വരാനിരിക്കുന്ന വരൾച്ചയും കേരളത്തിനവകാശപ്പെട്ട ജലലഭ്യതയും

January 09 05:00 2017

അയൽ സംസ്ഥാനങ്ങളോട്‌ സൗഹാർദപരമായ സമീപനമാണ്‌ എന്നും കേരളം പരിപാലിച്ചുപോന്നിട്ടുള്ളത്‌. നദീജലം പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ടും അതേ സമീപനം തന്നെയായിരുന്നു സംസ്ഥാനം പുലർത്തിപ്പോരുന്നത്‌. കർണാടക – തമിഴ്‌നാട്‌ സംസ്ഥാനങ്ങൾ കാവേരി നദീജലം പങ്കു വയ്ക്കുന്നതുമായി ബന്ധപ്പെട്ട വിഷയം സംഘർഷത്തിലേയ്ക്കും കലാപത്തിലേയ്ക്കും തിരിഞ്ഞത്‌ സമീപ നാളുകളിലായിരുന്നു.
മുല്ലപ്പെരിയാർ അണക്കെട്ടുമായും പറമ്പിക്കുളം-ആളിയാർ പദ്ധതിയുമായും ബന്ധപ്പെട്ട്‌ കേരളം സൗഹാർദപരമായ നിലപാടാണ്‌ എല്ലായ്പോഴും സ്വീകരിക്കാറുള്ളത്‌. എന്നാൽ പലപ്പോഴും തികച്ചും നിഷേധാത്മകമായ നിലപാട്‌ തമിഴ്‌നാടിന്റെ ഭാഗത്തുനിന്നുണ്ടാകുന്നുണ്ട്‌. അതിന്റെ പ്രതിഫലനമാണ്‌ കരാർപ്രകാരം കേരളത്തിന്‌ അവകാശപ്പെട്ട ജലം നൽകാൻ തയ്യാറാകാതെ മുഴുവൻ ജലവും തങ്ങളുടെ സംസ്ഥാനത്തേയ്ക്ക്‌ വഴിതിരിച്ചുവിടുന്ന സമീപനം. കരാർ പ്രകാരമുള്ള ജലം വിട്ടു നൽകണമെന്നാവശ്യപ്പെട്ട്‌ സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം തമിഴ്‌നാട്‌ മുഖ്യമന്ത്രിക്ക്‌ കത്ത്‌ നൽകിയിരിക്കുകയാണ്‌.
കേരളം മുൻ വർഷങ്ങളെ അപേക്ഷിച്ച്‌ കടുത്ത വർച്ചയെയാണ്‌ നേരിടാൻ പോകുന്നത്‌. കാലവർഷവും തുലാവർഷവും ലഭിക്കുന്നതിൽ ഭീതിജനകമായ കുറവാണ്‌ കേരളത്തിൽ ഉണ്ടായിരിക്കുന്നത്‌. ഈ വർഷം ജൂൺ ഒന്ന്‌ മുതൽ ഡിസംബർ 30 വരെയുള്ള കാലയളവിൽ ലഭിക്കേണ്ട മഴയിൽ 34 ശതമാനത്തിന്റെ കുറവാണ്‌ ഉണ്ടായിരിക്കുന്നത്‌. കേരളത്തിലെ എല്ലാ ജില്ലകളിലും പ്രതീക്ഷിച്ചതിലും കുറവ്‌ മഴയാണ്‌ ലഭിച്ചത്‌. ഇരുപത്തിയഞ്ച്‌ ശതമാനത്തിലധികം മഴ കുറഞ്ഞാൽ പലയിടങ്ങളിലും അത്‌ വരൾച്ചയ്ക്ക്‌ കാരണമായി തീരും. അതുകൊണ്ട്‌ തന്നെ ജനുവരി ആയപ്പോഴേയ്ക്കും വരൾച്ചയുടെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയിട്ടുണ്ട്‌.
ഇത്‌ ജനങ്ങളുടെ കുടിവെള്ള ലഭ്യതയെ മാത്രമല്ല ദോഷകര മായി ബാധിക്കാൻ പോകുന്നത്‌. എൽഡിഎഫ്‌ സർക്കാർ ആവിഷ്കരിച്ചു നടപ്പിലാക്കുന്ന കാർഷിക ക്ഷേമ പദ്ധതികളെയും ബാധിക്കും. അത്‌ കർഷകരുടെയും കേരളത്തിന്റെയാകെയും പ്രശ്നമാണ്‌.
ഈയൊരു സാഹചര്യത്തിൽ കേരളത്തിന്‌ വിവിധ കരാറുകൾ പ്രകാരമുള്ള ജലം ലഭിച്ചേ മതിയാകൂ. അതിൽ പ്രധാനപ്പെട്ടതാണ്‌ പറമ്പിക്കുളം-ആളിയാർ പദ്ധതി (പിഎപി) പ്രകാരമുള്ള കരാർ. ഇതുപ്രകാരം ജലം ലഭ്യമാകാതിരിക്കുന്നതിനാൽ ഇപ്പോൾ തന്നെ ഭാരതപ്പുഴയും ചാലക്കുടിപ്പുഴയും വറ്റിവരണ്ടുകഴിഞ്ഞിരിക്കുകയാണ്‌. അതിന്റെ ഫലമായി പാലക്കാട്‌, തൃശൂർ, മലപ്പുറം ജില്ലകളിൽ ജലദൗർലഭ്യം രൂക്ഷമായിരിക്കുകയാണ്‌. മൂന്ന്‌ ജില്ലകളിലുമായി 175 ഗ്രാമ പഞ്ചായത്തുകളുടെയും എട്ടു നഗരസഭകളുടെയും കുടിവെള്ളസ്രോതസാണ്‌ വറ്റി വരണ്ടിരിക്കുന്നത്‌. ഇതിന്‌ പുറമേ ജില്ലകളിലെ നെൽകൃഷി ഉൾപ്പെടെ നശിച്ചു തുടങ്ങിയിരിക്കുകയാണ്‌.
