Monday
17 Dec 2018

വനം, വന്യത, വനിത

By: Web Desk | Sunday 18 February 2018 1:17 AM IST

“Life is either a great adventure or nothing”
-Helen Keller

 

പി ആര്‍ റിസിയ
കല്‍ പോലൂം സൂര്യ പ്രകാശം കടന്നു വരാന്‍ മടിക്കുന്ന കൊടും കാട്ടിലൂടെയുള്ള സഞ്ചാരം പറഞ്ഞറിയിക്കാന്‍ പറ്റാത്ത അനുഭൂതിയാണ്…. കാടിന്റെ നിഗൂഢതകള്‍ക്കിടയില്‍ അവിചാരിതമായി കണ്ടുമുട്ടുന്ന കാടിന്റെ അവകാശികളെയും അവരുടെ ഓരോ സ്പന്ദനങ്ങളും ഫ്രെയിമിലാക്കുമ്പോഴുള്ള സന്തോഷവും പലപ്പോഴും അനിര്‍വചനീയമാണ് – പറയുന്നത് പ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫര്‍ സീമ സുരേഷ് നീലാംബരി മോഹന്‍.
കാടിന്റെ വശ്യസൗന്ദര്യത്താല്‍ ആകൃഷ്ടയായി, അടങ്ങാത്ത പ്രണയവുമായി പലകുറി കാടുകയറിയിട്ടുണ്ടങ്കിലും ഓരോ യാത്രയും ഓരോ അനുഭവമാണെന്ന് സീമ പറയും. സാഹസികതയും സൗന്ദര്യബോധവും കൈമുതലാക്കി ഈ യാത്രകള്‍ക്കിടയില്‍ സീമ പകര്‍ത്തിയ വന്യമൃഗങ്ങളുടെ അത്യപൂര്‍വ്വമായ ചിത്രങ്ങള്‍ ഈ വനിതാഫോട്ടോഗ്രാഫറുടെ കാടിനോടുള്ള അടങ്ങാത്ത പ്രണയത്തെ വരച്ചുകാട്ടുന്നു. കാടിനോടുള്ളത് പോലെ തന്നെ മാധവിക്കുട്ടിയുടെ ‘നഷ്ടപ്പെട്ട നീലാംബരി’ എന്ന ചെറു കഥയോട് തോന്നിയ മറ്റൊരു പ്രണയമാണ് പേരിനൊപ്പമുള്ള നീലാംബരിയുടെ രഹസ്യം. സീമയുടെ വാക്കുകളിലൂടെ….

