വന്യത വിളിക്കുന്നു

വന്യത വിളിക്കുന്നു
May 07 04:45 2017

ആഭ്യന്തര കലഹങ്ങളാലും നിത്യ പട്ടിണിയാലും മാത്രമല്ല, ലോകത്തെ ഏറ്റവും വിപുലമായ സസ്യ ജന്തു ജാലങ്ങളുടെ സാന്നിധ്യം കൊണ്ട്‌ കൂടി ശ്രദ്ധേയമാണ്‌ കെനിയ. പ്രശസ്ത സഞ്ചാരിയായ മുരളി ജെ നായർ തന്റെ കെനിയൻ യാത്രാനുഭവം ജനയുഗം വാരാന്തത്തിന്‌ വേണ്ടി എഴുതുന്നു

മുരളി ജെ നായർ
ഫിലഡെൽഫിയ

കെനിയയിലേക്കുള്ള സന്ദർശകന്‌, കെനിയൻ എയർവേയ്സിന്റെ വിമാനത്തിൽ കയറുമ്പോൾത്തന്നെ തന്റെ ‘ആഫ്രിക്കൻ എക്സ്പീരിയൻസ്‌’ തുടങ്ങുന്നു. വിമാനത്തിലെ ‘ആംബിയൻസ്‌’ തികച്ചും ആഫ്രിക്കനാണെന്നു മാത്രമല്ല, യാത്രികരെ സ്വീകരിക്കുന്ന രീതിയും അങ്ങനെതന്നെ.
നെയ്‌റോബിയിലെ ജോമോ കെനിയാട്ടാ അന്തർദേശീയ വിമാനത്താവളത്തിൽ ലാൻഡ്‌ ചെയ്തപ്പോഴത്തെ എന്റെ ആദ്യ അത്ഭുതം വീശിയടിക്കുന്ന തണുത്ത കാറ്റായിരുന്നു. ഭൂമധ്യരേഖയിൽ സ്ഥിതിചെയ്യൂന്ന ഒരു രാജ്യത്ത്‌ ഒരു ജൂലൈ മധ്യാഹ്നത്തിൽ ഒരിക്കലും പ്രതീക്ഷിക്കാനൊക്കാത്തത്‌.
ജനബാഹുല്യമുള്ള ഒരു ആഫ്രിക്കൻ മഹാനഗരത്തിന്റെ എല്ലാ വിരോധാഭാസങ്ങളും ഈ കെനിയൻ തലസ്ഥാനത്തിനുണ്ട്‌. ഒരുതരം ഈസ്റ്റ്‌ വെസ്റ്റ്‌ മിശ്രണം. ആരംഭത്തിൽ ‘ലൂണറ്റികൾ റയിൽവേ’യിലെ ഒരു ട്രാൻസിറ്റ്‌ പോയിന്റ്‌ മാത്രം ആകാൻ ഉദ്ദേശിച്ചിരുന്ന ഈ നഗരം, ആ ഘട്ടത്തിൽനിന്നു ബഹുദൂരം സഞ്ചരിച്ച്‌ ഇന്നു അന്താരാഷ്ട്ര ഭൂപടത്തിൽ സ്വയം അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നു.
കെനിയാട്ട അവന്യൂവിൽ നിന്നാരംഭിച്ച ഒരു കണ്ടക്റ്റഡ്‌ ടൂറിൽനിന്നും നഗരത്തിന്റെ ആദ്യത്തെ ‘ഓറിയന്റേഷൻ’ കിട്ടി.
നഗരത്തിലെ ഒരു പ്രധാന ആകർഷണമാണ്‌ റയിൽവേ മൂസിയം.
വേറൊരു ആകർഷണമായ കെനിയാട്ടാ കോൺഫറൻസ്‌ സെന്റർ, ഒരു കാലത്ത്‌ നെയ്‌റോബിയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായിരുന്നു. ഇന്നത്തെ ഏറ്റവും ഉയരമുള്ള കെട്ടിടം യുഎപി ടവർ ആണ്‌.
