Saturday
26 May 2018

വംശീയ വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ ജാഗ്രത വേണം

By: Web Desk | Monday 12 June 2017 4:55 AM IST

രാഷ്ട്രപിതാവ്‌ മഹാത്മാ ഗാന്ധിയെ ജാതിപ്പേരു വിളിച്ച്‌ അധിക്ഷേപിച്ച ബിജെപി അധ്യക്ഷൻ അമിത്ഷായുടെ നടപടി വൻ വിവാദത്തിനാണ്‌ വഴിവച്ചത്‌. ഛത്തീസ്ഗഡിൽ പ്രമുഖ വ്യക്തികളെ വിളിച്ചു നടത്തിയ ഒരു ചടങ്ങിൽ സൂത്രശാലിയായ വാണിഭക്കാരൻ എന്നർഥം വരുന്ന ‘ചതുർ ബനിയ’ എന്ന ജാതിപ്പേരുപയോഗിച്ചാണ്‌ ഗാന്ധിജിയെ അമിത്‌ ഷാ വിശേഷിപ്പിച്ചത്‌. വലിയ കുശാഗ്ര ബുദ്ധിക്കാരനായിരുന്ന അദ്ദേഹത്തിന്‌ ഭാവിയെ കുറിച്ച്‌ നല്ല ധാരണയുണ്ടായിരുന്നുവെന്നും അതുകൊണ്ടാണ്‌ കോൺഗ്രസ്‌ പിരിച്ചുവിടണമെന്ന്‌ പറഞ്ഞത്‌. ഭാവിയെ കുറിച്ച്‌ അറിയുന്ന വലിയ സൂത്രശാലിയായിരുന്ന ഗാന്ധിക്ക്‌ സ്വാതന്ത്ര്യലബ്ധിക്ക്‌ ശേഷം കോൺഗ്രസ്‌ ഛിന്നഭിന്നമായിപ്പോകുമെന്ന്‌ അറിയാമായിരുന്നു എന്നാക്കെയായിരുന്നു ഷായുടെ പ്രസ്താവന.
ഷാ നടത്തിയ പ്രസ്താവനയിലെ കോൺഗ്രസ്‌ പിരിച്ചുവിടാൻ ഗാന്ധിജി പറഞ്ഞിരുന്നുവെന്നത്‌ ചരിത്ര യാഥാർഥ്യമാണ്‌. പക്ഷേ അതിന്‌ അദ്ദേഹത്തിന്റെ ജാതിപ്പേരുപയോഗിക്കുന്നത്‌ ഗാന്ധിജിയെ അപമാനിക്കാൻ ഉദ്ദേശിച്ചു തന്നെയാണെന്ന്‌ വ്യക്തമാണ്‌. അത്‌ സംഘപരിവാർ ഗാന്ധിജിയെ സംബന്ധിച്ച്‌ കൈക്കൊള്ളുന്ന നിലപാടിന്റെ പ്രശ്നമാണ്‌.
മതവും ജാതിയും നിലനിൽക്കുന്ന ഒരു സമൂഹത്തിൽ ഏതെങ്കിലും ജാതിയിൽ ജനിക്കുന്നുവെന്നത്‌ വ്യക്തിയുടെ കുഴപ്പമല്ല. അത്‌ നിലനിൽക്കുന്ന വ്യവസ്ഥിതിയുടെ കുഴപ്പമായി വേണം കാണാൻ. ആ ജാതിയുടെയോ മതത്തിന്റെയോ പേരിൽ അറിയപ്പെടണമോ എന്നത്‌ വ്യക്തിപരമായ കാര്യവുമാണ്‌. അങ്ങനെയൊരു സമൂഹത്തിൽ ജീവിക്കുകയും ആ വേർതിരിവുകളില്ലാതെ എല്ലാവരുടെയും സ്വാതന്ത്ര്യത്തിനായി പ്രവർത്തിക്കുകയും ചെയ്ത വ്യക്തി എന്ന നിലയിൽ ലോകമാകെ ആദരിക്കപ്പെടുന്ന വ്യക്തിയാണ്‌ മോഹൻദാസ്‌ കരംചന്ദ്‌ ഗാന്ധി എന്ന മഹാത്മാ ഗാന്ധി.
