വത്തിക്കാനിൽ ആഭ്യന്തര സംഘർഷം മൂർച്ഛിക്കുന്നു

വത്തിക്കാനിൽ ആഭ്യന്തര സംഘർഷം മൂർച്ഛിക്കുന്നു
March 18 04:55 2017

രാജാജി മാത്യു തോമസ്‌
ആഗോള രാഷ്ട്രീയത്തിൽ മാറ്റത്തിന്റെ കാർമേഘങ്ങൾ ഉരുണ്ടുകൂടുകയാണ്‌. ബ്രക്സിറ്റും യുഎസിൽ ട്രംപിസത്തിന്റെ വിജയവും യൂറോപിൽ യാഥാസ്ഥിതിക ശക്തികളുടെ തിരനോട്ടവും അതിന്റെ സൂചനകളാണ്‌. വൈറ്റ്‌ ഹൗസ്‌ ഉപദേഷ്ടാക്കളും വത്തിക്കാൻ കൂറിയയിലെ ഒരുപറ്റം മഹാപുരോഹിതന്മാരും കൈകോർക്കുന്നു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ ആ മാറ്റത്തിന്റെ മുന്നണിപോരാളിയായി ഡൊണാൾഡ്‌ ട്രംപിന്റെ മുഖ്യഉപദേഷ്ടാവ്‌ സ്റ്റീഫൻ ബാനൻ പ്രകീർത്തിക്കുന്നു. അതെ, ലോകം മാറുകയാണ്‌. കൂടുതൽ ഇരുണ്ട ഒരു യുഗത്തിലേക്ക്‌. കത്തോലിക്കാസഭയുടെ ലോകതലസ്ഥാനമായ വത്തിക്കാനിലെ അകത്തളങ്ങളിലും അത്‌ പ്രകമ്പനങ്ങൾ സൃഷ്ടിക്കുന്നു.
ആഗോള കത്തോലിക്കാ സഭയുടെ അധിപനായി ഫ്രാൻസിസ്‌ മാർപ്പാപ്പ സ്ഥാനമേറ്റിട്ട്‌ ഈ മാർച്ച്‌ 13ന്‌ നാല്‌ വർഷം പൂർത്തിയായിരിക്കുന്നു. എട്ടാം നൂറ്റാണ്ടിൽ സിറിയക്കാരനായ ഗ്രിഗറി മൂന്നാമന്‌ ശേഷം യൂറോപ്പിന്‌ പുറത്ത്‌, ദക്ഷിണാർധഗോളത്തിൽ നിന്നും, ആ സ്ഥാനത്തേയ്ക്ക്‌ ഉയർത്തപ്പെടുന്നയാൾ എന്ന നിലയിൽ സഭയും ലോകവും വലിയ പ്രതീക്ഷകളോടെയാണ്‌ പോപ്പ്‌ ഫ്രാൻസിന്റെ സ്ഥാനാരോഹണത്തെ നോക്കിക്കണ്ടിരുന്നത്‌. സഭയിലും ലോകത്തും സംഭവബഹുലമായ നാല്‌ വർഷങ്ങളാണ്‌ കടന്നുപോയത്‌. സഭയുടെ ആന്തരിക ബലതന്ത്രത്തിലും ബാഹ്യപ്രതിനിധാനത്തിലും വൻമാറ്റങ്ങൾ ദൃശ്യമായ നാല്‌ വർഷങ്ങൾ.
കത്തോലിക്കാ സഭയിലെ മാറ്റങ്ങൾ, അഥവാ അതിനുവേണ്ടി പോപ്പ്‌ ഫ്രാൻസിസിന്റെ നേതൃത്വത്തിൽ നടന്ന പരിശ്രമങ്ങൾ, ഒറ്റപ്പെട്ട ഒന്നല്ലെന്ന്‌ ആഗോള രാഷ്ട്രീയത്തിൽ നടന്നുവരുന്ന വമ്പിച്ച മാറ്റങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. ലോകരാഷ്ട്രീയ, സാംസ്കാരിക, സാമ്പത്തികരംഗങ്ങൾ ആഴമേറിയ മാറ്റങ്ങൾക്കാണ്‌ വിധേയമായിക്കൊണ്ടിരിക്കുന്നത്‌. കഴിഞ്ഞ്‌ മൂന്ന്‌ ദശകങ്ങളായി ആഗോള രാഷ്ട്രീയ രംഗത്ത്‌ ആധിപത്യം പുലർത്തിയിരുന്ന ഉദാരീകരണ ചിന്താപദ്ധതികൾക്ക്‌ നിറം മങ്ങിയിരിക്കുന്നു. മൂലധനശക്തികൾ പാമ്പ്‌ പടം പൊഴിക്കുന്ന ലാഘവത്തോടെ ആഗോളീകരണത്തിന്റെയും ഉദാരീകരണത്തിന്റെയും യുക്തികളേയും പ്രത്യയശാസ്ത്രത്തേയും അതിവേഗം കയ്യൊഴിയുന്ന കാഴ്ചയാണ്‌ ലോകത്തിന്‌ മുന്നിൽ അനാവരണം ചെയ്യപ്പെടുന്നത്‌.