മനുഷ്യന്റെ പരിണാമചക്രത്തിലെ ഒരു പ്രധാന പങ്ക്‌ വഹിക്കുന്ന സ്ഥലമാണ്‌ കെനിയയിലെ ലേക്ക്‌ റ്റർകാനാ. ഇവിടെയാണത്രെ ഇന്നത്തെ രൂപഭാവത്തിലുള്ള ആദിമമനുഷ്യൻ ഉത്ഭവിച്ചത്‌. ഇവിടെനിന്നുള്ള ഫോസ്സിലുകൾ കെനിയൻ നാഷണൽ മുസിയത്തിൽ കാണാം. കൂടാതെ, താൻസാനിയയിൽനിന്നുള്ള പുരാതന ഗുഹാചിത്രങ്ങളുടെ പകർപ്പുകളും ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നു.
സിറ്റി സെന്ററിൽനിന്നു പത്തുകിലോമീറ്റർ ദൂരത്തുള്ള നയ്‌റോബി നാഷണൽ പാർക്കുകൾ ഈ രാജ്യത്തിന്റെ വന്യജീവി സമ്പത്തിലേക്കുള്ള ഒരാമുഖമാണ്‌. ഒൻപതുപേർക്കിരിക്കാവുന്ന ഒരു ‘സഫാരി’ വാനിലാണ്‌ ഞങ്ങളെ കൊണ്ടുപോയത്‌. വാഹനത്തിൽനിന്നു പൂറത്തിറങ്ങുന്നതിനെതിരേയും വിൻഡോ ഗ്ലാസ്‌ തുറന്നിടുന്നതിനെതിരേയും കർശനതാക്കീതും കിട്ടിയിരുന്നു, യാത്ര തുടങ്ങുന്നതിനു മുമ്പുതന്നെ. ‘ഒരിക്കൽ ഒരു സിംഹം വാനിൽനിന്ന്‌ ഒരു സ്ത്രീയെ വലിച്ചുപുറത്തിട്ടിരുന്നു,’ ഡ്രൈവർകംഗൈഡിന്റെ വാക്കുകൾ എല്ലാവരേയും സാഹസങ്ങളിൽനിന്നു പിന്തിരിപ്പിക്കാൻ പര്യാപ്തമായിരുന്നു. (സന്ദർശകരെ ഒന്നു ‘വിരട്ടി’ അതുവഴി സുരക്ഷിതത്വം ഉറപ്പുവരുത്താനുള്ള ഒരു പൊടിക്കൈ ആണ്‌ ഇത്തരം കഥകൾ എന്നു പിന്നീടറിയാൻ കഴിഞ്ഞു.)

afrika-keniya-amboseli-slon-Kilimanjaro-Wallpapers-copy
സിംഹങ്ങളുമായുള്ള ഒരു ‘ഫോട്ടോഗ്രാഫിക്ക്‌ സെഷൻ’ ആയിരുന്നു ടൂറിലെ പ്രധാന സംഭവം. ഒരു സിംഹം അതിന്റെ ഇണയോടും അവരുടെ മൂന്നു കുട്ടികളോടൊപ്പം ഫോട്ടോയ്ക്കു ‘പോസ്‌’ ചെയ്തുതന്നു എന്നുമാത്രമല്ല ഒരു രാജകീയ ‘കോട്ടുവാ’യും ബോണസായി നൽകി!
‘റൈനോ!’ എന്നു ഉറക്കെ പറഞ്ഞുകൊണ്ട്‌ ഡ്രൈവർ വണ്ടി പെട്ടെന്നു നിർത്തി ചക്രവാളത്തിലേക്കു കൈചൂണ്ടി. ‘ഐ ക്യാൻ സീ ഇറ്റ്‌’ എല്ലാവരും ഒരു കോറസായി പറയവേ, അപരാഹ്ന ആകാശത്തിനെനേരെ ആ മൃഗത്തിന്റെ നിഴൽചിത്രം പ്രത്യക്ഷപ്പെട്ടു. ഡ്രൈവറുടെ കാഴ്ചശക്തിയെ ഞങ്ങൾ എല്ലാവരും പ്രശംസിച്ചു.
