വംശം നശിക്കുമ്പോൾ

വംശം നശിക്കുമ്പോൾ
May 16 04:45 2017

ഹൃദ്യ മേനോൻ

പ്രപഞ്ചത്തിലെ വാസയോഗ്യമെന്ന്‌ കരുതുന്ന ഏക ഗ്രഹത്തിൽ വാഴുന്ന എണ്ണിയാൽതീരാത്ത ജീവികളിൽ ഒന്നാമനാണ്‌ മനുഷ്യൻ. അവൻ വെട്ടിപ്പിടിച്ചെടുത്ത പ്രദേശങ്ങൾ നാടെന്നും ബാക്കിയുള്ളവ കാടെന്നും ഇന്നറിയപ്പെടുന്നു. അവൻ ഇണക്കി വളർത്തിയ ജന്തുവിഭാഗങ്ങൾ നാട്ടിലും അവനോടിണങ്ങാത്തവ കാട്ടിലുമായി കഴിയുന്നു. എല്ലാം സ്വന്തമാക്കാനുള്ള മനുഷ്യന്റെ അടങ്ങാത്ത അത്യാഗ്യഹം കാട്ടുവാസികളായ പല ജന്തുവിഭാഗത്തെയും ഭൂമുഖത്ത്‌ നിന്ന്‌ മായ്ച്ചുകളഞ്ഞിട്ടുണ്ട്‌. ഇത്തരം കൊഴിഞ്ഞുപോക്കിന്‌ തടയിടാൻ അന്താരാഷ്ട്ര തലത്തിൽ ആരംഭിച്ച പരിസ്ഥിതി സംരക്ഷണ സംഘടനയാണ്‌ ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ്‌ നേച്ചർ (ഐയുസിഎൻ).
ഐയുസിഎൻ ഇന്ന്‌ വനം വന്യജീവി സ്നേഹികളുടെ സർവ വിജ്ഞാനകോശമാണെന്ന്‌ തന്നെ പറയാം. ഐയുസിഎൻ നൽകുന്ന കണക്ക്‌ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിവിധ സംഘടനകളും സർക്കാരുകളും സംരക്ഷണം നൽകുന്നതിനാലാണ്‌ ഡോഡോ പക്ഷികളെപ്പോലെ വംശം നശിക്കാതെ വനവും വന്യജീവികളും കഴിഞ്ഞുപോകുന്നത്‌.
ലോകത്തെ ഏറ്റവും വലിയ പ്രകൃതിസംരക്ഷണ സംഘടനയായ ഐയുസിഎൻ 1948 ഒക്ടോബറിലാണ്‌ സ്ഥാപിക്കപ്പെട്ടത്‌. ഇതിന്‌ 111 സർക്കാർ ഏജൻസികൾ, 800റോളം അധികം സർക്കാർ ഇതര സംഘടനകൾ, 16,000ൽ അധികം ശാസ്ത്രജ്ഞർ എന്നിവരുടെ ശൃംഖലയുണ്ട്‌.
അഞ്ച്‌ വർഷത്തിലൊരിക്കൽ സർവേ നടത്തി ഇവർ ഒരു പട്ടിക പുറത്തിറക്കും. ഇത്‌ റെഡ്‌ ഡാറ്റാ ലിസ്റ്റ്‌ എന്നറിയപ്പെടും. വംശനാശ ഭീഷണി നേരിടുന്ന പക്ഷിമൃഗാദികളെയും വൃക്ഷലതാദികളെയും ഈ പട്ടികയിൽ ഉൾക്കൊള്ളിച്ച്‌ അവയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത തുറന്നുകാട്ടുകയാണ്‌ സംഘടനയുടെ ലക്ഷ്യം.
നിലനിൽപ്പ്‌ അപകടത്തിലാവാൻ സാധ്യതയുള്ള ചില ജീവികൾ, നിലനിൽപ്പ്‌ അപകടത്തിലായ ചില ജീവികൾ, വംശനാശ ഭീഷണി നേരിടുന്ന ചില ജീവികൾ, വംശനാശത്തിന്റെ വക്കോളം എത്തി നിൽക്കുന്ന ജീവികൾ എന്നിങ്ങനെ തരംതിരിച്ചാണ്‌ പട്ടിക പുറത്തിറക്കുക.
