ലോക ടൂറിസം ഭൂപടത്തിൽ ഇനി ജടായുപാറയും

ലോക ടൂറിസം ഭൂപടത്തിൽ ഇനി ജടായുപാറയും
November 13 04:45 2016

ജിഎസ്‌ പ്രിജിലാൽ
കടയ്ക്കൽ(കൊല്ലം): രാമായണത്തിലെ സീതാപഹരണ കഥയോട്‌ കെട്ടുപിണഞ്ഞ്‌ കിടക്കുന്ന ഐതിഹ്യങ്ങളുമായി ബന്ധപ്പെട്ട ചടയമംഗലം ജടായുപാറ ഇനി ലോക ടൂറിസം ഭൂപടത്തിൽ. ഏപ്രിലിലാണ്‌ ജടായുപാറ സഞ്ചാരികൾക്കായി തുറക്കുന്നത്‌.
എം സി റോഡിൽ ചടയമംഗലത്തിനുസമീപം സമുദ്രനിരപ്പിൽ നിന്നും ഏകദേശം മൂവായിരം അടി ഉയരത്തിലാണ്‌ ജടായുപാറ സ്ഥിതിചെയ്യുന്നത്‌ ഇരുന്നൂറ്‌ ഏക്കറിലേറെ ഭൂമിയിലാണ്‌ ഇത്‌ വ്യാപിച്ച്‌ കിടക്കുന്നത്‌. പാറ നിൽക്കുന്ന ഭാഗം മാത്രം ഏകദേശം 79 ഏക്കർ വരും. വിദേശവിനോദ സഞ്ചാരികളെ അടക്കം ആകർഷിക്കുംവിധം വമ്പൻ പദ്ധതികളാണ്‌ ശിൽപിയും ചലച്ചിത്ര സംവിധായകനുമായ രാജീവ്‌ അഞ്ചലിന്റെ നേതൃത്വത്തിൽ നടന്നുവരുന്നത്‌.
സഞ്ചാരികൾക്ക്‌ എംസി റോഡിൽ നിന്നും പാറമുകളിൽ എത്തുന്നതിനുള്ള റോപ്‌വേ, ഹെലിടാക്സി, അഡ്വഞ്ചർ ടൂറിസം, മുഖ്യപാറയുടെ സമീപത്തുള്ള അടുക്കളപാറയിൽ ആയൂർവേദ റിസോർട്ട്‌, പാറയോട്‌ ചേർന്ന ഭൂമിയിൽ ഔഷധസസ്യത്തോട്ടം, ശിൽപത്തിനുള്ളിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ തിയേറ്റർ എന്നിവയാണ്‌ നിർമ്മിക്കുന്നത്‌. ഐതിഹ്യത്തിലെ പുഷ്പകവിമാനത്തിന്റെ ഓർമ്മപ്പെടുത്തലാണ്‌ ഹെലിടാക്സി. രാമായണത്തിലെ അശോകവനത്തിന്റെ ഓർമ്മയ്ക്കാണ്‌ അതേ പേരിൽ ഔഷധസസ്യത്തോട്ടം നിർമ്മിക്കുന്നത്‌.
ഏഷ്യയിലെ ഏറ്റവും വലിയ പക്ഷിശിൽപമാണ്‌ ജടായുപാറയിൽ ഉയരുന്നത്‌. 1500 ചതുരശ്ര മീറ്റർ സ്ഥലത്താണ്‌ നിർമ്മാണം നടക്കുന്നത്‌. 200 അടി നീളവും 150 അടി വീതിയും 70 അടി ഉയരവും ഉള്ളതാണ്‌ ജടായുശിൽപം. 