വമ്പൻ പ്രതിഷേധ അകമ്പടിയോടെ ജി 20

വമ്പൻ പ്രതിഷേധ അകമ്പടിയോടെ ജി 20
July 08 03:00 2017

ഹാംബർഗ്ഗ്‌: പ്രതിഷേധങ്ങൾക്കും ഏറ്റുമുട്ടലുകൾക്കും നടുവിൽ ജർമ്മനിയിലെ ഹാംബർഗിൽ ജി 20 കൂട്ടായ്മയ്ക്ക്‌ തുടക്കം. മുതലാളിത്ത വിരുദ്ധ പ്രവർത്തകർ, പരിസ്ഥിതിവാദികൾ എന്നിവരുൾപ്പെടെ പല സംഘടനകളുടെയും സംഘങ്ങളുടെയും പ്രതിഷേധപ്രകടനങ്ങൾക്കിടെയാണ്‌ സമ്മേളനം. വേദിക്ക്‌ ചുറ്റുമുള്ള വഴികളിൽ തടിച്ചുകൂടിയിരിക്കുന്ന പ്രതിഷേധക്കാരും പൊലീസും ഉച്ചകോടി തുടങ്ങുന്നതിന്‌ മുമ്പുതന്നെ ഏറ്റുമുട്ടി. ഒരുലക്ഷത്തിലധികം പ്രതിഷേധക്കാരാണ്‌ ഉച്ചകോടി ലക്ഷ്യമാക്കി ഹാംബർഗിൽ എത്തിച്ചേർന്നിരിക്കുന്നത്‌.
വ്യാഴാഴ്ച വൈകുന്നേരമുണ്ടായ ഏറ്റുമുട്ടലിൽ 74 പൊലീസുകാർക്ക്‌ പരിക്കേറ്റു. നിരവധി പ്രതിഷേധക്കാർക്കും പരിക്കേറ്റതായി പ്രതിഷേധം സംഘടിപ്പിച്ച വിവിധ സംഘടനകൾ അറിയിച്ചുവെങ്കിലും വ്യക്തമായ കണക്കുകൾ പുറത്തുവിട്ടിട്ടില്ല. ഹാംബർഗിൽ ആഴ്ചതോറും മത്സ്യചന്ത നടത്താനുപയോഗിക്കുന്ന നദീതീരത്തുള്ള പ്ലാസക്കരികെനിന്നായിരുന്നു പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്‌. പ്രധാന പ്രതിഷേധം അരങ്ങേറുന്ന സ്ഥലത്ത്‌ 20,000 ത്തോളം പൊലീസ്‌ ഓഫീസർമാരെയാണ്‌ നിയോഗിച്ചിരിക്കുന്നത്‌. മുതലാളിത്ത വിരുദ്ധ ഗ്രൂപ്പുകളുടെ കൂട്ടായ്മയാണിവിടുത്തെ പ്രതിഷേധം സംഘടിപ്പിച്ചത്്‌. ‘ബോർഡർലെസ്‌ സോളിഡാരിറ്റി ഇൻസ്റ്റെഡ്‌ ഓഫ്‌ നാഷണലിസം; അറ്റാക്ക്‌ ദി ജി20’ എന്ന മുദ്രാവാക്യം സമീപത്തെ കെട്ടിടത്തിൽ എഴുതി വച്ചിരുന്നു. ഇതിന്റെ മേൽക്കൂരയ്ക്ക്‌ ഒരു സംഘം തീ വെച്ചു. ലോകസമാധാനത്തിന്‌ ഭീഷണി ഉയർത്തുന്ന നിരവധി പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ജി 20 തികഞ്ഞ പരാജയമാണെന്നും അതിനാൽ ഇത്‌ നടത്തുന്നതിൽ അർത്ഥമില്ലെന്നുമാണ്‌ പ്രതിഷേധക്കാരുടെ നിലപാട്‌. കാലാവസ്ഥാ വ്യതിയാനം, വർധിച്ച്‌ വരുന്ന അസമത്വം, ലോകമാകമാനം വർധിച്ച്‌ വരുന്ന ആക്രമണങ്ങൾ തുടങ്ങിയ പ്രശ്നങ്ങളിൽ ജി 20 നോക്കുകുത്തിയാണെന്ന്‌ പ്രതിഷേധക്കാർ ഉയർത്തിക്കാട്ടുന്നു.
