വളമായും വരൾച്ച തടുക്കാനായും വാം കുമിൾ

വളമായും വരൾച്ച തടുക്കാനായും വാം കുമിൾ
January 07 04:50 2017

മഞ്ജുഷ ആർ എസ്‌
കൃഷി ഓഫീസർ, നടത്തറ, തൃശൂർ
വെസിക്കുലാർ ആർബസ്ക്കുലാർ മൈക്കോറൈസ അഥവാ വാം മണ്ണിൽ പ്രകൃത്യാതന്നെ കണ്ടുവരുന്ന മിത്രകുമിളുകളാണ്‌. ഇവ മൈക്കോറൈസ എന്ന വിശാലമായ വിഭാഗത്തിലെ അംഗങ്ങളാണ്‌. മെക്കോ എന്നാൽ കുമിൾ എന്നും റൈസ എന്നാൽ സസ്യങ്ങളുടെ വേര്‌ എന്നുമാണ്‌ അർത്ഥം. സസ്യങ്ങളുടെ വേരും വേരിനോട്‌ ചേർന്ന്‌ കാണപ്പെടുന്ന കുമിളുകളും തമ്മിലുള്ള പരസ്പര സഹായകരമായ ബന്ധത്തെയാണ്‌ മൈക്കോറൈസ എന്ന പദം സൂചിപ്പിക്കുന്നത്‌.
ചെടികൾക്ക്‌ മണ്ണിലെ ഫോസ്ഫറസ്‌ ലഭ്യമാക്കുന്ന പ്രധാന ജീവാണുവളമാണ്‌ വാം കുമിളുകൾ. കേരളത്തിലെ മണ്ണിൽ ഫോസ്ഫറസിന്റെ അംശം കൂടുതലാണെങ്കിലും ചെടികൾക്ക്‌ ലഭിക്കുന്നത്‌ കുറവായിട്ടാണ്‌ പഠനങ്ങൾ കാണിക്കുന്നത്‌. വാം ഉപയോഗംമൂലം ഈ പ്രശ്നം പരിഹരിക്കാം.

പ്രവർത്തനരീതി
സസ്യങ്ങളുടെ വേരുകളുമായി കൂട്ടുകൂടുന്ന വാം കുമിളുകൾ വേരിനു പുറത്ത്‌ ഒരു ആവരണമായി വളരുകയും സൂക്ഷ്മമായ നാരുകൾ വേരിലെ കോശസ്തരത്തിനിടയിലേക്കും മണ്ണിലേക്കും നീണ്ടു വളരുകയും ചെയ്യുന്നു. അങ്ങനെ മണ്ണിനും വേരിനും ഇടയ്ക്കുള്ള ഒരു കണ്ണിയായി പ്രവർത്തിക്കുന്നു. ഇവ മണ്ണിൽ നിന്നും പ്രധാനമായും ഫോസ്ഫറസ്‌, സിങ്ക്‌, സൾഫർ എന്നീ മൂലകങ്ങൾ വലിച്ചെടുക്കുകയും വേരുകൾക്കുള്ളിൽ ഉണ്ടാക്കിയ സൂക്ഷ്മ അറകളിൽ സൂക്ഷിക്കുകയും ചെയ്യുന്നു. കൂടാതെ പൊട്ടാസ്യം, നൈട്രജൻ, സൂക്ഷ്മ മൂലകങ്ങൾ, വെള്ളം എന്നിവയും വലിച്ചെടുക്കുന്നു. വേരിനുള്ളിലെ അറകൾ ഇടയ്ക്കിടെ വിഘടിക്കുമ്പോൾ മൂലകങ്ങളും വെള്ളവും ചെടികൾക്ക്‌ ലഭിക്കുന്നു. അങ്ങനെ വേരുകളുടെ ഉപവേരുകളായി ഇവ പ്രവർത്തിക്കുന്നു.
വേരുകൾക്ക്‌ പോകാൻ കഴിയുന്നതിലുംദൂരത്തേക്ക്‌ കുമിൾ നാരുകൾ നീളുകയും അങ്ങനെ ജലം വലിച്ചെടുക്കാനുള്ള ചെടിയുടെശേഷികൂടുകയും ചെയ്യുന്നതിനാൽ വരൾച്ചാ പ്രതിരോധശേഷി കൂടുന്നു. വാം ഉപയോഗിച്ച ചെടികളിൽ വേരിന്റെ എണ്ണവും വളർച്ചയും കൂടുതലായി കാണാം.
വാം കുമിളുകൾ കോളനിയുണ്ടാക്കിയ ചെടികളുടെ വേരുകളിൽ രോഗകാരികളായ മറ്റു കുമിളുകൾ, നിമാവിരകൾ എന്നിവ കടക്കുന്നത്‌ തടഞ്ഞ്‌ ചെടിയുടെ രോഗ പ്രതിരോധശേഷി കൂട്ടുന്നു.
വേരുകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന ചില പ്രത്യേക വസ്തുക്കൾ ഉത്പാദിപ്പിക്കുന്നു. കൂടാതെ വേരുപടലങ്ങൾക്കടുത്ത്‌ ജീവിക്കുന്ന ഉപകാരികളായ സൂക്ഷ്മാണുക്കളുടെ വളർച്ചയേയും പ്രോത്സാഹിപ്പിക്കുന്നു.
വാം കുമിൾ നാരുകൾ മൺതരികളെ യോജിപ്പിച്ച്‌ മണ്ണിലെ സൂക്ഷ്മ സുഷിരങ്ങളുടെ എണ്ണം കൂട്ടുകയും മണ്ണിന്റെ ഘടന മെച്ചപ്പെടുത്തുകയും ചെയ്യുന്നു. അങ്ങനെ ആവശ്യത്തിന്‌ വെള്ളം സംഭരിക്കുവാനും അധികജലം വാർത്തുകളയുവാനുമുള്ള മണ്ണിന്റെ കഴിവ്‌ വർദ്ധിക്കുന്നു.
ഇവ ഒരു ചെടിയുടെ വേരിൽ നിന്നും അടുത്ത ചെടിയുടെ വേരിലേക്ക്‌ വളരുകയും അങ്ങനെ മണ്ണിനടിയിൽ ചെടികൾ തമ്മിലുള്ള ആശയ വിനിമയത്തിന്‌ അത്ഭുതകരമായ ഒരു സംവിധാനം ഉണ്ടാക്കുകയും ചെയ്യുന്നു.
കാബേജ്‌, കാരറ്റ്‌, ബീറ്റ്‌റൂട്ട്‌ തുടങ്ങിയവ ഉൾപ്പെടുന്ന ചില സസ്യകുടുംബങ്ങളൊഴിച്ച്‌ മിക്കവയിലും വാം കുമിളുകൾ ഫലപ്രദമാണ്‌. കപ്പ, വാഴ, പച്ചക്കറി തുടങ്ങിയ വിളകളിൽ ഇവ വളരെ പ്രയോജനപ്രദമാണെന്ന്‌ തെളിയിക്കപ്പെട്ടിട്ടുണ്ട്‌.