വന്യജീവികളുടെ അടുത്തേക്കുള്ള യാത്രകള്‍ ഏറെ ഇഷ്ടമാണെന്നതിനാല്‍ സുഹ്യത്തുക്കള്‍ വിളിച്ചാല്‍ കാട്ടിലേക്ക് പോകാന്‍ ഞാന്‍ എപ്പോഴും റെഡിയാണ്. ഒരു സ്ത്രീ എന്ന നിലയിലുള്ള പരിമിതികളെകുറിച്ചും കാടിനുള്ളിലെ അപകടങ്ങളെകുറിച്ചും ബോധ്യമുള്ളതുകൊണ്ട് തനിയെ കാനനയാത്ര നടത്താനുള്ള ധൈര്യം ഇതുവരെയില്ല. സുന്ദരി സോനത്തിനെയും അവളുടെ അഞ്ചുമക്കളെയും കാണാനായി മഹാരാഷ്ട്രയിലെ തടോബയിലേക്കായിരുന്നു കഴിഞ്ഞ യാത്ര. മഹാരാഷ്ട്രയിലെ ഏറ്റവും വലിയ കടുവാ സങ്കേതമായ തടോബാ അന്ധാരി ടൈഗര്‍ റിസര്‍വിലെ സുന്ദരി കടുവയായ സോനത്തിനെയും കുഞ്ഞുങ്ങളെയും കണ്‍നിറയെ കാണാന്‍ നാലുദിവസം കാത്തിരിക്കേണ്ടി വന്നു. കാണാതെ തിരിക്കേണ്ടിവരുമോയെന്ന് കൂട്ടുകാര്‍ പറയുമ്പോഴും സോനത്തിനെയും കുസൃതിക്കുട്ടികളെയും കാണാതെ ഞാന്‍ തിരിച്ചില്ലെന്ന് ഉറപ്പിച്ചിരുന്നു. എന്നാല്‍ ഞങ്ങളുടെ ഗൈഡ് മുബാറക്കിന് ഉറപ്പായിരുന്നു… സോനവും മക്കളും വെള്ളം കുടിക്കാന്‍ എത്തും. അതുസത്യമായി. യാതൊരു ഭാവഭേദങ്ങളുമില്ലാതെ സോനം നടന്നുവന്നു കുളത്തിലെ വെള്ളത്തിലേക്ക് ഇറങ്ങിക്കിടന്നു. പിന്നെ മക്കളെ കാത്തുകിടന്ന് മുരണ്ടു. ആകാംഷയോടെ കാത്തിരിപ്പിനൊടുവില്‍ പെട്ടന്ന് കുളത്തിനപ്പുറത്തെ പുല്ലുകള്‍ക്കിടയില്‍ നിന്നു ഒരു കുഞ്ഞി തല ഒളിഞ്ഞു നോക്കി. മറുവശത്തു നിന്ന് വേറൊരു കുറുമ്പന്‍ ഇറങ്ങി വന്നു. അവന്‍ കുളത്തിലേക്ക് ഇറങ്ങി വന്നു അമ്മക്കൊപ്പം വെള്ളത്തില്‍ കിടപ്പായി. ബാക്കി മൂന്നുപേരും പുല്ലുകള്‍ക്കിടയിലൂടെ ഒളിഞ്ഞു നോക്കും. ഏതാണ്ട് 20 മിനിട്ടോളം സോനവും കുഞ്ഞുങ്ങളും വെള്ളത്തില്‍, തൊട്ടടുത്ത്.. കണ്ണുകള്‍ക്കും ക്യാമറയ്ക്കും ഉത്സവം. മതിവരുവോളം ചിത്രങ്ങള്‍. കടുവമ്മയും കുഞ്ഞുങ്ങളും കുളത്തില്‍ നിന്നും കയറി പോയിട്ടും മനസ്സില്‍ ആ കാഴ്ച നിറഞ്ഞുനില്‍ക്കുകയായിരുന്നു. ഇതുപോലെ കാത്തിരുന്നിട്ടും കിട്ടാതെപോയ ചിത്രങ്ങളും ഉണ്ട്. കാത്തിരിപ്പ് എന്നത് വലിയൊരു ഘടകമാണ്. എന്നാല്‍ ആ കാത്തിരിപ്പിലും ഒരു സുഖമുണ്ട്- സീമ പറയുന്നു.

