Friday
15 Dec 2017

വരുംതലമുറക്കായി വനമൊരുക്കി മുത്തശ്ശി മാതൃകയാകുന്നു

By: Web Desk | Saturday 22 July 2017 4:45 AM IST

ഡാലിയാ ജേക്കബ്ബ്‌
ആലപ്പുഴ വരുംതലമുറയെ വരൾച്ചയുൾപ്പെടെയുള്ള ദുരന്തങ്ങളിൽ നിന്ന്‌ രക്ഷിക്കുവാൻ സ്വന്തമായി വനം ഒരുക്കി മുത്തശ്ശി മാതൃകയാകുന്നു. ആലപ്പുഴ മുതുകുളം കൊല്ലകൽ തറവാട്ടിലെ ദേവകിയമ്മ നാലരയേക്കറോളം സ്ഥലത്താണ്‌ സ്വന്തമായി്‌ വനമൊരുക്കിയത്‌.
വനമില്ലാത്ത ഏകജില്ലയായ ആലപ്പുഴയിൽ സ്വന്തമായി തപോവനം എന്ന പേരിൽ വനം ഉണ്ടാക്കിയിരിക്കുകയാണ്‌ ദേവകിയമ്മയെന്ന 83 കാരി. 800 ൽ പരം ഇനങ്ങളിൽപ്പെട്ട വൃക്ഷങ്ങളാണ്‌ ദേവകിയമ്മയുടെ വനത്തിലുള്ളത്‌.നാം വെട്ടിനശിപ്പിച്ച അപൂർവ്വങ്ങളായ പല വൃക്ഷങ്ങളും ദേവകിയമ്മയുടെ തപോവനത്തിലുണ്ട്‌.
മുതുകുളത്തെ കൊല്ലകൽ തറവാട്ടിൽ പണ്ട്‌ ഇരുന്നൂറുപറ നിലം ഉണ്ടായിരുന്നു.. അന്ന്‌ വൈക്കോൽ ഉണക്കാൻ ഉപയോഗിച്ചിരുന്ന പറമ്പാണ്‌ ഇന്ന്‌ ദേവകിയമ്മ വനമാക്കി മാറ്റിയത്‌.1980 ൽ കാർ അപകടത്തെ തുടർന്ന്‌ വലതുകാലിന്റെ ശേഷി നഷ്ടപ്പെട്ട ദേവകിയമ്മ വീടിനും പരിസരത്തുമായി ഒതുങ്ങിയ അവസരത്തിലാണ്‌ വൃക്ഷത്തെകളും ഔഷധച്ചെടികളും നട്ടുപിടിപ്പിക്കാനും പരിപാലിക്കാനും തുടങ്ങിയത്‌. ദേവകിയമ്മയുടെ ഈ താത്പര്യത്തെ മക്കളും ബന്ധുക്കളും പ്രോത്സാഹിപ്പിക്കുകയും ചെയ്തപ്പോൾ പുരയിടം വനമായി മാറി.
ഹിമാലയത്തിൽ മാത്രം കണ്ടുവരുന്ന ചെമ്പകം, അപൂർവ്വയിനം വള്ളികൾ, പലതരംപാലകൾ, അങ്കോലം, കൂവളം, കടമ്പ്‌, രുദ്രാക്ഷം, നാൽപ്പാമരങ്ങൾ, നക്ഷത്രവൃക്ഷങ്ങൾ, ശിംശിപാ വൃക്ഷം, ഭദ്രാക്ഷം, മെഴുകുതിരി മരം, ഓട്ടോഗ്രാഫ്‌ മരം, വെള്ളപ്പൈൻഎന്നിങ്ങനെയുള്ള പുരാണകഥകളിലെ വൃക്ഷങ്ങളും വിദേശരാജ്യങ്ങളിൽ മാത്രം കണ്ടുവരുന്ന വൃക്ഷങ്ങളും ഇവിടെയുണ്ട്‌.വീട്ടിലേക്കാവശ്യമുള്ള പച്ചക്കറികളും കിഴങ്ങുവർഗ്ഗങ്ങളും ഈ വന മധ്യത്തിൽത്തന്നെയാണ്‌ കൃഷി ചെയ്യുന്നതെന്ന പ്രത്യേകതയും ഉണ്ട്‌.
കായൽത്തീരത്തെ ചൊരി മണലിൽ വനം തീർത്തപ്പോൾ ദേവകിയമ്മയെത്തേടി നിരവധി പുരസ്ക്കാരങ്ങളുമെത്തി.കേന്ദ്ര സർക്കാരിന്റെ വൃക്ഷമിത്ര,സംസ്ഥാനസർക്കാരിന്റെ വനമിത്ര,ഹരിതവ്യക്തി അവാർഡ്‌,പ്രകൃതി മിത്രഅവാർഡ്‌, ഭൂമിമിത്ര അവാർഡ്‌ എന്നീ പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്‌. ദേവകിയമ്മയുടെ മൂത്തമകളുംതിരുവനന്തപുരം സിഇടി എൻജിനീയറിംഗ്‌ കോളജിലെ റിട്ടയേർഡ്‌ പ്രഫസറുമായ തങ്കമണിക്കും കോളജിനെ ഹരിതാഭമാക്കിയതിന്‌ ഇന്ദിരപ്രിയദർശിനി വൃക്ഷമിത്രഅവാർഡ്‌ ലഭിച്ചിട്ടുണ്ട്‌. മറ്റുമക്കൾ. ഇന്ദിരകുമാരി, ഉഷാകുമാരി, പത്മകുമാർ, നന്ദകുമാർ.