മതിലുകൾ തകരുന്നതും പാലങ്ങൾ പണിയുന്നതും കൊണ്ടാടിയിരുന്നവർ മതിലുകൾ പണിതുയർത്തുന്നതിലും പാലങ്ങൾ തകർക്കുന്നതിലുമാണ്‌ നിർലജ്ജം ഏർപ്പെട്ടിരിക്കുന്നത്‌. ആഗോളീകരണത്തിന്റെയും ഉദാരീകരണത്തിന്റെയും അതിരുകളില്ലാത്ത ലോകത്തിന്റെയും വാചാടോപങ്ങൾ തീവ്രദേശീയതയുടേയും കലർപ്പില്ലാത്ത മൂലധനചൂഷണത്തിന്റേയും സംരക്ഷിത വിപണികളുടേയും യുക്തിക്കും തത്വചിന്തകൾക്കും വഴിമാറിയിരിക്കുന്നു. യുഎസിൽ ഡൊണാൾഡ്‌ ട്രംപും, യുകെയിൽ തെരേസ മേയും, ഫ്രാൻസിൽ മാരി ലെ പെന്നും ആ തീവ്ര മൂലധന യാഥാസ്ഥിതികത്വത്തെയാണ്‌ പ്രതിനിധാനം ചെയ്യുന്നത്‌. അതിന്റെ പ്രകമ്പനങ്ങളിൽ നിന്നും കത്തോലിക്കാസഭയ്ക്ക്‌ ഒഴിഞ്ഞുമാറാനാവില്ല. അത്‌ സൃഷ്ടിക്കുന്ന അനുരണനങ്ങൾ സഭയ്ക്കുള്ളിലെ സംഘർഷത്തെ മൂർച്ഛിപ്പിക്കുകയും ഒരു ആഭ്യന്തര കലാപത്തിന്റെ തന്നെ രൂപം കൈവരിച്ചാലും അത്ഭുതപ്പെടേണ്ടതില്ലെന്നാണ്‌ പരിണിതപ്രജ്ഞരായ വത്തിക്കാൻ നിരീക്ഷകർ വിലയിരുത്തുന്നത്‌.
കത്തോലിക്കാ സഭയിലെ മറ്റ്‌ പല മഹാപുരോഹിതന്മാരിൽ നിന്നും വ്യത്യസ്തമായ ഒരു പശ്ചാത്തലത്തിൽ നിന്നുമാണ്‌ കർദിനാൾ ഹോർഗെ മാരിയോ ബർഗോഗ്ലിയോ പൗരോഹിത്യത്തിലേക്ക്‌ ഉയർന്നുവന്നത്‌. സെമിനാരി വിദ്യാഭ്യാസം ആരംഭിക്കുംമുമ്പ്‌ കെമിക്കൽ ടെക്നീഷ്യൻ, ബ്യുനസ്‌ അയേഴ്സിലെ നിശാക്ലബിലെ ബൗൺസർ എന്നിങ്ങനെ അസാധാരണ ജീവിതാനുഭവങ്ങളിലൂടെ അദ്ദേഹത്തിന്‌ കടന്നുപോകേണ്ടിവന്നിരുന്നു. തന്റെ പൊതുജീവിതത്തിൽ സാധാരണ മഹാപുരോഹിതന്മാർക്ക്‌ അന്യമായ ലാളിത്യം, നിസ്വരോടും ജനകീയ പ്രശ്നങ്ങളോടുമുള്ള സമീപനം, പ്രതിബദ്ധത എന്നിവകൊണ്ട്‌ പോപ്പ്‌ ഫ്രാൻസിസ്‌ വേറിട്ടുനിന്നു. കത്തോലിക്കാ സഭയുടെ പരമാധ്യക്ഷ പദവിയിലേയ്ക്ക്‌ ഉയർത്തപ്പെട്ടപ്പോഴും ആ മൂല്യങ്ങൾ കാത്തുസൂക്ഷിക്കാൻ പോപ്പ്‌ ഫ്രാൻസിസ്‌ കാണിച്ച വ്യഗ്രത അദ്ദേഹത്തെ ശ്രദ്ധേയനാക്കി. അനിയന്ത്രിതമായ മുതലാളിത്തത്തെ എതിർക്കുമ്പോഴും വിമോചന ദൈവശാസ്ത്രത്തെ വാരിപ്പുണരാൻ അദ്ദേഹം വിസമ്മതിച്ചു. മുതലാളിത്ത ലോകത്തിന്റെ എക്കാലത്തേയും കണ്ണിലെ കരടായിരുന്ന ക്യൂബയുമായി വത്തിക്കാൻ നയതന്ത്രബന്ധം സ്ഥാപിക്കുന്നതിന്‌ മുൻകൈ എടുത്തുവെന്നതും നയതന്ത്ര ചരിത്രത്തിലെ അപൂർവതകളിൽ ഒന്നായി എക്കാലത്തും വിലയിരുത്തപ്പെടും.
