വന്യജീവി സങ്കേതങ്ങൾ കടുത്ത വരൾച്ചയിൽ

വന്യജീവി സങ്കേതങ്ങൾ കടുത്ത വരൾച്ചയിൽ
March 21 03:30 2017

കെ ജാഫർ
നിലമ്പൂർ: വേനൽ കടുത്തതതോടെ വന്യജീവി സങ്കേതങ്ങൾ അടക്കം കടുത്ത വരൾച്ചയിൽ. ദക്ഷിണേന്ത്യയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളായ മുതുമല, ബന്ദിപ്പൂർ നാഷണൽ പാർക്കുകളിലെ മൃഗങ്ങളെ ഇത്‌ ഗുരുതരമായി ബാധിച്ചു തുടങ്ങി. ഉൾവനങ്ങളിൽ നിന്ന്‌ മൃഗങ്ങൾ കൂട്ടത്തോടെ മനുഷ്യവാസ മേഖലയിലേക്ക്‌ ഇറങ്ങുന്ന സാഹചര്യമാണുള്ളത്‌. വരൾച്ചൾയുടെ ദുരിതത്തിനിടയിൽ കാട്ടുതീ ഏത്‌ സമയവും കോളനികളേയും, അതിർത്തി ഗ്രാമങ്ങളിലുള്ള കൃഷിമേഖലകളെയും വിഴുങ്ങുന്ന അവസ്ഥയിലാണ്‌. വനാതിർത്തി ഗ്രാമങ്ങളിലും, പാർക്കിനുള്ളിലെ ആദിവാസി കോളനികളും വന്യജീവികളുടേയും, കാട്ടുതീയുടെയും ഭീഷണിയിലാണ്‌.
തമിഴ്‌നാട്ടിലെ മുതുമല കടുവാസങ്കേതത്തിന്‌ 343.23 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുണ്ട്‌. തൊട്ടടുത്തുള്ള കർണ്ണാടകയുടെ പരിധിയിലുള്ള ബന്ദിപ്പൂർ ദേശീയ കടുവാസങ്കേതത്തിന്‌ 823.7 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണവുമുണ്ട്‌. രണ്ടിലും പ്രകൃതിദത്തമായ ജലാശയങ്ങളുണ്ട്‌. എന്നാൽ മുമ്പെങ്ങുമില്ലാത്ത വിധം ഇവ വറ്റിവരണ്ടു. ഇതോടെ ടാങ്കർ ലോറിയിലെത്തിച്ച്‌ വനത്തിനുള്ളിലെ കുളങ്ങളിൽ വെള്ളം നിറക്കുകയാണ്‌.
രണ്ട്‌ കടുവാസങ്കേതങ്ങളും കേരള വനത്തോട്‌ ചേർന്നാണ്‌ അതിർത്തി പങ്കിടുന്നത്‌. വംശനാശ ഭീഷണി നേരിടുന്ന കടുവ, പുലി, സിംഹവാലൻ എന്നിവയുടെ രാജ്യത്തെ പ്രധാനസങ്കേതമാണ്‌ മുതുമലയും ബന്ദിപ്പൂരും. രാജ്യത്ത്‌ ഏറ്റവും കൂടുതൽ കടുവകളുള്ള ദേശീയ പാർക്കാണിത്‌. വരൾച്ച രൂക്ഷമായതോടെ കടുവകളും പുലികളും ജനവാസ കേന്ദ്രങ്ങളിലേക്കിറങ്ങുന്നത്‌ അവയുടെ ജീവന്‌ തന്നെ ഭീഷണിയാകുന്നുണ്ട്‌. കാട്ടാനയുടെ ആക്രമണത്തിലും, കടുവ, പുലി എന്നിവയുടെ ആക്രമണത്തിലും രണ്ടുവർഷത്തിനുള്ളിൽ പത്തോളം മരണമാണ്‌ ഈ മേഖലയിൽ സംഭവിച്ചത്‌.
ബന്ദിപ്പൂർ നാഷണൽ പാർക്കിന്റെ സമീപത്തുള്ള വലിയ ജലാശയം ആദ്യമായി വറ്റിവരണ്ടു. പുള്ളിമാനുകൾ കൂടുതലുള്ള വനമേഖലയാണ്‌ ബന്ദിപ്പൂർ. വെള്ളം വറ്റിയതോടെ പുള്ളിമാനുകൾ കൂട്ടമായി ജനവാസ കേന്ദ്രങ്ങളിലും റോഡിലേക്കും ഇറങ്ങിയതോടെ വേട്ടയും ശക്തമായി. മുതുമല വന്യമൃഗ സങ്കേതത്തിലും സമാന സ്ഥിതിയാണുള്ളത്‌. സഞ്ചാരികളെ ഏറ്റുവും കൂടുതൽ ആകർഷിക്കുന്ന ആനസവാരി നടക്കുന്നത്‌ മുതുമലയിലാണ്‌. നല്ല തിരക്കുള്ള ഈ സമയത്ത്‌ കേന്ദ്രം അടച്ചിട്ടിരിക്കുകയാണ്‌. സാധാരണ കടുത്ത ചൂടിൽ രണ്ടാഴ്ച വരെ മുതുമല സങ്കേതം അടച്ചിടാറുണ്ട്‌. എന്നാൽ ഈ വർഷം കൂടുതൽ ദിവസങ്ങൾ അടച്ചിടേണ്ടി വരുമെന്ന ആശങ്കയുണ്ട്‌. ചൂട്‌ കൂടുകയും വേനൽ മഴ ലഭിക്കാതിരിക്കുകയും ചെയ്താൽ മുതുമല കൂടുതൽ ദിവസം അടച്ചിടേണ്ടിവരും.

  Categories:
view more articles

About Article Author