അമ്പരപ്പിക്കുന്ന ഇത്തരം ആകസ്മികതകൾക്കിടയിലൂടെ മൃഗങ്ങൾക്കിടയിലെ ഒരുപാടു ‘സാധാരണക്കാരെ’ കണ്ടു. ജിറാഫ്‌, വിൽഡ്ബീസ്റ്റ്‌, ഈലൻഡ്‌, പലതരം മാനുകൾ എന്നിങ്ങനെ.
പരിപാടിയിലെ അടുത്ത ഇനം അംബോസെലി നാഷണൽ പാർക്കിലൂടെയുള്ള ഒരു ഓട്ടപ്രദിക്ഷണം ആയിരുന്നു. ആദ്യം നെയ്‌റോബിയിൽനിന്നു കെനിയ താൻസാനിയ അതിർത്തിയിലുള്ള നാമംഗായിലേക്ക്‌. വഴിയരികിൽ കന്നുകാലികളെ മേയ്ക്കുന്ന മസായി ഗോത്രവർഗക്കാരെ കാണുമ്പോഴൊക്കെ ഡ്രൈവർ പറഞ്ഞുകൊണ്ടിരുന്നു.
മസായികളുമായി എന്റെ ആദ്യത്തെ സമാഗമം നമാംഗയിൽ വച്ചായിരുന്നു. ‘അവരുടെ ഫോട്ടൊ എടുക്കുന്നത്‌ അവർക്കിഷ്ടമല്ല,’ ഡ്രൈവർ നേരത്തെ പറഞ്ഞിരുന്നു.’ഫോട്ടോയോടൊപ്പം അവരുടെ ആത്മാവു കൂടി എടുക്കപ്പെടുന്നു എന്നാണവരുടെ വിശ്വാസം’.
പക്ഷെ, മസായികൾ കൂടുതൽ പ്രാവർത്തികബുദ്ധിയുള്ളവരായാണ്‌ കാണപ്പെട്ടത്‌! കൈകൊണ്ടുനിർമ്മിച്ച ഒരു മുത്തുമാലയുമായി ഒരു മസായി സ്ത്രീ എന്നെ സമീപിച്ചു: ‘സർ, ഈ മാല വാങ്ങിയാൽ എന്റെ ഫോട്ടോ എടുക്കാൻ സമ്മതിക്കാം.’
ഞാൻ അൽപം വിലപേശി മാല വാങ്ങി, ഫോട്ടൊയും എടുത്തു.
നമാംഗയിൽനിന്നു ടാർ ചെയ്യപ്പെടാത്ത റോഡിലുടെയുള്ള യാത്ര ശരിക്കും ഒരു സഫാരിയുടേ രുചി സമ്മാനിച്ചു. ‘ഇതാണ്‌ ഒരു ടിപ്പിക്കൽ ആഫ്രിക്കൻ റോഡ്‌,’ ഡ്രൈവർ അത്ര ആവശ്യമില്ലാത്ത ഒരു വിവരണവും നൽകി.
പൊടിയും അഭ്യാസവും നിറഞ്ഞ യാത്രയായിരുന്നെങ്കിലും ലക്ഷ്യസ്ഥാനം വളരെ വിലപ്പെട്ട ഒരു സമ്മാനംപോലെ മധുരമായിരുന്നു: കിളിമഞ്ജാരോ പർവതം ദൂരെനിന്നുതന്നെ കണ്ടു! ഏണസ്റ്റ്‌ ഹെമിംഗ്‌ വേയേയും വിൽബർ സ്മിത്തിനേയും പോലെയുള്ള എഴുത്തകാരെ ഹരം കൊള്ളിച്ച കിളിമഞ്ജാരോ!
ഫോട്ടോഗ്രാഫർമാരുടെ ഒരു സ്വർഗം ഉണ്ടെങ്കിൽ അതിവിടെയാണെന്നെനിക്കു തോന്നി. മഞ്ഞണിഞ്ഞ പർവതത്തിനും ഞങ്ങൾ കാഴ്ചക്കാർക്കുമിടയിൽ ഇടതൂർന്ന പുൽപ്രദേശം. അവിടെ മേയുന്ന വന്യമൃഗങ്ങൾ.. ആന, സിംഹം, കടുവ, റൈനൊ, ചീറ്റ…
ഞങ്ങൾ യാത്ര തുടർന്നു. വലിയ ഒരാനക്കൂട്ടത്തെക്കടന്നു ഡ്രൈവർ കുറേ കൂടാരങ്ങൾക്കുനേരെ കൈചൂണ്ടി: ‘സഫാരിക്കാരുടെ ക്യാമ്പ്‌ സൈറ്റുകൾ!’
