വകുപ്പുകളുടെ ഏകോപനമില്ലായ്മ കയ്യേറ്റ മാഫിയക്ക്‌ തുണയായി

വകുപ്പുകളുടെ ഏകോപനമില്ലായ്മ കയ്യേറ്റ മാഫിയക്ക്‌ തുണയായി
May 08 04:45 2017

മൂന്നാർ: ദുരന്ത പർവ്വം 2
ജോമോൻ വി സേവ്യർ

ഭൂമാഫിയയും റിസോർട്ട്‌ മാഫിയയും കൈകോർത്തതോടെ മൂന്നാറിലെ കയ്യേറ്റങ്ങൾക്ക്‌ വേഗത വർധിച്ചു. സർക്കാർ വകുപ്പുകളുടെ ഏകോപനമില്ലായ്മയോടൊപ്പം ചില സർക്കാർ ഉദ്യോഗസ്ഥരുടെ ഒത്താശ കൂടി ആയപ്പോൾ പതിനായിരക്കണക്കിന്‌ ഏക്കർ സർക്കാർ ഭൂമിയാണ്‌ കയ്യേറ്റക്കാർ സ്വന്തമാക്കിയത്‌. ഇതിൽ വൻകിട കയ്യേറ്റങ്ങളും ചെറുകിട കയ്യേറ്റങ്ങളും ഉൾപ്പെടും. വൻകിട കയ്യേറ്റങ്ങൾ ഭൂരിഭാഗവും നടന്നത്‌ പാട്ടക്കരാറിന്റെയും വ്യാജപട്ടയങ്ങളുടെയും മറവിലാണെങ്കിൽ ചെറുകിട കയ്യേറ്റങ്ങൾ ഏറെയും നടന്നത്‌ മതത്തിന്റെ പേരിലും ആദിവാസി ഭൂമിയുടെ മറവിലുമാണ്‌.
മൂന്നാറിലെ ടൂറിസം കേന്ദ്രങ്ങളോട്‌ ഇഴപിരിഞ്ഞ്‌ കിടക്കുന്ന ചിന്നക്കനാൽ, പള്ളിവാസൽ വില്ലേജുകളിലാണ്‌ കയ്യേറ്റങ്ങൾ ഏറെയും നടന്നത്‌. ടാറ്റയുടെയും ഹാരിസൺ മലയാളം ലിമിറ്റഡിന്റെയും തേയില തോട്ടങ്ങളും ഏലം കൃഷിക്കായി പാട്ടത്തിന്‌ നൽകിയ ഏക്കറുകണക്കിന്‌ ഭൂമിയുടെ മറവിലുമാണ്‌ ഭൂരിപക്ഷം കയ്യേറ്റങ്ങളും നടന്നിരുന്നത്‌. ആദിവാസികൾക്ക്‌ നൽകിയ കൈവശാവകാശ രേഖയുടെയും പട്ടയത്തിന്റെയും മറവിൽ നടന്ന കയ്യേറ്റങ്ങൾ ഏറെയും റിസോർട്ട്‌ മാഫിയയാണ്‌ നടത്തിയിരിക്കുന്നത്‌. കഴിഞ്ഞ അഞ്ച്‌ വർഷത്തിനുള്ളിലാണ്‌ മൂന്നാർ മേഖലയിൽ കയ്യേറ്റങ്ങൾക്ക്‌ വേഗത വർധിച്ചതെന്ന്‌ കണക്കുകൾ സൂചിപ്പിക്കുന്നു. 2006ലെ എൽഡിഎഫ്‌ സർക്കാർ വൻകിട കയ്യേറ്റങ്ങൾ ഒഴിപ്പിച്ചതിനെ തുടർന്ന്‌ മാളത്തിലൊളിച്ച കയ്യേറ്റ മാഫിയ പിന്നീട്‌ യുഡിഎഫ്‌ ഭരണകാലത്ത്‌ വർധിച്ച വീര്യത്തോടെ പിടിമുറുക്കുകയായിരുന്നു.