റെഡ്‌ ഡാറ്റാ ലിസ്റ്റിൽ ഉൾപ്പെട്ട ഏഷ്യൻ വൻകരയിലെ നാല്‌ ജീവികളെക്കുറിച്ച്‌ ഇനി നോക്കാം :-
റെഡ്‌ പാണ്ട
നേപ്പാൾ, വടക്കൻ മ്യാൻമർ, മധ്യ ചൈന എന്നിവിടങ്ങളിൽ കാണപ്പെടുന്ന സസ്തനിയാണ്‌ റെഡ്‌ പാണ്ട. വടക്ക്‌ കിഴക്കൻ ഇന്ത്യൻ സംസ്ഥാനങ്ങളായ അസമിലും സിക്കിമിലും ഇവയെ കാണാനാകും. പാണ്ട എന്ന്‌ പേരുണ്ടെങ്കിലും ഇവയ്ക്ക്‌ ഭീമൻ പാണ്ടയുടെ വലുപ്പമൊന്നുമില്ല. വളർത്തുപൂച്ചകളെക്കാൾ ഒരൽപ്പം വലുപ്പം കൂടിയ ഇവയ്ക്ക്‌ പാണ്ടയുമായും റാക്കൂണുകളുമായും സാദൃശ്യമുണ്ട്‌. സദാസമയം മരങ്ങളിൽ കഴിഞ്ഞുകൂടുന്ന ഇവയുടെ പ്രിയ ഭക്ഷണം പാണ്ടകളെപ്പോലെത്തന്നെ മുളകളാണ്‌.
മരങ്ങൾ വെട്ടിമാറ്റുന്നതും മുളംകാടുകളുടെ ശോഷണവും ഇവയെ ഇന്ന്‌ വംശനാശത്തിലേക്ക്‌ എത്തിച്ചിരിക്കുന്നു. ഇതുകൂടാതെ ഫാഷൻ ലോകത്ത്‌ ഇവയുടെ രോമക്കുപ്പായം കൊണ്ടുള്ള തൊപ്പിക്ക്‌ വൻ ഡിമാൻഡാണ്‌. ഇതെല്ലാം കൊണ്ട്‌ ലോകത്താകെ 10,000ത്തിൽ താഴെ റെഡ്‌ പാണ്ടകൾ മാത്രമാണിന്നുള്ളത്‌.
സിംഹവാലൻ കുരങ്ങ്‌
ഇന്ത്യയിലെ പശ്ചിമഘട്ടത്തിന്റെ തെക്കൻപകുതിയിൽ മാത്രം കാണപ്പെടുന്ന വംശനാശത്തിന്റെ വക്കിലെത്തിയിരിക്കുന്ന കുരങ്ങുകളാണ്‌ സിംഹവാലൻ കുരങ്ങുകൾ. കേരളത്തിൽ സെയിലന്റ്‌ വാലിയിലും തമിഴ്‌നാട്ടിൽ ആശാംബൂ മലനിരകളിലുമാണ്‌ സിംഹവാലൻ കുരങ്ങുകൾക്ക്‌ പറ്റിയ ആവാസവ്യവസ്ഥ ഉള്ളത്‌. മഴക്കാടുകളിലെ മുകൾത്തട്ടിലാണ്‌ ഇവ മിക്കവാറും സമയം ചെലവഴിക്കുന്നത്‌. മറ്റു കുരങ്ങുകളെപോലെയല്ല ഇവ. മനുഷ്യരുമായുള്ള ഇടപെടൽ ഇഷ്ടപ്പെടാത്ത കൂട്ടരാണിവർ.
പഴങ്ങൾ, ഇലകൾ, പ്രാണികൾ, ചെറിയ ജീവികൾ എന്നിവയാണ്‌ ഇവയുടെ ഭക്ഷണം. സെയിലന്റ്‌ വാലിയിലുള്ള വെടിപ്ലാവുകളാണ്‌ ഇവയെ ഇന്നും ഇവിടെ പിടിച്ചുനിർത്തുന്നത്‌. കേരളം, കർണ്ണാടക, തമിഴ്‌നാട്‌ എന്നീ സംസ്ഥാനങ്ങളിലെ വനങ്ങളിൽ 3500 – 4000 സിംഹവാലന്മാരേ ഇന്ന്‌ ജീവിച്ചിരിപ്പുള്ളൂ. ഇവയുടെ വാസസ്ഥലങ്ങൾ തേയില, കാപ്പി, തേക്ക്‌ എന്നീ തോട്ടങ്ങൾ, അണക്കെട്ടുകൾ എന്നിവയുടെ നിർമാണത്താൽ ചുരുങ്ങിക്കൊണ്ടിരിക്കുകയാണ്‌.
