വനഭൂമിയിൽ ഒരുതരത്തിലുള്ള കയ്യേറ്റവും അനുവദിക്കില്ല: കെ രാജു

വനഭൂമിയിൽ ഒരുതരത്തിലുള്ള കയ്യേറ്റവും അനുവദിക്കില്ല: കെ രാജു
July 16 04:45 2017

തിരുവനന്തപുരം: വനഭൂമിയിൽ ഒരുതരത്തിലുള്ള കയ്യേറ്റവും അനുവദിക്കില്ലെന്ന്‌ വനം വകുപ്പ്‌ മന്ത്രി കെ രാജു. വനഭൂമി കയ്യേറാൻ ആരെയും അനുവദിക്കില്ല എന്ന ഉറച്ച നിലപാടാണ്‌ ഈ സർക്കാരിനുള്ളതെന്നും മന്ത്രി പ്രസ്താവനയിൽ അറിയിച്ചു. തെന്മല വനം റെയ്ഞ്ചിൽ ഉറുകുന്ന്‌ ഭാഗത്ത്‌ വനഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട വന്ന വാർത്തകൾ ശ്രദ്ധയിൽപ്പെട്ടു. അവിടെ വനഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട്‌ ആറ്‌ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടായിരുന്നു. 1977 ജനുവരി ഒന്നിന്‌ മുമ്പ്‌ തന്നെ അവിടെ വനഭൂമിയിൽ പ്രവേശിച്ച്‌ താമസിച്ചു വന്നവരും അതിനും ശേഷം കയ്യേറിവരും ഉണ്ടായിരുന്നു. സുപ്രിംകോടതി വിധികളും കേന്ദ്ര സർക്കാരിന്റെ ഉത്തരവുകളും അനുസരിച്ച്‌ 1977 ജനുവരി ഒന്നിന്‌ മുമ്പുള്ള കയ്യേറ്റമാണെങ്കിൽ വനം-റവന്യു വകുപ്പുകളുടെ സംയുക്ത പരിശോധന നടത്തി ഭൂമി അനുവദിച്ചു കൊടുക്കുവാൻ വ്യവസ്ഥയുണ്ട്‌. എന്നാൽ പ്രസ്തുത വിവാദ ഭൂമി പുഴക്കരയിലുള്ള ഭൂമിയായതിനാൽ സംയുക്ത പരിശോധനയിൽ ഉൾപ്പെടുത്തിയിരുന്നില്ല. ആയതുകൊണ്ടു തന്നെ കൈവശാവകാശം നൽകാനും പട്ടയം നൽകാനും കഴിഞ്ഞിരുന്നില്ല. ഈ കേസുകളിൽ വനാവകാശ നിയമത്തിന്റെ 52 ാ‍ം വകുപ്പനുസരിച്ചുള്ള കേസ്‌ മാത്രം പിഴയീടാക്കി കോമ്പൗണ്ട്‌ ചെയ്തിട്ടുണ്ട്‌. ബാക്കിയുള്ള കേസുകൾ നിലവിലുണ്ട്‌. സംയുക്ത പരിശോധന നടത്തി ഇക്കാര്യത്തിൽ അന്തിമമായ തീരുമാനം സ്വീകരിക്കുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.
അവിടെ തർക്കത്തിലുള്ള വ്യാപാര സമുച്ചയം കഴിഞ്ഞ സർക്കാരിന്റെ കാലത്ത്‌ കെട്ടിപ്പൊക്കുകയും പഞ്ചായത്ത്‌ കെട്ടിട നമ്പർ നൽകുവാൻ ശ്രമം ഉണ്ടാവുകയും ചെയ്തു. ഈ സർക്കാർ വന്നതിനു ശേഷം അത്‌ തടയുകയും നമ്പരോ മറ്റ്‌ അനുമതികളോ നൽകരുതെന്ന്‌ സ്റ്റോപ്പ്‌ മെമ്മോ നൽകിയിട്ടുള്ളതും ജില്ലാ കളക്ടറെ അറിയിച്ചിട്ടുള്ളതാണെന്നും മന്ത്രി അറിയിച്ചു.

  Categories:
view more articles

About Article Author