ഫെബ്രുവരി മാസം ആദ്യത്തെ ശനിയാഴ്ച നോമ്പ്‌ കാലത്തിന്റെ മുന്നോടിയായി റോമിലെ ചുമരുകളിൽ പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്റർ വത്തിക്കാന്റെ മനസിലിരുപ്പ്‌ തുറന്നുകാട്ടാൻ മതിയായതായിരുന്നു. ‘ഹാ ഫ്രാൻസിസ്‌, താങ്കൾ സന്യസ്ഥ സഭകളിൽ കൈകടത്തുന്നു. പുരോഹിതരെ സ്ഥാനഭ്രഷ്ടരാക്കുന്നു. കത്തോലിക്കാ സഭാവിഭാഗമായ ‘ഓർഡർ ഓഫ്‌ മാൾട്ട’യുടെയും വിശുദ്ധ ഫ്രാൻസ്സകൻ സഭയുടേയും തലവന്മാരെ നീക്കം ചെയ്യുന്നു, കർദിനാൾമാരെ അവഗണിക്കുന്നു. എവിടെ താങ്കളുടെ കരുണ?’ പോപ്പ്‌ ഫ്രാൻസിസ്‌ ആഹ്വാനം ചെയ്ത ‘കാരുണ്യത്തിന്റെ വർഷാ’ചരണത്തെ പരിഹസിക്കുകയാണ്‌ അതിന്റെ ലക്ഷ്യമെന്ന്‌ ഒറ്റ വായനയിൽ സഭാവിശ്വാസികൾക്ക്‌ മനസിലാവും. കാരുണ്യവർഷാചരണത്തിൽ പാപികളോട്‌ ദയാവായ്പോടെ പൊറുക്കുക എന്ന സങ്കൽപത്തെ അതിന്‌ ആഹ്വാനം നൽകിയ പോപ്പ്‌ തന്നെ ധിക്കരിക്കുന്നുവെന്നാണ്‌ വിമർശനം.
പോപ്പ്‌ ഫ്രാൻസിസിനെ പരമോന്നത സഭാപദവിയിലേയ്ക്ക്‌ ഉയർത്തിയ കർദിനാളന്മാരും വത്തിക്കാന്റെ ആത്മീയവും ഭൗതികവുമായ ഭരണത്തിന്റെ ചുക്കാൻപിടിക്കുന്ന ‘റോമൻ കൂറിയ’യിലെ ഭൂരിപക്ഷവും അദ്ദേഹത്തിന്‌ എതിരെ തിരിഞ്ഞിരിക്കുന്നു. ഈസ്റ്റർ കഴിയുന്നതോടെ പോപ്പ്‌ ഫ്രാൻസിസ്‌ തന്റെ മുൻഗാമിയെപോലെ സ്ഥാനത്യാഗത്തിന്‌ തയാറായേക്കുമെന്നും അല്ലെങ്കിൽ അതിനദ്ദേഹത്തെ നിർബന്ധിതനാക്കുംവിധം ആഭ്യന്തര കലാപം രൂക്ഷമാകുമെന്നും കരുതുന്ന നിരീക്ഷകരുടെ എണ്ണം വർധിച്ചുവരികയാണ്‌. സാമ്പത്തികവും ധാർമികവുമായ വിവാദങ്ങളാണ്‌ ഏതാണ്ട്‌ പരസ്യമായിക്കഴിഞ്ഞ സഭയ്ക്കുളളിലെ ഈ ആഭ്യന്തര യുദ്ധത്തിന്‌ കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്‌.
