ലോഹക്കൊളുത്തുള്ള കച്ചയിൽ വെളിപ്പെടുന്നത്‌

ലോഹക്കൊളുത്തുള്ള കച്ചയിൽ വെളിപ്പെടുന്നത്‌
May 12 04:45 2017

സുരക്ഷാവീഴ്ചയോ വിവരക്കേടോ..

മനീഷ്‌ ഗുരുവായൂർ
ചെറുപ്പകാലത്ത്‌ മാസികയിൽ ശുപ്പാണ്ടിയുടെ കഥ വായിച്ചിട്ടുണ്ട്‌. യജമാനന്റെ വിശ്വസ്ത സേവകനായ ശുപ്പാണ്ടി ഒരു മരമണ്ടനാണ്‌. ഒരു ദിവസം മുതലാളി ശുപ്പാണ്ടിയോട്‌ ഒരു തീപ്പെട്ടി വാങ്ങിക്കൊണ്ടുവരാൻ പറഞ്ഞു. അൽപം കഴിഞ്ഞ്‌ തോളിൽ തൂക്കിയ വലിയൊരു സഞ്ചിയിൽ തീപ്പെട്ടിയുമായി ശുപ്പാണ്ടിയെത്തി. ഇതുകണ്ട ശുപ്പാണ്ടിയോട്‌ മുതലാളി പറഞ്ഞു. ഇതൊക്കെ പോക്കറ്റിലിട്ട്‌ കൊണ്ടുവന്നാൽ പോരേ ശുപ്പാണ്ടീ..
അടുത്ത ദിവസം അൽപം നെയ്യ്‌ വാങ്ങാൻ മുതലാളി ശുപ്പാണ്ടിയെ അടുത്ത വീട്ടിലേക്ക്‌ പറഞ്ഞയച്ചു. മുതലാളിയുടെ ഇന്നലത്തെ വാക്കുകൾ ശിരസാ വഹിച്ച്‌ നെയ്യ്‌ വാങ്ങി നേരെ പോക്കറ്റിലിട്ടായിരുന്നു അന്ന്‌ ശുപ്പാണ്ടി വന്നത്‌. നീറ്റ്‌ പരീക്ഷയ്ക്കെത്തിയ പെൺകുട്ടികളുടെ ലോഹക്കൊളുത്തുള്ള ബ്രാ ഊരിവെപ്പിച്ച അധികൃതരുടെ നടപടി ശുപ്പാണ്ടിയുടെ കഥയാണ്‌ ഓർമ്മപ്പെടുത്തിയത്‌. സാങ്കേതികതയുടെ എല്ലാ സാധ്യതകളും കുത്സിതബുദ്ധികൾ പുറത്തെടുക്കുന്ന കാലത്ത്‌ പരീക്ഷയുടെ സുരക്ഷയ്ക്കായി മെറ്റൽ ഡിറ്റക്ടർ ഉപയോഗിക്കുന്നതും ദേഹപരിശോധന നടത്തുന്നതും തെറ്റൊന്നുമല്ല. ഗുദത്തിൽ മയക്കുമരുന്ന്‌ ആംപ്യൂളുകൾ സൂക്ഷിച്ചിരുന്ന കുറ്റവാളികൾ വിമാനത്താവളങ്ങളിൽ പിടിയിലാകുന്ന വാർത്തകൾ നാം കാണാറുണ്ട്‌. സമാനമായ രീതിയിൽ ചെവിയിലോ ശരീരഭാഗങ്ങളിലോ അടിവസ്ത്രങ്ങൾക്കുള്ളിലോ വിവിധ ഇലക്ട്രോണിക്‌ കമ്മ്യൂണിക്കേഷൻ ഡിവൈസുകൾ ഒളിപ്പിച്ച്‌ വൈഫൈ വഴിയും മറ്റും പരീക്ഷകൾക്ക്‌ കോപ്പിയടിക്കുന്ന ആധുനികതയുടെ അപചയത്തെ കാണാതെ പോകേണ്ടതുമില്ല. ഉത്തരേന്ത്യയിലെല്ലാം ഇത്തരം സംഭവങ്ങൾ ധാരാളമായി റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുമുണ്ട്‌. ഈ സാഹചര്യത്തിലാണ്‌ മെറ്റർ ഡിറ്റക്ടർ ഉപയോഗപ്രദമാകുന്നത്‌. മേൽപറഞ്ഞ ഏതെങ്കിലും ഉപകരണങ്ങളുടെ സാന്നിധ്യം തിരിച്ചറിയുന്നതിനാണ്‌ പരീക്ഷാ ഹാളുകളിൽ അവ ഉപയോഗിക്കുന്നത്‌. സ്വാഭാവികമായും ഏതൊരു ലോഹഭാഗവും അത്‌ ഡിക്റ്ററ്റ്‌ ചെയ്യുകയും ബീപ്‌ ശബ്ദം പുറപ്പെടുവിക്കുകയും ചെയ്യും. ബ്രായുടെ ലോഹക്കൊളുത്തും, ആഭരണങ്ങളുമൊക്കെ വില്ലനാകുന്നത്‌ ഇങ്ങനെയാണ്‌. ഒരു വസ്ത്രവും വസ്ത്രത്തിന്റെ ലോഹക്കൊളുത്തും പരീക്ഷാഹാളിൽ ഒരിക്കലും ഒരു നിരോധിത വസ്തുവല്ലെന്നത്‌ ഇവിടെ പ്രത്യേകം ഓർക്കേണ്ടതുണ്ട്‌. അതിന്റെ സാന്നിധ്യം പരീക്ഷയുടെ സുരക്ഷാ ക്രമീകരണത്തിൽ ഏതെങ്കിലും വിധത്തിലുള്ള കളങ്കം സൃഷ്ടിക്കുന്നുമില്ല. പിന്നെന്താണവിടെ സംഭവിച്ചത്‌… മെറ്റൽ ഡിറ്റക്ടർ കാണിച്ചുതരുന്ന എല്ലാ വസ്തുക്കളേയും അകറ്റിനിർത്തണമെന്ന്‌ ധരിച്ചുവച്ച പരീക്ഷാ നടത്തിപ്പ്‌ ഉദ്യോഗസ്ഥരുടെ ശുപ്പാണ്ടി സ്റ്റെയിൽ വിഡ്ഢിത്തരമാണ്‌ കഴിഞ്ഞ ദിവസമുണ്ടായ സംഭവങ്ങൾക്ക്‌ പിന്നിൽ. മെറ്റൽ ഡിറ്റക്ടർ വഴിയുള്ള പരിശോധനയിൽ ലോഹസാന്നിധ്യം തിരിച്ചറിഞ്ഞാൽ, വനിതാ പരിശോധകരുടെ സൂക്ഷ്മ പരിശോധനയിൽ അത്‌ അടിവസ്ത്രത്തിന്റെ കൊളുത്താണെന്നോ സിബ്ബാണെന്നോ മനസിലാക്കിയാൽ അവരെ പരീക്ഷയെഴുതാൻ അനുവദിക്കുകയെന്നതാണ്‌ വേണ്ടിയിരുന്നത്‌. ഇത്തരത്തിൽ കാര്യക്ഷമതയോടെയും വിവേകത്തോടെയും സുരക്ഷ ഉറപ്പാക്കുന്നതിന്‌ പകരം ഈ പരീക്ഷാഹാൾ സമ്പൂർണ്ണ ലോഹവിമുക്ത പരിസരമെന്ന്‌ പ്രഖ്യാപിക്കാനുള്ള എന്തോ പരിശ്രമത്തിലായിരുന്നു ഉദ്യോഗസ്ഥരെന്നുവേണം കരുതാൻ. അപകടത്തിൽ കയ്യോ കാലോ ഒടിഞ്ഞ്‌ ശരീരത്തിനുള്ളിൽ സ്റ്റീൽ കമ്പിയിട്ട്‌ ഒരു പരീക്ഷാർഥി എത്തിയാൽ, അയാളെ ഡസ്കിൽ കിടത്തി മേജർ സർജറിക്ക്‌ വിധേയരാക്കി ലോഹഭാഗങ്ങൾ പുറത്തെടുക്കുമായിരുന്നോ ഈ അന്ധരായ സർക്കുലർ ആജ്ഞാനുവർത്തികൾ എന്ന ഭയാശങ്ക ലേഖകന്‌ ഇല്ലാതില്ല. അത്‌ സംഭവിക്കാതിരുന്നത്‌ ഭാഗ്യമായി കണക്കാക്കാം.