6 ഡി നിലവാരത്തിലുള്ള തീയേറ്ററും ശിൽപത്തിനുള്ളിൽ സജ്ജീകരിച്ചിട്ടുണ്ട്‌. നൂറ്‌ കോടിയിലേറെ മുടക്കിയുള്ള നേച്ചർ പാർക്കാണ്‌ മറ്റൊരു വിസ്മയം. പെയിന്റ്ബാൾ, ലേസർ ടാഗ്‌, അമ്പെയ്ത്ത്‌, റൈഫിൾ ഷൂട്ടിംഗ്‌, റോക്ക്‌ ക്ലൈമ്പിങ്‌ തുടങ്ങി ഇരുപതിൽ പരം സാഹസിക വിനോദങ്ങളാണ്‌ നേച്ചർ പാർക്കിൽ ഒരുങ്ങുന്നത്‌. കേരളത്തിലെ ആദ്യത്തെ കേബിൾ കാർ സർവ്വീസും പദ്ധതിയുടെ ഭാഗമായി ആരംഭിക്കും.
രാമായണകഥയുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളാൽ അറിയപ്പെട്ട ജടായുപാറ നിലവിൽ വിശ്വാസികളുടെ തീർത്ഥാടനകേന്ദ്രമാണ്‌. ഇതിന്റെ പുരാണപ്രാധാന്യം മനസ്സിലാക്കി 1971-ൽ ചെങ്കോട്ടുകോണം മഠാധിപതി ഇവിടെയെത്തി പ്രതിഷ്ഠ നടത്തിയിരുന്നു. ഐതിഹ്യങ്ങളേയും അതിനു കാരണമായ പ്രദേശത്തിന്റെ പ്രകൃതി സൗന്ദര്യത്തേയും കൂട്ടിയിണക്കി എങ്ങനെ വമ്പൻ വിനോദസഞ്ചാര വികസന പദ്ധതിക്ക്‌ കളമൊരുക്കാമെന്ന്‌ ആദ്യം ചിന്തിക്കുന്നത്‌ ഡോ. ആർ ലതാദേവി ചടയമംഗലം എംഎൽഎ ആയിരുന്ന കാലത്താണ്‌.
പദ്ധതി അംഗീകരിച്ച്‌ ഒന്നാം ഘട്ടമായി പാറയുടെ കവാടഭാഗത്ത്‌ വിശ്രമകേന്ദ്രവും ‘കദളീവനം’ എന്ന പേരിൽ റസ്റ്റോറന്റും ടിക്കറ്റ്‌ കൗണ്ടറും ആരംഭിച്ചു. രണ്ടാംഘട്ടമായി പാറയുടെ മുകളിൽ ജടായുശിൽപത്തിന്റെ നിർമ്മാണത്തിനായി 1.27 കോടി രൂപ വി എസ്‌ സർക്കാരിന്റെ കാലത്ത്‌ അനുവദിച്ചു. ശിൽപ നിർമ്മാണത്തിന്റെ പൂർണ്ണചുമതല രാജീവ്‌ അഞ്ചലിന്‌ നൽകി. തുടർന്ന്‌ എത്തിയ യുഡിഎഫ്‌ സർക്കാർ പദ്ധതി പ്രകാരമുള്ള മറ്റ്‌ നിർമ്മാണ പ്രവർത്തനങ്ങൾ ബിഒടി വ്യവസ്ഥയിലാക്കാൻ തീരുമാനിക്കുകയായിരുന്നു. ബിഒടി പ്രകാരമുള്ള നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം 2014 ഫെബ്രുവരിയിൽ നടന്നു. കഴിഞ്ഞ ദിവസം ടൂറിസം മന്ത്രിയുടെയും ചടയമംഗലം എംഎൽഎ മുല്ലക്കര രത്നാകരന്റെയും സാന്നിധ്യത്തിൽ ചേർന്ന അവലോകനയോഗം പ്രവർത്തനങ്ങൾ വേഗതയിലാക്കാൻ കമ്പനികൾക്ക്‌ നിർദ്ദേശം നൽകി.

klm_jalasayam-copy

  Categories:
view more articles

About Article Author