Sunday
24 Jun 2018

വനിതാ ശിശുക്ഷേമവകുപ്പ്‌ മന്ത്രിക്ക്‌ ഒരു തുറന്ന കത്ത്‌

By: Web Desk | Sunday 2 July 2017 4:45 AM IST

കേരളം എല്ലാ പുരോഗമന കാര്യങ്ങൾക്കും മാതൃകയാണ്‌. വനിതാ ശിശു സംരക്ഷണത്തിന്‌ ഒരു പ്രത്യേക വകുപ്പ്‌ രൂപീകരിച്ചുകൊണ്ട്‌ തെരഞ്ഞെടുപ്പ്‌ വാഗ്ദാനങ്ങളിൽ ഒന്നുകൂടി പ്രയോഗത്തിലെത്തിച്ചതിൽ അഭിമാനമുണ്ട്‌. വകുപ്പ്‌ മന്ത്രിയും സെക്രട്ടറിയും പരിഗണിക്കേണ്ട ആദ്യ പരാതികളിൽ ഒന്നായിരിക്കും ഇത്‌.
കേരളാ ടെക്സ്റ്റെയിൽ കോർപ്പറേഷന്റെ കോട്ടയം ടെക്സ്റ്റെയിൽസിൽ ഉള്ള കുറേ സ്ത്രീത്തൊഴിലാളികൾ അനുഭവിക്കുന്ന ദുരന്തവും ദ്രോഹവും എല്ലാപേരും അറിയണം.
2015 ൽ കേരള ഹൈക്കോടതിയുടെ ഒരു വിധിയുണ്ടായി. ഫാക്ടറികളിൽ രാത്രി പത്തു മണിക്ക്‌ ശേഷം സ്ത്രീകളെ ജോലി ചെയ്യിക്കരുതെന്നും, അങ്ങനെ ജോലി ചെയ്യിക്കുന്നത്‌ ഫാക്ടറി നിയമം 66 (2) (യ)വകുപ്പിന്റെ ലംഘനമായിരിക്കുമെന്നും, ബന്ധപ്പെട്ട മാനേജ്മെന്റ്‌ പ്രോസിക്യൂഷൻ നേരിടേണ്ടി വരുമെന്നുമായിരുന്നു ഉത്തരവിന്റെ ചുരുക്കം. ഈ കോടതി ഉത്തരവിനെ തുടർന്ന്‌ ടെക്സ്റ്റെയിൽ കോർപ്പറേഷന്റെ മറ്റ്‌ മില്ലുകളിൽ നിലവിലുണ്ടായിരുന്ന ഷിഫ്റ്റ്‌ സമ്പ്രദായം മാറ്റി ക്രമീകരിച്ചു.
രാവിലെ 8 മണി മുതൽ 4 മണിവരെ, വൈകിട്ട്‌ 4 മണി മുതൽ രാത്രി 12 മണി വരെ, രാത്രി 12 മണി മുതൽ രാവിലെ 8 മണി വരെ എന്നിങ്ങനെയുള്ള 3 ഷിഫ്റ്റ്‌ മാറ്റുകയായിരുന്നു.
പുതിയഷിഫ്റ്റ്‌- രാവിലെ 6 മണി മുതൽ ഉച്ചയ്ക്ക്‌ 2 മണിവരെ, ഉച്ചയ്ക്ക്‌ 2 മണി മുതൽ രാത്രി 10 മണിവരെ, രാത്രി 10 മണി മുതൽ രാവിലെ 6 മണിവരെ
ഇങ്ങനെ ഷിഫ്റ്റ്‌ മാറ്റി ക്രമീകരിക്കുക വഴി സ്ത്രീത്തൊഴിലാളികളെ ആദ്യ രണ്ട്‌ ഷിഫ്റ്റുകളിൽ മാത്രം ജോലിക്ക്‌ നിയോഗിക്കുകയും രാത്രി 10 മുതലുള്ള മൂന്നാം ഷിഫ്റ്റിൽ നിന്നും സ്ത്രീകളെ ഒഴിവാക്കുകയും ചെയ്തു. എന്നാൽ കോട്ടയം ടെക്സ്റ്റെയിൽസിൽ ഷിഫ്റ്റ്‌ മാറ്റാനുള്ള നോട്ടീസ്‌ പ്രസിദ്ധീകരിച്ചതിനെ തുടർന്ന്‌ സിഐടിയു യൂണിയൻ ഹൈക്കോടതിയിൽ കേസ്‌ ഫയൽ ചെയ്തു സ്റ്റേ സമ്പാദിച്ചു. മാനേജ്മെന്റ്‌ നിശബ്ദത പാലിക്കുകയും ചെയ്തു. ഏതാനും പുരുഷ നേതാക്കളുടെ സൗകര്യത്തിനാണ്‌ സിഐടിയു കോടതി കയറിയത്‌.
