വന്ധ്യതാ ചികിത്സ: പല സ്ഥാപനങ്ങളും തട്ടിപ്പ്‌ കേന്ദ്രങ്ങൾ

വന്ധ്യതാ ചികിത്സ: പല സ്ഥാപനങ്ങളും തട്ടിപ്പ്‌ കേന്ദ്രങ്ങൾ
October 17 04:50 2016

കോഴിക്കോട്‌: വന്ധ്യതാ ചികിത്സയുടെ പേരിൽ വ്യാപകമായി ചൂഷണം നടക്കുന്നതായി ആക്ഷേപം ശക്തമാവുന്നു. ഒരു കുഞ്ഞ്‌ വേണമെന്ന ആഗ്രഹവുമായി ചികിത്സയ്ക്കെത്തുന്ന ദമ്പതികളെ വലിയ തോതിൽ കബളിപ്പിക്കുകയും വലിയ സാമ്പത്തിക ബാധ്യതയിലേക്ക്‌ അവരെ തള്ളിവിടുകയുമാണ്‌ പല സ്ഥാപനങ്ങളും ചെയ്യുന്നതെന്നാണ്‌ ആക്ഷേപം.
പണം സമ്പാദിക്കാനുള്ള നല്ല വഴിയായി വന്ധ്യതാ ചികിത്സയെ തെരഞ്ഞെടുത്ത്‌ സംസ്ഥാനത്ത്‌ ഇത്തരം സ്ഥാപനങ്ങൾ ദിനം പ്രതി ആരംഭിക്കുകയാണ്‌. ഇവിടെ എത്തുന്നവർ സാമ്പത്തിക ബുദ്ധിമുട്ടിന്‌ പുറമെ ചികിത്സയുടെയും ശസ്ത്രക്രിയയുടെയും ഹോർമോൺ ചികിത്സയുടെയും ഫലമായി പലവിധ പ്രയാസങ്ങളാണ്‌ നേരിടുന്നത്‌. സർക്കാർ മെഡിക്കൽ കോളജുകളിൽ ഇത്തരം സംവിധാനങ്ങളുടെ അപര്യാപ്തത മുതലെടുത്തുകൊണ്ടാണ്‌ സ്വകാര്യ ചികിത്സാ കേന്ദ്രങ്ങൾ പാവങ്ങളെ കൊള്ളയടിക്കുന്നതെന്ന്‌ മക്കളില്ലാത്ത ദമ്പതികളുടെ കൂട്ടായ്മയായ പ്രൊജനനി ഫ്രീ കപ്പിൾസ്‌ വെൽഫെയർ ഓർഗനൈസേഷൻ ഭാരവാഹികൾ കുറ്റപ്പെടുത്തുന്നു.
കൃത്യമായ കണക്കുകളൊന്നുമില്ലാതെ ഓരോ സ്ഥാപനവും തങ്ങൾക്ക്‌ തോന്നിയത്‌ പോലെയാണ്‌ ചികിത്സയ്ക്ക്‌ പണം ഈടാക്കുന്നത്‌. ഇത്തരം സ്ഥാപനങ്ങളിൽ ഏറെ പ്രതീക്ഷയോടെ എത്തുന്ന രോഗികളുടെ എണ്ണമാവട്ടെ ദിവസം തോറും വർദ്ധിച്ചുകൊണ്ടിരക്കുകയുമാണ്‌. ചികിത്സയിൽ വിജയം ഉണ്ടാവുന്നതാവട്ടെ വളരെ അപൂർവ്വവും. അറിവില്ലായ്മകൊണ്ട്‌ ചികിത്സയെപ്പറ്റി അന്വേഷിക്കാൻ ആരും തയ്യാറാവാറില്ല. ഇതാണ്‌ ആശുപത്രികൾ മുതലെടുക്കുന്നത്‌. മരുന്നിന്റെ ശക്തി ശരീരത്തെ പ്രതികൂലമായി ബാധിക്കുന്നതിനാൽ ചികിത്സയ്ക്ക്‌ ശേഷം ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി പോലും പലർക്കും നഷ്ടപ്പെടുന്നുണ്ട്‌.