വന്യമൃഗങ്ങൾക്കിത്ര അടുത്ത്‌ ക്യാമ്പ്‌ ചെയുന്നത്‌ സാഹസമല്ലേ? ഞങ്ങളുടെ ന്യായമായ സംശയം ശരിവച്ചുകൊണ്ട്‌, ഒരു വിശദാംശവും വിട്ടുകളയാത്തവനായ ഡ്രൈവർ അടുത്ത കാലത്തുണ്ടായ ഒരു സംഭവം വിവരിച്ചു ഒരു കാട്ടാന ഒരു കൂടാരം തകർത്ത്‌ ഒരു മനുഷ്യനെ കൊന്നത്രേ. ‘അവർ കഴിച്ചിരുന്ന ക്യാബേജ്‌ ആണ്‌ ആനയെ അങ്ങോട്ടാകർഷിച്ചത്‌. കൂടാരം ചവിട്ടിപ്പൊളിച്ച ആന, അതിലൂണ്ടായിരുന്നവരിൽ ഒരാളെ എടുത്തു ആകാശത്തേക്കെറിയുകയും ചെയതു.’
അമ്പരന്നുനിന്ന ഞങ്ങളെനോക്കി അയാൾ തുടർന്നു: ‘പക്ഷെ, ഇത്തരം സംഭവങ്ങൾ വളരെ വിരളമാണ്‌.’
എന്റെ കെനിയൻ യാത്രയിലെ ഏറ്റവും സുപ്രധാന ഇനം മസായി മാരാ സഫാരി ആയിരുന്നു. നയ്‌റോബിയിൽനിന്നു അതിരാവിലെ യാത്ര ആരംഭിച്ചു. മനോഹരമായ റിഫ്റ്റ്‌ വാലി വഴിയായിരുന്നു യാത്ര. പച്ചപ്പിന്റെ ശാദ്വലതയായിരുന്നു വഴിനീളെ. പക്ഷെ വഴി, ദുർഘടം പിടിച്ചതായിരുന്നു!
ആഫ്രിക്കൻ ‘ആനിമൽ കിങ്ങ്ഡ’ത്തിലെ ഏറ്റവും നാടകീയമായ സംഭവം നടക്കുന്നത്‌ മസായി മാരാ വൈൽഡ്‌ ലൈഫ്‌ പാർക്കിലാണ്‌. ടാൻസാനിയയിലെ സെരംഗതി സമതലത്തിൽനിന്നുള്ള വിൽഡ്ബീസ്റ്റുകളുടെ വാർഷിക കുടിയേറ്റം. പത്തുലക്ഷം മൃഗങ്ങളാണ്‌ ഒന്നിച്ചു സവന്ന പുൽപ്രദേശത്തുകൂടെ ഇവിടേക്കു വരുന്നത്‌, നേതാവിനെ പിന്തുടരുക എന്നൊരു അർപ്പണബോധം നിറഞ്ഞ പ്രയാണത്തിലൂടെ!
മസായിയിലെ പുൽപ്രദേശത്ത്‌ തങ്ങൾക്ക്‌ തീറ്റയ്ക്കുള്ള പുല്ലു അവശേഷിക്കാതെയാകുമ്പോൾ ഇവ സെരംഗതിയിലേക്കു തിരികെ പോകുന്നു. അങ്ങോട്ടുമിങ്ങോട്ടുമുള്ള നൂറൂ കണക്കിനു കിലോമീറ്ററുള്ള യാത്രയിൽ അനേകം മൃഗങ്ങൾ ചത്തൊടുങ്ങുന്നു.
ഭൂമിയിലുള്ള ഏതാണ്ടെല്ലാ ഇനം മൃഗങ്ങളും, 1672 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ഈ വൈൽഡ്‌ ലൈഫ്‌ പാർക്കിൽ നിവസിക്കുന്നു.