ഫാക്ടറി ഇൻസ്പെക്ടർ മില്ല്‌ സന്ദർശിച്ച്‌ രാത്രി 10 മണിക്ക്‌ ശേഷം സ്ത്രീകളെ ജോലിക്ക്‌ നിയോഗിക്കരുതെന്ന്‌ കർശന നിർദ്ദേശം നൽകി. നിലവിലുള്ള ഷിഫ്റ്റ്‌ സമ്പ്രദായത്തിൽ വൈകിട്ട്‌ 4 മണിക്ക്‌ തുടങ്ങുന്ന ഷിഫ്റ്റ്‌ രാത്രി 12 മണിക്കാണ്‌ അവസാനിക്കുന്നത്‌. ഫാക്ടറി ഇൻസ്പെക്ടറുടെ നിർദ്ദേശം പാലിക്കാൻ മാനേജ്മെന്റ്കണ്ടുപിടിച്ച മാർഗ്ഗം സ്ത്രീത്തൊഴിലാളികളെ രാത്രി 10 മണി ആകുമ്പോൾ നിർബന്ധപൂർവം ഇറക്കിവിടുകയാണ്‌. വൈകിട്ട്‌ നാലുമുതൽ 10 വരെ 6 മണിക്കൂർജോലി. ശമ്പളവും 6 മണിക്കൂറിന്‌ മാത്രം. കഴിഞ്ഞ രണ്ട്‌ വർഷമായി ഈ നില തുടരുന്നു. നിരവധി നിവേദനങ്ങൾ നൽകി.
പ്രശ്നം പരിഹരിച്ചിട്ടില്ല. ഹൈക്കോടതി പ്രശ്നം ചർച്ച ചെയ്തു പരിഹരിക്കാനായി തൊഴിൽവകുപ്പിനോട്‌ ഇടക്കാല ഉത്തരവിലൂടെ നിർദ്ദേശിച്ചു. എറണാകുളം ജോയിന്റ്‌ ലേബർ കമ്മീഷണർ വിഷയത്തിലിടപെട്ടുവെങ്കിലും പ്രശ്നം അവസാനിച്ചില്ല. ഇപ്പോഴും രാത്രി 10 മണിക്ക്‌ ശേഷം സ്ത്രീകളെ നിർബന്ധപൂർവം ഇറക്കിവിടുകയാണ്‌. 6 മണിക്കൂർ വേലയും 6 മണിക്കൂറിനുള്ള കൂലിയും മാത്രമാണ്‌ സ്ത്രീകൾക്ക്‌ നൽകുന്നത്‌. രണ്ട്‌ മണിക്കൂർ മില്ല്‌ പ്രവർത്തനം നിലച്ച മട്ടിലാണ്‌. ഇതുമൂലം ഉണ്ടാകുന്ന നഷ്ടം മില്ലിനും സ്ത്രീത്തൊഴിലാളികൾക്കുമാണ്‌. 8 മണിക്കൂർ ജോലിയും 8 മണിക്കൂറിനുള്ള കൂലിയും നൽകാൻ ചുമതലപ്പെട്ടവർ ഒന്നും ചെയ്യുന്നില്ല.
ടെക്സ്റ്റെയിൽ കോർപ്പറേഷന്റെ മറ്റ്‌ മില്ലുകളിൽ ഷിഫ്റ്റ്‌ രാവിലെ 6 മണിക്ക്‌ തുടങ്ങുമ്പോൾ കോട്ടയത്ത്‌ മാത്രം അത്‌ പാടില്ലെന്ന ചിലരുടെ നിർബന്ധബുദ്ധിയാണ്‌ പ്രശ്നം സൃഷ്ടിക്കുന്നത്‌. രാവിലെ 6 മണിക്ക്‌ ജോലിക്കെത്താൻ കോട്ടയം മില്ലിലെ പുരുഷത്തൊഴിലാളികൾക്ക്‌ മാത്രം എന്തേ ഇത്ര ബുദ്ധിമുട്ട്‌. മറ്റു മില്ലുകളിലെ തൊഴിലാളികൾ രാവിലെ 6 ന്‌ ജോലിക്കെത്തുന്നുണ്ടുതാനും. പുരുഷത്തൊഴിലാളികളിൽ ചിലർക്ക്‌ രാവിലെ 6 മണിക്ക്‌ ജോലിക്ക്‌ വരാൻ ബുദ്ധിമുട്ടായതുകൊണ്ട്‌ സ്ത്രീത്തൊഴിലാളികൾ രാത്രി പന്ത്രണ്ടു മണിക്ക്‌ വരികയുംപോകുകയും ചെയ്യണം എന്നാണോ ശഠിക്കുന്നത്‌. സ്ത്രീത്തൊഴിലാളികളെ രാത്രിയിൽ 10 മണിക്ക്‌ ശേഷം ജോലി ചെയ്യിക്കരുതെന്ന നിയമം ബ്രിട്ടീഷ്കാരുടെ കാലത്ത്‌ ്‌ഉണ്ടായിട്ടുള്ളതാണ്‌. വെള്ളക്കാർ നൽകിയ പരിരക്ഷപോലും ഇന്ത്യക്കാർ ഇന്ത്യ ഭരിക്കുമ്പോൾ കിട്ടില്ലേ?. സ്ത്രീസുരക്ഷ പരമ പ്രധാനമായി കാണുന്ന ഇടതുമുന്നണി ഭരിക്കുന്ന കേരളത്തിൽ അത്‌ ലഭിക്കില്ലേ?. പുതിയവകുപ്പും പുതിയസംവിധാനവും ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെട്ട്‌ വേണ്ട പരിഹാരം ഉണ്ടാക്കണമെന്ന്‌ അഭ്യർത്ഥിക്കുന്നു.

ഗയാനിധി
സെക്രട്ടറി
കോട്ടയം ടെക്സ്റ്റെയിൽ എംപ്ലോയീസ്‌ യൂണിയൻ
(എഐടിയുസി)