, ചില അധ്യാപകരെവരെ അവർ മയക്കുമരുന്നിന്റെ വിതരണക്കാരും കടത്തുകാരുമായി മാറ്റുന്നു.
പിടിക്കപ്പെടുന്നവരെ ചോദ്യം ചെയ്യുമ്പോഴാണ്‌ അവർ ഇടനിലക്കാർ മാത്രമാണെന്നറിയുക. മാത്രമല്ല, ഇടനിലക്കാർക്ക്‌ സംഘത്തിലെ പ്രധാനികളുമായി യാതൊരു ബന്ധവും ഉണ്ടാവുകയുമില്ല. അന്വേഷണം അതോടെ വഴിമുട്ടുകയും ചെയും. ഉപഭോക്താക്കളെ തന്നെ വിതരണക്കാരാക്കുന്ന ബുദ്ധിപരമായ മാർക്കറ്റിങ്‌ തന്ത്രമാണ്‌ മാഫിയകൾ പരീക്ഷിക്കുന്നത്‌. കൂടുതൽ കുട്ടികളിലേക്കും സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കാൻ കുട്ടികളെ തന്നെയാണ്‌ ഇവർ ഉപയോഗിക്കുന്നത്‌. വിതരണത്തിന്‌ സഹായിക്കുന്നവർക്ക്‌ വില കുറച്ചും ഡിസ്കൗണ്ട്‌ നിരക്കിലും സൗജന്യമായുമൊക്കെ ലഹരി നൽകി പ്രോത്സാഹനം നൽകാനും തയാറാവുന്നു. മരുന്നുകൾ ലഹരിക്കായി ആദ്യം ഉപയോഗിക്കുമ്പോൾ ചില കുട്ടികൾ ഛർദിക്കാറുണ്ട്‌. അതൊഴിവാക്കാനുള്ള മരുന്നുകൂടി നൽകുമത്രെ വിൽപനക്കാരൻ. മറ്റേതു ബിസിനസിനാണ്‌ ഇതിലുമപ്പുറമുള്ള വിൽപ്പനാനന്തര സേവനം നൽകപ്പെടുന്നത്‌.
ചുരുക്കത്തിൽ തങ്ങളിലേക്കുള്ള എല്ലാ വഴികളും വളരെ തന്ത്രപരമായി അടച്ചുകൊണ്ടാണ്‌ അവർ ഒരു ഭീമൻ വ്യാളിയെപ്പൊലെ നമ്മുടെ കുഞ്ഞുങ്ങളെ വിഴുങ്ങാന്നെത്തുന്നത്‌.
കുട്ടികൾക്ക്‌ മയക്കു മരുന്നിന്റെ ലോകത്തിലേക്കുള്ള ഗ്രീൻ കാർഡാണ്‌ വൈറ്റ്നറും ചില പ്രത്യേക തരം പശകളും. ലഹരിക്കുവേണ്ടി ദുരുപയോഗിക്കുന്ന ഇവയെ മനശാസ്ത്രജ്ഞർ ‘ഗേറ്റ്‌ വേ ഡ്രഗ്സ്‌’ എന്നാണ്‌ വിളിക്കുന്നത്‌. ഇവ 18 വയസ്സിൽ താഴെയുള്ളവർക്ക്‌ നൽകരുതെന്ന്‌ പാക്കറ്റിൽ തന്നെ എഴുതിയിട്ടുണ്ടെങ്കിലും പല സ്കൂളുകളുടെയും പരിസരങ്ങളിലെ കടകളിൽ ലഭ്യമാണ്‌. പെയിന്റിന്റെ മണം പോലെ മത്തുപിടിപ്പിക്കുന്ന ഇവ തുടക്കത്തിൽ ഉഷാർ നൽകുമെങ്കിലും പിന്നെ വിഷാദാവസ്ഥയിൽ കൊണ്ടെത്തിക്കും. ക്യാൻസർരോഗികൾക്ക്‌ വേദനയറിയാതിരിക്കാൻ നൽകുന്ന മരുന്നുകളും നേർപ്പിച്ച്‌ ലഹരിക്കായി ഉപയോഗിക്കുന്നുണ്ട്‌. ചില വേദനസംഹാരികൾ നാഡീ വ്യവസ്ഥയെ ബാധിക്കുന്നതിനാൽ വേദനയും മറ്റും അറിയാനുള്ള ശേഷി ഇല്ലതാവും. ടെൻഷൻ, ഉറക്കമില്ലായ്മ എന്നിവയ്ക്കുള്ള ഔഷധമായി ഡോക്ടർമാർ നിർദ്ദേശിക്കുന്ന മരുന്നുകളുടെ അമിത ഉപയോഗം തലച്ചോറിന്റെ പ്രവർത്തനം മന്ദീഭവിപ്പിച്ച്‌ കുട്ടികളെ ചിലപ്പോൾ മനോവൈകല്യമുള്ളവരാക്കി മാറ്റും.
