Wednesday
23 May 2018

വണ്ടർവുമൺകാലം പിറന്നു

By: Web Desk | Friday 7 July 2017 4:55 AM IST

ഗീതാ നസീർ
സ്ത്രീകളുടെ ജൈവപരമായ പല പ്രത്യേകതകളും കാരണം പലതിൽ നിന്നും അവരെ അകറ്റി നിർത്താറുണ്ട്‌. ഗർഭധാരണം, പ്രസവം, ആർത്തവം ഇവയൊക്കെ സ്ത്രീയുടെ വ്യക്തി എന്ന നിലയിലുള്ള അടയാളപ്പെടുത്തലിൽ സ്ത്രീക്ക്‌ പ്രതികൂലമായി വരാറുണ്ട്‌.
എന്നാൽ കഥ മാറുകയാണ്‌. 2015-ൽ ലണ്ടനിൽ നടന്ന മാരത്തോൺ ഓട്ടത്തിൽ ഹാർവാഡ്‌ സർവകലാശാല വിദ്യാർഥിനിയായ ഇന്ത്യൻ വംശജ കിരൺഗാന്ധി പാഡ്‌ ധരിക്കാതെ ഓടിയതോടെയാണ്‌ ആർത്തവസംബന്ധമായ പുതിയ ചില ചർച്ചകൾക്ക്‌ വേഗത കൂടിയത്‌. കാൻസർ രോഗികൾക്കുള്ള ധനശേഖരണാർഥം നടത്തിയ കൂട്ടഓട്ടത്തിൽ ആർത്തവസമയമായിരുന്നിട്ടും പാഡ്‌ ധരിക്കാതെ കിരൺ ഓടുകയായിരുന്നു. സ്ത്രീകളെ അശുദ്ധിയുള്ളവരാക്കുന്ന നടപടിയോടുള്ള പ്രതിഷേധം കൂടിയായിരുന്നു ഇത്‌. ജലദോഷം വരുന്നതുപോലെ മറ്റ്‌ പലതുപോലെയുമുള്ള ഒരു ശാരീരികാവസ്ഥ മാത്രമാണ്‌ സ്ത്രീകൾക്ക്‌ ആർത്തവം. അതിനെ അവജ്ഞയോടെയല്ല സമീപിക്കേണ്ടത്‌. ഇത്‌ സ്ത്രീകളിൽ അപകർഷതാബോധം ഉണ്ടാക്കുന്നതും അവസരങ്ങൾ നഷ്ടമാക്കാൻ കാരണാകുന്നതും അവസാനിപ്പിക്കേണ്ടതുണ്ടെന്ന നിലപാടിന്‌ സ്വന്തം കുടുംബം പിന്തുണ നൽകിയത്‌ പലർക്കും അവിശ്വസനീയമായിരുന്നു. സ്പോർട്ട്സ്‌ താരങ്ങൾക്ക്‌ പലർക്കും വിലക്കുകൾ ഉണ്ടാകാൻ ആർത്തവം കാരണമാകാറുണ്ട്‌. അതിനെ വെല്ലുവിളിച്ചും പല പെൺകുട്ടികളും മത്സരങ്ങളിൽ പങ്കെടുത്തതും വാർത്തയാവുകയുണ്ടായി.
എന്നാൽ ഗർഭിണി ഓട്ടമത്സരത്തിൽ പങ്കെടുക്കുകയോ? അവിശ്വസനീയംതന്നെ. അലീസിയാ മൊന്റാനോ എന്ന 31 കാരി അഞ്ച്‌ മാസം ഗർഭിണിയായിരുന്നിട്ടും 800 മീറ്റർ ഓട്ടമത്സരത്തിൽ പങ്കെടുത്തു. ന്യൂയോർക്കിൽ നടന്ന അമേരിക്കൻ ലോക ചാമ്പ്യൻഷിപ്പ്‌ മത്സരത്തിന്റെ ട്രയൽ റണ്ണിലാണ്‌ അൽസിയ പങ്കെടുത്തത്‌. ഹോർനട്ട്‌ സ്റ്റേഡിയത്തിൽ 43 ഡിഗ്രി ചൂടിൽ അലീസിയ കാഴ്ചവച്ച മത്സരം കാണികളെ പുളകംകൊള്ളിച്ചു.
അലീസിയയ്ക്ക്‌ ഇതിന്‌ പ്രചോദനം കിട്ടിയതാകട്ടെ വണ്ടർവുമണായി ലോകശ്രദ്ധ പിടിച്ചുപറ്റിയ ഹോളിവുഡ്‌ താരം ഗൽ ഗഡോട്ടിൽ നിന്നും. ബാറ്റ്മാൻ വേഴ്സ്‌ സൂപ്പർമാൻ പോലുള്ള ജനപ്രിയ ചിത്രങ്ങളിൽ അഭിനയിച്ച്‌ തുടക്കം കുറിച്ച ഗൽ കുട്ടികളുടെ ഹരമായി മാറുകയുണ്ടായി. തുടർന്നാണ്‌ ഗല്ലിനെ കേന്ദ്ര കഥാപാത്രമായി സ്ത്രീ കേന്ദ്രീകൃതമായ ഒരു സീരീസ്‌ തുടങ്ങാൻ ഹോളിവുഡ്‌ ഡയറക്ടർ സാക്ക്സിന്ദർ ആലോചിച്ചത്‌. അങ്ങനെയാണ്‌ വണ്ടർവുമൺ പിറക്കുന്നത്‌. ഈ ചലച്ചിത്രത്തിൽ അഭിനയിക്കുമ്പോൾ ഗൽ അഞ്ചുമാസം ഗർഭിണിയായിരുന്നു. സാഹസികരംഗങ്ങളിലെ ഗല്ലിന്റെ അഭിനയം അവിശ്വസനീയമാണ്‌.
വണ്ടർ വുമണിലെ നായികയാകാൻ ഡയറക്ടർ ഗല്ലിനെ സമീപിക്കുമ്പോൾ അവർ ഗർഭിണിയായിരുന്നു. ചിത്രത്തിന്റെ ക്ലൈമാക്സിലാകുമ്പോഴേയ്ക്കും അവർക്ക്‌ അഞ്ചുമാസം തികഞ്ഞിരുന്നു. ആദ്യകുട്ടി അൽമയ്ക്ക്‌ 6 വയസും അഭിനയത്തിനിടയിൽ തന്റെ വയറ്റിൽ കിടന്ന കുഞ്ഞിനിപ്പോൾ മൂന്നുമാസം പ്രായവും. പേര്‌ മേരി – ഭർത്താവിനൊപ്പം സന്തോഷത്തോടെ ജീവിക്കുന്നു.
അങ്ങനെ സ്ത്രീകളെ ജൈവകാരണങ്ങളാൽ അകറ്റി മാറ്റപ്പെട്ട പല മേഖലകളിലേയ്ക്കും അവർ പതുക്കെപ്പതുക്കെ കയറിവരികയാണ്‌. ഒരുപക്ഷേ ഈ നൂറ്റാണ്ടിൽ സ്ത്രീകൾ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികൾക്ക്‌ ഈ വിരലിലെണ്ണാവുന്ന സ്ത്രീകൾ ഉത്തരം കണ്ടുതുടങ്ങിയിരുന്നു. ആ അർഥത്തിൽ ഇതൊരു ചരിത്രമുഹൂർത്തം തന്നെയാണ്‌.