Monday
23 Oct 2017

വയനാട്‌ വന്യജീവി സങ്കേതത്തിൽ ഇ-ബേർഡ്‌ മൊബൈൽ ആപ്ലിക്കേഷൻ പക്ഷി സർവ്വേ

By: Web Desk | Wednesday 19 July 2017 4:45 AM IST

ബിജു കിഴക്കേടത്ത്‌
ബത്തേരി: കേരള വനംവകുപ്പും തൃശ്ശൂർ ഫോറസ്ട്രി കോളജും ഹ്യും സെന്റർ ഫോർ ഇക്കോളജി ആന്റ്‌ വൈൽഡ്‌ ലൈഫ്‌ ബയോളജിയും ചേർന്ന്‌ കേരളത്തിൽ ആദ്യമായി ഇ-ബേർഡ്‌ മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച്‌ വയനാട്‌ വന്യജീവി സങ്കേതത്തിൽ നടത്തിയ മഴക്കാല പക്ഷി സർവ്വേയിൽ 127 ഇനം പക്ഷികളെ കണ്ടെത്തി. പക്ഷി നിരീക്ഷകർ ഫീൽഡിൽ കാണുന്ന പക്ഷികളെ മൊബെയിൽ ആപ്പ്‌ വഴി ഇന്റർനെറ്റ്‌ ഡാറ്റാബേസിലേക്ക്‌ അപ്‌ ലോഡ്‌ ചെയ്യും. ഇതിനാൽ സർവ്വേ കഴിയുമ്പോൾ തന്നെ സർവ്വേയുടെ സംക്ഷിപ്ത വിവരങ്ങൾ അറിയാൻ കഴിയും. കടലാസുകൾ പുർണ്ണമായും ഒഴിവാക്കി ഡിജിറ്റൽ സംവിധാനത്തിലാണ്‌ സർവ്വേ നടത്തിയത്‌.
കേരളത്തിന്‌ പുറമേ കർണ്ണാടകം, തമിഴ്‌നാട്‌ എന്നിവിടങ്ങളിൽ നിന്നുള്ള 280 പക്ഷി നിരീക്ഷികർ സർവ്വേയിൽ പങ്കെടുത്തു. വ്യത്യസ്തമായ ആവാസ വ്യവസ്ഥകളാൽ സമൃദ്ധമായ വയനാട്‌ പക്ഷികളുടെ പറുദീസ തന്നെയാണ്‌. അതിശൈത്യം ഇഷ്ടപ്പെടുന്നതും ഉയരം കൂടിയ മലമ്പ്രദേശങ്ങളിൽ കണ്ടുവരുന്ന ബാണാസുര ചിലപ്പൻ മുതൽ വരണ്ട വനപ്രദേശങ്ങളിൽ കണ്ടുവരുന്ന ഗൗളിക്കിളി ഉൾപ്പെടുന്ന മുന്നൂറിലധികം പക്ഷി ജാതികളെ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്‌. ഇതിൽ തദ്ദേശിയ പക്ഷികളും ദേശാടന പക്ഷികളും ഉൾപ്പെടും. പതിനൊന്നിനം മരംകൊത്തികൾ, 21 ചട്ടി കഴുകന്മാർ, അഞ്ച്‌ കാതിലകഴുകന്മാർ, അഞ്ചിനം പരുന്തുകൾ, ഏഴിനം പ്രാവുകൾ, എട്ടിനം രാത്രി സഞ്ചാരികളായ പക്ഷികളെയും സർവ്വേയിൽ കണ്ടെത്തി.
പശ്ചിമഘട്ട മലനിരകളിൽ അപൂർവ്വമായി കാണുന്ന പക്ഷികളായ സിലോൺ ഫ്രോഗ്‌ മൗത്ത്‌, ജെൻഡൻസ്‌ ബാസ, മലബാർ ബെഡ്‌ ഹോൺ ബിൽ, ലെഗ്ഗിഷ്വാത്ത ഈഗിൾ, ഇന്ത്യൻ നഠാച്ച്‌ എന്നിവയെയും സർവ്വേയിൽ കണ്ടെത്തി. വയനാട്‌ വന്യജീവി സങ്കേതത്തിലെ തോൽപ്പെട്ടി, മുത്തങ്ങ, കുറിച്യാട്‌, ബത്തേരി എന്നിവിടങ്ങളിലാണ്‌ സർവ്വേ നടന്നത്‌. വൈൽഡ്ലൈഫ്‌ വാർഡൻ എൻ ടി സാജൻ, ബയോളജിസ്റ്റ്‌ സി കെ വിഷ്ണുദാസ്‌ എന്നിവരുടെ നേതൃത്വത്തിലാണ്‌ സർവ്വേ പ്രവർത്തങ്ങൾ നടന്നത്‌.