പോപ്പ്‌ ഫ്രാൻസിസ്‌ അധികാരമേറ്റതോടെ വത്തിക്കാന്റെ സമ്പത്തും സാമ്പത്തിക ഇടപാടുകളിൽ പലതും പരസ്യമായി ചോദ്യം ചെയ്യപ്പെട്ടിരുന്നു. സഭയുടെ മടിശീല സൂക്ഷിപ്പുകാർക്ക്‌ പലർക്കും തങ്ങൾ നടത്തിപ്പോന്നിരുന്ന ഇടപാടുകളും അവയുടെ കണക്കുകളും ബോ
ധ്യപ്പെടുത്താനും ന്യായീകരിക്കാനും കഴിയാതെ സ്ഥാനത്യാഗം ചെയ്യേണ്ടി വന്നു. അവരിൽ പലരും കാനോൻ നിയമപ്രകാരം വിചാരണാവിധേയരായി ശിക്ഷിക്കപ്പെട്ടു. നിഗൂഢത ചൂഴ്‌ന്നു നിൽക്കുന്ന സാമ്പത്തിക ഇടപാടുകളാണ്‌ പൂർണരൂപത്തിൽ പുറത്തുവന്നില്ലെങ്കിൽത്തന്നെയും അകത്തളങ്ങളിലെങ്കിലും തുറന്നു കാട്ടപ്പെട്ടത്‌. അത്‌ ആഗോള സഭയിലുടനീളം അമ്പരപ്പിന്റേയും ഭയത്തിന്റേയും തരംഗങ്ങൾ തന്നെ സൃഷ്ടിച്ചു. വത്തിക്കാന്‌ പുറത്ത്‌ സഭയുടെ സമ്പത്ത്‌ കുമിഞ്ഞുകൂടിയിട്ടുള്ള എല്ലായിടത്തും അവയുടെ നിഗൂഢ കാവൽക്കാരിൽ അത്‌ ഞെട്ടൽ ഉളവാക്കി. പോപ്പിനെ തന്നിഷ്ടപ്രകാരം പ്രവർത്തിക്കാൻ അനുവദിക്കുന്നതിന്റെ അപകടം അവർ മണത്തറിയുന്നു. സഭയുടെ മടിശീല സൂക്ഷിപ്പുകാർ ഉയർന്നുവരുന്ന ഭീഷണിയിൽ അസ്വസ്ഥരാണ്‌.
വിവാഹത്തോടും വിവാഹമോചനത്തോടുമുള്ള സമീപനമാണ്‌ സഭയിലെ യാഥാസ്ഥിതിക വിഭാഗത്തെ ഏറെ ചൊടിപ്പിച്ചിരിക്കുന്ന മറ്റൊരു വിഷയം. വിവാഹമോചനവും പുനർവിവാഹവും വ്യഭിചാരത്തോളം നീചമായ ഒന്നായാണ്‌ യാഥാസ്ഥിതിക കത്തോലിക്കാ വിഭാഗങ്ങൾ കണക്കാക്കുന്നത്‌. അത്തരക്കാർ തിരുവത്താഴത്തിൽ പങ്കാളികളാകുന്നത്‌ നിഷിദ്ധമാണെന്ന നിലപാടാണ്‌ റോമൻ കൂറിയയിലേതടക്കം മഹാപുരോഹിതന്മാരിൽ പലരുടേതും. അതാവട്ടെ ആധുനിക ലോകയാഥാർഥ്യങ്ങൾക്ക്‌ നിരക്കാത്തതും. കത്തോലിക്കാ സിനഡിൽ ആ നിലപാടിന്‌ ശക്തമായ പിന്തുണയാണുള്ളത്‌. എന്നാൽ ‘തിരുവത്താഴം എല്ലാം തികഞ്ഞവർക്കുള്ള ദൈവിക സമ്മാന’മല്ലെന്ന നിലപാട്‌ സ്വീകരിച്ച പോപ്പ്‌ ഫ്രാൻസിസ്‌ ഇക്കാര്യത്തിൽ പ്രാദേശിക ബിഷപ്പുമാർക്കും പുരോഹിതന്മാർക്കും സ്വതന്ത്ര തീരുമാനമെടുക്കാമെന്ന്‌ അപ്പോസ്തോലിക ഉദ്ബോധനത്തിൽ വ്യക്തമാക്കാൻ മടിച്ചില്ല. അത്‌ സഭയിൽ അന്തഛിദ്രം വളർത്തുന്ന, സിനഡിനെ ധിക്കരിക്കുന്ന നിലപാടായാണ്‌ യാഥാസ്ഥിതിക മഹാപുരോഹിത വൃന്ദം വിലയിരുത്തുന്നത്‌.
