Thursday
24 May 2018

ലിംഗം മുറിക്കൽ കേസും മൊഴിമാറ്റ മറിമായവും

By: Web Desk | Sunday 18 June 2017 4:55 AM IST

നേരും പോരും
സ്വാമി വിശ്വഭദ്രാനന്ദശക്തിബോധി

സിസ്റ്റർ അഭയ വധക്കേസുപോലെ, ചേകന്നൂർ മൗലവി കേസുപോലെ ഒരിക്കലും യാഥാർത്ഥ്യം പുറത്തുവരാത്ത ഒരു കേസായി സ്വാമി ഗംഗേശാനന്ദയുടെ ലിംഗം ഛേദിക്കപ്പെട്ട കേസും മാറുമോ? ഇത്തരമൊരു ആശങ്ക ഉണർത്തുന്ന സംഭവങ്ങളാണ്‌ കേസുമായി ബന്ധപ്പെട്ട്‌ ഉണ്ടായിക്കൊണ്ടിരിക്കുന്നത്‌! ഐസ്ക്രീം പാർലർ സ്ത്രീപീഡനകേസിലും സൂര്യനെല്ലി പീഡനക്കേസിലും ഉന്നത രാഷ്ട്രീയ ഇടപെടലുകൾ മൂലം ഉണ്ടായ മൊഴിമാറ്റങ്ങൾ ഏറെ നടന്നിരുന്നല്ലോ. ഇത്തരം മൊഴിമാറ്റങ്ങൾ യഥാർത്ഥത്തിൽ വേട്ടക്കാർക്ക്‌ ഊർജ്ജം പകരുന്നവയാണ്‌. ഇരകൾക്കൊപ്പം നിൽക്കാനുള്ള സന്നദ്ധതയെ നിർവീര്യപ്പെടുത്തുന്നവയുമാണ്‌. എന്തായാലും ഒരുകാര്യം ഉറപ്പാണ്‌. സ്വാമി ഗംഗേശാനന്ദയുടെ ലിംഗം മുറിക്കപ്പെട്ടു. ഈ കൃത്യം ചെയ്തതാര്‌? എന്തിനുവേണ്ടി ചെയ്തു? എങ്ങനെ ചെയ്തു? തുടങ്ങിയ ചോദ്യങ്ങൾക്ക്‌ ഉത്തരം കണ്ടെത്തേണ്ട ബാധ്യത പൊലീസിനുണ്ട്‌. അതവർ ആത്മാർഥമായി ചെയ്താൽ ‘മൊഴിമാറ്റ’ നാടകങ്ങൾ ഉൾപ്പെടെയുള്ളവയുടെ അണിയറ പ്രവർത്തകരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുവാനാകും.
സാമ്പത്തികമോ സാമ്പത്തികേതരമോ ആയ കാരണങ്ങളാൽ സ്വാമി ഗംഗേശാനന്ദയോട്‌ വൈരാഗ്യമുള്ളവർ നിയോഗിച്ചയച്ചവരാണ്‌ ലിംഗം മുറിച്ചുമാറ്റിയത്‌ എന്ന മട്ടിലുള്ള അഭ്യൂഹം പലരും പ്രചരിപ്പിക്കുന്നുണ്ട്‌. സാമാന്യബോധത്തിനു നിരക്കാത്തതാണ്‌ ഇത്തരം അഭ്യൂഹങ്ങൾ. കാരണം, സ്വാമി ഗംഗേശാന്ദയുടെ പൊതുപ്രവർത്തനങ്ങളാലും നിയമപരമായ ഇടപെടലുകളാലും പൊറുതിമുട്ടിയവരുണ്ടെങ്കിൽ അവർ അയാളെ അക്രമിക്കുവാൻ ഇത്തരമൊരു വീടും ലിംഗം മുറിക്കൽപോലുള്ള നടപടികളും തന്നെ എന്തിനു കൈക്കൊള്ളണം, വേറെ എത്രയോ മാർഗങ്ങളുണ്ട്‌. 