1970 മെയ്‌ 29 നാണ്‌ പറമ്പിക്കുളം-ആളിയാർ പദ്ധതി (പിഎപി) പ്രകാരമുള്ള കരാർ കേരള – തമിഴ്‌നാട്‌ സംസ്ഥാന സർക്കാരുകൾ ഒപ്പിടുന്നത്‌. അതുപ്രകാരം കുടിവെള്ള ആവശ്യത്തിനായി ആയിരം ദശലക്ഷം ഘനയടി (ഒരു ടിഎംസി) ജലമാണ്‌ തമിഴ്‌നാടിന്‌ അർഹമായിട്ടുള്ളത്‌. മണക്കടവിൽ 7.25 ടിഎംസിയും ഷോളയാറിൽനിന്നും 12 ടിഎംസിയും ജലം കേരളത്തിനുള്ളതാണെന്നാണ്‌ വ്യവസ്ഥ. അതിൻപ്രകാരം ഡിസംബർ 31 വരെ നാലര ടിഎംസി ജലം കേരളത്തിനു ലഭിച്ചു കഴിയേണ്ടതാണ്‌. യഥാർത്ഥത്തിൽ ലഭിച്ചതാകട്ടെ രണ്ടര ടിഎംസിയിൽപ്പരമാണ്‌. ഇതിന്‌ പുറമേ കാവേരി നദീജല തർക്ക ട്രൈബ്യൂണലിന്റെ വിധിയനുസരിച്ച്‌ പാമ്പാർ നദീതടത്തിൽ നിന്നും മൂന്ന്‌ ടിഎംസി ജലം ഉപയോഗിക്കാനുള്ള അനുമതിയുമുണ്ട്‌. അതു ലഭ്യമായാൽ ഇടുക്കി ജില്ലയിലെ കുടിവെള്ള പ്രശ്നത്തിനും ഒരു പരിധിവരെ പരിഹാരമുണ്ടാകും. മുല്ലപ്പെരിയാർ വിഷയത്തിലും പലപ്പോഴും നിഷേധാത്മക സമീപനമാണ്‌ തമിഴ്‌നാട്‌ സ്വീകരിച്ചുപോന്നിട്ടുള്ളത്‌. 2013 -ൽ നടന്ന ഈ വിഷയം ചർച്ച ചെയ്യുന്നതിന്‌ ചേർന്ന മന്ത്രിതല യോഗത്തിലും കരാർ പാലിക്കുമെന്ന്‌ ഇരുസംസ്ഥാനങ്ങളും ധാരണയിലെത്തിയിരുന്നതുമാണ്‌.
ഈ വർഷം കടുത്ത വരൾച്ചയെ സംസ്ഥാനം അഭിമുഖീകരിക്കാൻ പോകുന്നുവെന്ന സാഹചര്യത്തിൽ കരാർ പ്രകാരമുള്ള ജലം നൽകാനുള്ള സന്മനസ്‌ തമിഴ്‌നാട്ടിന്റെ ഭാഗത്തു നിന്നുണ്ടാകണമെന്നാവശ്യപ്പെട്ടാണ്‌ സംസ്ഥാന സർക്കാർ കത്ത്‌ നൽകിയിരിക്കുന്നത്‌.
കേരളം കുടിവെള്ളത്തിന്‌ നെട്ടോട്ടമോടുമ്പോൾ സംസ്ഥാനത്തിന്‌ നൽകേണ്ട ജലം കൃഷി ആവശ്യത്തിനുപയോഗിക്കുകയാണ്‌ തമിഴ്‌നാട്‌ ചെയ്യുന്നത്‌. ഇത്‌ കേന്ദ്ര ജലനയപ്രകാരമുള്ള മാർഗ്ഗനിർദ്ദേശങ്ങൾക്ക്‌ വിരുദ്ധമാണ്‌. എന്നുമാത്രമല്ല മനുഷ്യത്വരഹിതമായ നിലപാടുമാണ്‌.
കുടിവെള്ളത്തിന്‌ മുന്തിയ പരിഗണന വേണമെന്നാണ്‌ കേന്ദ്ര സർക്കാരിന്റെയും രാജ്യത്തെ ഉന്നതനീതിപീഠത്തിന്റെയുമടക്കം എല്ലാവരുടെയും നിലപാട്‌. അതിൽ നിന്ന്‌ വിഭിന്നമായ നിലപാടെടുക്കുന്നത്‌ ഫെഡറൽ സംവിധാനത്തിന്‌ തന്നെ വിരുദ്ധമാണ്‌.
കരാർ പാലിക്കുന്നതിൽ കേരളം വിവേചനമില്ലാത്ത സമീപനമാണ്‌ എന്നും സ്വീകരിച്ചിട്ടുള്ളത്‌. അതുകൊണ്ട്‌ സംസ്ഥാനത്തിനവകാശപ്പെട്ട ജലം വിട്ടുനൽകുന്നതിന്‌ തമിഴ്‌നാട്‌ സന്നദ്ധമാകേണ്ടതാണ്‌. ഇക്കാര്യത്തിൽ ഇടപെട്ട്‌ കേരളത്തിനാവശ്യമായ ജലം ലഭ്യമാക്കുന്നതിന്‌ കേന്ദ്ര സർക്കാരും മുൻകയ്യെടുക്കണം.

  Categories:
view more articles

About Article Author