കത്തോലിക്കാ സഭയിൽ പൗരോഹിത്യത്തിനുള്ള അടിസ്ഥാന യോഗ്യതകളിൽ അതിപ്രധാനമാണ്‌ ബ്രഹ്മചര്യം. സഭാവിശ്വാസികളിൽ വലിയൊരു പങ്കും സ
ന്യാസ്ഥ ജീവിതത്തിന്‌ സന്നദ്ധമല്ലെന്നത്‌ സഭയിൽ, വിശേഷിച്ചും യൂറോപ്പിൽ, വൻ പ്രതിസന്ധിയാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌. യൂറോപ്പിലെ ഡസൻ കണക്കിന്‌ ക
ന്യാസ്ത്രീ മഠങ്ങളും സന്യാസി ആശ്രമങ്ങളും അടച്ചുപൂട്ടപ്പെട്ടിരിക്കുന്നു. ജർമനിയിൽ മാത്രം നൂറുകണക്കിന്‌ ഇടവകകൾ പുരോഹിതന്മാരുടെ അഭാവത്തിൽ അനാഥമായിരിക്കുന്നു. ആംഗ്ലിക്കൻ സഭയടക്കം പല സഭകളും വനിതാ പുരോഹിതന്മാരെ നിയോഗിച്ചും പുരോഹിതന്മാർക്ക്‌ വിവാഹബന്ധം അനുവദിച്ചുമാണ്‌ പ്രശ്നത്തെ നേരിടുന്നത്‌. അത്തരമൊരു പരിഹാരമാർഗത്തെപ്പറ്റി ചിന്തിക്കാൻ പോലും റോമൻകൂറിയയോ മഹാപുരോഹിതവൃന്ദമോ തയാറല്ല. ഒരു ഒത്തുതീർപ്പെന്ന നിലയിൽ പൗരോഹിത്യ കർമങ്ങൾ നിറവേറ്റാൻ വിവാഹിതരെ ഡീക്കൻ പദവിവരെയെങ്കിലും നിയമിക്കാനുള്ള പോപ്പ്‌ ഫ്രാൻസിസിന്റെ ശ്രമങ്ങൾ കടുത്ത എതിർപ്പാണ്‌ നേരിടുന്നത്‌.