ആദരിക്കുന്ന സമീപനം ബിജെപിയിൽ നിന്ന്‌ ആരും പ്രതീക്ഷിക്കുന്നില്ല. ബിജെപി ഉൾപ്പെടുന്ന സംഘപരിവാർ ശക്തികളാകെ മഹാത്മജിയെ വധിച്ച നാഥുറാം വിനായക്‌ ഗോഡ്സേയെ എക്കാലവും വാഴ്ത്തുന്ന രാഷ്ട്രീയ സമീപനം സ്വീകരിക്കുന്നവരാണ്‌ എന്നതുതന്നെ കാരണം. എന്നുമാത്രമല്ല ഇപ്പോഴത്തെ ബിജെപി സർക്കാർ കേന്ദ്രത്തിൽ അധികാരമേറ്റതിന്റെ കൂടി ധൈര്യത്തിലാണ്‌ വിവിധ സംസ്ഥാനങ്ങളിൽ സർക്കാർ ചെലവിൽ ഗോഡ്സെയുടെ പ്രതിമകൾ സ്ഥാപിക്കാനും അദ്ദേഹത്തെ കൂടുതലായി പ്രകീർത്തിക്കാനുമുള്ള നടപടികളുണ്ടായത്‌. ഈയൊരു നിലപാടിന്റെ ഭാഗമായി വേണം ഗാന്ധിജിയെ അപമാനിക്കാനുള്ള ഷായുടെ പ്രസ്താവനയെ കാണാൻ.
ജാതിയും മതവും വംശവും എല്ലാ കാര്യങ്ങളിലും വൻ പ്രാധാന്യത്തോടെ ഉപയോഗിക്കപ്പെടുന്ന പ്രവണത ബിജെപിയുടെ ഭരണാരോഹണത്തോടെ ശക്തമായിട്ടുണ്ട്‌. കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ്‌ ദക്ഷിണേന്ത്യക്കാരെ മുഴുവൻ കറുത്തവരെന്ന്‌ വിശേഷിപ്പിച്ച ബിജെപി പാർലമെന്റ്‌ അംഗത്തിന്റെ പ്രസ്താവന വിവാദമായത്‌. ശക്തമായ എതിർപ്പുയർന്നപ്പോൾ ക്ഷമ ചോദിച്ച്‌ തടിയൂരുകയായിരുന്നു അദ്ദേഹം.
കേന്ദ്ര മന്ത്രി ഗിരിരാജ്‌ സിങ്‌ സോണിയാ ഗാന്ധിയെ വംശീയമായി അധിക്ഷേപിച്ച സംഭവവും വിവാദമായതാണ്‌.
മുസ്ലിങ്ങളുടെ വോട്ട്‌ ബിജെപിക്കു വേണ്ടെന്ന്‌ പ്രസ്താവന നടത്തിയത്‌ കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദായിരുന്നു. ഒരു പടികൂടി കടന്നാണ്‌ ബിജെപിയുടെ സഖ്യകക്ഷിയായ ശിവസേനയുടെ നേതാവ്‌ മുസ്ലിങ്ങളുടെ വോട്ടവകാശത്തെ കുറിച്ച്‌ പറഞ്ഞത്‌. പലരും മുസ്ലിങ്ങളെ വോട്ടുബാങ്കായി ഉപയോഗിക്കുകയാണെന്നും അതിന്‌ പരിഹാരം അവരുടെ വോട്ടവകാശം പിൻവലിക്കണമെന്നുമായിരുന്നു ശിവസേന നേതാവ്‌ സഞ്ജയ്‌ റാവത്ത്‌ അഭിപ്രായപ്പെട്ടത്‌. ബിജെപി എംപി സാക്ഷി മഹാരാജിന്റെ പ്രസ്താവന ഹിന്ദുക്കളുടെ ജനസംഖ്യ കുറയുന്നുവെന്നും അതിന്‌ പരിഹാരമായി ഹിന്ദു സ്ത്രീകൾ കുറഞ്ഞത്‌ നാലു കുട്ടികളെയെങ്കിലും പ്രസവിക്കണമെന്നുമായിരുന്നു. സാധ്വി നിരഞ്ജൻ രാജ്‌, യോഗി ആദിത്യനാഥ്‌, ആർഎസ്‌എസ്‌ നേതാവ്‌ മോഹൻ ഭഗവത്‌ എന്നിവരെല്ലാം ജാതീയവും വംശീയവും മതപരവുമായ വിവാദ പ്രസ്താവനകൾ നടത്തിയിട്ടുണ്ട്‌.