കോഴിക്കോട്‌ നഗരത്തിലെ ഒരു വന്ധ്യതാ ചികിത്സാ കേന്ദ്രത്തിൽ അന്വേഷിച്ചപ്പോൾ ഇവിടെ ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം വലിയ തോതിൽ വർദ്ധിച്ചു വരുന്നു എന്നാണ്‌ വ്യക്തമായത്‌. ലക്ഷക്കണക്കിന്‌ രൂപ ചെലവ്‌ വരുന്ന ചികിത്സക്ക്‌ കടം വാങ്ങിയും സമ്പാദ്യങ്ങൾ വിറ്റുമെല്ലാമാണ്‌ ആളുകളെത്തുന്നത്‌. ഗർഭധാരണം നടക്കില്ലെന്ന്‌ ഉറപ്പുള്ള ആളുകളോട്‌ പോലും ഡോക്ടർ കൃത്യമായ വിവരം പറയാതെ അവരെ തുടർ ചികിത്സയ്ക്ക്‌ വിധേയരാക്കുന്ന സ്ഥിതിയാണുള്ളത്‌. അഞ്ചും ആറും തവണ കൃത്രിമ ഗർഭധാരണത്തിന്‌ വിധേയരായി പരാജയപ്പെട്ട രോഗിയോട്‌ സാധ്യത വളരെ വിരളമാണെന്ന്‌ മനസ്സിലാക്കിക്കൊണ്ടും വീണ്ടും ചികിത്സയ്ക്ക്‌ പ്രേരിപ്പിക്കുകയാണ്‌ പല സ്ഥാപനങ്ങളും ചെയ്യുന്നത്‌.
ആധുനികമായ പല രീതികളും ഈ രംഗത്ത്‌ സജീവമായിട്ടുണ്ട്‌. ബീജാണുക്കളുടെ ഗുണനിലവാരമോ എണ്ണമോ മോശമായി വരുമ്പോൾ ബീജം ലാബിൽ വെച്ച്‌ കഴുകി ബീജാണുക്കളുടെ സാന്ദ്രതയും സഞ്ചാരശേഷിയും വർദ്ധിപ്പിച്ച്‌ ഗർഭപാത്രത്തിലേക്ക്‌ നിക്ഷേപിക്കുന്ന രീതിയാണ്‌ ഐയുഐ. ഇതിന്റെ വിജയസാധ്യത ഓരോ ആർത്തവ ചക്രത്തിലും പതിനഞ്ച്‌ മുതൽ 20 ശതമാനം വരെയാണ്‌. പക്ഷെ പരമാവധി മൂന്നോ നാലോ തവണ നടത്തിയിട്ടും വിജയം കൈവരിക്കാനായില്ലെങ്കിൽ പിന്നെ ഇത്‌ ആവർത്തിക്കാതിരിക്കുന്നതാണ്‌ നല്ലത്‌. തന്നെയുമല്ല നല്ല വൃത്തിയും ആധുനിക സൗകര്യങ്ങളുമുള്ള ലാബിൽ വേണം ചികിത്സ നടത്താൻ. ഇല്ലെങ്കിൽ ഗർഭപാത്രത്തിൽ അണുബാധ വരാൻ സാധ്യതയും അധികമാണ്‌. എന്നാൽ ഇക്കാര്യങ്ങളൊന്നും പരിഗണിക്കാതെയാണ്‌ പല സ്ഥാപനങ്ങളും ചികിത്സ നടത്തുന്നത്‌.
സ്ത്രീയുടെ അണ്ഡവും പുരുഷന്റെ ബീജാണുവും ഒരു പരീക്ഷണശാലയിൽ സംയോജിപ്പ്‌ ബീജസങ്കലത്തിനിടയാക്കുന്ന ടെസ്റ്റ്‌ ട്യൂബ്‌ ശിശു സങ്കേതമാണ്‌ ഐവിഎഫ്‌. വളരെ കാലത്തെ ചികിത്സയ്ക്ക്‌ ശേഷം അവസാന പ്രതീക്ഷ എന്ന നിലയിലാവും പല ദമ്പതിമാരും ഈ ചികിത്സ തെരഞ്ഞെടുക്കുക. അതുകൊണ്ട്‌ തന്നെ എത്രയും പെട്ടന്ന്‌ ഫലം ലഭിക്കണമെന്ന മാനസികാവസ്ഥയിലായിരിക്കും അവർ. എന്നാൽ ലാഭം മാത്രം പ്രതീക്ഷിക്കുന്ന സ്ഥാപനങ്ങൾ ദമ്പതിമാരെ സമ്പൂർണ്ണമായ നിരീക്ഷണത്തിന്‌ വിധേയമാക്കാതെ ഉടൻ തന്നെ ചികിത്സ ആരംഭിക്കും. ഇത്‌ പ്രതികൂലമായ ഫലം മാത്രമാണ്‌ ഉണ്ടാക്കുക. ദമ്പതികളുടെ എല്ലാ ഘടകങ്ങളും പരിശോധിച്ചറിഞ്ഞ്‌ മാത്രമെ ഇത്തരം ചികിത്സകൾ ആരംഭിക്കാൻ പാടുള്ളു.