സ്വവർഗാനുരാഗികളോടും ലിംഗ-ലൈംഗിക ന്യൂനപക്ഷങ്ങളോടുമുള്ള പോപ്പ്‌ ഫ്രാൻസിസിന്റെ നിലപാടും കടുത്ത എതിർപ്പിനെയാണ്‌ അഭിമുഖീകരിക്കുന്നത്‌. ‘അവർ ഉത്തമവിശ്വാസത്തോടെ ദൈവത്തെ തിരയുന്നുവെങ്കിൽ ഞാൻ ആരാണ്‌ അതേപ്പറ്റി വിധി പറയാൻ’, ലൈംഗിക-ലിംഗ ന്യൂനപക്ഷങ്ങളെപ്പറ്റിയും സ്വവർഗാനുരാഗികളെപ്പറ്റിയും പോപ്പ്‌ തന്റെ നിലപാട്‌ വ്യക്തമാക്കുന്നു. കത്തോലിക്കാ സഭ ആഗോളതലത്തിൽ നേരിടുന്ന അതീവ ഗൗരവതരമായ മറ്റൊരു ധാർമിക പ്രശ്നമാണ്‌ പുരോഹിതരും കന്യാസ്ത്രീകളും ഉൾപ്പെട്ട ലൈംഗിക അരാജകത്വത്തിന്റേയും ബാലപീഡനത്തിന്റേയും പ്രശ്നങ്ങൾ. യുഎസിൽ ഈ നൂറ്റാണ്ടിൽ ഇതിനകം നിരവധി പുരോഹിതന്മാരും മഹാപുരോഹിതന്മാരും അത്തരം വിവാദങ്ങളെത്തുടർന്ന്‌ തങ്ങളുടെ മതപരമായ കൃത്യനിർവഹണത്തിൽ നിന്ന്‌ മാറ്റിനിർത്തപ്പെട്ടു. കേരളത്തിലെ കത്തോലിക്കാ സഭ തന്നെ അത്തരമൊരു വിവാദകൊടുങ്കാറ്റിൽ ആടി ഉലയുന്ന കാലമാണ്‌. ആയിരത്തിതൊള്ളായിരത്തി അറുപതുകളിൽ അടച്ചുപൂട്ടിയ അയർലന്റിലെ ഒരു കന്യാസ്ത്രീ മഠത്തോട്‌ ചേർന്നുള്ള സെമിത്തേരിയിൽ എണ്ണൂറിൽപ്പരം പിഞ്ചുകുഞ്ഞുങ്ങളുടെ സെമിത്തേരി കണ്ടെത്തിയത്‌ ഈയടുത്ത കാലത്താണ്‌. അവിവാഹിതകളായ ഗർഭിണികളെ പാർപ്പിച്ച്‌ കുപ്രസിദ്ധിയാർജിച്ചതാണത്രേ ഈ മഠം.
പോപ്പ്‌ ഫ്രാൻസിസും അദ്ദേഹത്തിന്റെ മുൻഗാമിയും പൗരോഹിത്യത്തിന്റെ മറവിൽ ബാലപീഡനം തൊഴിലാക്കിയ നരാധമന്മാരുടെ പേരിൽ മാപ്പ്‌ അപേക്ഷിച്ചിരുന്നു. എന്നാൽ അത്തരക്കാരെ സഭാനിയമത്തിന്റെ മുന്നിൽ കൊണ്ടുവരാനോ വിചാരണ ചെയ്യാനോ യാഥാസ്ഥിതിക റോമൻകൂറിയ പോലും സന്നദ്ധമല്ല. അത്തരം സംഭവങ്ങളിൽ അന്വേഷണത്തിന്‌ പോപ്പ്‌ നിയോഗിച്ച കമ്മിഷനിൽ പീഡനത്തിന്‌ ഇരകളായവർ ഒന്നടങ്കം രാജിവച്ച്‌ ഒഴിഞ്ഞുവെന്ന്‌ പറഞ്ഞാൽ കൂറിയയുടെ സമീപനം ഇക്കാര്യങ്ങളിൽ എത്തരത്തിലുള്ളതാണെന്ന്‌ തിരിച്ചറിയാനാവും. ഇതര ക്രിസ്തുസഭകളോട്‌ അനുരജ്ഞനപൂർവമായ സമീപനം സ്വീകരിക്കാനും ലോകജനത അഭിമുഖീകരിക്കുന്ന ആഗോളതാപനം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ പ്രശ്നങ്ങളോട്‌ പൊതുസമീപനം സ്വീകരിക്കാനും പോപ്പ്‌ ഫ്രാൻസിസ്‌ നടത്തുന്ന എല്ലാ ശ്രമങ്ങളേയും നിഷേധാത്മകതയുടെ കന്മതിലുയർത്തി തടയുകയാണ്‌ വത്തിക്കാൻ യാഥാസ്ഥിതികത്വം. പതിനഞ്ചാം നൂറ്റാണ്ടിൽ കത്തോലിക്കാസഭയുടെ യാഥാസ്ഥികതയോട്‌ ഏറ്റുമുട്ടിയ മാർട്ടിൻ ലൂഥറുടെ അർധ സഹസ്രാബ്ദ ജൂബിലി ആഘോഷവേളയിൽ പോപ്പ്‌ ഫ്രാൻസിസ്‌, ‘സഭയിൽ അഴിമതിയും പണവും അധികാരവുമായി ബന്ധപ്പെട്ട ഭൗതിക വ്യാമോഹങ്ങളും നിലനിന്നിരുന്നു’ എന്ന്‌ തുറന്ന്‌ സമ്മതിക്കുകയുണ്ടായി. അത്‌ യാഥാസ്ഥിതിക കർദിനാൾമാരുടെ രൂക്ഷ വിമർശനമാണ്‌ ക്ഷണിച്ചുവരുത്തിയത്‌.
