ലോകസിനിമയിലെ ഇതിഹാസമാകാൻ ‘രണ്ടാമൂഴം’ വരുന്നു; നിർമാണ ചെലവ്‌ 1000 കോടി

ലോകസിനിമയിലെ ഇതിഹാസമാകാൻ ‘രണ്ടാമൂഴം’ വരുന്നു; നിർമാണ ചെലവ്‌ 1000 കോടി
April 18 00:25 2017

കൊച്ചി: ഇന്ത്യയിൽ ഇന്നേവരെയുണ്ടായിട്ടുള്ളതിൽവച്ച്‌ ഏറ്റവും മുതൽമുടക്കുള്ള സിനിമയായി എം ടി വാസുദേവൻനായരുടെ
‘രണ്ടാമൂഴം’~ഒരുങ്ങുന്നു. ‘മഹാഭാരതം’ എന്ന പേരിൽ പ്രമുഖ
പ്രവാസിവ്യവസായി ബി ആർ ഷെട്ടി ആയിരംകോടിരൂപ(150മില്യൺ യുഎസ്‌ ഡോളര്ാ‍മുതൽമുടക്കിയാണ്‌ ഈ ദൃശ്യാത്ഭുതം നിർമിക്കുന്നത്‌.
എം ടി തിരക്കഥയെഴുതുന്ന സിനിമ സംവിധാനം ചെയ്യുന്നത്‌ പ്രശസ്ത പരസ്യചിത്ര സംവിധായകൻ വി എ ശ്രീകുമാർ മേനോനാണ്‌. മോഹൻലാലാണ്‌ കേന്ദ്രകഥാപാത്രമായ ഭീമനെ അവതരിപ്പിക്കുന്നത്‌.
നിർമാണച്ചെലവിലും താരനിരയിലും ചരിത്രമായി മാറുന്ന ‘മഹാഭാരത’ത്തിന്‌ രണ്ടുഭാഗങ്ങളുണ്ടാകും. ആദ്യഭാഗത്തിന്റെ ചിത്രീകരണം അടുത്തവർഷം സെപ്റ്റംബറിൽ തുടങ്ങും. 2020ൽ ആണ്‌ റിലീസ്‌. ആദ്യ ഭാഗം പുറത്തിറങ്ങി 90ദിവസത്തിനുള്ളിൽ രണ്ടാംഭാഗം പ്രേക്ഷകരിലെത്തും. മലയാളത്തിനുപുറമേ ഹിന്ദി,ഇംഗ്ലീഷ്‌,തമിഴ്‌,തെലുങ്ക്ഭാഷകളിൽ സിനിമ ചിത്രീകരിക്കും. മറ്റ്‌ ഇന്ത്യൻഭാഷകളിലേക്കും വിദേശഭാഷകളിലേക്കും ഡബ്ബ്‌ ചെയ്യുന്നുമുണ്ട്‌. ബ്രഹ്മാണ്ഡസിനിമയെന്ന്‌ എല്ലാംകൊണ്ടും വിശേഷിപ്പിക്കാവുന്ന ‘മഹാഭാരതം’ ലോകത്തിന്‌ മുമ്പാകെ ഇന്ത്യൻ സിനിമ കാഴ്ചവച്ചതിൽവച്ച്‌ ഏറ്റവും വലിയ സംരംഭമാണ്‌.
ഇന്ത്യയിലെ വിവിധഭാഷകളിൽനിന്നുള്ള മുൻനിര അഭിനേതാക്കൾക്കുപുറമേ ചില ഹോളിവുഡ്‌ വമ്പൻമാരും ഇതിൽ മോഹൻലാലിനൊപ്പം അണിനിരക്കും. ലോകസിനിമയ്ക്ക്‌ വിസ്മയമാകുന്ന വി എഫ്‌ എക്സിന്റെയും സ്റ്റണ്ട്‌ കൊറിയോഗ്രഫിയുടെയും കാഴ്ചകളാകും ‘മഹാഭാരതം’സമ്മാനിക്കുന്നത്‌.
മഹാഭാരതത്തിന്റെ ഐതിഹാസികമായ എല്ലാ മാനങ്ങളെയും തൊട്ടുനിൽക്കുന്നതാകും സിനിമയെന്ന്്‌ ബി ആർ ഷെട്ടി ഉറപ്പുപറയുന്നു.
വിവിധ ഭാഷകളിലായി മൂന്നുദശലക്ഷം ജനങ്ങളിലേക്ക്‌ മഹാഭാരതം കഥയെത്തുമ്പോൾ നമ്മുടെ സംസ്കാരത്തിന്റെ ഏറ്റവും പ്രൗഢമായ ഉറവകളാകും ലോകമെങ്ങും പരന്നൊഴുകുന്നതെന്ന്‌ ഷെട്ടി പറയുന്നു.
മഹാഭാരതത്തെ ഭീമന്റെ കാഴ്ചപ്പാടിലൂടെ സമീപിച്ച ‘രണ്ടാമൂഴം’മലയാളത്തിലെ ക്ലാസിക്കായ കൃതിയാണ്‌. ജ്ഞാനപീഠമേറിയ മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്റെ പ്രതിഭ ഇതിൽ പൂർണതയെ തൊടുന്നു. ‘ഞാൻ ഏതാണ്ട്‌ 20വർഷത്തെ ഗവേഷണത്തിനുശേഷമാണ്‌ ‘രണ്ടാമൂഴം’ എഴുതുന്നത്‌. അത്‌ സിനിമയാക്കുന്നതിനായി മുമ്പ്‌ പലരും സമീപിച്ചിരുന്നു. പക്ഷേ നമ്മുടെ സിനിമകളുടെ നിർമാണച്ചെലവിൽ ഒതുങ്ങിനിൽക്കുന്നതല്ല ഈ കഥ. ഇത്‌ അത്രയും വലിയൊരു പ്രതലത്തിൽ മാത്രമേ ചിത്രീകരിക്കാനാകൂ. അതുകൊണ്ടാണ്‌ ഇത്രയും നാൾ ‘രണ്ടാമൂഴം’ എന്ന സിനിമ സംഭവിക്കാതിരുന്നത്‌’-എം ടി പറഞ്ഞു.
രണ്ടുവർഷമായി ചിത്രത്തിന്റെ തിരക്കഥ പഠിക്കുന്നതിന്റെയും ഗവേഷണങ്ങളുടെയും തിരക്കിലാണ്‌ വി എ ശ്രീകുമാർ മേനോൻ. ‘എന്നിലും ഈ സിനിമയിലും അർപ്പിച്ച വിശ്വാസത്തിന്‌ ബി ആർ ഷെട്ടിക്ക്‌ നന്ദി പറയുന്നു. ദേശീയതയെന്ന വികാരം കൊണ്ടും ബൃഹത്തായ സാമ്പത്തികപിന്തുണകൊണ്ടും അദ്ദേഹം ഒപ്പംനിൽക്കുന്നതിനാലാണ്‌ ഈ വലിയ സിനിമ സാക്ഷാത്കരിക്കപ്പെടുന്നത്‌. ഞങ്ങൾ നിർമാണത്തിന്റെ വിവിധഘട്ടങ്ങളിലേക്ക്‌ കടന്നുകഴിഞ്ഞു. വരുംദിവസങ്ങളിൽ ഈ ദൃശ്യവിസ്മയത്തിനുവേണ്ടിയാകും ഞങ്ങളുടെ മുഴുവൻസമയവും.’-ശ്രീകുമാർ മേനോൻ പറയുന്നു.

  Categories:
view more articles

About Article Author