കേരളത്തിൽ വന്ധ്യതാ നിരക്കുകൾ കൂടിവരുന്നതായി റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നുണ്ട്‌. മറ്റ്‌ സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ കേരളത്തിൽ വന്ധ്യത വർദ്ധിച്ചുവരുന്നതായാണ്‌ ഇത്തരം റിപ്പോർട്ടുകളിലുള്ളത്‌. ആരോഗ്യ രംഗത്തെ പ്രവർത്തനങ്ങൾക്ക്‌ രാജ്യത്തിന്‌ തന്നെ മാതൃകയായ ഒരു സംസ്ഥാനത്താണ്‌ ഇത്തരമൊരു അവസ്ഥ ഉള്ളത്‌. ജീവിത ശൈലിയിലുള്ള മാറ്റമാണ്‌ വന്ധ്യതാ നിരക്ക്‌ വർദ്ധിക്കാനുള്ള ഒരു പ്രധാനകാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്‌. മദ്യപാനം, പുകവലി, പൊണ്ണത്തടി, തെറ്റായ ജീവിതക്രമം എന്നിവയെല്ലാം വന്ധ്യതയ്ക്ക്‌ പ്രധാനപ്പെട്ട കാരണങ്ങളായി മാറുന്നു. ഉത്തേജക മരുന്നുകൾ, മയക്കുമരുന്നുകൾ എന്നിവയുടെ ഉപയോഗവും ബീജോൽപ്പാദനത്തെ ബാധിക്കുന്നു. ആന്റിബയോട്ടിക്കുകൾ വ്യാപമായി ഉപയോഗിക്കുന്നതും പ്രത്യുൽപ്പാദന ശേഷി കുറയാൻ കാരണമാവുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
കുട്ടികളെ ദത്തെടുക്കാൻ ആഗ്രഹിച്ചാലും അതിന്‌ പല കടമ്പകളും കടക്കണം. ഭാര്യയുടെയും ഭർത്താവിന്റെയും പ്രായം, സ്വത്തുകൾ, വരുമാനം എന്നിവയെല്ലാം കണക്കാക്കി മാത്രമാണ്‌ കുട്ടികളെ ദത്തെടുക്കാൻ സാധിക്കുകയുള്ളു. ഇതിനും അപേക്ഷ നൽകി വളരെക്കാലം കാത്തിരിക്കേണ്ടിവരും. വന്ധ്യതാ ചികിത്സാ രംഗത്തെ ചൂഷണങ്ങൾക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന്‌ പൊലീസ്‌ ഉദ്യോഗസ്ഥർ തന്നെ അറിയിച്ചിരുന്നു. കോഴിക്കോട്‌ ജില്ലയിലെ ചില ആശുപത്രികൾക്കെതിരെ പരാതിയുണ്ടായിട്ടുണ്ടെന്നും ഇത്‌ സംബന്ധിച്ച്‌ അന്വേഷണം നടത്തുകയാണെന്നും നേരത്തെ തന്നെ പൊലീസ്‌ ഉദ്യോസ്ഥർ വ്യക്തമാക്കിയിരുന്നെങ്കിലും ഇതുവരെയും ഇക്കാര്യത്തിലൊന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. പരാതികളുണ്ടായപ്പോൾ ഇത്തരം ചില സ്ഥാപനങ്ങൾ പൊലീസിന്റെ നിരീക്ഷണത്തിലാണെന്നായിരുന്നു പൊലീസ്‌ ഉദ്യോഗസ്ഥർ അന്ന്‌ വ്യക്തമാക്കിയിരുന്നത്‌. വന്ധ്യതാ ചികിത്സാ രംഗത്തെ തട്ടിപ്പ്‌ സ്ഥാപനങ്ങളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്നും പ്രൊജനനി ഫ്രീ കപ്പിൾസ്‌ വെൽഫെയർ ഓർഗനൈസേഷൻ ആവശ്യപ്പെടുന്നു.

  Categories:
view more articles

About Article Author