2006-ൽ നരേന്ദ്രമോഡി വിവാഹിതനാണെന്നു രേഖസഹിതം പത്രസമ്മേളനം നടത്തി പറഞ്ഞ സ്വാമി അവധൂതാനന്ദിനെ പിന്നീടാരും കണ്ടിട്ടില്ല. സ്വാമി ശാശ്വതീകാനന്ദയുടെ ദുരൂഹമരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട്‌ അവിശ്രാന്തം പ്രവർത്തിച്ചുവന്നിരുന്ന സ്വാമി പ്രീതാത്മനന്ദയേയും പിന്നാടാരും കണ്ടിട്ടില്ല. അവധൂതാനന്ദയും പ്രീതാന്മനന്ദയും ഒക്കെ ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്നുപോലും ആർക്കും ഒരറിവും ഇല്ല. സ്വാമി ഗംഗേശാനന്ദയാൽ പൊറുതിക്കേടനുഭവിക്കുന്ന ഉന്നത പൊലീസ്‌ അധികാരികൾ ഉൾപ്പെടെയുള്ളവർക്ക്‌ ഗംഗേശാനന്ദയെ ഇല്ലാതാക്കണമെങ്കിൽ അയാൾ കൂടെക്കൂടെ വന്നു താമസിക്കുന്ന വീട്ടിൽ അയാൾ ഉറങ്ങിക്കിടക്കേ കയറിച്ചെന്നു ലിംഗം മുറിക്കുക എന്നതല്ലാത്ത ഒരുപാടു മാർഗങ്ങൾ ഉണ്ടായിരുന്നെന്നു ചുരുക്കം. ഇനി, സ്ത്രീ പീഡനത്തിനെതിരായ ഒരു പ്രതിഷേധ നടപടിയായി പീഡിതസ്ത്രീ ചെയ്തതാണു ലിംഗം മുറിക്കൽ എന്ന പ്രതീതി ഉളവാക്കി ഗംഗേശാനന്ദയെ താറടിച്ചൊതുക്കുക എന്നതായിരുന്നു ഗംഗേശാനന്ദയുടെ ശത്രുക്കളുടെ പദ്ധതിയെന്നു വാദത്തിനുവേണ്ടി ശരിവച്ചാലും ഗംഗേശാന്ദയുടെ ശത്രുക്കളുമായി ഗംഗേശാനന്ദ സ്വന്തം വീടുപോലെ കരുതി പാർക്കുക പതിവുള്ള വീട്ടിലെ അംഗങ്ങൾ ഗൂഢാലോചന നടത്തിയിട്ടുണ്ടെന്നു കരുതേണ്ടിവരും. മാറ്റിപ്പറഞ്ഞ മൊഴിയിൽ പെൺകുട്ടി ലിംഗം മുറിച്ചില്ല എന്നതും ഗംഗേശാനന്ദ തന്നെ പീഡിപ്പിച്ചിട്ടില്ല എന്നതും മുഖവിലയ്ക്കെടുത്താൽ തന്നെയും ഗംഗേശാനന്ദയുടെ ലിംഗം മുറിച്ച കുറ്റവാളികൾക്ക്‌ പെൺകുട്ടിയും കുടുംബവും ഒത്താശ ചെയ്തിട്ടുണ്ടെന്നു പറയേണ്ടിവരും. മാരകമായ ഒരു കുറ്റകൃത്യത്തിന്‌ ഒത്താശ ചെയ്യുന്നതും ശിക്ഷാർഹമായ കുറ്റകൃത്യമായതിനാൽ ലിംഗം മുറിച്ച കേസിൽ പെൺകുട്ടിയും കുടുംബവും (തളർന്നുകിടക്കുന്ന അച്ഛനൊഴിച്ചുള്ളവർ) കുറ്റവാളികളും ശിക്ഷാർഹരുമാകും. അങ്ങനെ ആവാതിരിക്കണമെങ്കിൽ പെൺകുട്ടിയുടേയോ അമ്മയുടേയോ സഹോദരന്റെയോ അറിവില്ലാതെ അതിക്രമിച്ചു വീട്ടിൽ കയറിയവരാണ്‌ ഗംഗേശാനന്ദയുടെ ലിംഗം മുറിച്ചതെന്നു തെളിയിക്കേണ്ടിയും വരും. മൊബെയിൽ വിളിരേഖകളും മറ്റും സുപ്രധാന തെളിവുകളായി പരിഗണിക്കപ്പെടുന്ന ഇക്കാലത്ത്‌ ഗംഗേശാനന്ദയുടെ ലിംഗം മുറിച്ചുവർക്ക്‌ പെൺകുട്ടിയോടോ കുടുംബത്തോടോ യാതൊരു ബന്ധവും ഉണ്ടായിരുന്നില്ലെന്നു തെളിയിക്കുവാൻ ഏറെ വിയർക്കേണ്ടിവരും.