പോപ്പ്ഫ്രാൻസിസിന്റെ നവീകരണ യത്നങ്ങളും പുരോഗമനാശയങ്ങളും സഭയുടെ ശിഥിലീകരണത്തിനും പിളർപ്പിനും കാരണമാകുമെന്നാണ്‌ റോമൻ കൂറിയയിലും പുറത്തുമുള്ള കർദിനാളുമാരുടെ പ്രബല വിഭാഗം കരുതുന്നത്‌. അതുകൊണ്ടുതന്നെ അദ്ദേഹം സ്ഥാനത്യാഗത്തിന്‌ തയാറാവണമെന്ന്‌ അവർ ആവശ്യപ്പെടുന്നു. അക്കാര്യം ചൂണ്ടിക്കാട്ടി അവരിൽ ചിലർ പോപ്പിന്‌ നിവേദനം നൽകിയതായും വാർത്തകളുണ്ട്‌. എന്നാൽ അത്‌ പരസ്യമായി സ്ഥിരീകരിക്കാൻ തൽക്കാലം ആരും സന്നദ്ധരല്ല. പോപ്പ്‌ ഫ്രാൻസിസിന്‌ ആഗോള കത്തോലിക്കാ സഭയ്ക്കുള്ളിലും പുറത്തുമുള്ള ജനസമ്മതിയും പിന്തുണയുമാണ്‌ അവർക്ക്‌ പ്രതിബന്ധം.
പോപ്പ്‌ ഫ്രാൻസിസിന്റെ രക്തത്തിന്‌ ദാഹിക്കുന്നവരുടെ മുൻനിരയിലാണ്‌ തീവ്രദേശീയതയുടേയും കലർപ്പില്ലാത്ത മുതലാളിത്തത്തിന്റെ ഏറ്റവും പുതിയ വക്താക്കളും പ്രയോക്താക്കളുമായ യുഎസ്‌ ഭരണകൂടവൃത്തങ്ങൾ. മുസ്ലിങ്ങൾക്കും അഭയാർഥികൾക്കും കുടിയേറ്റക്കാർക്കുമെതിരായ തീവ്രനിലപാടുകളുടെ പിന്തുണയിൽ അധികാരത്തിലേറിയ ട്രംപിന്റെ കാഴ്ചപ്പാടുകളോടുള്ള പോപ്പ്‌ ഫ്രാൻസിസിന്റെ സമീപനം വ്യക്തമാണ്‌. മെക്സിക്കൻ അതിർത്തിയിൽ മതിൽക്കെട്ടുയർത്താനുള്ള ട്രംപിന്റെ നീക്കത്തെ അത്‌ ക്രിസ്തു വിരുദ്ധമെന്ന്‌ അപലപിക്കാൻ പോപ്പ്‌ തെല്ലും മടികാട്ടിയില്ല. ട്രംപിന്റെ മുഖ്യ പ്ര
ത്യയശാസ്ത്ര ഉപദേഷ്ടാവ്‌ സ്റ്റീഫൻ ബാനനും മുൻ ന്യൂയോർക്ക്‌ ആർച്ച്‌ ബിഷപ്‌ കർദിനാൾ റെയ്നോൾഡ്‌ ബുർക്കെയും ഉറ്റസൗഹൃദം പങ്കുവയ്ക്കുന്നതും ട്രംപിന്റെ വിജയത്തെ തുടർന്ന്‌ ഇരുവരും വത്തിക്കാനിൽ നടത്തിയ കൂടിക്കാഴ്ചയും അത്തരം ഒരു അവിശുദ്ധ സഖ്യത്തിലേക്കാണ്‌ വിരൽ ചൂണ്ടുന്നത്‌.

  Categories:
view more articles

About Article Author