വാട്സ്‌ ആപ്‌ കോളിങ്ങ്‌ വൈറലാകുന്നു

വാട്സ്‌ ആപ്‌ കോളിങ്ങ്‌ വൈറലാകുന്നു
March 19 03:42 2015

പി എസ്‌ സുജിത്ത്‌
ആലപ്പുഴ: ജനങ്ങളുടെ മനസ്സ്‌ കീഴടക്കി വാട്സ്‌ ആപ്‌ കോളിങ്ങ്‌ കേരളത്തിൽ സജീവം. വാട്സ്‌ ആപ്‌ മെസേജ്‌ എന്ന പോലെ ഇതിലൂടെയുള്ള ഫോൺ വിളിയും മൊബെയിൽ ഉപയോക്താക്കൾ ഏറ്റെടുത്ത്‌ കഴിഞ്ഞു. ആൻഡ്രോയിഡ്‌ ഫോണുകളിലാണ്‌ വാട്സ്‌ ആപ്‌ കോളിന്റെ ഫീച്ചറുകൾ ലഭ്യമാകുന്നത്‌. ഗൂഗിൾ പ്ലേ സ്റ്റോറിലെത്തി വാട്സ്‌ ആപ്‌ കോളിങ്ങ്‌ ഡൗൺലോഡ്‌ ചെയ്യുകയോ അല്ലെങ്കിൽ വാട്സ്‌ ആപിന്റെ സൈറ്റിൽ നിന്നോ വാട്സ്‌ ആപ്‌ കോളിങ്ങ്‌ ഡൗൺലോഡ്‌ ചെയ്യാവുന്നതാണ്‌. വാട്സ്‌ ആപിന്റെ ഏറ്റവും പുതിയ ആൻഡ്രോയ്ഡ്‌ രൂപമായ 2.11.561 ലാണ്‌ ഈ ഫീച്ചർ ലഭ്യമാകുക. നിലവിൽ വാട്സ്‌ ആപ്‌ ഉപയോഗിക്കുന്നവർക്കും വാട്സ്‌ ആപ്‌ കോളിങ്ങ്‌ ഉപയോഗിക്കാം. വാട്സ്‌ ആപ്‌ കോളിങ്ങിലൂടെ ഏതെങ്കിലും ഒരാൾ വിളിച്ചാൽമാത്രമേ വോയ്സ്‌ കോളിങ്ങ്‌ ഫീച്ചർ ആക്ടിവേറ്റ്‌ ചെയ്യുകയുള്ളൂ. വിദേശരാജ്യങ്ങളിലും സ്വദേശത്തുമായുള്ള ലക്ഷക്കണക്കിന്‌ ആൾക്കാരാണ്‌ വാട്സ്‌ ആപിന്റെ പുതിയ രൂപമായ വാട്സ്‌ ആപ്‌ കോളിങ്ങ്‌ പ്രയോജനപ്പെടുത്തിയിരിക്കുന്നത്‌. ഉപഭോക്താവിന്‌ വാട്സ്‌ ആപ്‌ കോളിങ്ങ്‌ ലഭിച്ചുകഴിഞ്ഞാൽ വാട്സ്‌ ആപ്‌ ക്ലോസ്‌ ചെയ്തിട്ട്‌ വീണ്ടും തുറക്കുകയും ചാറ്റ്‌ എന്ന ഓപ്ഷന്‌ പകരം കോൾ, ചാറ്റ്‌, കോൺടാക്ട്‌ എന്നീ ടാബുകൾ കാണാം. ഇൻകമിങ്ങ്‌, ഔട്ട്ഗോയിങ്ങ്‌, മിസ്ഡ്‌ കോളുകളുടെ വിവരങ്ങളും കാണാനാകും. വിൻഡോസ്‌, ഐ ഒ എസ്‌ സോഫ്റ്റ്‌വെയറുകളുള്ള ഫോണുകൾക്ക്‌ വാട്സ്‌ ആപ്‌ കോളുകൾ ലഭിക്കുകയില്ല. ഫോണിലെ ബാലൻസ്‌ തീരാതെ വിളിക്കാം എന്നുള്ളതാണ്‌ വാട്സ്‌ ആപ്‌ കോളിനെ ജനകീയമാക്കുന്നത്‌. ബാലൻസ്‌ നഷ്ടപ്പെടില്ലെങ്കിലും ഫോണിന്റെ ഡാറ്റാ ബാലൻസ്‌ ഉപയോഗിച്ചാണ്‌ ഇത്‌ പ്രവർത്തിക്കുന്നത്‌.

  Categories:
view more articles

About Article Author