ഉച്ചതിരിഞ്ഞാണ്‌ ഞങ്ങളവിടെ എത്തിയത്‌. അന്നുരാത്രി ഡിന്നറിനുശേഷം ഞങ്ങളെ ഒരു ഡ്രൈവിനു കൊണ്ടുപോയി. ഞങ്ങളുടെ ഗൈഡിന്റെ കയ്യിലുണ്ടായിരുന്ന ശക്തമായ സ്പോട്ട്‌ ലൈറ്റിന്റെ വെള്ളിവെളിച്ചത്തിൽ കണ്ട, വനത്തിലെ രാത്രികാല ദൃശ്യങ്ങൾ വർണ്ണനാതീതമായിരുന്നു. ഒരു നായാട്ടിന്റെ ആരംഭം കാണാനും ഭാഗ്യമുണ്ടായി. രണ്ടു സിംഹങ്ങൾ ഒരു കലമാൻ കൂട്ടത്തെ വേട്ടയാടുന്ന രംഗം! പക്ഷെ സ്പോട്ട്‌ ലൈറ്റിന്റെ വെളിച്ചം സിംഹങ്ങളെ അൽപം അസ്വസ്ഥരാക്കിയെന്നു തൊന്നുന്നു. ഞങ്ങളുടെ വാഹനത്തിനു നേരെ ഒരു സിംഹം ക്രുദ്ധനായി ഏതാനും അടി നടന്നുവന്നത്‌ അലപ്ം ആശങ്കയുളവാക്കി. ഒരുപക്ഷെ ഏതാനും മാനുകൾക്ക്‌ അന്നത്തെ രാത്രികൂടി ജീവീൻ നീട്ടിക്കിട്ടാൻ ഞങ്ങളുടെ സന്ദർശനം ഉതകിയെന്നു തോന്നുന്നു.
ഒരു ക്യാമ്പിലാണ്‌ ഞങ്ങൾക്ക്‌ താമസം ഏർപ്പെടുത്തിയിരുന്നത്‌. ഞങ്ങൾ ക്യാമ്പ്‌ ഫയറിനു ചുറ്റുമിരുന്നു യാത്രാനുഭവങ്ങൽ പങ്കുവെച്ചു. ഞങ്ങളൊടൊപ്പം പങ്കുചേർന്ന ക്യാമ്പ്‌ മാനേജർ മസായികളുടെ ജീവിതരീതിയെപ്പട്ടി വിവരിച്ചുതന്നു. ‘മസായികൾ തങ്ങളുടെ വിശ്വാസങ്ങളിൽ അഭിമാനം കൊള്ളുന്നു. മറ്റു വിശ്വാസക്കാരിൽ നിന്നു ഒറ്റപ്പെട്ടു ജീവിക്കാനാണ്‌ അവർക്കിഷ്ടം.’
മസായി മാരാ സഫാരി വനങ്ങൾക്ക്‌ അടുത്തായിട്ടാണ്‌ അവർ കൂടുതലും ജീവിക്കുന്നത്‌. ആധുനികതയുമായുള്ള ഇടപെടൽ മസായികളെ കുറച്ചെങ്കിലും തങ്ങളുടെ പാരമ്പര്യ ജീവിതരീതികളിൽനിന്നു പുറത്തുവരാൻ സഹായിച്ചിട്ടുണ്ട്‌.
മസായികളുടെ ഒരു ഇഷ്ടപാനീയത്തെപ്പറ്റിയുള്ള വിവരണം ഞങ്ങളിൽ ചിലർക്കെങ്കിലും അൽപം മനം പുരട്ടലുണ്ടാക്കി: പശുവിന്റെ കഴുത്തിലെ ‘ജൂഗുലർ വെയിൻ’ വെട്ടി എടുക്കുന്ന ചോരയും പാലും ചേർത്ത മിശ്രിതം അവർക്കു വളരെ പ്രിയങ്കരമാണത്രേ!