ഷോളയാര്‍, പറമ്പിക്കുളം, ചിമ്മിണി, നെല്ലിയാമ്പതി, തട്ടേക്കാട്, വയനാട്, ചിന്നാര്‍, മുതുമല, കുന്തംകുളം, ബന്ദിപ്പുര്‍, മസിനഗുഡി, തടോബ, കബനി തുടങ്ങിയ കാടുകളിലെല്ലാം സീമ പലതവണയെത്തിയിട്ടുണ്ട്. പ്രണയഭാവത്തോടെയാണ് പലരും കാടിനെ സമീപിക്കുന്നത്. പക്ഷേ നമ്മള്‍ കാട്ടില്‍ പോകുന്നത് നമ്മളുടെ ആവശ്യത്തിനാണ്. നല്ല ചിത്രങ്ങള്‍ കിട്ടാന്‍ വേണ്ടിയാണ്. ഇത്തരത്തില്‍ കാടിനെ പകര്‍ത്തണമന്ന ആഗ്രഹത്തോടെ കാട്ടിലേക്ക് പോകുമ്പോള്‍ കാടിന്റേതായ അവസ്ഥകളെ നമ്മള്‍ മാനിച്ചേ മതിയാകൂ. ഏതെങ്കിലും രീതിയില്‍ കാടിനെ നശിപ്പിക്കാനോ, കാടിന്റെ ആവാസ വ്യവസ്ഥയെ തകര്‍ക്കുന്ന തരത്തിലുള്ള കാര്യങ്ങള്‍ക്കോ മുതിരരുത്. ഒരിക്കലും ഒരു ജീവിയും നമുക്ക് വേണ്ടി കാത്തുനില്‍ക്കില്ല. അവ നമ്മുടെ കാമറയ്ക്ക് വേണ്ടി പോസ് ചെയ്യുകയും ഇല്ല. അത് നമ്മളെ ഭയപ്പെട്ട് ഓടിപ്പോകാനാണ് സാധ്യത. ആ സമയം അവയെ ഉപദ്രവിക്കാതെ വളരെ മിതത്വത്തോടെ ഫോട്ടോ എടുക്കുകയാണ് നമ്മള്‍ ചെയ്യേണ്ടത്. അത്തരത്തില്‍ കാടിന്റെ ആവാസവ്യവസ്ഥകള്‍ക്കുള്ളില്‍ നിന്നെടുത്തിട്ടുള്ള ചിത്രങ്ങള്‍ മാത്രമാണ് എന്റെ ശേഖരത്തിലുള്ളത്.’

വളരെ എക്‌സിപീരിയന്‍സുള്ളവരുടെയൊപ്പം കാട്ടില്‍ പോകുന്നത് നല്ല അനുഭവമാണെന്നും സീമ പറയുന്നു.
ഏറെ ആഗ്രഹിച്ച് തെരഞ്ഞെടുത്ത പത്രപ്രവര്‍ത്തനം എന്ന ജോലി ഉപേക്ഷിച്ചാണ് സീമ ഫോട്ടോഗ്രാഫിയിലേക്ക് തിരിയുന്നത്. അബുദാബിയില്‍ കാമറാമാനായി ജോലി ചെയ്യുന്ന ഭര്‍ത്താവ് സമ്മാനിച്ച കാമറയിലൂടെയാണ് ഫോട്ടോഗ്രാഫിയുടെ ആദ്യപാഠങ്ങള്‍ പഠിച്ചത്. പിന്നീട് പ്രൊഫഷണല്‍ ഫോട്ടോഗ്രാഫി പഠിച്ചു. വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ എന്‍ എ നസീര്‍ എഴുതിയ ലേഖനങ്ങള്‍ സീമയെ കാടിന്റെ വന്യതയിലേക്ക് ആകര്‍ഷിച്ചു. പീന്നീട് അദ്ദേഹത്തിന്റെ ക്യാമ്പില്‍ പങ്കെടുത്തതോടെ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫിയിലേക്ക് തിരിഞ്ഞു. നിക്കോണിന്റെ ബേസിക് സെറ്റിംഗ്‌സ് ഉള്ള ക്യാമറയുമായി ആരംഭിച്ച പ്രയാണത്തില്‍ ഇന്ന് നിക്കോണ്‍ ഡി 850 കാമറയാണ് കൂടെയുള്ളത്. ഞാന്‍ എടുത്ത എല്ലാചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രദര്‍ശിപ്പിക്കാറുണ്ട്. പ്രമുഖരായ വൈല്‍ഡ്‌ലെഫ് ഫോട്ടോഗ്രാഫര്‍മാരുള്‍പ്പെടെയുള്ളവരുടെ മികച്ച അഭിപ്രായങ്ങള്‍ വലിയ പ്രോത്സാഹനമാണ്. അതോടൊപ്പം തന്നെ സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്ന കൂട്ടരുമുണ്ട്. പക്ഷേ, അത്തരം കാര്യങ്ങളെ ഞാന്‍ ഗൗനിക്കാറില്ല. കുടുംബത്തെപ്പോലും വിഷമിപ്പിക്കുന്ന രീതിയിലായിക്കും ഇത്തരക്കാരുടെ പ്രതികരണം. എന്നാല്‍ ഇത്തരം നെഗറ്റീവ് കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതേയില്ലെന്നാണ് ഭര്‍ത്താവിന്റെ പക്ഷം. പ്രൊഫഷനില്‍ എനിക്ക് എറ്റവും വലിയ പിന്‍തുണ നല്‍കുന്നത് ഭര്‍ത്താവാണ്. എഴുത്തും യാത്രയും ഫോട്ടോഗ്രഫിയുമായി മുന്നോട്ടുപോകണമെന്നാണ് സുരേഷിന്റെ അഭിപ്രായം. വിമര്‍ശനങ്ങളെ ആ രീതിയില്‍ തള്ളിക്കളയുന്നതായിരിക്കും നല്ലതെന്ന് എനിക്കും തോന്നിയിട്ടുണ്ട്’. സീമയുടെ സ്വരത്തില്‍ നിശ്ചയദാര്‍ഡ്യത്തിന്റെ കരുത്ത്.