എന്നാൽ മാതാപിതാക്കളുടെ കരുതലും ശ്രദ്ധയുംകൊണ്ട്‌ തുടക്കത്തിലേ കണ്ടുപിടിക്കാൻ കഴിഞ്ഞാൽ വലിയ ബുദ്ധിമുട്ടില്ലാതെ ഈ ആപത്കരമായ ദുശീലത്തിൽ നിന്ന്‌ കുട്ടിയെ പിന്തിരിപ്പിക്കാൻ സാധിക്കും.
ലക്ഷണങ്ങൾ
സ്കൂളിൽ മുടങ്ങുക, സ്കൂളിൽ പോവുകയാണെന്ന ഭാവത്തിൽ മേറ്റ്വിടെയെങ്കിലും പോകുക, കുട്ടിയുടെ ശരീരത്തിൽ നിന്നോ വസ്ത്രങ്ങൾ, മുറി എന്നിവിടങ്ങളിൽ നിന്നോ സിഗററ്റിന്റെയോ പുകയുടെയോ മണം വരിക, പെട്ടെന്നുണ്ടാകുന്ന സ്വഭാവ വ്യതിയാനങ്ങൾ. ദേഷ്യം, അമർഷം, പൊട്ടിത്തെറി, നിരാശ എന്നിവ അനിയന്ത്രിതമാവുക. വിക്കൽ, സംസാരിക്കുമ്പോൾ തപ്പിത്തടയൽ എന്നിവ ഉണ്ടാവുക.
ആവശ്യങ്ങൾ ഏറിവരിക, ആവശ്യത്തിന്‌ പണം കിട്ടിയില്ലെങ്കിൽ ചോദിക്കാതെ എടുത്തുകൊണ്ടു പോകുക, പോക്കറ്റിലോ ബാഗിലോ മുറിയിലോ ആവശ്യത്തിൽ കൂടുതൽ പണം കാണപ്പെടുക, ചോദിച്ചാൽ കള്ളം പറയുക.
മുറിയിൽ കയറി അധികനേരം വാതിലടച്ചിരിക്കുക, മണിക്കൂറുകളോളം കുളിക്കുക, ശരീരഭാരം അമിതമായി കുറയുകയോ കൂടുകയോ ചെയ്യുക, മറ്റു വിനോദോപാധികൾ ത്യജിക്കുക, ഇഷ്ടപ്പെട്ട ഹോബീസ്‌, ഹാബിറ്റ്സ്‌ എന്നിവയിൽ താത്പര്യം ഇല്ലാതാവുക. ഉറക്കം, ഭക്ഷണം എന്നിവ ഒന്നുകിൽ വളരെ കുറഞ്ഞു പോവുക, അല്ലെങ്കിൽ വളരെ കൂടുക, വ്യക്തിബന്ധങ്ങളിൽ വിള്ളൽ വരിക, വീട്ടിൽ ആർക്കും മുഖം നൽകാതെ ഒഴിഞ്ഞു മാറുക, പുതിയ കൂട്ടുകെട്ടുകൾ തുടങ്ങുക, പഴയ ചങ്ങാതിമാരെക്കുറിച്ച്‌ ചോദിച്ചാൽ അവരെ കുറ്റം പറയുക, ദേഷ്യപ്പെടുക. നന്നായി പഠിക്കുന്ന കുട്ടി പെട്ടെന്ന്‌ പഠനത്തിൽ പിന്നാക്കം പോകുക, വീട്ടിൽ നിന്ന്‌ മാറിനിൽക്കാൻ താൽപ്പര്യം കാട്ടുക.
ചികിത്സ
ഒറ്റയടിക്ക്‌ സ്വയം തീരുമാനിച്ച്‌ മാറ്റാൻ കഴിയുന്ന ഒന്നല്ല മയക്കുമരുന്നുകളോടും ലഹരി വസ്തുക്കളോടുമുള്ള അഡിക്ഷൻ. മരുന്നുകളും കൗൺസലിങ്ങും ഒപ്പം കൊണ്ടുപോകണം. പിൻവാങ്ങൽ ലക്ഷണങ്ങൾ കുറയ്ക്കാനും ശാരീരിക പ്രശ്നങ്ങൾ നേരിടാനും മരുന്ന്‌ കൂടിയേ തീരൂ. ഒരുതവണ ട്രീറ്റ്മെന്റ്‌ എടുത്ത്‌ മുഴുമിപ്പിക്കുന്നതിനു മുമ്പ്‌ തന്നെ വീണ്ടും അവ ഉപയാഗിക്കാൻ സാധ്യതയുണ്ട്‌. അത്‌ തുറന്നുപറഞ്ഞാൽ നാണക്കേടാവുമെന്നോ എല്ലാവരും കുറ്റപ്പെടുത്തുമെന്നോ കരുതേണ്ട. മരുന്നും കൗൺസലിങ്ങും വഴി പൂർണമായും മാറ്റാൻ കഴിയുന്നതാണ്‌ ഇത്തരം ലഹരി വസ്തുക്കളുടെ ഉപയോഗം.
രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടത്‌
ആവശ്യത്തിലധികം പോക്കറ്റ്‌ മണി കുട്ടികൾക്ക്‌ നൽകരുത്‌. എന്നു കരുതി ന്യായമായ ആവശ്യങ്ങൾക്ക്‌ നൽകാതിരിക്കുകയുമരുത്‌. ലഹരി മരുന്നുകൾക്ക്‌ അടിമപ്പെട്ടു എന്നുറപ്പിക്കാനായാൽ എത്രയും പെട്ടെന്ന്‌ കൗൺസലിങ്‌ നൽകണം. പുറത്തറിയുമെന്നോ നാണക്കേടാണെന്നോ കരുതരുത്‌. കുട്ടിയുടെ ഭാവിയുടെയും ജീവിതത്തിന്റെയും കാര്യമാണെന്നോർക്കുക. ഭീഷണിപ്പെടുത്തിയോ മർദ്ദിച്ചോ ഉപദേശിച്ചോ ശകാരിച്ചോ ഇത്തരത്തിലുള്ള ശീലം മാറ്റാൻ കഴിയില്ല. അതിന്‌ മനഃശാസ്ത്ര വിദഗ്ദ്ധന്റെയോ കൗൺസലിങ്‌ വിദഗ്ദ്ധന്റെയോ സഹായവും മരുന്നുകളും വേണം. ഒപ്പംതന്നെ, എന്തു സംഭവിച്ചാലും ഞങ്ങൾ കൂടെയുണ്ടാവും എന്ന വിശ്വാസം കുട്ടിയിലുണ്ടാക്കാൻ രക്ഷിതാക്കൾക്ക്‌ കഴിയണം. ചികിത്സ തുടങ്ങിയാൽ പൂർണമായും അത്‌ തുടരണം. പെട്ടെന്ന്‌ നിർത്താൻ കഴിയുന്നതല്ല ഇത്തരം ലഹരി വസ്തുക്കളോടുള്ള അടിമത്തം. ചികിത്സയ്ക്കിടയിൽ കുട്ടി ചിലപ്പോൾ വീണ്ടും അത്തരം ശീലങ്ങളിലേക്ക്‌ മടങ്ങിപ്പോയേക്കാം. അപ്പോഴെല്ലാം ക്ഷമയോടെ അവനെ തിരിച്ചുകൊണ്ടുവരണം.
ചികിത്സാ സമയത്തോ അതിനു ശേഷമോ കൂട്ടിലിട്ട കിളിയെപ്പോലെ കുട്ടിയെ കൈകാര്യം ചെയ്യരുത്‌. ആവശ്യത്തിന്‌ സ്വാതന്ത്ര്യം നൽകണം. നല്ല ചങ്ങാതിമാരെ ഇക്കാര്യത്തിൽ സഹായത്തിന്‌ വിളിക്കാം. ആരോഗ്യകരമായ കുടുംബാന്തരീക്ഷം കുട്ടിക്ക്‌ നൽകുക. സംരക്ഷിക്കാനും സ്നേഹിക്കാനും ഒരു പ്രശ്നം വന്നാൽ ഒറ്റക്കെട്ടായി നിന്ന്‌ നേരിടാനും കുടുംബം കൂടെയുണ്ടെന്ന വിശ്വാസം ഇത്തരം ശീലങ്ങളിലേക്ക്‌ ഒരിക്കലും തിരികെപ്പോകാതിരിക്കാൻ കുട്ടിയെ സ്വയം പ്രേരിപ്പിക്കും.
തെറ്റുകളുടെ പേരിൽ കുറ്റപ്പെടുത്താതെ ശരിയിലേക്കു നടക്കാനുള്ളൊരു വാതിൽ കുട്ടിക്കു മുന്നിൽ തുറന്നിടേണ്ട ഉത്തരവാദിത്വം അധ്യാപകർക്കും രക്ഷിതാക്കൾക്കുമെല്ലാമുണ്ട്‌. സമൂഹം ഒന്നടങ്കം കൈകോർത്തെങ്കിലേ നമ്മുടെ കുട്ടികളെ വിഴുങ്ങാൻ കെണിയൊരുക്കിയിരിക്കുന്ന ഇത്തരം വിപത്തുകളിൽനിന്ന്‌ അവരെ രക്ഷിക്കാനാകു.

  Categories:
view more articles

About Article Author