വാംകുമിളുകൾ ഉപയോഗിക്കുന്ന രീതി
വെർമിക്കുലൈറ്റ്‌, പെർലൈറ്റ്‌ തുടങ്ങിയവയോടൊപ്പം വാംകുമിൾ അടങ്ങിയ വേരുകഷ്ണം കലർത്തിയതാണ്‌ നമുക്ക്‌ വാങ്ങാൻ കിട്ടുന്നത്‌. കേരള കാർഷിക സർവ്വകലാശാല, സംസ്ഥാന കൃഷിവകുപ്പ്‌, പ്രൈവറ്റ്‌ കമ്പനികൾ തുടങ്ങിയവർ വാം കൾച്ചറുകൾ ഉൽപാദിപ്പിക്കുന്നു.
വിത്ത്‌, തൈകൾ, കപ്പത്തണ്ട്‌, വാഴക്കന്ന്‌ എന്നിവ നടുന്ന കുഴികളിൽ വാം കുമിൾ ഇട്ടതിനുശേഷം അതിനു തൊട്ട്‌ മുകളിലായി നടാവുന്നതാൺ്‌. വേരുകൾ വളർന്നിറങ്ങുമ്പോൾ അതിൽക്കൂടി കടന്നുപോകണം. ഗ്രോബാഗുകളിലും ചെടിച്ചട്ടിയിലും ഇതേ രീതിയിൽ തന്നെ ഉപയോഗിക്കാം.
വിത്ത്‌ പാകാനുള്ള തവാരണകളിൽ കലർത്തിയും ഉപയോഗിക്കാം. വിളകൾ നടുമ്പോൾ തന്നെ വാം ഉപയോഗിക്കുന്നതാണ്‌ ഏറ്റവും ഫലപ്രദം എങ്കിലും നടീൽ കഴിഞ്ഞ വിളകൾക്ക്‌ വേരിനു സമീപം 5-10 സെമീ. മണ്ണിനടിയിലായി വാം ഇട്ട്‌ മണ്ൺകൊണ്ട്‌ മൂടാം. വിത്തിടുമ്പോൾ ഒരു നുള്ള്‌ (5 ഗ്രാം) വാം കൾച്ചർ മതിയാകും. വാഴക്കന്നിന്‌ ഏകദേശം 50 ഗ്രാം വേണം.

ശ്രദ്ധിക്കുക:-
വാം കൾച്ചറും വളർന്നുവരുന്ന വേരും തമ്മിൽ നേരിട്ട്‌ ബന്ധമുണ്ടാകേണ്ടത്‌ അത്യാവശ്യമാണ്‌. അതിനാൽ വാം കൾച്ചറിന്റ തൊട്ടുമുകളിൽ വിത്തോ, ചെടിയോ നടുക. വാം കുമിളുകളോടൊപ്പം കീടനാശിനിയോ, രാസവളമോ, കുമ്മായമോ ഉപയോഗിക്കരുത്‌. എന്നാൽ ജൈവവളങ്ങളും, സ്യൂഡോമോണാസ്‌, ട്രൈക്കോഡേർമ എന്നിവയും ഉപയോഗിക്കുന്നത്‌ ദോഷകരമല്ല. അത്യാവശ്യമെങ്കിൽ രാസവളം 15 ദിവസമെങ്കിലും കഴിഞ്ഞുമാത്രം ഉപയോഗിക്കാം. വാം കുമിളുകളിൽ നേരിട്ട്‌ സൂര്യപ്രകാശം പതിക്കരുത്‌.

