ലീഗ്‌ മുഖപത്രത്തിൽ വ്യാജലേഖനം: സമസ്തയിൽ പ്രതിഷേധം

ലീഗ്‌ മുഖപത്രത്തിൽ വ്യാജലേഖനം: സമസ്തയിൽ പ്രതിഷേധം
January 11 04:45 2017

കോഴിക്കോട്‌: മുസ്ലീം വേട്ടയെന്ന വ്യാജ ആരോപണം ഉന്നയിച്ച്‌ സംസ്ഥാന സർക്കാറിനെതിരെ നീക്കം നടത്തിയ മുസ്ലീം ലീഗ്‌ തുടക്കത്തിൽ തന്നെ വെട്ടിലായി.
വർഗീയത പ്രചരിപ്പിച്ചതിന്റെ പേരിൽ പീസ്‌ സ്കൂളിനും എം എം അക്ബറിനെതിരെയും നടപടിയുണ്ടായ സാഹചര്യത്തിലാണ്‌ ഇതിനെ പ്രതിരോധിക്കാൻ മുസ്ലീം വേട്ട നടക്കുന്നു എന്ന്‌ പ്രചരിപ്പിച്ച്‌ ലീഗ്‌ രംഗത്തെത്തിയത്‌. സലഫിസത്തെ ന്യായീകരിച്ചുകൊണ്ട്‌ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി പ്രൊഫ. ആലിക്കുട്ടി മുസ്ലിയാരുടെ പേരിൽ ചന്ദ്രിക ദിനപത്രത്തിൽ ലേഖനം പ്രസിദ്ധീകരിക്കുകയും ചെയ്തു. ന്യൂനപക്ഷങ്ങളെ സംസ്ഥാന സർക്കാർ വേട്ടയാടുന്നു എന്ന്‌ ആരോപിച്ച്‌ ലീഗ്‌ തുടങ്ങിയ ക്യാമ്പയിന്‌ ശക്തി പകരുന്നിന്റെ ഭാഗമായിരുന്നു ഈ ലേഖനം പ്രസിദ്ധീകരിച്ചത്‌. എന്നാൽ ആലിക്കുട്ടി മുസ്ല്യാർ അറിയാതെ ലേഖനം പ്രസിദ്ധീകരിച്ചതിന്റെ പേരിൽ സമസ്തയിൽ ലീഗിനെതിരെ പ്രതിഷേധം ആളിക്കത്തുകയാണ്‌.
വ്യാജ ലേഖനം പ്രസിദ്ധീകരിച്ചതിന്റെ പേരിൽ മാപ്പുപറയണമെന്ന്‌ ആവശ്യപ്പെട്ട്‌ ആലിക്കുട്ടി മുസ്ല്യാർ കത്ത്‌ നൽകിയിട്ടുണ്ടെങ്കിലും ചന്ദ്രിക ഇതിന്‌ മറുപടി നൽകിയിട്ടില്ല. വെള്ളിയാഴ്ച ചന്ദ്രികയിൽ പ്രസിദ്ധീകരിച്ച ലേഖനം ഞാൻ എഴുതിയതോ എന്റെ അനുവാദത്തോടെ പ്രസിദ്ധീകരിച്ചതോ അല്ല. ഇതിൽ ശക്തമായി പ്രതിഷേധിക്കുന്നുവെന്ന്‌ കത്തിൽ ആലിക്കുട്ടി മുസ്ല്യാർ വ്യക്തമാക്കിയിട്ടുണ്ട്‌. ഇതോടെ സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ ഇ കെ വിഭാഗം സമസ്ത പ്രവർത്തകർ ലീഗിനെതിരെ ആഞ്ഞടിക്കുകയാണ്‌. ചന്ദ്രിക ബഹിഷ്ക്കരിക്കുന്നത്‌ അടക്കമുള്ള കാര്യങ്ങളിലേക്കാണ്‌ സുന്നി നേതാക്കൾ നീങ്ങുന്നത്‌.
ചന്ദ്രിക നടത്തിയിരിക്കുന്നത്‌ മാപ്പർഹിക്കാത്ത തെറ്റാണെന്നാണ്‌ നേതാക്കൾ വ്യക്തമാക്കുന്നത്‌. തീവ്രവാദ കേസുകളിൽ ഉൾപ്പെടെ അകപ്പെട്ട സലഫി നേതാക്കളെയും സ്ഥാപനങ്ങളെയും മഹത്വവത്ക്കരിക്കുന്ന തരത്തിലാണ്‌ ലേഖനത്തിൽ പരാമർശങ്ങൾ ഉണ്ടായിരുന്നത്‌. എം എം അക്ബറിനെ ഇസ്ലാമിക പ്രബോധകനെന്ന്‌ വിശേഷിപ്പിക്കുക വരെ ചെയ്തിരുന്നു. തീവ്രവാദ കേസുകളിൽ ആരോപണ വിധേയമായ പീസ്‌ സ്കൂൾ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണെന്നും ലേഖനത്തിലുണ്ടായിരുന്നു. ഇതാണ്‌ സുന്നി നേതാക്കളെ പ്രകോപിതരാക്കിയത്‌.
ശക്തമായ വോട്ട്‌ ബാങ്കായി ലീഗിനൊപ്പം തങ്ങൾ നിൽക്കുമ്പോൾ പാർട്ടിയെ നിയന്ത്രിക്കുന്നത്‌ സലഫി നേതാക്കളും സംഘടനകളുമാണെന്ന്‌ ഇവർക്ക്‌ നേരത്തെ തന്നെ പരാതിയുണ്ടായിരുന്നു. സലഫിസത്തിനെതിരെ ആരോപണം ഉയരുമ്പോഴെല്ലാം ലീഗിലെ സലഫി ബന്ധമുള്ള ഇ ടി മുഹമ്മദ്‌ ബഷീർ, കെ പി എ മജീദ്‌ തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിൽ ഇതിനെതിരെ പരിപാടികൾ നടത്തുകയും സമൂദായത്തിൽ ഏകീകരണത്തിന്‌ ശ്രമം നടത്തുമെന്നും സമസ്ത നേതാക്കൾ വ്യക്തമാക്കുന്നു.
കഴിഞ്ഞ ഭരണത്തിൽ സുന്നി നിയന്ത്രണത്തിലുളള യത്തീംഖാനകളുമായി വിവാദം ഉയർന്നപ്പോൾ ഇക്കാര്യത്തിൽ സഹായവുമായി ലീഗ്‌ നേതാക്കളാരും വന്നിരുന്നില്ലെന്നും ഇവർ പറയുന്നു.

  Categories:
view more articles

About Article Author