നീറ്റിന്റെ ഡ്രസ്‌ കോഡിന്‌ അനുസൃതമായി കുട്ടികൾ സ്വമേധയാ തങ്ങളുടെ വസ്ത്രങ്ങൾ സജ്ജീകരിക്കുക എന്ന സ്വാഭാവിക നടപടിക്കപ്പുറത്ത്‌ കുട്ടികളുടെ ചുരിദാറിന്റെയും മറ്റു വസ്്ത്രങ്ങളുടേയും കൈകൾ അധികൃതർ മുറിച്ചെടുത്തു എന്നത്‌ കടുത്ത മനുഷ്യാവകാശ ലംഘനവും പീഢനവുമാണ്‌. പരീക്ഷയെന്ന്‌ കേൾക്കുമ്പോഴേ നെഞ്ചിടിപ്പ്‌ കൂടുന്ന നമ്മുടെ കുട്ടികൾക്ക്‌ ഇത്തരത്തിലുള്ള മാനസികസമ്മർദ്ദം കൂടി അനുഭവിക്കേണ്ടി വരുന്നത്‌ പൊറുക്കാനാവാത്ത തെറ്റാണ്‌. താൻ ധരിച്ചിരുന്ന ബ്രാ ഊരിപ്പിടിച്ച്‌ പരീക്ഷാഹാളിൽ നിന്ന്‌ മറ്റു വിദ്യാർത്ഥികൾക്ക്‌ നടുവിലൂടെ പുറത്തേക്കെത്തി അത്‌ അത്രയും ആളുകൾക്ക്‌ മുന്നിൽ വെച്ച്‌ അച്ഛന്റേയോ അമ്മയുടേയോ ബന്ധുവിന്റെയോ കൈകളിൽ ഏൽപ്പിക്കേണ്ടി വരുന്ന ഒരു കൗമാരക്കാരിയുടെ മാനസിക പ്രയാസത്തെ തികഞ്ഞ ലാഘവത്തോടെ നോക്കിക്കാണാൻ അത്രയധികം പുരോഗമിച്ചിട്ടില്ലാത്ത സാമൂഹ്യസാഹചര്യത്തിൽ നിന്നുകൊണ്ട്‌ ഒരു കാരണവശാലും നമുക്ക്‌ കഴിയില്ല. അവിടെ നടന്നത്‌ കേവല സുരക്ഷാ പരിശോധനയോ സ്വാഭാവിക നിയമവാഴ്ചയോ അല്ല. അതൊരു ശിക്ഷാർഹമായ കുറ്റം തന്നെയാണ്‌.
ഭരണഘടന പൗരന്‌ നൽകുന്ന അവകാശങ്ങളിൽമേലുള്ള കടന്നുകയറ്റം. കുറ്റവാളികൾ ശിക്ഷിക്കപ്പെടുക തന്നെ വേണം. അധികാരികളുടെ വിവരക്കേടിന്റെയും പിടിവാശിയുടേയും പേരിൽ പൊതുജനമധ്യത്തിൽ മാനം നഷ്ടപ്പെടേണ്ടവരല്ല ഭാവിയുടെ വാഗ്ദാനങ്ങളായ നമ്മുടെ കുട്ടികൾ. അവർക്ക്‌ കൂട്ടായി നമ്മളുണ്ടാകണം. മാനസികമായും നിയമപരമായും അവർക്ക്‌ പിന്തുണ നൽകാൻ, നീതി നേടിക്കൊടുക്കാൻ സർക്കാരിനും പൊതുസമൂഹത്തിനും വലിയ ബാധ്യതയുണ്ട്‌.

view more articles

About Article Author