വാം കുമിളുകൾ കർഷകർക്കുമുണ്ടാക്കാം
വാം ഉപയോഗം വ്യാപകമാകാത്തതിന്റെ ഒരു പ്രധാന കാരണം അതിന്റെ ലഭ്യതകുറവാണ്‌. കണ്ണാറ വാഴ ഗവേഷണ കേന്ദ്രം, തൃശ്ശൂർ, സംസ്ഥാന ബയോ കൺട്രോൾ ലബോറട്ടറി, തിരുവനന്തപുരം, തമിഴ്‌നാട്‌ കാർഷിക സർവ്വകലാശാല, കോയമ്പത്തൂർ എന്നിവിടങ്ങളിൽ വാം കുമിളുകൾ ലഭിയ്ക്കുന്നതാണ്‌. മറ്റു ജീവാണുക്കളെപ്പോലെ ലാബിൽ ഇവ ഉൽപാദിപ്പിക്കാൻ സാധ്യമല്ല. കാരണം വാം ജീവനുള്ള സസ്യങ്ങളുടെ വേരിൽ മാത്രമേ വളരുകയുള്ളൂ. കർഷകർക്ക്‌ കുറഞ്ഞ ചിലവിൽ അവരവരുടെ ആവശ്യത്തിന്‌ വാം കുമിളുകൾ ഉണ്ടാക്കിയെടുക്കാനുള്ള രീതി ദേശീയ വിള ആരോഗ്യകേന്ദ്രം (ചകജഒങ്ങ), ഹൈദരാബാദ്‌ വികസിപ്പിച്ചിട്ടുണ്ട്‌. ചോളം, മണിച്ചോളം തുടങ്ങിയ പുല്ല്‌ വർഗ വിളകളുടെ വേരിൽ ഇവയെ വളർത്തിയെടുക്കുകയാണ്‌ ഈ രീതിയിൽ ചെയ്യുന്നത്‌.
സാധാരണ ചെടിച്ചട്ടിയിലോ, ടാങ്കിലോ, പോളിത്തീൻ ഷീറ്റ്‌ വിരിച്ച കുഴിയിലോ ചെടികൾ സാധാരണ രീതിയിൽ വളർത്താം. ചെടി വളരുന്ന മാധ്യമത്തിൽ മാത്രമേ ശ്രദ്ധിക്കേണ്ടതുള്ളൂ. അണുവിമുക്തമാക്കിയ മണ്ണോ, പെർലൈറ്റ്‌, വെർമിക്കുലൈറ്റ്‌ തുടങ്ങിയ അണുവിമുക്ത മധ്യമത്തിലോ ഇവയെ വളർത്താം. മണ്ണ്‌ അണുവിമുക്തമാക്കുന്നതിനായി ശക്തമായ വെയിലിൽ 3-4 ദിവസം ഉണക്കിയെടുത്താൽ മതി. ഇത്തരം മണ്ണ്‌ സാധാരണ ചെടിച്ചട്ടിയിൽ നിറയ്ക്കുക. കുറച്ച്‌ മണ്ണ്‌ മുകളിൽ നിന്നു നീക്കി വാം കൾച്ചർ ഇട്ട്‌ അതിന്‌ മുകളിൽ വിത്തിടുക. അതിനുശേഷം സാധാരണപോലെ മണ്ൺകൊണ്ട്‌ മൂടുക. ചെടിച്ചട്ടിയിൽ നിന്ന്‌ വെള്ളം പുറത്തേക്ക്‌ ഒലിച്ചുപോകാത്ത വിധം നനച്ചു കൊടുക്കണം. നല്ല വളർച്ച കിട്ടാൻ വെർമി കമ്പോസ്റ്റ്‌ ചേർക്കാം. 2-3 മാസത്തിനകം വിളവെടുക്കാം. ഇതിനായി നന നിർത്തി ഒരാഴ്ച കഴിഞ്ഞ്‌ തണ്ട്‌ ചുവട്ടിൽ വെച്ച്‌ മുറിച്ച്‌ മാറ്റണം. ചെടിയുടെ വേര്‌ പതുക്കെ പൊട്ടിപ്പോകാതെ പുറത്തെടുക്കാം. ചെറുതായി നുറുക്കിയവേര്‌, വേരുപടലത്തിനടുത്തുള്ള മണ്ണിനോടൊപ്പവും, വെർമികമ്പോസ്റ്റിനൊപ്പവും കലർത്തി അടുത്ത കൃഷിക്കായി ഉപയോഗിക്കാം. ആറു മാസംവരെയൊക്കെ വൃത്തിയായ കവറിൽ വേര്‌ സൂക്ഷിച്ചു വയ്ക്കാവുന്നതാണ്‌.

  Categories:
view more articles

About Article Author