ലോകത്തെ പിടിച്ചുകുലുക്കിയ സൈബർ ആക്രമണവും സ്വതന്ത്ര സോഫ്റ്റ്‌വെയർ രാഷ്ട്രീയവും

May 17 04:55 2017

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ലോകരാഷ്ട്രങ്ങളെയും ജനതകളെയും ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തിയ സൈബർ ആക്രമണത്തിന്റെ തീവ്രതയ്ക്ക്‌ അയവുവന്നതായാണ്‌ വാർത്തകൾ സൂചിപ്പിക്കുന്നത്‌. നൂറ്റിഅമ്പതിൽപരം രാഷ്ട്രങ്ങളെയും പതിനായിരക്കണക്കിന്‌ കമ്പ്യൂട്ടറുകളെയും ബാധിച്ച സൈബർ ആക്രമണത്തിന്റെ യഥാർത്ഥ വ്യാപ്തിയും അതു മൂലമുണ്ടായ കഷ്ടനഷ്ടങ്ങളും പൂർണമായി വിലയിരുത്തപ്പെടാനിരിക്കുന്നതേയുള്ളു. ഈ സൈബർ ആക്രമണത്തിന്റെ ഉറവിടം വ്യക്തമായി നിർണയിക്കാൻ വിദഗ്ധർക്കോ കമ്പ്യൂട്ടർ സുരക്ഷാ ഏജൻസികൾക്കോ ഇനിയും കഴിഞ്ഞിട്ടില്ല. ഉത്തരകൊറിയയടക്കം രാജ്യങ്ങളെ പ്രതിക്കൂട്ടിൽ നിർത്താൻ നടക്കുന്ന ശ്രമങ്ങൾ ഇന്നത്തെ ആഗോള രാഷ്ട്രീയാന്തരീക്ഷത്തിൽ രാഷ്ട്രീയ പ്രേരിതമാണെന്ന്‌ സംശയിക്കുന്നവരെ കുറ്റപ്പെടുത്താനുമാവില്ല. ഇതുവരെ പുറത്തുവന്ന വാർത്തകളാകട്ടെ ഇപ്പോഴത്തെ സൈബർ ആക്രമണത്തിന്‌ ഉപയോഗിക്കപ്പെട്ട ഉപകരണങ്ങൾ യുഎസിന്റെ ദേശീയ സുരക്ഷാ ഏജൻസിയിൽ നിന്നും കവർന്നെടുക്കപ്പെട്ടവയോ ചോർത്തി നൽകപ്പെട്ടവയോ ആണെന്ന ശക്തമായ സൂചനകളും നൽകുന്നു. എന്നാൽ ഇപ്പോഴത്തെ സൈബർ ആക്രമണത്തിൽ മോചനദ്രവ്യമെന്ന ലക്ഷ്യമൊഴിച്ച്‌ രാഷ്ട്രീയമോ സൈനികമോ മറ്റേതെങ്കിലും മാനുഷിക സംഘർഷങ്ങളോ ഉൾപ്പെട്ടതായി സൂചനയില്ല. അത്‌ ആശ്വാസകരമാണ്‌. ഈ ആഗോള സൈബർ ആക്രമണത്തിന്‌ പിന്നിൽ പ്രവർത്തിച്ചത്‌ ആരെന്ന്‌ കണ്ടെത്തുക എളുപ്പമല്ലെന്ന സൂചനകളാണ്‌ അത്‌ സംബന്ധിച്ച വാർത്തകളും ചർച്ചകളും നൽകുന്നത്‌. കഴിഞ്ഞ വാരാന്ത്യത്തിൽ പൊട്ടിപ്പുറപ്പെട്ട വിനാശകാരിയായ കമ്പ്യൂട്ടർ വൈറസ്‌ ആക്രമണം നിയന്ത്രിക്കാനും നിർവീര്യമാക്കാനും സൈബർ സുരക്ഷാ പ്രവർത്തകർക്കും സംഘടനകൾക്കും കഴിഞ്ഞു എന്നത്‌ ഏറെ ആശ്വാസജനകമാണ്‌. എന്നാൽ മനുഷ്യരാശി പുതിയതും കൂടുതൽ വിനാശകരവുമായ സൈബർ ആക്രമണത്തിന്റെ നിതാന്ത നിഴലിലാണെന്ന്‌ വനാക്രൈ റാൻസംവേർ ആക്രമണം നമ്മെ ഓർമിപ്പിക്കുന്നു.
കമ്പ്യൂട്ടറുകളും ഇന്റർനെറ്റും മനുഷ്യജീവിതത്തെ തിരികെപോകാനാവാത്തവിധം ആശ്രിതത്വത്തിലാക്കിയിരിക്കുന്നു. മനുഷ്യജീവിതത്തിന്റെ സമസ്തതലങ്ങളെയും കമ്പ്യൂട്ടറുകളും ഇന്റർനെറ്റും അവയുടെ പ്രവർത്തനക്ഷമതയ്ക്ക്‌ അനിവാര്യമായ സോഫ്റ്റ്‌വെയറുകളുമാണ്‌ ഇന്ന്‌ നിലനിർത്തുന്നതും നിയന്ത്രിക്കുന്നതും. വെള്ളം, വെളിച്ചം, ഊർജം, ആരോഗ്യപരിപാലനം, ധനവിനിമയം, ഭക്ഷണം, ചരക്കുനീക്കം, ഗതാഗതം, വാർത്താവിനിമയം