ഏഷ്യാട്ടിക്‌ സിംഹം
ഇന്ത്യൻ സിംഹം എന്നും അറിയപ്പെടുന്ന ഇവ ഗുജറാത്തിലെ ഗിർ വനങ്ങളിൽ മാത്രമായി ചുരിങ്ങിപ്പോയിട്ടുണ്ട്‌. സർക്കാർ കണക്ക്‌ പ്രകാരം ഇവിടെയാകെ 400-600 ഏഷ്യാട്ടിക്‌ സിംഹങ്ങൾ മാത്രമാണ്‌ ജീവിച്ചിരിപ്പുള്ളത്‌. ഗിർ ദേശീയോദ്യാനം വന്നതോടുകൂടി ഇവയുടെ സംരക്ഷണത്തിന്‌ ആക്കം കൂട്ടിയിട്ടുണ്ടെങ്കിലും ഇപ്പോഴും ഇവ വംശനാശഭീഷണിയുടെ പരിധിക്കുള്ളിൽ തന്നെയാണ്‌ കഴിയുന്നത്‌.
ഇവയുടെ ആവാസ വ്യവസ്ഥയിലേക്കുള്ള മനുഷ്യന്റെ കടന്നുകയറ്റവും പകർച്ചവ്യാധികളുമാണ്‌ ഏറ്റവും വലിയ പ്രശ്നം. ഇതിന്‌ പുറമേ വന്യജീവി സങ്കേതത്തിന്റെ സംരക്ഷണ പരിധിവിട്ടിറങ്ങുമ്പോൾ മനുഷ്യനുമായുണ്ടാകുന്ന ഏറ്റുമുട്ടലുകളും ഇവയെ ഇല്ലാതാക്കുന്നു.
സയാമീസ്‌ മുതല
വംശനാശ ഭീഷണിയുടെ വക്കോളമെത്തിയ മൃഗങ്ങളിൽ ഒന്നാണ്‌ സയാമീസ്‌ മുതലകൾ. തായ്‌ലന്റ്‌, ലാവോസ്‌, കംബോഡിയ, വിയറ്റ്നാം, മലേഷ്യ എന്നീ രാജ്യങ്ങളിൽ ധാരാളമായി കണ്ടുവന്നിരുന്ന ഇവ ഇന്ന്‌ ഇതിൽ ചില രാജ്യങ്ങളിലായി വ്യാപിച്ച്‌ കിടക്കുന്ന മേക്കോങ്ങ്‌ നദീതടമേഖലകളിൽ മാത്രമാണുള്ളത്‌. ശുദ്ധജല ജീവികളായ ഇവയെ മനുഷ്യന്റെ വേട്ടയാടലാണ്‌ വംശനാശ ഭീഷണിയുടെ വക്കിലെത്തിച്ചത്‌. ഇവയുടെ തൊലിക്ക്‌ വേണ്ടിയുള്ള വേട്ടയും കൃഷിക്കായി കാടുവെട്ടിത്തെളിയിക്കുന്നതും ഈ കൃഷിയിടങ്ങളിലെ കീടനാശിനി പ്രയോഗങ്ങളുമാണ്‌ ഇവയ്ക്ക്‌ വെല്ലുവിളിയായത്‌. കഴിഞ്ഞ വർഷം ചൈന-വിയറ്റ്നാം അതിർത്തിയിൽ പൊലീസ്‌ നടത്തിയ റെയ്ഡിനിടെ 88 സയാമീസ്‌ മുതല വാലുകളാണ്‌ ഒരു ട്രക്കിൽ നിന്നും പിടിച്ചെടുത്തത്‌. ഇതിന്‌ പുറമേ 70 മുതലകളും ഇതേ ട്രക്കിലുണ്ടായിരുന്നു. ആഡംബര തുകൽ ഉൽപ്പന്നങ്ങൾക്കായി തുകൽ വ്യാപാരികളാണ്‌ ഇവയെ കടത്തിയതെന്ന്‌ പിന്നീട്‌ കണ്ടെത്തി.
ലോകത്തിനി ആകെ 5,000 ത്തിന്‌ താഴെ മാത്രം സയാമീസ്‌ മുതലകളാണ്‌ അവശേഷിക്കുന്നത്‌. കംബോഡിയയിലെയും തായ്‌ലൻഡിലെയും ചില സംരക്ഷണ കേന്ദ്രങ്ങളാണ്‌ ഇവയുടെ വംശം നശിക്കാതെ കാത്തുവയ്ക്കുന്നത്‌.

  Categories:
view more articles

About Article Author