കപട ദേശീയതയും സ്വത്വചിന്തകളും വളർത്തി അധികാരമുറപ്പിക്കുകയെന്നത്‌ നാസിസത്തിന്റെയും ഫാസിസത്തിന്റെയും മുതലാളിത്ത ആശയങ്ങളുടെയും ഉപാധിയായിരുന്നു. കറുത്തവൻ, വെളുത്തവൻ, ജാതിയിൽ ഉയർന്നവൻ, താഴ്‌ന്നവൻ, ഇന്ന മതത്തിൽപ്പെട്ടവൻ എന്നെല്ലാമുള്ള സംജ്ഞകൾ വ്യാപകമായി ഉപയോഗിക്കപ്പെട്ടത്‌ ബ്രിട്ടീഷ്‌ ഭരണ കാലത്തും ഫാസിസ്റ്റ്‌ മുന്നേറ്റ കാലത്തും സവർണമേധാവിത്വ ചിന്തകളുടെ ഭാഗമായും ആണെന്നതും എല്ലാവർക്കുമറിയാവുന്ന കാര്യമാണ്‌.
അങ്ങനെയൊരു പശ്ചാത്തലത്തിലാണ്‌ രാജ്യം ഭരിക്കുന്ന രാഷ്ട്രീയ പാർട്ടിയുടെ അധ്യക്ഷൻ മഹാത്മജിയെ വംശീയമായി അധിക്ഷേപിക്കുന്ന പ്രസ്താവന നടത്തിയത്‌. ബ്രിട്ടീഷുകാർക്കെതിരെ ജാതി – മത – വർണ – ഭാഷാ വ്യത്യാസമില്ലാതെ ഇന്ത്യയെ ഒറ്റക്കെട്ടായി നയിക്കുന്നതിൽ പ്രമുഖ പങ്കു വഹിച്ച വ്യക്തിയായിരുന്നു മഹാത്മാ ഗാന്ധിയെന്ന യാഥാർഥ്യം ഇപ്പോഴത്തെ പ്രസ്താവനയോടു ചേർത്തു വായിക്കണം. അതിനാൽ തന്നെ ജനങ്ങൾക്കിടയിൽ ഭിന്നതയുണ്ടാക്കാനും സാമുദായിക ധ്രുവീകരണം സൃഷ്ടിക്കാനും കൊണ്ടുപിടിച്ച്‌ ശ്രമം നടത്തുന്ന ബിജെപിയുടെ പ്രസിഡന്റിൽ നിന്ന്‌ ഇത്തരത്തിലൊരു പ്രസ്താവനയുണ്ടായത്‌ കേവലമാണെന്ന്‌ കരുതുക വയ്യ. അവർ പിന്തുടരുന്ന ആശയത്തിന്റെ പ്രതിഫലനം തന്നെയാണത്‌. വംശീയ വിദ്വേഷം പടർത്താനുള്ള ഇത്തരം ശ്രമങ്ങൾക്കെതിരെ അതീവ ജാഗ്രത പുലർത്തേണ്ടതാണ്‌.