ജേണലിസം കഴിഞ്ഞ് തൃശ്ശൂര്‍ എസിവി ചാനലില്‍ റിപ്പോര്‍ട്ടറായി ജോലിചെയ്യുമ്പോഴാണ് അവിടത്തെ ക്യാമറാമാന്‍ സുരേഷുമായി പ്രണയത്തിലാവുന്നത്. പിന്നീട് വീട്ടുകാരുടെ സമ്മതത്തോടെ കല്യാണം. 4-5 മാസം കൂടുമ്പോള്‍ ഭര്‍ത്താവ് സുരേഷ് നാട്ടില്‍ വന്നാല്‍ പിന്നെ ഒന്നിച്ചു ക്യാമറകളും തൂക്കി രണ്ടു പേരും കൂടിയും ഇറങ്ങും. പിന്നെ യാത്രകളിലായിരിക്കും. അടുത്തമാസം അദ്ദേഹമെത്തിയാല്‍ തടോബ യാത്ര തന്നെയാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. അദ്ദേഹത്തെ പോലെ ഒരാളെ കിട്ടിയത് തന്നെയാണ് എന്റെ ഭാഗ്യം- സീമ കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ എറണാകുത്ത് തൃക്കാക്കരയിലെ ഫ്‌ളാറ്റില്‍ ആണ് താമസം.
എത്രയധികം സമയം കാട്ടില്‍ ചെലവഴിക്കാന്‍ സാധിക്കുന്നുവോ അത്രയുമധികം സംതൃപ്തിയും സന്തോഷവുമുണ്ടാകും, എന്റെ അനുഭവമാണത്. അതുകൊണ്ട് കാട്ടിനുള്ളില്‍ ആയിരിക്കുന്നതാണ് എനിക്കേറെ പ്രിയങ്കരം. ടെന്‍ഷനുകളെ കുടിയൊഴിപ്പിക്കാനുള്ള മാര്‍ഗം കൂടിയാണത്. ജീവിതത്തിലെ എല്ലാ പ്രശ്‌നങ്ങളും കാടിന്റെ തണുപ്പില്‍ മറക്കാനാകുമെന്നും സീമ പറയുന്നു.. അടുത്തമാസം തടോബയിലേക്ക് പോകുമ്പോള്‍ സോനത്തിന്റെ കുസ്യതിക്കുട്ടികള്‍ ഒന്നുകൂടി വലുതായിട്ടുണ്ടാകും. സ്വപ്നത്തിലെ ഫ്രെയ്മിലേക്ക് സോനവും കുട്ടിക്കൂട്ടവും കുസൃതിയോടെ കടന്ന് വരുന്നതും കാത്ത് കണ്ണില്‍ വാത്സല്യം നിറച്ച് സീമയും….