രാത്രിസമയങ്ങളിൽ ക്യാമ്പിൽ വന്യമൃഗങ്ങൾ വരാറുണ്ടെന്ന മാനേജരുടെ വെളിപ്പെടുത്തൽ അൽപം പേടിയോടെയാണ്‌ ശ്രവിച്ചത്‌. ‘പേടിക്കണ്ട, ഞങ്ങളുടെ ഗാർഡുകൾ അവയെ ഓടിച്ചുകളയും. മൃഗങ്ങൾക്കു മനുഷ്യരെ പേടിയാണ്‌.’
രാത്രിയിൽ കോട്ടേജിൽ ഉറക്കം പ്രതീക്ഷിച്ചു കിടക്കുമ്പോഴും പിന്നീട്‌ ഇടയ്ക്ക്‌ ഉണർന്നപ്പോഴുമൊക്കെ പലവിധ വന്യജീവികളുടെ ആരവം കേൾക്കാമായിരുന്നു.
അടുത്ത ദിവസം ഒരു മുഴുവൻസമയ സഫാരിയിലായിരുന്നു ഞങ്ങൾ. ഒരുപറ്റം വിൽഡ്ബീസ്റ്റുകളെ ആക്രമിക്കുന്ന നാലു ചീറ്റകളെയാണ്‌ ആദ്യം കണ്ടത്‌. ഞങ്ങളോട്‌ നിശ്ശബ്ദരായിരിക്കാൻ പറഞ്ഞുകൊണ്ട്‌ ഏറ്റവും നല്ല ‘വാന്റേജ്‌ പോയിന്റ്‌’ൽ ഡ്രൈവർ വണ്ടിനിർത്തി. ചീറ്റകൾ ആക്രമിക്കാൻ തയ്യാറായി. ഞങ്ങളും ക്യാമറകളുമായി തയ്യാറായി. നിമിഷങ്ങൾ കഴിഞ്ഞു. ചീറ്റകൾക്കു ഒട്ടും ധൃതിയില്ലെന്നു തോന്നി. ഉച്ചത്തിൽ സംസാരിക്കുന്ന ടൂറിസ്റ്റുകളുമായി പെട്ടെന്നു വേറൊരു വാൻ ഞങ്ങളുടെ അടുത്തുവന്നു ആർത്തലച്ചു നിർത്തി. ചീറ്റകൾ ഓടിമറഞ്ഞു.
സഫാരി രണ്ടര ദിവസം നീണ്ടുനിന്നെങ്കിലും പെട്ടെന്നു അവസാനിച്ചതുപോലെ തോന്നി.
അടുത്ത ദിവസം നക്കുറു തടാകം സന്ദർശിച്ചു. ഒരു ദശലക്ഷം, അതെ പത്തുലക്ഷം, ഫ്ലമിങ്ങൊ പക്ഷികൾ ഈ തടാകത്തിൽ തീറ്റതേടുന്നു. പരസഹസ്രം പെലിക്കൺ പക്ഷികൾ വേറേയും! പിങ്ക്‌ നിറമുള്ള ഫ്ലമിങ്ങൊ പക്ഷികളുടെ കൂട്ടത്തെ നോക്കിയിരിക്കുക എന്നത്‌ ഒരു അവർണനീയ അനുഭവമാണ്‌.
തിരികെവരുന്ന വഴി കെനിയയിലെ ഏറ്റവും വലിയ ശുദ്ധജലതടാകമായ ലേക്ക്‌ നൈവാഷായും സന്ദർശിച്ചു. മഞ്ഞനിറമുള്ള അക്കേഷ്യാമരങ്ങൾ അതിരുവിരിക്കുന്ന ഈ തടാകക്കരയിലാണ്‌, ‘ബോൺ ഫ്രീ’ എന്ന പ്രശസ്ത ഗ്രന്ഥമെഴുതിയ ജോയ്‌ ആഡംസൺ, ‘എൽസ’ എന്നു പേരായ തന്റെ സിംഹക്കുട്ടിയെ വളർത്തിയത്‌.
പ്രകൃതിയെക്കുറിച്ചും പരിസ്ഥിതിയെക്കുറിച്ചുമുള്ള ഒരു പുതിയ അവബോധത്തോടെയാണ്‌ ഞങ്ങളുടെ കെനിയൻ പര്യടനം അവസാനിച്ചത്‌.

  Categories:
view more articles

About Article Author