പൊലീസുകാർ നിർബന്ധിച്ചിട്ടാണ്‌ സ്വാമി തന്നെ പീഡിപ്പിച്ചെന്നു മൊഴി നൽകിയതെന്ന്‌ ഇപ്പോൾ പറയുന്ന പെൺകുട്ടി നിർബന്ധത്തിനു വഴങ്ങുന്നവളാണെന്നുകൂടിയാണ്‌ അതുവഴി വ്യക്തമാകുന്നത്‌. അതിനാൽ “സ്വാമി എന്നെ മകളെപ്പോലെയാണ്‌ കണ്ടിരുന്നത്‌, സ്വാമി എന്നെ പീഡിപ്പിച്ചിട്ടില്ല” എന്നൊക്കെയുള്ള പെൺകുട്ടിയുടെ മൊഴിമാറ്റവും ആരെങ്കിലും നിർബന്ധിച്ചപ്പോൾ പറഞ്ഞതാണെന്നു കരുതുവാൻ ന്യായങ്ങളുണ്ട്‌. പെൺ മക്കളെ അവരുടെ അച്ഛന്മാരും മുത്തച്ഛന്മാരും വരെ പീഡിപ്പിക്കുന്ന സംഭവങ്ങൾ ധാരാളം പുറത്തുവന്നുകൊണ്ടിരിക്കുന്ന ഇക്കാലഘട്ടത്തിൽ ‘മോളെ’ പോലെ കരുതുന്ന ഒരാളിൽ നിന്നു ഒരു ലൈംഗികാതിക്രമവും ഉണ്ടായിട്ടില്ലെന്നു വെറും മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രം ഒരു കുറ്റാന്വേഷണ ഏജൻസിക്കും തീർച്ചയിൽ എത്താനാവില്ല. ഇക്കാര്യം മൊഴിമാറ്റിപ്പറഞ്ഞ പെൺകുട്ടി നിയമവിദ്യാർഥിയായിരുന്നിട്ടും ഓർമ്മിക്കാതെ പോയത്‌ അവളുടെ മണ്ടത്തരം. ഒരു പെൺകുട്ടി ലൈംഗികബന്ധത്തിനോ അതിക്രമത്തിനോ വിധേയയായിട്ടുണ്ടോ എന്നറിയാൻ ഒരു വൈദ്യപരിശോധന മതി. സ്വാമിയുടെ ലിംഗം മുറിച്ചതാരെന്നറിയുവാൻ അമ്മയേയും മകളേയും മകനേയും സ്വാമിയേയും നുണപരിശോധനയ്ക്ക്‌ വിധേയമാക്കിയാലും മതി. ഇതിനൊക്കെയുള്ള ആർജ്ജവം ആഭ്യന്തരവകുപ്പും അന്വേഷണ ഉദ്യോഗസ്ഥരും കാണിക്കണം. ആരാണു ലിംഗം മുറിച്ചത്‌? എന്തിനുവേണ്ടി അത്‌ ചെയ്തു? തുടങ്ങിയ ചോദ്യങ്ങൾക്ക്‌ ഉത്തരം കിട്ടാത്ത സാഹചര്യം മൊഴിമാറ്റ മറിമായങ്ങളാൽ ഈ കേസിൽ ഉണ്ടാവാതെ പോകരുത്‌.