മുഖംമൂടി ധരിച്ച്‌ പ്രകടനമായെത്തിയ പ്രതിഷേധക്കാർ യോഗം നടക്കുന്ന മന്ദിരത്തിന്‌ പുറത്ത്‌ തടിച്ചുകൂടി. ‘നരകത്തിലേക്കു സ്വാഗതം’ എന്നെഴുതിയ ബാനറുകളുമായിട്ടായിരുന്നു പ്രതിഷേധം. പൊലീസിന്റെ സുരക്ഷാ വേലിക്കെട്ടുകൾ പൊളിക്കാനുള്ള പ്രതിഷേധക്കാരുടെ ശ്രമമാണ്‌ സംഘർഷത്തിൽ കലാശിച്ചത്‌. ഇതോടെ, യുഎസ്‌ പ്രസിഡന്റ്‌ ഡൊണൾഡ്‌ ട്രംപിനെതിരെ മുദ്രാവാക്യം മുഴക്കി തെരുവിലിറങ്ങിയ പ്രതിഷേധക്കാർ പൊലീസിനെതിരെ കുപ്പികളും കല്ലും വലിച്ചെറിഞ്ഞു.
പൊലീസ്‌ ജലപീരങ്കിയും കുരുമുളകു സ്പ്രേയും പ്രയോഗിച്ചതോടെ ചിതറിയോടിയ പ്രതിഷേധക്കാർ ബാരിക്കേഡുകൾ മറിച്ചിട്ടു. പാതയോരത്ത്‌ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ അഗ്നിക്കിരയാക്കി. പ്രതിഷേധം കനത്തതോടെ കൂടുതൽ പൊലീസുകാരെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്‌. 12,000 ത്തോളം പ്രതിഷേധക്കാർ സംഘർഷം നടക്കുന്ന സമയത്ത്‌ അവിടെയുണ്ടായിരുന്നതായാണ്‌ പൊലീസ്‌ പുറത്തുവിടുന്ന കണക്കുകൾ. അർധരാത്രിക്ക്‌ മുൻപായി 8,000ത്തോളം പ്രതിഷേധക്കാർ ഹാംബർഗിലെ റാപെർബാൻ ജില്ലയിൽ കൂടിച്ചേരുകയും സമാധാനപരമായി മാർച്ച്‌ നടത്തുകയും ചെയ്തു. ഏറ്റവും കൂടുതൽ പ്രതിഷേധങ്ങൾ നടന്നത്‌ സെന്റ്‌ പൗലി, അൽറ്റോന ജില്ലകളിലാണെന്ന്‌ ജർമ്മൻ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തു. പ്രതിഷേധത്തിന്റെ ഭാഗമായി ഒരു സംഘമാളുകൾ സമീപത്തെ ആഡംബര പോർഷെ കാർ ഷോറും കത്തിച്ച സംഭവത്തെക്കുറിച്ച്‌ പൊലീസ്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌.
അംഗരാജ്യങ്ങൾ തമ്മിൽ അതിരൂക്ഷമായ അഭിപ്രായവ്യത്യാസം നിലനിൽക്കുന്നതിനിടെയാണ്‌ വിവിധ വിഷയങ്ങളുന്നയിച്ച്‌ പ്രതിഷേധ പ്രകടനങ്ങൾ നടക്കുന്നത്‌. യാത്രാവിലക്ക്‌, വിസ നിയന്ത്രണം, പാരിസ്‌ കാലാവസ്ഥാ ഉടമ്പടി തുടങ്ങിയ കാര്യങ്ങളിൽ യുഎസ്‌ പ്രസിഡന്റ്‌ ഡൊണാൾഡ്‌ ട്രംപിന്റെ നിലപാടുകളിലുള്ള വ്യാപക എതിർപ്പ്‌, ഉത്തരകൊറിയ സംബന്ധിച്ച്‌ ചൈനയും മറ്റു രാജ്യങ്ങളുമായുള്ള തർക്കം, ഇന്ത്യ-ചൈന സംഘർഷം, ബ്രക്സിറ്റ്‌ ആശയക്കുഴപ്പങ്ങൾ, ജപ്പാൻ-ചൈന ബന്ധത്തിലെ വിള്ളൽ, തുർക്കിയും മറ്റു രാജ്യങ്ങളുമായുള്ള പ്രശ്നങ്ങൾ, യൂറോപ്പിലെ അഭയാർഥി പ്രശ്നം എന്നിങ്ങനെ വിഷയങ്ങൾ പലതാണ്‌. ഇതിൽ ഭീകരവാദം, കാലാവസ്ഥ, വ്യാപാരം എന്നീ വിഷയങ്ങളാണ്‌ ഉച്ചകോടിയിൽ ചർച്ചചെയ്യുക.

  Categories:
view more articles

About Article Author