2011-2015 വർഷങ്ങളിൽ ചിന്നക്കനാൽ, പള്ളിവാസൽ വില്ലേജുകളിലായി റിസോർട്ടുകളും ഹോട്ടലുകളും ഹോംസ്റ്റേകളുമായി 250 ലേറെ പുതിയ കെട്ടിടങ്ങളാണ്‌ ഉയർന്നത്‌. ഇതിൽ ചിന്നക്കനാൽ വില്ലേജിൽ മാത്രം പ്രവർത്തിച്ചു കൊണ്ടിരിക്കുന്നതും നിർമ്മാണത്തിലിരിക്കുന്നതുമായ ഇരുപത്തിയഞ്ചോളം റിസോർട്ടുകൾക്കാണ്‌ ഇതുവരെ സ്റ്റോപ്പ്‌ മെമ്മോ നൽകിയിട്ടുള്ളത്‌. ചിന്നക്കനാൽ വില്ലേജിലെ 34/1 എന്ന സർവ്വേ നമ്പറിൽപ്പെട്ട ഭൂമിയാണ്‌ കയ്യേറ്റക്കാരുടെ പ്രധാന കേന്ദ്രം. സ്പിരിറ്റ്‌ ഇൻ ജീസസ്‌ സ്ഥാപകൻ ടോം സക്കറിയയും കുടുംബവും കയ്യേറ്റങ്ങൾ ഏറെയും നടത്തിയിട്ടുള്ളത്‌ ഈ ഭൂമിയിലാണ്‌. 2188.86 ഏക്കർ വരുന്ന ഭൂമിയാണ്‌ 34/1 എന്ന സർവ്വേ നമ്പറിൽ ഉൾപ്പെട്ടിട്ടുള്ളത്‌. ഇതിൽ പാപ്പാത്തിച്ചോല മലനിര സ്ഥിതി ചെയ്യുന്ന 200 ഏക്കറോളം വരുന്ന ഭൂമിയിലാണ്‌ അത്ഭുത സിദ്ധിയുണ്ടെന്ന്‌ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച്‌ സ്ഥാപിച്ച കുരിശിന്റെ മറവിൽ ടോം സക്കറിയ കയ്യേറിയത്‌. ഇതേ സർവ്വേ നമ്പറിൽപ്പെട്ട ഇരുപതേക്കറോളം ഭൂമി കയ്യേറിയാണ്‌ ഐപിഎസ്‌ ഉദ്യോഗസ്ഥനായ ടോമിൻ തച്ചങ്കരിയുടെ ഉടമസ്ഥതയിലുള്ള മൂന്നാർ കേറ്ററിങ്‌ കോളജും ഹോസ്റ്റലും പണിതിട്ടുള്ളതെന്നും റവന്യു വകുപ്പ്‌ അധികൃതർ കണ്ടെത്തിയിട്ടുണ്ട്‌.
സ്പിരിറ്റ്‌ ഇൻ ജീസസിന്‌ പുറമേ എസ്‌എൻഡിപി യൂണിയനും ലത്തീൻ കത്തോലിക്ക സഭയും 34/1 സർവ്വേ നമ്പരിൽപ്പെട്ട ഭൂമി കയ്യേറി ഗുരുമന്ദിരവും പള്ളിയും നിർമ്മിച്ചിട്ടുണ്ട്‌. സിങ്കുകണ്ടത്താണ്‌ എസ്‌എൻഡിപി യൂണിയൻ സ്ഥലം കയ്യേറി ഗുരുധ്യാന മണ്ഡപം നിർമ്മിച്ചിരിക്കുന്നത്‌. സൂര്യനെല്ലിയിലാണ്‌ 20 സെന്റ്‌ സ്ഥലം കയ്യേറി ലത്തീൻ സഭ പള്ളി നിർമ്മിച്ചിരിക്കുന്നത്‌.
ടോം സക്കറിയയുടെ സഹോദരൻ ജിമ്മി സക്കറിയ 34/1, 20/1 എന്നീ സർവ്വേ നമ്പറുകളിലുള്ള ചിന്നക്കനാലിലെ നാൽപ്പതേക്കറോളം ഭൂമി കയ്യേറിയിട്ടുണ്ട്‌. ഹാരിസൺ മലയാളം ലിമിറ്റഡിന്റെ മാനേജരും ഇവിടെ സർക്കാർ ഭൂമി കയ്യേറിയതായി റവന്യു ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്‌. കൂടാതെ റീസർവ്വേ നമ്പർ 1/1 ബ്ലോക്ക്‌ ഒന്നിൽ 240ഏക്കറോളം ഭൂമിയും സർവ്വേ നമ്പർ 11/1 ൽപ്പെട്ട 20 ഏക്കറോളം ആദിവാസികളുടെ ഭൂമിയും കയ്യേറ്റമാഫിയ കയ്യേറിയതും ചിന്നക്കനാലിലെ വൻകിട കയ്യേറ്റങ്ങളുടെ പട്ടികയിലുള്ളതാണ്‌. കൂടാതെ ചിന്നക്കനാൽ വിളക്ക്ഭാഗത്ത്‌ മൂന്നേക്കർ സ്ഥലം കയ്യേറി റിസോർട്ടും സ്ഥാപിച്ചിട്ടുണ്ട്‌. ചിന്നക്കനാലിൽ പ്രവർത്തിക്കുന്ന സ്കൈ ജൂവലറി 12 ഏക്കർ സർക്കാർ ഭൂമി കയ്യേറിയിട്ടുണ്ട്‌.
ആദ്യ മൂന്നാർ ദൗത്യ സംഘം ഒഴിപ്പിച്ച ഭൂമിയും കഴിഞ്ഞ യുഡിഎഫ്‌ ഭരണ കാലത്ത്‌ വ്യാപകമായി വീണ്ടും കയ്യേറിയതായും റവന്യു വകുപ്പ്‌ കണ്ടെത്തിയിട്ടുണ്ട്‌. ചിന്നക്കനാൽ സ്വദേശി സജി ബേബിയും അമ്മ മേരി ബേബിയും ചേർന്ന്‌ 11/1 സർവ്വേ നമ്പറിൽപ്പെട്ട നാലേക്കർ ഭൂമി ഇങ്ങനെ വീണ്ടും കയ്യേറിയതാണ്‌. സർവ്വേ നമ്പർ 179/ 2ൽപ്പെട്ട രണ്ടേക്കർ സ്ഥലം കയ്യേറിയാണ്‌ ഗ്ലാ ഐസ്ക്രീം കമ്പനി കെട്ടിടം നിർമ്മിച്ചിരിക്കുന്നത്‌. കൂടാതെ ആനയിറങ്കൽ ഡാമിന്‌ സമീപമായി 10ഏക്കറോളം ഭൂമി കയ്യേറി വൈദ്യുത വേലി കെട്ടി കമ്പനി ഉടമ കയ്യേറിയിട്ടുണ്ട്‌. വൈദ്യുതി വകുപ്പിന്റെ സ്ഥലവും ചിന്നക്കനാൽ വില്ലേജിൽ വ്യാപകമായി കയ്യേറ്റ മാഫിയ സ്വന്തമാക്കിയിട്ടുണ്ട്‌. ചിന്നക്കനാൽ പവർഹൗസിനോട്‌ ചേർന്ന്‌ ക്ലബ്ബ്‌ മഹീന്ദ്ര റിസോർട്ട്‌ ഉടമകൾ വ്യാജ പട്ടയം ഉപയോഗിച്ച്‌ ഭൂമി കയ്യേറിയത്‌ കണ്ടെത്തിയതിനെ തുടർന്ന്‌ ഇവരുടെ ഭൂമിയുടെ കരം സ്വീകരിക്കുന്നത്‌ റവന്യു വകുപ്പ്‌ തടഞ്ഞിരിക്കുകയാണ്‌. തച്ചങ്കരി എസ്റ്റേറ്റുകാരുടെ ഫോർട്ട്‌ മൂന്നാർ റിസോർട്ട്‌, മൂന്നാർ ക്രൗൺ റിസോർട്ട്‌, ജോയ്സ്‌ റിസോർട്ട്‌, മൂന്നാർ ക്രീക്ക്‌ റിസോർട്ട്‌ തുടങ്ങിയ വമ്പൻ റിസോർട്ടുകളെല്ലാം നിർമ്മിച്ചിരിക്കുന്നത്‌ സർക്കാർ ഭൂമി കയ്യേറിയാണ്‌.
(അവസാനിക്കുന്നില്ല.)

  Categories:
view more articles

About Article Author