തുടങ്ങി എല്ലാ തുറകളും കമ്പ്യൂട്ടർ നിയന്ത്രിതമാണ്‌. പരിസ്ഥിതി സംരക്ഷണം മുതൽ കാലാവസ്ഥാവ്യതിയാനം വരെ യാതൊന്നും അതിന്റെ നിയന്ത്രണത്തിനു പുറത്തല്ലെന്നു വന്നിരിക്കുന്നു. അക്കാരണത്താൽ തന്നെ രാഷ്ട്രീയ സംഘർഷങ്ങളും സാമൂഹ്യ അസ്വസ്ഥതകളും, സ്വൈര്യജീവിതത്തിനു ആഘാതമേൽപ്പിക്കാവുന്ന എന്തും നിയന്ത്രിക്കുന്നതിലും മൂർച്ഛിപ്പിക്കുന്നതിലും അവയ്ക്ക്‌ നിർണായക പങ്കാണുള്ളത്‌. മനുഷ്യൻ മനുഷ്യനോട്‌ ഏറ്റുമുട്ടുന്ന യുദ്ധങ്ങൾപോലും പ്രാകൃതമായി മാറുകയാണ്‌. കൊള്ളയ്ക്കും കവർച്ചയ്ക്കും ചില്ലറ മോഷണങ്ങൾക്കുപോലും ഫലപ്രദമായ ആയുധമായി കമ്പ്യൂട്ടറുകളും ഇന്റർനെറ്റും അവയുടെ സോഫ്റ്റ്‌വെയറുകളും സൗകര്യപ്രദമായ ആയുധങ്ങളായി മാറിയിരിക്കുന്നു. അതിന്റെ ഏറ്റവും പുതിയ ഫലപ്രദമായ തെളിവാണല്ലോ വാനക്രൈ റാൻസംവേർ ഉപയോഗിച്ചുള്ള ആഗോള വ്യാപക ആക്രമണം. ലോകത്തെ മുൾമുനയിൽ നിർത്തിയ ഈ ആക്രമണം മനുഷ്യരാശിക്ക്‌ നൽകുന്ന ഗുണപാഠം നാം ഉൾക്കൊണ്ടേ മതിയാവൂ. മനുഷ്യരാശിയുടെ ആർജിത വിജ്ഞാനത്തിന്റെയും കൂട്ടായ പ്രവർത്തനത്തിന്റെയും ഫലമായ വൈജ്ഞാനിക ഉൽപ്പന്നങ്ങൾ സ്വകാര്യസ്വത്തും ലാഭനിർമിതിക്കുള്ള ഉപകരണങ്ങളുമാവുമ്പോൾ അത്‌  മനുഷ്യവിമോചനത്തിനു പകരം അവനെ തടവുകാരനാക്കുകയാവും ഫലം.
വാനക്രൈ റാൻസംവേർ എന്ന സൈബർ വിജ്ഞാന ഉൽപ്പന്നം ലോകവ്യാപകമായി കീഴടക്കിയത്‌ മൈക്രോസോഫ്റ്റിന്റെ ചില വിൻഡോസ്‌ പ്ലാറ്റ്ഫോമുകളെയാണ്‌. ആഗോളകുത്തകയായ മൈക്രോസോഫ്റ്റ്‌ ലാഭാർത്തിയിൽ അധിഷ്ഠിതമായ തങ്ങളുടെ കച്ചവടതന്ത്രത്തിന്റെ ഭാഗമായി സുരക്ഷാസംവിധാനങ്ങൾ നൽകാതെ കാലഹരണപ്പെടുത്തിയ പ്ലാറ്റ്ഫോമുകളാണ്‌ ആക്രമണത്തിന്‌ ഇരയായത്‌. ഈ ആഗോള സൈബർ കടന്നാക്രമണത്തിൽ സ്വതന്ത്ര സോഫ്റ്റ്‌ വെയറിൽ പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ ശൃംഖലകളും പ്രോഗ്രാമുകളും സുരക്ഷിതമായിരുന്നുവെന്നാണ്‌ വാർത്തകൾ സൂചിപ്പിക്കുന്നത്‌. ലഭ്യമായ വിവരമനുസരിച്ച്‌ കേരളത്തിൽ സൈബർ ആക്രമണത്തിന്‌ ഇരയായ കമ്പ്യൂട്ടർ പ്രോഗ്രാമുകളിൽ ഒന്നുപോലും സ്വതന്ത്ര സോഫ്റ്റ്‌വെയറിൽ പ്രവർത്തിക്കുന്നവയല്ല. കേരളത്തിൽ സർക്കാർ തലത്തിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ ഉപയോഗത്തിനു വേണ്ടി നടന്ന ആശയസമരങ്ങളുടെ പ്രസക്തിയാണ്‌ ഈ ആക്രമണം നമ്മെ അനുസ്മരിപ്പിക്കുന്നത്‌. മനുഷ്യരാശിയുടെ ഭാഗധേയം മൂലധനത്തിന്‌ അടിയറവെയ്ക്കുന്നതിനെതിരെയുള്ള ഈ നൂറ്റാണ്ടിലെ അനുഭവസാക്ഷ്യമായി ഈ അതിജീവനത്തെ നോക്കിക്കാണണം.

  Categories:
view more articles

About Article Author